Sports
സമനില പ്രതിസന്ധി തരണം ചെയ്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ടീം വിജയ തീരത്ത്. ഫിഫ 2026 ലോകകപ്പ് ഗ്രൂപ്പ് കെയില്‍ ഏകപക്ഷീയ മത്സരത്തില്‍ പോര്‍ച്ചുഗല്‍ 5-0ന് ഉസ്ബക്കിസ്ഥാനെ തകര്‍ത്തു. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ വകയായിരുന്നു രണ്ട് ഗോള്‍. രണ്ട് ക്ലിനിക്കല്‍ ഫിനിഷിംഗിലൂടെയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വലകുലുക്കിയത് എന്നതാണ് ശ്രദ്ധേയം.
ജൊവാവൊ കാന്‍സെലോ വലതുവശത്തുനിന്നു നല്കിയ പാസില്‍ കോപ്പി ബുക്ക് ശൈലിയിലായിരുന്നു റൊണാള്‍ഡോയുടെ ഫിനിഷിംഗ്. 39-ാം മിനിറ്റിലായിരുന്നു സിആര്‍7ന്റെ ഏറ്റവും മനോഹര ഗോള്‍. ബ്രൂണൊ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍ പിറന്നത്. എന്നാല്‍, 17-ാം മിനിറ്റില്‍ ലെഫ്റ്റ് ബാക്ക് താരം നൂനൊ മെന്‍ഡസ് നേടിയ ഫ്രീകിക്ക് ഗോളാണ് പോര്‍ച്ചുഗലിന്റെ ടീം ഗോളെന്ന ബഹുമതിക്ക് അര്‍ഹം.
ബോക്സിനുള്ളില്‍വച്ച് പോര്‍ച്ചുഗലിനു ഫ്രീകിക്ക്. കിക്ക് എടുക്കാനായി പന്തിന്റെ ഇരുസൈഡിലുമായി തയാറായത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും മെന്‍ഡസും. റൊണാള്‍ഡോ ഫ്രീകിക്ക് എടുക്കുമെന്ന കണക്കുകൂട്ടലില്‍ ഉസ്ബക്കിസ്ഥാന് ഡിഫെന്‍സ് വാള് തീര്‍ത്തു. എന്നാല്‍, കിക്കെടുത്തത് മെന്‍ഡസ്. മെന്‍ഡസിന്റെ ഷോട്ട് കൃത്യമായി വലയില്‍. ടീം പ്ലാനിംഗിന്റെ വിജയം.
രണ്ടാം പകുതിയില്‍ ഒരു സെല്‍ഫ് ഗോള്‍ കൂടിയായതോടെ ഉസ്ബക്കിസ്ഥാന് 4-0നു പിന്നില്‍. 87-ാം മിനിറ്റില്‍ റാഫേല്‍ ലിയാവോയുടെ പവര്‍ഫുള്‍ ഷോട്ട് വലയില്‍. 41-ാം വയസിന്റെ പ്രശ്നങ്ങള്‍ റൊണാള്‍ഡോയുടെ കളിയില്‍ വ്യക്തം. പഴയ സ്പീഡും റിഫ്ളക്സസും ഇപ്പോള്‍ ഇല്ല. സ്വാഭാവികം മാത്രം. മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് ചുരുങ്ങിയത് രണ്ട് ഗോള്‍കൂടി നേടാമായിരുന്നു. എന്നാല്‍, സാധിച്ചില്ല.
റൗണ്ട് ഓഫ് 32 പോര്‍ച്ചുഗല്‍ ഉറപ്പാക്കിയെന്നു പറയാറായിട്ടില്ലെന്നതും ശ്രദ്ധേയം. രണ്ടു മത്സരങ്ങളില്‍നിന്ന് നാല് പോയിന്റാണ് പോര്‍ച്ചുഗലിന്. ആറ് പോയിന്റുള്ള കൊളംബിയയാണ് ഗ്രൂപ്പിന്റെ തലപ്പത്ത്. കൊളംബിയയ്ക്ക് എതിരേയാണ് പോര്‍ച്ചുഗലിന്റെ അവസാന മത്സരം. കൊളംബിയയ്ക്ക് എതിരേ ജയിച്ചാല്‍ പോര്‍ച്ചുഗലിനു ഗ്രൂപ്പ് ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍ പ്രവേശിക്കാം. പോര്‍ച്ചുഗലിനൊപ്പം രണ്ടാം സ്ഥാനക്കാരായി കൊളംബിയയും നോക്കൗട്ടിലെത്തും.
