Kerala
പത്തനംതിട്ട: അടൂരിൽ തികഞ്ഞ വിജയ പ്രതീക്ഷയാണുള്ളതെന്ന് എൽഡിഎഫ് സ്ഥാനാർഥി പ്രിജി കണ്ണൻ. മണ്ഡലത്തിൽ പ്രചാരണം ആരംഭിച്ചതിന് ശേഷം പ്രതികരിക്കുകയായിരുന്നു പ്രിജി.
പേര് മാറ്റ വിവാദം അനാവശ്യമാണ്. പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുകൊണ്ടാണ് ഭർത്താവിന്റെ ഒപ്പം ചേർത്തതെന്നും പ്രിജി പറഞ്ഞു.
അതേസമയം, അടൂരിലെ സ്ഥാനാർത്ഥി നിർണയത്തിൽ സിപിഐയിൽ തർക്കമില്ലെന്ന് സിറ്റിംഗ് എംഎൽഎ ചിറ്റയം ഗോപകുമാർ വ്യക്തമാക്കി. പേര് മാറ്റ വിവാദം പരാജയഭീതിയിലാണെന്ന് പറഞ്ഞ അദ്ദേഹം ഭാര്യയ്ക്ക് ഭർത്താവിന്റെ പേര് സ്വീകരിക്കാൻ അവകാശമില്ലേ എന്നും ചോദിച്ചു.
തുടർച്ചയായി മൂന്ന് തവണ വിജയിച്ചവർ മാറിനിൽക്കണമെന്ന പാർട്ടി തീരുമാനം കർശനമാക്കിയതോടെയാണ് അടൂർ മണ്ഡലത്തിൽ ചിറ്റയം ഗോപകുമാറിന് പകരം കൊല്ലം മുൻ ജില്ലാ പഞ്ചായത്ത് അംഗം പ്രിജി കണ്ണനെ മത്സരിപ്പിക്കാൻ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചത്.
ചിറ്റയത്തെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ കമ്മിറ്റിയുടെ ശിപാർശ പാർട്ടി സംസ്ഥാന നേതൃത്വം തള്ളുകയായിരുന്നു. പാർട്ടി തീരുമാനം വന്നതിന് പിന്നാലെ അടൂർ മണ്ഡലത്തിൽ പ്രിജി കണ്ണനായി ചുവരെഴുത്തുകൾ ആരംഭിച്ചു കഴിഞ്ഞു.
പ്രിജി കണ്ണന്റെ പേരുമാറ്റത്തെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. പ്രിജി ശശിധരൻ എങ്ങനെ പ്രിജി കണ്ണൻ ആയെന്നായിരുന്നു ചോദ്യം. സ്ഥാനാർഥി ഫേസ്ബുക്ക് ഐഡി പേര് മാറ്റിയെന്നാണ് വിമർശനം. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ജി. കണ്ണന്റെ പേരിലെ വൈകാരികത ദുരുപയോഗം ചെയ്യാനാണ് ശ്രമമമെന്നായിരുന്നു കോൺഗ്രസ് ആക്ഷേപം.
Kerala
പത്തനംതിട്ട: സിപിഐയുടെ സ്ഥാനാര്ഥി പട്ടികയെച്ചൊല്ലി അവിടവിടെ മുറുമുറുപ്പുകളും വിവാദങ്ങളും ഉരുണ്ടു കൂടുമ്പോള് അടൂരിലും കാര്യങ്ങള് അത്ര പന്തിയല്ല.
സിപിഐ ജില്ലാ ഘടകം നല്കിയ പട്ടിക മറികടന്ന് എഐവൈഎഫ് സംസ്ഥാന സമിതിയംഗം കൊല്ലം ജില്ലയില് നിന്നുള്ള പ്രിജി കണ്ണനെ അടൂരില് സ്ഥാനാര്ഥിയായി നിര്ദേശിച്ചതില് അതൃപ്തിയുമായി നേതാക്കളടക്കം രംഗത്ത്.
പരസ്യപ്രതികരണത്തിന് ആരും തയാറായില്ലെങ്കിലും അതൃപ്തി മനസിലാക്കി 14ന് സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി കാര്യങ്ങള് വിശദീകരിക്കും. ജില്ലാ കൗണ്സില് യോഗത്തിലും അടൂരിലെ മണ്ഡലം യോഗത്തിലും ബിനോയ് വിശ്വം പങ്കെടുക്കും. പിന്നാലെ മാത്രമേ സ്ഥാനാര്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിക്കൂ.
സിപിഐ പത്തനംതിട്ട ജില്ലാ ഘടകം നല്കിയ പട്ടികയില് ആലപ്പുഴ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി സി.എ. അരുണ്കുമാര്, കൊല്ലം ജില്ലാ എക്സിക്യൂട്ടീവംഗം ആര്.എസ്. അനില്, പത്തനംതിട്ട ജില്ലാ എക്സിക്യൂട്ടീവംഗം മണിക്കുട്ടന്, മഹിളാ സംഘം കൊല്ലം ജില്ലാ വൈസ് പ്രസിഡന്റ് സൗമ്യ, കര്ഷകത്തൊഴിലാളി ഫെഡറേഷന് ജില്ലാ കമ്മിറ്റിയംഗം അച്യുതന് എന്നീ പേരുകളാണുണ്ടായിരുന്നത്. ഇത് പരിഗണിക്കാതെ എഐവൈഎഫ് നിര്ദേശ പ്രകാരം പ്രിജി കണ്ണനെ സ്ഥാനാര്ഥിയാക്കിയെന്നാണ് ആക്ഷേപം.
