മുണ്ടക്കയം: കൂട്ടിക്കലിലെ വീസ തട്ടിപ്പ് കേസിലെ പ്രതി അനീഷ് ഉമ്മർ പിടിയിൽ. കൂട്ടിക്കൽ കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ഓർക്കിഡ് കൺസൾട്ടൻസി എന്ന സ്ഥാപനം വഴി വിദേശജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ സംഭവത്തിലെ പ്രതി കൂട്ടിക്കൽ പാലക്കുന്നിൽ അനീഷ് ഉമ്മറാണ് മുണ്ടക്കയം പോലീസിന്റെ പിടിയിലായത്.
അനീഷ് ഉമ്മറിനെ കോഴിക്കോട് നിന്നാണ് മുണ്ടക്കയം സിഐ ജെ.എസ്. സജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടുന്നത്. വിദേശരാജ്യങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞ് നിരവധി പേരിൽനിന്നു മൂന്നു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ തട്ടിയെന്നാണ് കേസ്.
കൂട്ടിക്കലിൽ പ്രവർത്തിക്കുന്ന അനീഷ് ഉമ്മറിന്റെ ഉടമസ്ഥതയിലുള്ള ഓർക്കിഡ് കൺസൾട്ടൻസി കഴിഞ്ഞ കുറെ ദിവസങ്ങളായി തുറക്കാതെ വന്നതോടെയാണ് തട്ടിപ്പിന്റെ വിവരം പുറത്തറിയുന്നത്. തുടർന്ന് കേരളത്തിന്റെ വിവിധ സ്റ്റേഷനുകളിലായി പരാതിയുമായി നിരവധി ആളുകൾ എത്തുകയായിരുന്നു. മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ മാത്രം ഇപ്പോൾ 17 ഓളം പരാതികൾ ലഭിച്ചിട്ടുണ്ടെന്നും ഏതാണ്ട് ഒരുകോടി രൂപയിലധികം തട്ടിയതായി പ്രാഥമിക വിവരം ലഭിച്ചതായും മുണ്ടക്കയം സിഐ ജെ.എസ്. സജീവ് കുമാർ പറഞ്ഞു.
പ്രതിയെ കോടതിയിൽ ഹാജരാക്കി. പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പിന് ശേഷം കൂടുതൽ അന്വേഷണം നടത്തിയെങ്കിൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകുകയുള്ളൂ.