സമനിലയാണെങ്കില്‍ കൊളംബിയ ഒന്നാമതും പോര്‍ച്ചുഗല്‍ രണ്ടാമതുമായി നോക്കൗട്ട് ഉറപ്പിക്കും. അതേസമയം, പോര്‍ച്ചുഗല്‍ പരാജയപ്പെട്ടാല്‍ കാര്യങ്ങള്‍ കുഴയും. അത്തരമൊരു സാഹചര്യത്തില്‍ കോംഗോ വന്മാര്ജിനില് ഉസ്ബക്കിസ്ഥാനെ കീഴടക്കിയാല്‍ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാം. മികച്ച മൂന്നാം സ്ഥാനക്കാരില്‍ ഉള്പ്പെട്ടുമാത്രമേ പിന്നീട് പോര്‍ച്ചുഗലിനു റൗണ്ട് ഓഫ് 32ല്‍ പ്രവേശിക്കാന്‍ സാധിക്കൂ.
Viral
ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗൽ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ കോഴിക്കോട്ടെ തെരുവുകളിൽ വൻ ആഘോഷവുമായി ഫുട്ബോൾ ആരാധകർ.
ചൊവ്വാഴ്ച രാത്രി നടന്ന ആവേശകരമായ മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനെ തകർക്കുകയായിരുന്നു. കളി കാണാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളോടെ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ആരാധകരെ തെരുവുകളിലേക്ക് ആവേശത്തോടെ ഇറക്കിയത്. വലിയ സ്ക്രീനുകൾക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകർ പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ഈ വിജയം ആഘോഷമാക്കിയത്.
പോർച്ചുഗൽ പതാകകളേന്തിയും റൊണാൾഡോയുടെ ജേഴ്സിയണിഞ്ഞും ആരാധകർ നടത്തിയ ബൈക്ക് റാലികളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ അപ്രതീക്ഷിത സമനില വഴങ്ങിയതിന് പിന്നാലെ റൊണാൾഡോയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
അർജന്റീനയുടെ ആദ്യ മത്സരത്തിൽ ലയണൽ മെസി ഹാട്രിക് നേടിയതോടെ റൊണാൾഡോയ്ക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിച്ചിരുന്നു. എന്നാൽ ഉസ്ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.
ഈ മത്സരത്തിലെ രണ്ട് ഗോളുകളോടെ ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരം എന്ന റെക്കോർഡും റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന കേരളത്തിൽ ഈ ഉജ്ജ്വല തിരിച്ചുവരവ് ആരാധകർ വലിയൊരു ഉത്സവമായാണ് കൊണ്ടാടുന്നത്.
സോഷ്യൽ മീഡിയയിലും റൊണാൾഡോയുടെ ഈ വേട്ടയെയും കേരളത്തിലെ ആരാധകരുടെ ആവേശത്തെയും പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞുകഴിഞ്ഞു. വരും മത്സരങ്ങളിലും തങ്ങളുടെ പ്രിയ താരം ഇതേ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് മലയാളി ഫുട്ബോൾ പ്രേമികൾ.
Sports
ഹൂസ്റ്റൺ: ഉസ്ബെക്കിസ്ഥാനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പിലെ ആദ്യ ജയം സ്വന്തമാക്കി പോർച്ചുഗൽ. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോൾ മികവിലാണ് പോർച്ചുഗലിന്റെ വിജയം. ആദ്യ മത്സരത്തിൽ സമനില വഴങ്ങിയതുകൊണ്ട് ഗ്രൂപ്പ് ചാമ്പ്യാന്മാരെ നിർണയിക്കുന്നതിൽ പ്രാധാന്യമുള്ള ഈ മത്സരത്തിൽ ജയിക്കേണ്ടത് പോർച്ചുഗലിന് അനിവാര്യമായിരുന്നു.
തുടർച്ചയായി ആറ് ലോകകപ്പുകളിൽ ഗോൾ നേടുന്ന താരമെന്ന റിക്കാർഡ് കൂടിയാണ് റൊണാൾഡോ ഈ മത്സരത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. ആറാം മിനിറ്റിലും 39-ാം മിനിറ്റിലുമായിരുന്നു ക്രിസ്റ്റ്യാനോയുടെ ഗോളുകൾ.
17-ാം മിനിറ്റിൽ നുനോ മെൻഡസ് മനോഹരമായൊരു ഫ്രീകിക്കിലൂടെ പോർച്ചുഗലിന്റെ ലീഡുയർത്തി. പകരക്കാരനായിറങ്ങിയ റാഫേൽ ലിയാവോയും പോർച്ചുഗലിനായി ഗോളുകൾ നേടി. ഡിഫൻഡർ അബ്ദുകൊദ്രർ ഖുഷാനോവിന്റെ വകയായിരുന്നു സെൽഫ് ഗോൾ. തുടർച്ചയായ രണ്ടാം തോൽവിയോടെ ഉസ്ബക്കിസ്ഥാൻ ലോകകപ്പിൽ നിന്ന് പുറത്തായി.
Sports
ഹൂസ്റ്റണ്‍: ഫിഫ 2026 ലോകകപ്പ് ഫുട്ബോൾ ആദ്യറൗണ്ട് പോരാട്ടത്തിന് അവസാനം. ഗ്രൂപ്പ് കെയിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലിന്റെ തിളക്കമില്ലാത്ത പോരാട്ടം ഇന്നലെ കണ്ടു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്ക്കെതിരേ രാത്രി 10.30ന് വിസിൽ മുഴങ്ങി ആറ് മിനിറ്റ് പിന്നിടവേ പോർച്ചുഗൽ ആരവം അളവറ്റു. ജാവോ നേവ്സ് കോംഗോയുടെ വല കുലുക്കി.
45+5 മിനിറ്റിൽ വിസയിലൂടെ കോംഗോ സമനില പിടിച്ചു. രണ്ടാം പകുതിയിൽ റെണോൾഡോയും സംഘവും കിണഞ്ഞുശ്രമിച്ചെങ്കിലും കോംഗോ വല കുലുക്കാൻ സാധിച്ചില്ല.
പോർച്ചുഗൽ നായകനും സംഘവും നിരാശയോടെ അവസാന വിസിൽ മുഴക്കം കേട്ടു. രണ്ടാം റൗണ്ട് പോരാട്ടങ്ങൾക്ക് ഇന്നു തുടക്കം.
Sports
ടെക്സസ്: 2022 ഫിഫ ലോകകപ്പില്‍ ട്രെന്‍ഡിംഗ് ആയത് മെസിക്കൊരു കപ്പ് എന്നായിരുന്നെങ്കില്‍, 2026ല്‍ അതിനു ചെറിയൊരു മാറ്റം; സിആര്‍7ന് ഒരു ലോകകപ്പ്.
ഫുട്ബോള്‍ ലോകം കണ്ട, ഏറ്റവും അധ്വാനശീലവും അച്ചടക്കവുമുള്ള ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗല്‍ ഇന്നു കളത്തില്‍. 2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് കെയില്‍ തങ്ങളുടെ ആദ്യമത്സരത്തില്‍ കോംഗോയ്ക്ക് എതിരേയാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. ഇന്ത്യന്‍ സമയം ഇന്നു രാത്രി 10.30നാണ് കിക്കോഫ്. സിആര്‍7ന്റെ തുടര്‍ച്ചയായ ആറാം ഫിഫ ലോകകപ്പ്.
റോബര്‍ട്ടോ മാര്‍ട്ടിനെസിന്റെ ശിക്ഷണത്തില്‍ ഇറങ്ങുന്ന പോര്‍ച്ചുഗല്‍, 2026 ലോകകപ്പിലെ കിരീടസാധ്യതയിൽ ഹോട്ട് ഫേവറിറ്റ് സീറ്റിലുള്ള ടീമുകളില്‍ ഒന്നാണ്. 2022 ലോകകപ്പില്‍ റൊണാള്‍ഡോയെ സൈഡ് ബെഞ്ചില്‍ ഇരുത്തിയ കാഴ്ച അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് ഇന്നും വേദനാജനകം.
