പോർച്ചുഗൽ-സ്പെയിൻ മത്സരത്തിൽനിന്നും
ഡാളസ്: ക്രിസ്റ്റ്യാനോ റൊണാൾഡോ എന്ന ഫുട്ബോൾ ഇതിഹാസം ലോകകപ്പ് കിരീടമില്ലാതെ മടങ്ങുന്നു. റൊണാൾഡോയുടെ പോർച്ചുഗൽ ഇന്ന് നടന്ന പ്രീക്വാർട്ടറിൽ സ്പെയിനോട് എതിരില്ലാത്ത ഒരു ഗോളിന് തോൽവി വഴങ്ങി.
കളത്തിലിറങ്ങി അഞ്ചു മിനിറ്റിനുള്ളിൽ വലകുലുക്കിയ മിക്കെൽ മെറീനോയുടെ ഗോളിലാണ് സ്പെയിൻ ക്വാർട്ടറിലേക്ക് ടിക്കറ്റെടുത്തത്. 90 മിനിറ്റിലും ഗോൾരഹിതമായി തുടർന്ന മത്സരത്തിന്‍റെ ഇൻജുറി ടൈമിന്‍റെ ആദ്യ മിനിറ്റിൽ തന്നെയായിരുന്നു മെറീനോയുടെ ഗോൾ.
പെട്ടെന്ന് എടുത്ത ഒരു ഫ്രീകിക്കാണ് സ്‌പെയിനിന്‍റെ വിജയഗോളിലേക്ക് വഴിവെട്ടിയത്. ഫെറാൻ ടോറസ് നീട്ടി നൽകിയ പന്ത് മെറീനോ വലയിലെത്തിക്കുകയായിരുന്നു. ടൂർണമെന്‍റിൽ ഇതുവരെ ഗോൾ വഴങ്ങിയിട്ടില്ലെന്ന റെക്കോഡ് നിലനിർത്താനും സ്‌പെയിനിനായി.
ലോകകപ്പ് ഉയർത്താനുള്ള റൊണാൾഡോയുടെ അവസാന അവസരത്തിനും അതോടെ അവസാനമായി. 41-കാരനായ താരത്തിന് ഇനിയൊരു ലോകകപ്പിന് സാധ്യയുണ്ടാകില്ല.
Tags : FIFA World Cup Ronaldo Portugal Spain