കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണ് കൂടുതല്‍ ഹൈടെക് ആകുന്നു. നാളെ കാര്യവട്ടം സ്റ്റേഡിയത്തില്‍ ആരംഭിക്കുന്ന ക്രിക്കറ്റ് ഉത്സവത്തില്‍ ഇക്കുറി അത്യാധുനിക ഹോക്ക് ഐ ബോള്‍ ട്രാക്കിംഗ് സംവിധാനവും ഡിആര്‍എസും ഏര്‍പ്പെടുത്തുന്നു. ഇതോടെ അന്താരാഷ്ട്ര മത്സരങ്ങളിലെയും ഐപിഎല്ലിലെയും നവീന സാങ്കേതികവിദ്യകള്‍ ഇത്തവണ കെസിഎല്ലിലും ഇടം പിടിക്കും. നാളെ ആരംഭിക്കുന്ന കെസിഎല്‍ 2026 സീസൺ സെപ്റ്റംബര്‍ അഞ്ചിന് അവസാനിക്കും.
കഴിഞ്ഞ രണ്ടു സീസണുകളിലും പ്രാദേശിക തലത്തിലുള്ള ബോള്‍ ട്രാക്കിംഗ് സംവിധാനമായിരുന്നു ഉപയോഗിച്ചിരുന്നതെങ്കില്‍, ഇത്തവണ കൂടുതല്‍ കൃത്യത ഉറപ്പാക്കാന്‍ ഹൈ-ടെക് സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഹോക് ഐ സംവിധാനം ഏര്‍പ്പെടുത്തിയത്. ഇതിനായി തത്സമയ സംപ്രേഷണ കാമറകള്‍ക്ക് പുറമേ ആറു മുതല്‍ 10 വരെ പ്രത്യേക കാമറകള്‍ സ്റ്റേഡിയത്തില്‍ സ്ഥാപിക്കും. ഇതിലൂടെ ബോള്‍ ട്രാക്കിംഗ്, അള്‍ട്രാ എഡ്ജ് സാങ്കേതികവിദ്യ, കൃത്യമായ എല്‍ബിഡബ്ല്യു-റണ്‍ഔട്ട് റീപ്ലേകള്‍ എന്നിവ സാധ്യമാകും.
പുതിയ സംവിധാനം എത്തുന്നതോടെ വേഗമേറിയതും കൃത്യതയാര്‍ന്നതുമായ വിധിനിര്‍ണയം സാധ്യമാകും. ഹോക് ഐ ടെക്നോളജിയോടൊപ്പം തത്സമയ സംപ്രേഷണം കൂടുതല്‍ ആവേശകരമാക്കാന്‍ "ബ്രോഡ്കാസ്റ്റ് എന്‍ഹാന്‍സ്മെന്റ് ടൂളുകളും' ലഭ്യമാക്കുമെന്ന് കെസിഎ അധികൃതര്‍ വ്യക്തമാക്കി. പന്തിന്റെ ഗതിയും ബാറ്റ്സ്മാന്മാരുടെ ചലനങ്ങളും വ്യക്തമായി വിശകലനം ചെയ്യുന്ന സ്പോട്ട് റീപ്ലേകള്‍, കളിക്കാര്‍ കൂടുതല്‍ സ്കോര്‍ ചെയ്യുന്ന മേഖലകള്‍, സിക്സറുകളുടെ ദൂരം തുടങ്ങിയവയും ഇതിലൂടെ സംപ്രേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ കഴിയും. ട്വന്റി-20 ഫ്രാഞ്ചൈസി ലീഗുകളില്‍ പരീക്ഷിച്ച് വിജയിച്ച ഈ സംവിധാനങ്ങള്‍ കെസിഎല്ലിന്റെ ദൃശ്യാനുഭവം മാറ്റിമറിക്കും.
Tags : Deepika DeepikaNewspaper BreakingNews Crickettonam tomorrow