ഖത്തര്‍ ലോകകപ്പിനു പിന്നാലെയായിരുന്നു ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് വിടപറഞ്ഞതും സൗദി പ്രൊലീഗ് ക്ലബ്ബായ അല്‍ നസര്‍ എഫ്സിയില്‍ ചേക്കേറിയതും. അല്‍ നസറില്‍ എത്തിയശേഷം ആദ്യമായി സൂപ്പര്‍ ലീഗ് നേടിയാണ് സിആര്‍7 ലോകകപ്പ് വേദിയിലെത്തുന്നതെന്നതും ശ്രദ്ധേയം.
രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരം, ഏറ്റവും കൂടുതല്‍ ഗോള്‍, പ്രഫഷണല്‍ മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ തുടങ്ങിയ റിക്കാര്ഡുകാരനായ റൊണാള്‍ഡോയ്ക്ക് ഒരു ലോകകപ്പ് നേട്ടം പറയാനില്ലെങ്കില്‍ കാവ്യനീതിയിലെ വിശ്വാസം ഇല്ലാതാകും...
Sports
ലിസ്ബണ്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പോര്‍ച്ചുഗല്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ അവിഭാജ്യഘടകമാണെന്ന് അടിവരയിട്ട് മുഖ്യപരിശീലകന്‍ റോബര്‍ട്ടോ മാര്‍ട്ടിനെസ്. 41കാരനായ റൊണാള്‍ഡോ നിലവില്‍ കാൽ മസിൽ പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലാണ്. “ക്രിസ്റ്റ്യാനോ ഞങ്ങളുടെ നായകനാണ്.
തീവ്രമായ തീക്ഷ്ണതയുള്ള റോള്‍ മോഡല്‍. അദ്ദേഹം 41 വയസുള്ള വെറുമൊരു കളിക്കാരനല്ല. ഓരോദിനവും കളി മെച്ചപ്പെടുത്താന്‍ ആഗ്രഹിക്കുന്ന കളിക്കാരനാണ് അദ്ദേഹം. യുവതാരങ്ങള്‍ക്ക് ഉത്തേജനമാകുന്ന മാതൃകാ ക്യാപ്റ്റന്‍’’ - റോബര്‍ട്ടോ മാര്‍ട്ടിനെസ് പറഞ്ഞു.
2026 ഫിഫ ലോകകപ്പ് ഫുട്ബോളിലേക്ക് 71 ദിനങ്ങളുടെ അകലം മാത്രമുള്ളപ്പോഴാണ് റൊണാള്‍ഡോതന്നെയാണ് ടീമിന്റെ നെടുംതൂണെന്നും ക്യാപ്റ്റനെന്നും മാര്‍ട്ടിനെസ് അടിവരയിട്ടത്.
2022 ലോകകപ്പില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഉള്‍പ്പെടുത്താതെ ഫെര്‍ണാണ്ടോ സാന്റോസ് പോര്‍ച്ചുഗല്‍ ടീമിനെ ഇറക്കിയത് വിവാദമായിരുന്നു. 2022 ലോകകപ്പിനു പിന്നാലെ സാന്റോസിന്റെ സ്ഥാനം തെറിക്കുകയും ചെയ്തു.
പോര്‍ച്ചുഗല്‍ ദേശീയ ടീമിനായി അവസാനം കളിച്ച 30 മത്സരങ്ങളില്‍നിന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ 25 ഗോള്‍ സ്വന്തമാക്കി. 2026 ലോകകപ്പിനു മുന്നോടിയായുള്ള രാജ്യാന്തര സൗഹൃദ മത്സരങ്ങളില്‍ റൊണാള്‍ഡോയുടെ അഭാവത്തിലാണ് പോര്‍ച്ചുഗല്‍ ഇറങ്ങുന്നത്. മെക്സിക്കോയ്ക്ക് എതിരായ കഴിഞ്ഞ സൗഹൃദ മത്സരത്തില്‍ പോര്‍ച്ചുഗല്‍ ഗോള്‍രഹിത സമനില വഴങ്ങിയിരുന്നു.
സൗദി പ്രൊ ലീഗില്‍ അല്‍ നസര്‍ എഫ്സിക്കു വേണ്ടി ഫെബ്രുവരി 28നു കളത്തില്‍ ഇറങ്ങിയപ്പോഴാണ് റൊണാള്‍ഡോയ്ക്കു പരിക്കേറ്റത്. നിലവില്‍ അല്‍ നസറില്‍ റൊണാള്‍ഡോ തനിയെ പരിശീലനത്തിലാണ്. അടുത്ത ആഴ്ച താരം കളത്തിലെത്തുമെന്നു റോബര്‍ട്ടോ മാര്‍ട്ടിനസ് പറഞ്ഞു.