സിപിഐ ജില്ലാ കൗണ്സിലില് ഈ പേര് ഉയര്ന്നു വന്നപ്പോള് ഈ പേരിനു പിന്തുണ ലഭിച്ചിരുന്നില്ല. നേരത്തെ കൊല്ലത്ത് ജില്ലാ പഞ്ചായത്തംഗമായിരുന്ന പ്രിജി കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില് പഞ്ചായത്ത് വാര്ഡില് തോറ്റു.
2011 മുതല് ചിറ്റയം ഗോപകുമാറാണ് അടൂരിനെ പ്രതിനിധീകരിച്ചുവരുന്നത്. മൂന്ന് ടേം പിന്നിട്ട ചിറ്റയത്തിന് ഇളവ് വേണമെന്നാവശ്യം പാര്ട്ടി ഘടകങ്ങളിലുണ്ടായതാണ്. എന്നാല് സംസ്ഥാന നേതൃത്വം ഇതംഗീകരിച്ചില്ല. നിലവില് സിപിഐ ജില്ലാ സെക്രട്ടറി കൂടിയാണ് ചിറ്റയം ഗോപകുമാര്.
പ്രിജി ശശിധരന് അടൂരിലെത്തിയപ്പോള്, പ്രിജി കണ്ണന്; ദുഷ്ടലാക്കെന്ന് കോണ്ഗ്രസ്
അടൂര്: അടൂര് നിയോജക മണ്ഡലത്തിലെ സിപിഐ സ്ഥാനാര്ഥിയുടെ പേരിനെ ചൊല്ലി സോഷ്യല് മീഡിയ വിവാദം കൊഴുക്കുന്നു. സിപിഐയിലെ പ്രിജി കണ്ണനെയാണ് എല്ഡിഎഫ് സ്ഥാനാര്ഥിയായി നിര്ദേശിച്ചിരിക്കുന്നത്.
പ്രിജി ശശിധരന് എന്ന പേരില് കൊല്ലം ജില്ലയില് മുന്പ് തെരഞ്ഞെടുപ്പുകളെ നേരിട്ടയാള് അടൂരിലെത്തിയപ്പോള് പ്രിജി കണ്ണനയതിനു പിന്നില് ദുഷ്ടലാക്കെന്ന് കോണ്ഗ്രസ്. എന്നാല് വോട്ടര്പട്ടികയില് ഭര്ത്താവിന്റെ പേരിനൊ്പം പ്രിജിയുടെ പേര് എത്തിയപ്പോഴാണ് പ്രിജി കണ്ണന് എന്നായതെന്നും നേരത്തെ അച്ഛന്റെ പേരാണ് ഒപ്പമുണ്ടായിരുന്നതെന്നും മാറ്റം സ്വാഭാവികമെന്നുമാണ് സിപിഐ വിശദീകരണം.
പേര് തെറ്റിധാരണയുണ്ടാക്കുന്നതായി സിപിഐ മുന് നേതാവു കൂടിയായ ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാ ദേവി കുഞ്ഞമ്മ പറയുന്നു. 2020-2025 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോഴും മൂന്നു മാസം മുന്പ് തദ്ദേശ തെരഞ്ഞെടുപ്പില് കൊല്ലം കരീപ്ര പഞ്ചായത്തിലെ വാര്ഡില് മത്സരിച്ചപ്പോഴും പ്രിജി ശശിധരന് എന്നായിരുന്നു പേര്. സ്ഥാനാര്ഥി പ്രഖ്യാപനം വന്നപ്പോഴും പ്രിജി ശശിധരന് തന്നെയായിരുന്നു. ഇതു പെട്ടെന്ന് മാറ്റിയതിനു പിന്നാല് രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് ഒരു വിഭാഗം കോണ്ഗ്രസ് നേതാക്കളുടെ പോസ്റ്റ്.
2021 ല് അടൂരില് മത്സരിച്ച അന്തരിച്ച കോണ്ഗ്രസ് നേതാവും കഴിഞ്ഞ തവണത്തെ അടൂരിലെ യുഡിഎഫ് സ്ഥാനാര്ഥിയുമായിരുന്നു എം.ജി. കണ്ണന്. അദ്ദേഹത്തിന്റെ ഭാര്യയുടെ പേരും അടൂരില് യുഡിഎഫ് പരിഗണിച്ചിരുന്നു. തെറ്റിധാരണാ ജനകമാണ് പേരുമാറ്റമെന്ന് കോണ്ഗ്രസ് ആരോപിക്കുന്നു. എം.ജി. കണ്ണന്റെ ഭാര്യയുടെ പേര് സജിത കണ്ണനെന്നാണ്.
