വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവർ
ന്യൂഡൽഹി: 2020-ലെ വടക്കുകിഴക്കൻ ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ഉമർ ഖാലിദ്, ഷർജീൽ ഇമാം എന്നിവരുടെ ജാമ്യാപേക്ഷകൾ ഡൽഹി കോടതി തള്ളി. കർകർദൂമ കോടതിയിലെ അഡീഷണൽ സെഷൻസ് ജഡ്ജി സമീർ ബാജ്പേയി ആണ് ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ട് ഉത്തരവിട്ടത്. യുഎപിഎ നിയമപ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്.
സുപ്രീംകോടതിയുടെ മുൻ ഉത്തരവ് പാലിക്കാൻ താൻ ബാധ്യസ്ഥനാണെന്ന് ജഡ്ജി വ്യക്തമാക്കി. കേസിലെ സംരക്ഷിത സാക്ഷികളുടെ വിസ്താരം പൂർത്തിയാകുകയോ അല്ലെങ്കിൽ സുപ്രീംകോടതി ഉത്തരവ് തീയതി മുതൽ ഒരു വർഷം തികയുകയോ ചെയ്യുന്നത് വരെ ജാമ്യാപേക്ഷയുമായി ഇവർക്ക് കോടതിയെ സമീപിക്കാൻ കഴിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ ഹർജികൾ പരിഗണിക്കാൻ സാധിക്കില്ലെന്നും, അവ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും കോടതി ഉത്തരവിൽ വ്യക്തമാക്കി.
ജനുവരി അഞ്ചിന് സുപ്രീംകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നെങ്കിലും, തുടർന്നുണ്ടായ ജുഡീഷ്യൽ സംഭവവികാസങ്ങൾ സാഹചര്യത്തിൽ മാറ്റം വരുത്തിയെന്നും, അതിനാൽ പുതിയ ജാമ്യാപേക്ഷ നിലനിൽക്കുമെന്നും ഉമർ ഖാലിദ് വാദിച്ചു. ജാമ്യം നിഷേധിക്കപ്പെട്ട് ആറുമാസം കഴിഞ്ഞിട്ടും വിചാരണ നടപടികളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്ന് ഷർജീൽ ഇമാം വാദിച്ചു. വിചാരണ കൂടാതെ ആറ് വർഷത്തോളമായി താൻ തടവിലാണെന്നും, കേസിൽ ഇതുവരെ കുറ്റപത്രം പോലും തയ്യാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിചാരണ നീണ്ടുപോകുന്നത് വ്യക്തിസ്വാതന്ത്ര്യത്തിനുള്ള മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് ഇരുവരും കോടതിയിൽ വാദിച്ചെങ്കിലും, കോടതി ഈ വാദങ്ങൾ തള്ളി.
Tags : Delhi court Umar Khalid Sharjeel Imam Latest News