ഇമ്രാൻ ഖാൻ
റാവൽപിണ്ടി: ജയിലിൽ കഴിയുന്ന മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഭാര്യയും സഹോദരിയും സന്ദർശിച്ചു. ഒന്പതു മാസത്തിനിടെ ആദ്യമായിട്ടാണ് ഇമ്രാൻ ഇരുവരെയും കാണുന്നതെന്ന് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
റാവൽപിണ്ടിയിലെ അഡ്യാല ജയിലിൽ കഴിയുന്ന ഇമ്രാനെ എല്ലാ ആഴ്ചയിലും ബന്ധുക്കളെ കാണാൻ അനുവദിക്കണമെന്ന് പാക്കിസ്ഥാൻ സുപ്രീംകോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു.
നൂറീൻ നിയാസി എന്ന സഹോദരിയാണ് ബുധനാഴ്ച ജയിലിലെ കോൺഫറൻ റൂമിൽ ഇമ്രാനുമായി 15 മിനിട്ട് ചെലവഴിച്ചത്. ഇമ്രാന്‍റെ ആരോഗ്യവും മറ്റു വിഷയങ്ങളുമാണ് ചർച്ച ചെയ്തതെന്ന് പാക് മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. മറ്റു സഹോദരിമാരായ അലീമ ഖാൻ, ഉസ്മ ഖാൻ എന്നിവർക്കും അദ്ദേഹത്തിന്‍റെ തെഹ്‌രിക് ഇ ഇൻസാഫ് പാർട്ടിക്കാർക്കും ഇമ്രാനെ കാണാൻ അനുമതി ലഭിച്ചില്ല.
അഡ്യാല ജയിലിൽ തന്നെ കഴിയുന്ന ഭാര്യ ബുഷ്റ ബീവിയും ബുധനാഴ്ച ഇമ്രാനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരും 30-35 മിനിട്ട് സംസാരിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനു പുറമേ ബുഷ്റയെ ആദ്യവിവാഹത്തിലെ മക്കളും മറ്റു ബന്ധുക്കളും സന്ദർശിക്കുകയുണ്ടായി.
ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന ഇമ്രാനെ 48 മണിക്കൂറിനുള്ളിൽ ഇസ്‌ലാമാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്നും മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും സുപ്രീംകോടതി ചൊവ്വാഴ്ച ഉത്തരവിട്ടിരുന്നു. പാക് സർക്കാർ ഇതിനെതിരേ ബുധനാഴ്ച റിവ്യൂ പെറ്റീഷൻ സമർപ്പിച്ചിരിക്കുകയാണ്. നിയമവും ചട്ടവും പരിഗണിക്കാതെയാണ് ഉത്തരവെന്നും മറ്റ് തടവുകാരും സമാന ആവശ്യങ്ങൾ ഉന്നയിച്ചു രംഗത്തുവരുമെന്നും റിവ്യൂ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Tags : Imran Khan Pakistan