എഐവൈഎഫ് മുന് ഭാരവാഹി കൂടിയായ ശ്രീനാദേവി കുഞ്ഞമ്മയ്ക്ക്, എഐവെഎഫ് ജില്ലാ സെക്രട്ടറി എസ്. അഖിലും ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടിയുമായി രംഗത്തെത്തി. ഒരു സ്ത്രീ തന്റെ പേരിനൊപ്പം ഭര്ത്താവിന്റെയും അച്ഛന്റെയും പേരു ചേര്ക്കുന്നത് കേരള സമൂഹത്തില് അപൂര്വ സംഭവമല്ലെന്ന് എസ്. അഖില് പറയുന്നു.
വിവാഹത്തിന് മുന്പ് പ്രിജിയുടെ പിതാവിന്റെ പേര് ചേര്ത്ത് പ്രിജി ശശിധരന് എന്നും, എഐവൈഎഫ് നേതാവ് കൂടിയായ കണ്ണനെ വിവാഹം ചെയ്ത ശേഷം പ്രിജി കണ്ണന് എന്നും പേര് ചേര്ത്തു എന്നാണ് എസ്. അഖില് വിശദീകരിക്കുന്നത്. വ്യാജ വിലാസം നല്കി വോട്ടേഴ്സ് ലിസ്റ്റില് പേര് ചേര്ത്ത് തെരഞ്ഞെടുപ്പില് മത്സരിച്ച ആളാണ് ശ്രീനാദേവി കുഞ്ഞമ്മ എന്നും അഖില് ഫേസ്ബുക്ക് പോസ്റ്റില് കുറ്റപ്പെടുത്തുന്നുണ്ട്.
Kerala
അടൂർ: പത്തനംതിട്ട അടൂരിൽ ലഹരി വിൽപന പോലീസിൽ അറിയിച്ചതിന്റെ വൈരാഗ്യത്തിൽ കുടുംബത്തിന് നേരെ ലഹരി മാഫിയയുടെ ആക്രമണം. അടൂർ കോട്ടമുകൾ സ്വദേശികളായ അമ്മയ്ക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്.
കോട്ടമുകൾ സ്വദേശി സലീനയ്ക്കും മക്കൾക്കും നേരെയാണ് ആക്രമണമുണ്ടായത്. തിങ്കളാഴ്ച രാത്രിയാണ് ലഹരി മാഫിയ സലീനയുടെ വീടുകയറി ആക്രമണം നടത്തിയത്. സംഭവത്തിന് പിന്നാലെ പ്രതികളായ സാബിർ, അർഷിത്, ശ്രേയസ് എന്നിവർ ഒളിവിലാണ്.
ഒന്നാം പ്രതിയും പ്രദേശവാസിയുമായ സാബിറിന്റെ ലഹരി ഇടപാട് പോലീസിൽ അറിയിച്ചതിന്റെ വൈരാഗ്യമാണ് കുടുംബത്തിനെതിരെയുള്ള ക്രൂരമർദനത്തിന് കാരണം. സൈക്കിൾ ചെയിൻ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ ഉപയോഗിച്ചായിരുന്നു ആക്രമണം.
ആക്രമണത്തിൽ സലീനയ്ക്കും മക്കളായ അഫ്സൽ, ഫൈസൽ എന്നിവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തലയ്ക്കും കഴുത്തിനും പരിക്കേറ്റ ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
ആക്രമണത്തിന് പിന്നാലെ കാറിലും ബൈക്കിലുമായി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി അടൂർ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
Kerala
പത്തനംതിട്ട: അടൂരിൽ വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ പാളി ദേഹത്തേയ്ക്ക് വീണ് ഏഴ് വയസുകാരൻ മരിച്ചു. അടൂർ ഏഴംകുളം അറുകാലിക്കൽ വെസ്റ്റ് ചരുവിള പുത്തൻവീട്ടിൽ തനൂജ് കുമാറിന്റേയും ആര്യയുടേയും മകൻ ദ്രുപത് തനൂജ് ആണ് മരിച്ചത്.
ഓമല്ലൂർ കെവിയിലെ ഒന്നാം ക്ലാസ് വിദ്യാർഥിയായിരുന്നു. ഇന്ന് രാവിലെ 10-നായിരുന്നു സംഭവം. വീടുപണിക്കു വേണ്ടി സൂക്ഷിച്ചിരുന്ന ജനൽ കട്ടളയാണ് അബദ്ധത്തിൽ ദ്രുപതിന്റെ ശരീരത്തിലേയ്ക്ക് വീണത്. തലയ്ക്കാണ് പരിക്കേറ്റത്. ഉടൻ അടൂരിലെ സ്വകാര്യ ആശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു.
കോന്നി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം വൈകുന്നേരത്തോടെ മൃതദേഹം വീട്ടിൽ എത്തിച്ചു. അടൂർ ഹോളി ഏഞ്ചൽസ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയായ അദ്വൈതാണ് സഹോദരൻ. ദ്രുപതിന്റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച 11ന് വീട്ടുവളപ്പില് നടക്കും.
Kerala
അടൂര്: യുഡിഎഫ് ഭരണത്തിലെത്തിയ അടൂര് നഗരസഭയില് കോണ്ഗ്രസിലെ റീന ശാമുവേല് അധ്യക്ഷയാകും. വൈസ് ചെയര്മാന് സ്ഥാനത്തേക്ക് ഡി. ശശികുമാറിനെയാണ് നിര്ദേശിച്ചിരിക്കുന്നത്.