രാജ്യാന്തര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതിന്റെയും ഗോള്‍ നേടിയതിന്റെയും റിക്കാര്‍ഡ് റൊണാള്‍ഡോയുടെ പേരിലാണ്, 226 മത്സരങ്ങളില്‍നിന്ന് 143 ഗോള്‍.
Special News
പോർച്ചുഗൽ യൂറോപ്പിന്റെ പടിഞ്ഞാറേ അറ്റത്തുള്ള ഒരു ചെറിയ രാജ്യമാണ്. ഒരു വശത്ത് അറ്റ്ലാന്റിക് സമുദ്രം. മറ്റൊരു വശത്ത് യൂറോപ്യൻ ഭൂഖണ്ഡം. പോർച്ചുഗലിന്റെ തലസ്ഥാനമാണ് ലിസ്ബൺ.
ചരിത്രത്തിലും കടലുമായി ബന്ധപ്പെട്ട യാത്രകളിലും ലിസ്ബണിനു വലിയ പങ്കുണ്ട്. ഇന്ത്യയുമായി പോർച്ചുഗലിനുള്ള ബന്ധം നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. ഞാൻ ഇന്നു ലിസ്ബണിൽ ഒരു ഇന്ത്യൻ വിദ്യാർഥിയായി പഠിക്കുകയും ജീവിക്കുകയും ചെയ്യുന്നു.
പക്ഷേ, ഇവിടെ ജീവിക്കുമ്പോൾ ഇന്ത്യ-പോർച്ചുഗൽ ബന്ധം വെറും ചരിത്രപുസ്തകത്തിലെ വിഷയം മാത്രമല്ലെന്നു തിരിച്ചറിയുന്നു.
ദിനചര്യയും നഗരവും
എന്റെ ദിവസങ്ങൾ ക്ലാസ്, ലൈബ്രറി, വായന എന്നിവയോടെയാണ് കടന്നുപോകുന്നത്. പക്ഷേ, ക്ലാസ് കഴിഞ്ഞാൽ ഞാൻ പലപ്പോഴും ലിസ്ബണിലെ തെരുവീഥികളിലൂടെ നടക്കും.
ഈ നഗരം വലിയ കെട്ടിടങ്ങളാൽ ശ്രദ്ധ പിടിച്ചുപറ്റുന്നില്ല. പകരം പഴയ വീടുകളും കയറ്റമുള്ള റോഡുകളും ചെറിയ കഫേകളും ആളുകളുടെ ശാന്തമായ ജീവിതവുമാണ് എവിടെയും.
ലിസ്ബണിൽ നടക്കുമ്പോൾ ഒറ്റ കാര്യം നാം തിരിച്ചറിയും, ഇവിടെ ആളുകൾക്കു തിരക്കില്ല. ജീവിതം സാധാരണയാണ്.
തെരുവിലെ സംഭാഷണങ്ങൾ
ലിസ്ബണിൽ ആളുകൾ അധികം സംസാരിക്കാറില്ല. പക്ഷേ, സംസാരിച്ചാൽ അതു ലളിതവും. കടയിൽ കയറുമ്പോൾ, കഫേയിൽ ഇരിക്കുമ്പോൾ, ബസിൽ കയറുമ്പോൾ പലരും ചോദിക്കും: Where are you from? ഞാൻ "India'' എന്ന് പറഞ്ഞാൽ അവരുടെ അടുത്ത ചോദ്യം പതിവാണ്: "Goa or Kerala'' ഇത് എനിക്ക് ആദ്യം അൽപ്പം അദ്ഭുതമായിരുന്നു.
പലരും പറയുന്നു: "ഞങ്ങളുടെ കുടുംബത്തിൽനിന്നു ഗോവയിൽ പോയിട്ടുണ്ട്.അതോടൊപ്പം ഇന്ത്യയെക്കുറിച്ചു ഞങ്ങൾ പഠിച്ചിട്ടുണ്ട്.'' ഇത് വെറും ഔപചാരിക സംഭാഷണമല്ല. ഇത് ഒരു പഴയ ബന്ധത്തിന്റെ ഓർമയാണ്.
