ഫിഫ ലോകകപ്പ് പോരാട്ടത്തിൽ ഉസ്ബെക്കിസ്ഥാനെതിരെ പോർച്ചുഗൽ തകർപ്പൻ വിജയം നേടിയതിന് പിന്നാലെ കോഴിക്കോട്ടെ തെരുവുകളിൽ വൻ ആഘോഷവുമായി ഫുട്ബോൾ ആരാധകർ.
ചൊവ്വാഴ്ച രാത്രി നടന്ന ആവേശകരമായ മത്സരത്തിൽ പോർച്ചുഗൽ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് ഉസ്ബെക്കിസ്ഥാനെ തകർക്കുകയായിരുന്നു. കളി കാണാനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
പ്രിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇരട്ട ഗോളുകളോടെ ഫോമിലേക്ക് തിരിച്ചെത്തിയതാണ് ആരാധകരെ തെരുവുകളിലേക്ക് ആവേശത്തോടെ ഇറക്കിയത്. വലിയ സ്ക്രീനുകൾക്ക് മുന്നിൽ തടിച്ചുകൂടിയ ആരാധകർ പടക്കം പൊട്ടിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചുമാണ് ഈ വിജയം ആഘോഷമാക്കിയത്.
പോർച്ചുഗൽ പതാകകളേന്തിയും റൊണാൾഡോയുടെ ജേഴ്സിയണിഞ്ഞും ആരാധകർ നടത്തിയ ബൈക്ക് റാലികളുടെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്.
ആദ്യ മത്സരത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയോട് പോർച്ചുഗൽ അപ്രതീക്ഷിത സമനില വഴങ്ങിയതിന് പിന്നാലെ റൊണാൾഡോയ്ക്കെതിരെ വലിയ രീതിയിലുള്ള വിമർശനങ്ങൾ ഉയർന്നിരുന്നു.
അർജന്റീനയുടെ ആദ്യ മത്സരത്തിൽ ലയണൽ മെസി ഹാട്രിക് നേടിയതോടെ റൊണാൾഡോയ്ക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിച്ചിരുന്നു. എന്നാൽ ഉസ്ബെക്കിസ്ഥാനെതിരെയുള്ള മത്സരത്തിലൂടെ വിമർശകരുടെ വായടപ്പിക്കുന്ന പ്രകടനമാണ് താരം പുറത്തെടുത്തത്.
ഈ മത്സരത്തിലെ രണ്ട് ഗോളുകളോടെ ആറ് വ്യത്യസ്ത ഫിഫ ലോകകപ്പുകളിൽ ഗോൾ നേടുന്ന ചരിത്രത്തിലെ ആദ്യ ഫുട്ബോൾ താരം എന്ന റെക്കോർഡും റൊണാൾഡോ സ്വന്തം പേരിൽ കുറിച്ചു. ക്രിക്കറ്റിനേക്കാൾ ഫുട്ബോളിനെ നെഞ്ചിലേറ്റുന്ന കേരളത്തിൽ ഈ ഉജ്ജ്വല തിരിച്ചുവരവ് ആരാധകർ വലിയൊരു ഉത്സവമായാണ് കൊണ്ടാടുന്നത്.
സോഷ്യൽ മീഡിയയിലും റൊണാൾഡോയുടെ ഈ വേട്ടയെയും കേരളത്തിലെ ആരാധകരുടെ ആവേശത്തെയും പ്രകീർത്തിച്ചുകൊണ്ടുള്ള പോസ്റ്റുകൾ നിറഞ്ഞുകഴിഞ്ഞു. വരും മത്സരങ്ങളിലും തങ്ങളുടെ പ്രിയ താരം ഇതേ ഫോം തുടരുമെന്ന പ്രതീക്ഷയിലാണ് മലയാളി ഫുട്ബോൾ പ്രേമികൾ.
Kozhikode Kerala ??,
— Razeen Mohd?? (@mohd8_razeen) June 24, 2026
Yesterday celebration.
“He owns the street” pic.twitter.com/SPIYErWODO
Tags : Ronaldo CR7 FIFAWorldCup2026 CristianoRonaldo Portugal