തര്ക്കങ്ങള്ക്കൊടുവിലാണ് അടൂര് നഗരസഭയിലെ വീതംവയ്പ് അവസാനം രമ്യതയിലെത്തിയത്. സീനിയര് കൗണ്സിലറായ റീനാ ശാമുവേല് അഞ്ചുവര്ഷവും ആവശ്യപ്പെട്ടിരുന്നു. എന്നാല് ഇത് മൂന്നുവര്ഷമായി പരിമിതപ്പെടുത്തിയപ്പോള് സ്ഥാനം രാജിവയ്ക്കുമെന്ന് അവര് ഭീഷണിപ്പെടുത്തി.
ചര്ച്ചകള്ക്കൊടുവില് റീനയ്ക്ക് ആദ്യ മൂന്നുവര്ഷവും പിന്നീടുള്ള ഓരോ വര്ഷം പ്രീതു ജഗത്, മുംതാസ് എന്നിവര്ക്കായി നല്കും. വൈസ് ചെയര്മാന് സ്ഥാനം ആദ്യം ഡി. ശശികുമാറിനാണ്. പിന്നീട് ബിജു വര്ഗീസ് സ്ഥാനത്തെത്തും.
13 ാം വാര്ഡ് കൗണ്സിലറായ റീന ശാമുവേല് ഇത് മൂന്നാംതവണയാണ് കൗണ്സിലറാകുന്നത്. 12 ാം വാര്ഡ് കൗണ്സിലറായ ശശികുമാറിന്റെ കൗണ്സിലര് സ്ഥാനത്തെ നാലാം ടേമാണ്.
District News
അടൂർ: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഒമ്പതാം എഡിഷന് 26 മുതല് 28 വരെ അടൂരില് നടക്കും. 26-ന് വൈകുന്നേരം അഞ്ചിന് ചലച്ചിത്ര സംവിധായകന് ശ്യാമപ്രസാദ് മേള ഉദ്ഘാടനം ചെയ്യും.
സിനിമാ സംവിധായകന് ഡോ.ബിജു ഫെസ്റ്റിവല് ഡയറക്ടറും ഡെപ്യൂട്ടി സ്പീക്കര് ചിറ്റയം ഗോപകുമാര് ചെയര്മാനുമാണ്.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചലച്ചിത്രമേളയില് ചലച്ചിത്ര സംവിധായകന് പ്രിയനന്ദനൻ, കവിയും ചിത്രകാരനും കേരള സാഹിത്യ അക്കാദമി അംഗവുമായ എം.ആർ. രേണുകുമാര് കഥാകൃത്തും മാധ്യമ പ്രവര്ത്തകനുമായ സി.അനൂപ്, കവിയും കഥാകൃത്തും നിരൂപകയുമായ കണിമോള് തുടങ്ങി ചലച്ചിത്ര, സാഹിത്യ മേഖലകളിലെ പ്രമുഖര് പങ്കെടുക്കും.
Kerala
പത്തനംതിട്ട: പീഡനക്കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ക്ഷേത്രദർശനത്തിന് പോയതിനു പിന്നാലെ പാഞ്ഞ് പോലീസ് സംഘം. അടൂർ മുണ്ടപ്പള്ളിയിലെ വീട്ടിൽ നിന്ന് സ്കൂട്ടറിൽ രാഹുൽ പുറത്തിറങ്ങിയതോടെ പോലീസ് സംഘം പാഞ്ഞെത്തുകയായിരുന്നു.
ഷാഡോ പോലീസ് സംഘമാണ് രാഹുലിന്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വീടിന് മുന്നിലുള്ളത്. രാഹുൽ എവിടേക്ക് യാത്ര ചെയ്യുന്നുവെന്ന് നിരീക്ഷിക്കാനുള്ള നിർദേശം ലഭിച്ചതിനാൽ പോലീസ് സംഘം രാഹുലിനു പിന്നാലെ പോവുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം രാഹുൽ തിരിച്ചെത്തുകയും ചെയ്തു. അതേസമയം രാഹുലിനെതിരായ രണ്ട് കേസുകളും ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിനാൽ രാഹുലിനെ ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്തേക്കില്ലെന്നും റിപ്പോർട്ടുകളുണ്ട്.
കേസിൽ ഹൈക്കോടതി തീരുമാനത്തിന് ശേഷമായിരിക്കും ചോദ്യം ചെയ്യലിൽ തീരുമാനമെടുക്കുക. പത്തനംതിട്ടയിലുണ്ടാകണമെന്നും ജില്ല വിട്ടുപോകരുതെന്നും പ്രത്യേക അന്വേഷണ സംഘം രാഹുലിന് നിർദേശം നൽകി.
International
അബുദാബി: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോ യൂണിവേഴ്സിറ്റിയിലെ മികച്ച വിദ്യാർഥികൾക്കു നൽകുന്ന 'ഔട്ട് സ്റ്റാൻഡിംഗ് സീനിയർ ഫോർ കാമ്പസ് ആൻഡ് കമ്യൂണിറ്റി കോൺട്രിബൂഷൻസ്' അവാർഡിന് മലയാളി വിദ്യാർഥിനി അടൂർ തുവയൂർ സ്വദേശിനി അമല ബാബു തോമസ് അർഹയായി.