ഗാമയുടെ തുടക്കം
ലിസ്ബണിലെ ബെലേം പ്രദേശത്തു നടക്കുമ്പോൾ കടലിനഭിമുഖമായി നിൽക്കുന്ന സ്മാരകങ്ങൾ കാണാം. ഇവിടെനിന്നാണ് 1497 ജൂലൈ എട്ടിന് വാസ്കോഡ ഗാമ ലിസ്ബണിൽനിന്ന് ഇന്ത്യയിലേക്കുള്ള കടൽയാത്ര ആരംഭിച്ചത്.
ഏകദേശം പത്തു മാസത്തെ യാത്രയ്ക്കുശേഷം 1498 മേയ് 20ന് അദ്ദേഹം എത്തിയത് കേരളത്തിലെ കോഴിക്കോട് ആയിരുന്നു. ഇത് ഒരു തീയതി മാത്രമല്ല. ഇത് ഇന്ത്യയുടെയും യൂറോപ്പിന്റെയും ബന്ധത്തിൽ വലിയ മാറ്റം കൊണ്ടുവന്ന ഒരു സംഭവമാണ്.
പലപ്പോഴും ചരിത്രം ലളിതമായി പറയാറുണ്ട്, "യൂറോപ്യന്മാർ വന്നപ്പോൾ ഇന്ത്യ തുറന്നു''എന്ന്. പക്ഷേ, സത്യം അങ്ങനെയല്ല. വാസ്കോഡ ഗാമ എത്തുന്നതിനും നൂറ്റാണ്ടുകൾക്കു മുൻപേ കോഴിക്കോട് അന്താരാഷ്ട്ര വ്യാപാരകേന്ദ്രമായിരുന്നു.
അറബികളും ചൈനക്കാരും മറ്റ് വ്യാപാരികളും ഇവിടെ എത്തിക്കൊണ്ടിരുന്നു. ഇന്ത്യ ലോകത്തെ കണ്ടത് യൂറോപ്യന്മാർ വന്ന ശേഷമല്ല. ഇന്ത്യ അതിനും മുൻപേ ലോകത്തിന്റെ ഭാഗമായിരുന്നു. ഇത് ഒരു പ്രധാന ചരിത്ര സത്യം ആണ്, പലർക്കും അത്ര അറിയാത്തത്.
International
മെഹ്സാന: പോർച്ചുഗലിലേക്കു കുടിയേറാൻ ശ്രമിച്ച ഗുജറാത്ത് ദന്പതികളെയും മൂന്നുവയസുള്ള കുട്ടിയെയും രണ്ടുകോടിരൂപ മോചനദ്രവ്യം ആവശ്യപ്പെട്ട് ലിബിയയിൽ അജ്ഞാതസംഘം ബന്ദിയാക്കി.
ഗുജറാത്തിലെ മെഹ്സാന സ്വദേശി കിസ്മത്സിൻഹ് ചാവ്ഡയെയും ഭാര്യ ഹീനബെന്നിനെയും മകൾ ദേവാൻഷിയെയും സംഘം ബങ്കാസിയിൽ നിന്ന് തട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് ഗുജറാത്തിലെ ബന്ധുക്കൾക്കു ലബിച്ച വിവരം.
പോർച്ചുഗൽ സ്വദേശിയായ ഏജന്റിന്റെ സഹായത്തോടെയാണ് ചാവ്ഡ കുടുംബം കുടിയേറ്റത്തിന് ശ്രമിച്ചത്. അഹമ്മദാബാദിൽ നിന്ന് കഴിഞ്ഞമാസം 29 ന് ദുബൈയിലെത്തിയ മൂവരും അവിടെനിന്നാണ് ബങ്കാസിയിലെത്തിയത്. ബന്ധുക്കളുടെ അഭ്യർത്ഥനയെത്തുടർന്ന് പ്രശ്നം സംസ്ഥാന-കേന്ദ്ര സർക്കാരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി ജില്ലാ കലക്ടർ അറിയിച്ചു.
International
ലിസ്ബൺ: നിർദിഷ്ട തൊഴിൽ പരിഷ്കരണങ്ങൾക്കെതിരേ ആരംഭിച്ച പൊതു പണിമുടക്കിൽ പോർച്ചുഗൽ സ്തംഭിച്ചു. റെയിൽ, വിമാന സർവീസുകൾക്കു പുറമേ വിദ്യാഭ്യാസ, ആശുപത്രി സേവനങ്ങളും തടസപ്പെട്ടു.
