ന്യൂഡൽഹി: ഇന്ത്യയിൽ അഭയം പ്രാപിച്ച ഷെയ്ക് ഹസീനയെ കൈമാറണമെന്ന് ആവശ്യമുന്നയിച്ച് ബംഗ്ലാദേശ്. ഇതിനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി താരിഖ് റഹ്മാൻ ഇന്ത്യയോട് ആവശ്യപ്പെട്ടു. വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ട ഹസീന ഇന്ത്യയിൽ തുടരവേയാണ് ബംഗ്ലാദേശ് വീണ്ടും ആവശ്യമുന്നയിച്ചത്.
ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് ത്രിവേദിയുമായി തിങ്കളാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ഉന്നയിച്ചത്. ഓഗസ്റ്റ് അഞ്ചിന് ഷെയ്ഖ് ഹസീന നടത്തിയ പത്രസമ്മേളനത്തിൽ താരിഖ് റഹ്മാന്റെ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ സംഭവിച്ചിരുന്നു. ഹസീനയുടെ പ്രസ്താവനയിൽ ബംഗ്ലാദേശ് സർക്കാർ ശക്തമായ അമർഷവും പ്രതിഷേധവും അറിയിച്ചിരുന്നു.
എന്നാൽ പരിപാടിയിൽ ഭാരത സർക്കാരിന് യാതൊരു പങ്കുമില്ലെന്നും ബംഗ്ലാദേശ് സർക്കാരിനെതിരെ ഉയർന്ന അഭിപ്രായങ്ങളെ ഇന്ത്യ പിന്തുണയ്ക്കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഉഭയകക്ഷി ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കേണ്ടതുണ്ടെന്ന് പ്രധാനമന്ത്രി താരീഖ് റഹ്മാൻ പറഞ്ഞു.
അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിലേക്ക് പ്രധാനമന്ത്രി താരീഖ് റഹ്മാന് ഇന്ത്യയുടെ ക്ഷണമുണ്ട്. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്ത്യ നൽകിയ ഉറപ്പുകളിൽ ആശ്വാസമുണ്ടെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
Tags : Bangladesh India extradite Sheikh Hasina Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash GlobalNews