കാമ്പസിലെ വിവിധ സംഘടനകളിലെയും കമ്യൂണിറ്റിയിലെയും പ്രവർത്തനങ്ങൾ, നേതൃത്വ മികവ്, സാമൂഹ്യ സേവന തത്പരത എന്നിവ കണക്കിലെടുത്താണ് അമലയ്ക്ക് ഈ അവാർഡ് നൽകിയത്.
പത്തനംതിട്ട ജില്ലയിലെ അടൂർ തുവയൂർ സ്വദേശികളായ ബാബു കെ. തോമസിന്റെയും ലിനി ബാബുവിന്റെയും ഏക മകളായ അമല തുവയൂർ ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, അബുദാബി സൺറൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്കൂൾ, മുംബൈ സെന്റ് സേവിയേഴ്സ് കോളജ് എന്നിവിടങ്ങളിലെ പഠനത്തിനു ശേഷമാണ് എൻവയോൺമെന്റൽ എൻജിനിയറിംഗ് (മേജർ), പീസ് ആൻഡ് ജസ്റ്റിസ് (മൈനർ) പഠനത്തിനായി യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിൽ ചേരുന്നത്. ഡിസംബർ 13നു യൂണിവേഴ്സിറ്റി കാമ്പസിൽ നടക്കുന്ന ചടങ്ങിൽ ബിരുദം സ്വീകരിക്കും. അവസാന വർഷ ഡിഗ്രി പഠനത്തോടൊപ്പം കെമിക്കൽ എൻജജിനിയറിംഗിൽ മാസ്റ്റേഴ്സ് വിദ്യാർഥിനിയുമാണ്.
ഈ വർഷം ഏപ്രിലിൽ യൂണിവേഴ്സിറ്റി ഓഫ് ടൊലീഡോയിലെ പ്രഥമ 'ടവർ ഓഫ് എക്സലൻസ്' അവർഡിനും അമല അർഹയായിരുന്നു.
District News
അടൂർ: തിരുഹൃദയ മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിലെ തിരുനാളും സുവിശേഷ കൺവൻഷനും 16 മുതൽ 23 വരെ നടക്കും. 16നു രാവിലെ എട്ടിന് പ്രഭാത നമസ്കാരം, നെടിയത്ത് ഗീവർഗീസ് റമ്പാന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന. തുടർന്ന് തിരുനാൾ കൊടിയേറ്റ് .
17 ന് വൈകുന്നേരം അഞ്ചിന് സന്ധ്യാനമസ്കാരം, വിശുദ്ധ കുർബാന, തുടർന്ന് ഫാത്തിമ മാതാ കുരിശടിയിൽ നൊവേനയും മധ്യസ്ഥ പ്രാർഥനയും. 18 ന് വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥന, അടൂർ വൈദികജില്ലയിലെ വൈദികർ കാർമികത്വം നൽകുന്ന സമൂഹബലി. തുടർന്ന് സുവിശേഷപ്രഘോഷണത്തിന് ബസലേൽ റമ്പാൻ നേതൃത്വം നൽകും.
19 ന് വൈകുന്നേരം അഞ്ചിന് സന്ധ്യാ പ്രാർഥന, ഫാ.ക്ലിം പരിക്കൂർ നേതൃത്വം നൽകുന്ന വിശുദ്ധ കുർബാന. തുടർന്ന് ഫാ. ജോൺസൺ പുതുവേലിൽ സുവിശേഷപ്രഘോഷണം നടത്തും. 20 ന് അഞ്ചിന് സന്ധ്യാപ്രാർഥന, ഫാ.അജോ കളപ്പുരയ്ക്കൽ വിശുദ്ധ കുർബാനയ്ക്കു കാർമികനാകും. തുടർന്ന് റവ. പോൾ ജേക്കബ് നയിക്കുന്ന സുവിശേഷപ്രഘോഷണം. 21 ന് ആറിന് സന്ധ്യാപ്രാർഥന, കോട്ടയം ക്നാനായ അതിരൂപത സഹായമെത്രാൻ ഗീവർഗീസ് മാർ അപ്രേം വിശുദ്ധ കുർബാനയ്ക്ക് കാർമികനാകും.
തുടർന്ന് ഇടവകയിലെ വിവിധ ഭക്തസംഘടനകളുടെ വാർഷികവും കലാസന്ധ്യയും. 22 ന് അഞ്ചിനു സന്ധ്യാപ്രാർഥന, ഇടവകയിൽ നിന്നുള്ള വൈദികർ അർപ്പിക്കുന്ന വിശുദ്ധ സമൂഹബലി, തുടർന്ന് പട്ടണം ചുറ്റിയുള്ള തിരുനാൾ റാസ ദേവാലയത്തിൽ നിന്നും പുറപ്പെട്ട് കെഎസ്ആർടിസി, പ്രൈവറ്റ് ബസ് സ്റ്റാൻഡ്, ലത്തീൻ പള്ളി കുരിശടി, വൺവേ തിരികെ കണ്ണംകോട് ഓർത്തഡോക്സ് കുരിശടി റിലയൻസ് പമ്പ് വഴി ദേവാലയത്തിൽ തിരിച്ചെത്തും.