നൂറിലധികം തൊഴിൽച്ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് തൊഴിലാളി യൂണിയനുകൾ സംയുക്ത പണിമുടക്ക് നടത്തുന്നത്. ഉത്പാദനവും സാന്പത്തികവളർച്ചയും വർധിപ്പിക്കാനാണ് പരിഷ്കരണമെന്ന് സർക്കാർ വാദിക്കുന്നു. എന്നാൽ നിർദേശങ്ങളിൽ പലതും തൊഴിലവകാശം ലംഘിക്കുന്നതായി യൂണിയനുകൾ ആരോപിക്കുന്നു. പാർലമെന്റിൽ അവതരിപ്പിക്കാൻ പോകുന്ന ബിൽ പാസാകുമെന്നാണ് വിലയിരുത്തൽ.
തലസ്ഥാനമായ ലിസ്ബണിലെ തെരുവുകളിൽ ഇന്നലെ വാഹനങ്ങൾ പരിമിതമായിരുന്നു. ആശുപത്രികൾ തുറന്നെങ്കിലും നഴ്സുമാർ പണിമുടക്കിയതിനാൽ അപ്പോയിന്റ്മെന്റുകളും സർജറികളും നീട്ടിവയ്ക്കേണ്ടിവന്നു.
സർക്കാർ എയർലൈൻസായ ടിഎപിക്ക് മൂന്നിലൊന്നു സർവീസുകൾ നടത്താനേ കഴിഞ്ഞുള്ളൂ.2013നു ശേഷം പോർച്ചുഗലിൽ നടക്കുന്ന ആദ്യ പൊതുപണിമുടക്കാണിത്.
Sports
ലിസ്ബൺ: 2026ലെ ഫിഫ ലോകകപ്പിന് യോഗ്യത നേടി പോർച്ചുഗൽ. പോർട്ടോയിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർമേനിയയെ ഒന്നിനെതിരെ ഒന്‍പത് ഗോളുകൾക്കാണ് പോർച്ചുഗൽ തകർത്തത്.
സസ്പെൻഡ് ചെയ്യപ്പെട്ട ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ഇറങ്ങിയത്. ജയത്തോടെ ഗ്രൂപ്പ് എഫിൽ 13 പോയിന്റുമായി ആയി ഗ്രൂപ്പ് ജേതാക്കൾ ആയി ലോകകപ്പിന് നേരിട്ടുള്ള യോഗ്യത അവർ ഉറപ്പിച്ചു.
പോർച്ചുഗലിന് വേണ്ടി ജാവോ നെവസും ബ്രൂണോ ഫെർണാണ്ടസും ഹാട്രിക്കും റെനാറ്റോ വീഗയും ഗോൺസാലോ റാമോസും ഫ്രാൻസിസ്ക്കോ കോൻസിയാസോയും ഓരോ ഗോൾ വീതവും നേടി. എഡ്വാർഡ് സ്പെർട്സ്യാൻ ആണ് അർമേനിയയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
NRI
ന്യൂഡൽഹി: മാനസികാരോഗ്യ രംഗത്തെ സമഗ്രസംഭാവനയ്ക്ക് ലോക മാനസികാരോഗ്യ ഫെഡറേഷൻ (ഡബ്ല്യുഎഫ്എംഎച്ച്) ഏർപ്പെടുത്തിയ മാർഗരറ്റ് മീഡ് പുരസ്കാരത്തിന് ഡോ. റോയി കള്ളിവയലിൽ അർഹനായി.
പോർച്ചുഗലിലെ ബാർസലോസിൽ നടന്ന ലോക മെന്റൽ ഹെൽത്ത് കോൺഗ്രസിൽ പ്രസിഡന്റ് സുയോഷി അകിയമ പുരസ്കാരം സമ്മാനിച്ചു.
തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജിലും പാലാ മാർ സ്ലീവാ മെഡിസിറ്റിയിലും സൈക്യാട്രി വിഭാഗം പ്രഫസറാണ് ഡോ. റോയി.
പാലാ വിളക്കുമാടം കള്ളിവയലിൽ പരേതരായ അഡ്വ. കെ.എ. ഏബ്രഹാമിന്റെയും അമ്മിണിയുടെയും മകനാണ്.