ബിമല്‍ നമ്പൂതിരി
കൊച്ചി: നാവികസേനയിലെ കമാന്‍ഡര്‍ ചമഞ്ഞു പത്തനംതിട്ട പന്തളം സ്വദേശിയില്‍നിന്ന് 18 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുവാവ് അറസ്റ്റിൽ. പാലാരിവട്ടം പാടിവട്ടത്തെ ഫ്ലാറ്റില്‍ താമസിക്കുന്ന പത്തനംതിട്ട അടൂര്‍ ഉമാ ഭവനില്‍ ബിമല്‍ നമ്പൂതിരിയെ (ബിമല്‍ എസ്. വിജയന്-43) ആണ് പാലാരിവട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച സംസ്ഥാന ഇന്റലിജന്‍സ്, എടിഎസ്, നേവല്‍ ഇന്റലിജന്‍സ് എന്നിവയുടെ സംയുക്ത പരിശോധനയില്‍ ഇയാളുടെ ഫ്ലാറ്റില്‍നിന്നു നേവി ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോം, എംബ്ലങ്ങള്‍, വാക്കിടോക്കി, വാള് ഫലകങ്ങള്‍ എന്നിവ പിടിച്ചെടുത്തു. പോലീസ് എത്തിയതറിഞ്ഞ് അവിടെനിന്നു മുങ്ങിയ ഇയാളെ ചെങ്ങമനാട് ഭാഗത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പത്തനംതിട്ട സ്വദേശിയുടെ ഭാര്യക്കും സഹോദരിക്കും കാംകോയിലും പരാതിക്കാരനു മില്‍മയിലും ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. 2023 ജൂലൈ മുതല്‍ 2025 ജനുവരി വരെയുള്ള കാലയളവില്‍ പ്രതി പല തവണയായി 18 ലക്ഷം രൂപ തട്ടിയെടുത്തു. എന്നാല്‍, പറഞ്ഞ ജോലി നല്‍കാതെയും കൈപ്പറ്റിയ തുകയില്‍ മൂന്നു ലക്ഷം രൂപ മാത്രം തിരികെ നല്കി 15 ലക്ഷം രൂപ തട്ടിയെടുക്കുകയുമായിരുന്നു. സംഭവത്തില്‍ നാവികസേനയും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
മുന്നറിയിപ്പുമായി നാവികസേന
നാവികസേനയുടെ റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ണമായും സുതാര്യവും മെറിറ്റ് അടിസ്ഥാനത്തിലുമാണെന്ന് നാവികസേന പത്രക്കുറിപ്പില്‍ അറിയിച്ചു. എല്ലാ ഔദ്യോഗിക റിക്രൂട്ട്മെന്റ് വിജ്ഞാപനങ്ങളും www. joinindiannavy.gov.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെയും പ്രമുഖ പത്രങ്ങളിലൂടെയുമാണ് പ്രസിദ്ധീകരിക്കുന്നത്.
സായുധസേനയില്‍ ജോലി വാഗ്ദാനം ചെയ്തു പണം ആവശ്യപ്പെടുന്ന ഇടനിലക്കാരുടെയോ വ്യാജ വ്യക്തികളുടെയോ തട്ടിപ്പില്‍ പൊതുജനങ്ങള്‍ വീഴരുതെന്നും നാവികസേന മുന്നറിയിപ്പ് നല്കി.
അതേസമയം, സായുധ സേനയില്‍ ജോലി ലഭ്യമാക്കാമെന്നു വിശ്വസിപ്പിച്ച് ബിമല്‍ നമ്പൂതിരി നിരവധി പേരില്‍നിന്നു വന്‍തുക കൈപ്പറ്റിയതായി അന്വേഷണത്തില്‍ വ്യക്തമായതായും നാവികസേനയുടെ പത്രക്കുറിപ്പില്‍ പറയുന്നു. സംഭവത്തെക്കുറിച്ച് വിശ്വസനീയമായ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് അന്വേഷണം നടത്തി ആരോപണങ്ങള്‍ ശരിയാണെന്ന് സ്ഥിരീകരിച്ചു. തുടര്‍ന്ന് ആള്‍മാറാട്ടക്കാരനെ കണ്ടെത്താന്‍ പ്രത്യേക നീക്കം ആരംഭിച്ച നാവിക ഇന്റലിജന്‍സ് വിഭാഗം ആവശ്യമായ തെളിവുകള്‍ ശേഖരിച്ചശേഷം കേരള പോലീസിനെ വിവരം അറിയിച്ചു.
നാവികസേനയുടെയും കേരള പോലീസിന്റെയും സംയുക്ത നീക്കത്തിന്റെ ഭാഗമായാണു പ്രതി അറസ്റ്റിലായതെന്നും നാവികസേന അറിയിച്ചു. കേരള പോലീസിന്റെ അന്വേഷണവുമായി നാവികസേന പൂര്‍ണമായും സഹകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Tags : Suspect arrested impersonating Navy officer Bimal Namboothiri Adoor