23 ന് രാവിലെ എട്ടിന് പ്രഭാതപ്രാർഥനയേ തുടർന്ന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് തോമസ് മാർ അന്തോണിയോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. സ്നേഹഭോജനം, കൊടിയിറക്ക് എന്നിവയോടുകൂടി തിരുനാൾ സമാപിക്കും.
District News
പത്തനംതിട്ട: ആള് കേരള സ്കൂള് ടീച്ചേഴ്സ് യൂണിയന് 29-ാം സംസ്ഥാന സമ്മേളനം 2026 ജനുവരി 29 മുതല് 31 വരെ അടൂരില് നടക്കും. സ്വാഗതസംഘം രൂപീകരണയോഗം സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര് ഉല്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുശീല് കുമാര് അധ്യക്ഷത വഹിച്ചു.
എകെഎസ്ടിയു സംസ്ഥാന ജനറല് സെക്രട്ടറി ഒ.കെ ജയകൃഷ്ണന്, സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെ.എസ്. അരുണ് മണ്ണടി, സംസ്ഥാന കൗണ്സില് അംഗം മുണ്ടപ്പള്ളി തോമസ്, എ.ഐ. കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി ജയന്, എകെഎസ്ടിയു സംസ്ഥാന ട്രഷറര് കെ.സി സ്നേഹശ്രീ, സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പേരയം, സംസ്ഥാന സെക്രട്ടറി ബിനു പട്ടേരി, സംസ്ഥാന കമ്മിറ്റി അംഗം കെ.എ തന്സീര്, ജോയിന് കൗണ്സില് ജില്ലാ സെക്രട്ടറി ജി.അഖില്, പി.എസ് ജീമോന്, എ.കെ.എസ്ടിയു ജില്ലാ ഭാരവാഹികളായ റെജി മലയാലപ്പുഴ, അരുണ് മോഹന്, എന്നിവര് പ്രസംഗിച്ചു.
ചിറ്റയം ഗോപകുമാര് ചെയര്മാനായും പി.കെ സുശീല് കുമാര് ജനറല് കണ്വീനറായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു.
District News
അടൂർ: പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെയും വിജ്ഞാന കേരളത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ മെഗാ തൊഴിൽമേള സംഘടിപ്പിക്കും. കേരളപ്പിറവി ദിനമായ നാളെ രാവിലെ 9.30 മുതൽ ആരംഭിക്കുന്ന ഈ മേളയിൽ മൈ-ജി, ഓക്സിജൻ ഡിജിറ്റൽ, നന്തിലത് ജി മാർട്ട് തുടങ്ങിയ മുപ്പതിലധികം പ്രമുഖ കമ്പനികളുടെ പ്രതിനിധികൾ നേരിട്ടെത്തി അഭിമുഖത്തിന് നേതൃത്വം നൽകും.
എൻജിനിയറിംഗ്, നഴ്സിംഗ് തുടങ്ങി മൂവായിരത്തിലധികം തൊഴിൽ അവസരങ്ങൾ ഈ മേളയിലൂടെ ഉദ്യോഗാർഥികൾക്ക് ലഭ്യമാകും. അടൂരിലെ മികച്ച അവസരങ്ങൾക്ക് പുറമേ പന്തളം, പത്തനംതിട്ട, റാന്നി തുടങ്ങിയ ജില്ലയിലെ പ്രധാന സ്ഥലങ്ങളിലെയും ഒഴിവുകൾക്കായുള്ള അഭിമുഖം അന്നേ ദിവസം അടൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും.
എസ്എസ്എൽസി മുതൽ മുകളിലേക്ക് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് നേരിട്ടെത്തി അഭിമുഖത്തിൽ പങ്കെടുക്കാം. തുടക്കക്കാർക്കും പരിചയസമ്പന്നർക്കും ഒരേപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് തൊഴിൽമേള ക്രമീകരിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജോബ് സ്റ്റേഷനുമായി 8714699498, 9847106388 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
District News
അടൂര്: ഇന്സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് അടുപ്പത്തിലായശേഷം 16 കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവ് അറസ്റ്റില്. പട്ടാഴി തെക്കേക്കര പൂക്കുന്നുമല അനിത ഭവനില് ജിതിന് (19) ആണ് ഏനാത്ത് പോലീസിന്റെ പിടിയിലായത്.
കുട്ടിയുടെ മൊഴി പ്രകാരം പത്തനാപുരം പോലീസ് സീറോ എഫ് ഐ ആര് ആയി രജിസ്റ്റര് ചെയ്ത് കേസ് ഏനാത്ത് പോലീസിന് കൈമാറുകയായിരുന്നു. കോടതിയില് ഹാജരാക്കിയ പ്രതിയെ റിമാന്ഡ് ചെയ്തു. ഇന്സ്പെക്ടര് എ. അനൂപിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
District News
അടൂർ: ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തില് നടക്കുന്ന ജില്ലാ ക്ഷീര സംഗമം - നിറവ് 2025 ന്റെ രണ്ടാം ദിനത്തില് നടന്ന കന്നുകാലി പ്രദര്ശനം ആവേശമായി.
