കൊച്ചി കപ്പൽശാല നിർമിച്ച എംഎസ് മരിയ മൾട്ടി പർപ്പസ് വെസൽ.
കൊച്ചി: കൊച്ചി കപ്പൽശാലയിൽ നിർമിച്ച എംഎസ് മരിയ മൾട്ടി പർപ്പസ് വെസൽ, ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന എച്ച്എസ് ഷിഫ്ഫാർട്ട്സ് യുജി ആൻഡ് കമ്പനിക്കു കൈമാറി. കമ്പനിക്കുവേണ്ടി നിർമിക്കുന്ന എട്ട് എച്ച്എസ് ഇക്കോഫ്രീറ്റർ മൾട്ടി പർപ്പസ് കപ്പലുകളിൽ രണ്ടാമത്തേതാണിത്.
കപ്പൽശാലയിൽ നടന്ന ചടങ്ങിൽ ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഡോ. എസ്. ഹരികൃഷ്ണൻ, എച്ച്എസ് ഷിഫ്ഫാർട്ട്സ് യുജി ആൻഡ് കമ്പനി ഡയറക്ടർ ഹെയ്ൻസ് ജോസഫ് ഷെപേഴ്സ് എന്നിവർ ഇതുസംബന്ധിച്ച രേഖകളിൽ ഒപ്പുവച്ചു.
നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്രൂട്ട് ഷിപ്പ് ഡിസൈൻ എൻജിനിയറിംഗ് കമ്പനി രൂപകല്പന ചെയ്ത കപ്പലിന്റെ നിർമാണ പ്രവർത്തനങ്ങളാണു കൊച്ചി കപ്പൽശാലയിൽ നടത്തിയത്. അന്താരാഷ്ട്ര വ്യാപാരം, ചരക്കുനീക്കം എന്നിവയ്ക്കായി പ്രത്യേകം നിർമിച്ച കപ്പലിന് 7000 മെട്രിക് ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്.
കൂറ്റൻ യന്ത്രഭാഗങ്ങൾ, സ്റ്റീൽ, കണ്ടെയ്നറുകൾ, തടി, കടലാസ്, കൽക്കരി, ധാന്യങ്ങൾ, റിസ്ക് കൂടിയ രാസവസ്തുക്കൾ സുരക്ഷിതമായി എത്തിക്കാമെന്നതാണു കപ്പലിന്റെ സവിശേഷതയെന്ന് അധികൃതർ വ്യക്തമാക്കി.
പരമാവധി വേഗം കൈവരിക്കാനും ഉയർന്ന ഇന്ധനക്ഷമതയ്ക്കുമായി കപ്പലിന്റെ മുൻഭാഗത്ത് ലംബമായി റാക്ക്ഡ് സ്റ്റെം സജ്ജീകരിച്ചിട്ടുണ്ട്. ചരക്കുകൾ സൗകര്യപ്രദമായി സൂക്ഷിക്കാൻ സഹായിക്കുന്ന വലിയ കാർഗോ അറകളും റിഡക്്ഷൻ ഗിയർബോക്സ് മുഖേന കൺട്രോളബിൾ പിച്ച് പ്രൊപ്പല്ലർ ചലിപ്പിക്കാൻ സഹായിക്കുന്ന നാലു സ്ട്രോക്ക് ഡീസൽ എൻജിനുകളും കപ്പലിലുണ്ട്.
ആഗോള ഷിപ്പിംഗ് റേറ്റിംഗ് ഏജൻസിയായ ഡിഎൻവിയുടെ അന്താരാഷ്ട്ര നിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് കപ്പൽ നിർമിച്ചിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.
Tags : MSMariaWessel HandedOver GermanCompany KochinShipyard Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash