x
ad
Wed, 19 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അഞ്ചു വയസുകാരി ഹിന്ദ് രജബ് കൊല്ലപ്പെട്ടതിൽ ക്രിമിനൽ അന്വേഷണം പ്രഖ്യാപിച്ച് ഇസ്രയേൽ

വെബ് ഡെസ്ക്
Published: August 19, 2026 07:20 PM IST | Updated: August 19, 2026 07:20 PM IST

ഹിന്ദ് രജബ്.

ടെൽ അവീവ്: ഗാസ യുദ്ധത്തിനിടെ അഞ്ചുവയസുള്ള പലസ്തീൻ ബാലിക ഹിന്ദ് രജബ് കൊല്ലപ്പെട്ട സംഭവത്തിൽ ക്രിമിനൽ അന്വേഷണം നടത്തുമെന്ന് ഇസ്രയേൽ അറിയിച്ചു. അന്താരാഷ്‌ട്ര തലത്തിൽ ഇസ്രയേലിെതിരേ കടുത്ത വിമർശനങ്ങൾക്കിടയാക്കിയ സംഭവം നടന്നു രണ്ടര വർഷത്തിനു ശേഷമാണ് ഈ തീരുമാനം.
2024 ജനുവരിയിൽ ഗാസ സിറ്റിയിൽവച്ച് ഇസ്രേലി സേനയുടെ വെടിയേറ്റ് ഹിന്ദ് രജബും കുടുംബവും കൊല്ലപ്പെടുകയായിരുന്നു. ഇസ്രേലി സേനയുടെ ബോംബിംഗിനിടെ ഹിന്ദ് രജബ് അടക്കം ഏഴംഗ കുടുംബം കാറിൽ രക്ഷപ്പെടുന്പോഴായിരുന്നു സംഭവം. കാറിനു നേർക്കുണ്ടായ ഇസ്രേലി വെടിവയ്പിൽ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെട്ടു.
ആക്രമണത്തെ അതിജീവിച്ച ഹിന്ദ് രജബ് പലസ്തീൻ റെഡ് ക്രസന്‍റ് സൊസൈറ്റി പ്രവർത്തകരുടെ ഫോണിനു മറുപടി നല്കി. മണിക്കൂറുകൾ നീണ്ട സംഭാഷണത്തിൽ തന്നെ ആരെങ്കിലും രക്ഷിക്കണമെന്ന് ബാലിക അഭ്യർഥിച്ചു. കൂടുതൽ വെടിയൊച്ചകൾ മുഴങ്ങുന്നതിനിടെ ഫോൺ കട്ടായി. ഇസ്രേലി സേന വീണ്ടും വെടിയുതിർത്തപ്പോൾ ഹിന്ദ് രജബ് കൊല്ലപ്പെട്ടുവെന്നാണ് നിഗമനം. ഹിന്ദ് രജബിനെ രക്ഷിക്കാനായി അംബുലൻസിൽ സ്ഥലത്തെത്തിയ രണ്ടു പേരും കൊല്ലപ്പെട്ടു. ദിവസങ്ങൾക്കുശേഷം ഇവിടെനിന്ന് ഹിന്ദ് രജബിന്‍റെയും ബന്ധുക്കളുടെയും രണ്ട് ആംബുലൻസ് ജീവനക്കാരുടെയും മൃതദേഹം കണ്ടെടുത്തു.
സംഭവത്തിൽ ഇസ്രേലി സേനയ്ക്കു പങ്കുണ്ടെന്ന് ഇസ്രയേൽ സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. സംഭവ സമയത്ത് സ്ഥലത്ത് ഇസ്രേലി സൈനികർ ഉണ്ടായിരുന്നില്ലെന്നാണ് ഇതുവരെ പറഞ്ഞിരുന്നത്. മിലിട്ടറി പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമായിരിക്കും ഹിന്ദ് രജബ് കേസ് അന്വേഷിക്കുകയെന്നാണ് അറിയിപ്പ്.

Tags : Hind Rajab gaza israel

Recent News

Corehub Up