അടൂര് ബ്ലോക്കിലെ മേലൂട് ക്ഷീരസംഘത്തിന്റെ ആതിഥേയത്വത്തില് നടക്കുന്ന പരിപാടികളുടെ ഭാഗമായി സംഘം പരിസരത്ത് കന്നുകാലി പ്രദര്ശനം നടന്നത്. കിടാരി, കന്നുകുട്ടി, കറവപ്പശു വിഭാഗങ്ങളിലായി നിരവധി കാലികള് പങ്കെടുത്ത പ്രദര്ശന മത്സരങ്ങള്ക്ക് ക്ഷീര സംഗമം ചെയര്മാന് എ. പി. ജയന് പതാക ഉയര്ത്തി. പള്ളിക്കല് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ച യോഗം പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. പി. മണിയമ്മ ഉദ്ഘാടനം ചെയ്തു.
ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര് പി. അനിത, ക്ഷീര സംരംഭകത്വ വികസന കേന്ദ്രം പ്രിന്സിപ്പല് ഡോ.പി.ഇ. ഡോളസ, അടുര് ക്ഷീര വികസന ഓഫീസര് കെ പ്രദീപ്കുമാര് എന്നിവര് പ്രസംഗിച്ചു.
മികച്ച കറവപ്പശു, കിടാരി വിഭാഗത്തില് സുധാ പുഷ്പൻ, കിഴക്കേ ചരുവിലിന്റെയും കന്നുകുട്ടി വിഭാഗത്തില് സുധര്മിണി, അനില് ഭവനത്തിന്റെയും ഉരുക്കളെ തെരഞ്ഞെടുത്തു. പ്രദര്ശനത്തിന്റെ ഭാഗമായി തത്സമയ ചോദ്യോത്തര പരിപാടി നടത്തി, വിജയികള്ക്ക് സമ്മാനങ്ങള് നല്കി.
ക്ഷീരസംഗമത്തിന്റെ സമാപന ദിവസമായ ഇന്നു രാവിലെ 9.30 ന് ക്ഷീരകര്ഷകര്ക്കുള്ള സെമിനാര് കെഎല്ഡി ബോര്ഡ് മാനേജര് ഡോ അവിനാഷ് കുമാര് അവതരിപ്പിക്കും. വകുപ്പ് ജോയിന്റ് ഡയറക്ടര് ഷീബ ഖമര് മോഡറേറ്ററായിരിക്കും.11 ന് അടൂര് സെന്റ് തോമസ് ഓര്ത്തഡോക്സ് കത്തീഡ്രല് ഓഡിറ്റോറിയത്തില് സമാപന സമ്മേളനം മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും.
ഓര്ത്തഡോക്സ് കത്തീഡ്രല് അങ്കണത്തില് മില്മ, കേരള ഫീഡ്സ് എന്നിവയുടെ വിവിധ ഉത്പനങ്ങളുടെയും കാര്ഷിക - ക്ഷീര മേഖലയില് ഉപയോഗിച്ചു പോരുന്ന വിവിധ യന്ത്രോപകരണങ്ങളുടെയും കാലിത്തീറ്റകളുടെയും വില്പന - പ്രദര്ശന സ്റ്റാളുകളും ഉണ്ടാകും.
District News
അടൂര്: കെപി റോഡില് കോട്ടമുകള് ജംഗ്ഷനില് പ്രവര്ത്തിച്ചിരുന്ന ടിവിഎസ് അംഗീകൃത സര്വീസ് സെന്ററില് തീ പിടിത്തം. ഏകദേശം ഇരുപത്തിയഞ്ച് ഇരുചക്ര വാഹനങ്ങള് കത്തിനശിച്ചു. ഇന്നു പുലര്ച്ചെ അഞ്ചോടെയാണ് സര്വീസ് സെന്ററില് നിന്നു തീ ഉയരുന്നതായി ഫയര് ഫോഴ്സിന് സന്ദേശം ലഭിച്ചത്.
ഉടന്തന്നെ പത്തനംതിട്ട നിന്ന് സ്റ്റേഷന് ഓഫീസര് വി. വിനോദ് കുമാര്, സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര് പ്രേമചന്ദ്രന് നായര് എന്നിവരുടെ നേതൃത്വത്തില് ഉള്ള ആറംഗ സംഘം ഉള്പ്പെടുന്ന യൂണിറ്റും സ്റ്റേഷന് ഓഫീസര് കെ.സി. റെജികുമാര്, സീനിയര് ഓഫീസര് വി. എം. മനോജ് എന്നിവരുടെ നേതൃത്വത്തില് അടൂരില് നിന്നു 11 അംഗ സംഘം ഉള്പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഈ കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും അതിഥി സംസ്ഥാന തൊഴിലാളികള് തിങ്ങിപ്പാര്ക്കുന്ന ഫ്ളാറ്റുകളും പഴങ്ങള് വില്ക്കുന്ന കടയും ഉണ്ടായിരുന്നത് ആശങ്കപരത്തി.
പത്തനംതിട്ട, അടൂര് എന്നിവിടങ്ങളില് നിന്നു സ്ഥലത്തെത്തിയ മൂന്നു യൂണിറ്റ് ഫയര്ഫോഴ്സ് അംഗീകൃത സര്വീസ് സെന്ററിന്റെ ഷട്ടര് പൊളിച്ച് ഉള്ളില് കടന്ന് മൂന്ന് വാഹനത്തില് നിന്നും ഒരേ സമയം വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.
കോട്ടണ് വേസ്റ്റുകളും അപ്ഹോള്സ്റ്ററികളും ഓയില്, ഗ്രീസ്, പെട്രോള് ഉള്പ്പെടെ ഇന്ധനങ്ങളും കടയ്ക്കുള്ളില് സൂക്ഷിച്ചിരുന്നത് അപകടതീവ്രത വര്ധിപ്പിച്ചു. പുലര്ച്ചെ ആയിരുന്നു സംഭവം എന്നതിനാല് കെപി റോഡില് തിരക്ക് ഇല്ലാതിരുന്നത് അപായസാധ്യത ഒഴിവാക്കി.
കൃത്യസമയത്ത് തന്നെ ഫയര്ഫോഴ്സ് എത്തിയതിനാല് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്ന്നില്ല. സര്വീസ് സെന്ററിനുള്ളില് നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഫയര്ഫോഴ്സ് ഇവിടെ പ്രവര്ത്തിച്ചത്.
Kerala
അടൂര്: കെപി റോഡില് കോട്ടമുകള് ജംഗ്ഷനില് പ്രവര്ത്തിച്ചിരുന്ന ടിവിഎസ് അംഗീകൃത സര്വീസ് സെന്ററില് തീ പിടിത്തം. ഏകദേശം ഇരുപത്തിയഞ്ച് ഇരുചക്ര വാഹനങ്ങള് കത്തിനശിച്ചു. ഇന്നു പുലര്ച്ചെ അഞ്ചോടെയാണ് സര്വീസ് സെന്ററില് നിന്നു തീ ഉയരുന്നതായി ഫയര് ഫോഴ്സിന് സന്ദേശം ലഭിച്ചത്.
ഉടന്തന്നെ പത്തനംതിട്ട നിന്ന് സ്റ്റേഷന് ഓഫീസര് വി. വിനോദ് കുമാര്, സീനിയര് ഫയര് ആന്ഡ് റെസ്ക്യൂ ഓഫീസര് പ്രേമചന്ദ്രന് നായര് എന്നിവരുടെ നേതൃത്വത്തില് ഉള്ള ആറംഗ സംഘം ഉള്പ്പെടുന്ന യൂണിറ്റും സ്റ്റേഷന് ഓഫീസര് കെ.സി. റെജികുമാര്, സീനിയര് ഓഫീസര് വി. എം. മനോജ് എന്നിവരുടെ നേതൃത്വത്തില് അടൂരില് നിന്നു 11 അംഗ സംഘം ഉള്പ്പെടുന്ന രണ്ട് യൂണിറ്റും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സമീപത്തുള്ള ഇരുനില കെട്ടിടത്തിന്റെ ഉയരത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു. ഈ കെട്ടിടത്തിന് ഇരുവശങ്ങളിലും വീടുകളും അതിഥി സംസ്ഥാന തൊഴിലാളികള് തിങ്ങിപ്പാര്ക്കുന്ന ഫ്ളാറ്റുകളും പഴങ്ങള് വില്ക്കുന്ന കടയും ഉണ്ടായിരുന്നത് ആശങ്കപരത്തി.
പത്തനംതിട്ട, അടൂര് എന്നിവിടങ്ങളില് നിന്നു സ്ഥലത്തെത്തിയ മൂന്നു യൂണിറ്റ് ഫയര്ഫോഴ്സ് അംഗീകൃത സര്വീസ് സെന്ററിന്റെ ഷട്ടര് പൊളിച്ച് ഉള്ളില് കടന്ന് മൂന്ന് വാഹനത്തില് നിന്നും ഒരേ സമയം വെള്ളം പമ്പ് ചെയ്ത് തീ അണയ്ക്കുകയായിരുന്നു.
കോട്ടണ് വേസ്റ്റുകളും അപ്ഹോള്സ്റ്ററികളും ഓയില്, ഗ്രീസ്, പെട്രോള് ഉള്പ്പെടെ ഇന്ധനങ്ങളും കടയ്ക്കുള്ളില് സൂക്ഷിച്ചിരുന്നത് അപകടതീവ്രത വര്ധിപ്പിച്ചു. പുലര്ച്ചെ ആയിരുന്നു സംഭവം എന്നതിനാല് കെപി റോഡില് തിരക്ക് ഇല്ലാതിരുന്നത് അപായസാധ്യത ഒഴിവാക്കി.
കൃത്യസമയത്ത് തന്നെ ഫയര്ഫോഴ്സ് എത്തിയതിനാല് സമീപത്തുള്ള കെട്ടിടങ്ങളിലേക്ക് തീ പടര്ന്നില്ല. സര്വീസ് സെന്ററിനുള്ളില് നിറഞ്ഞ കനത്ത പുകയും ഇരുട്ടും കാരണം വളരെ ദുഷ്കരമായ സാഹചര്യത്തിലാണ് ഫയര്ഫോഴ്സ് ഇവിടെ പ്രവര്ത്തിച്ചത്.