ഹെലികോപ്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടം
കാഠ്മണ്ഡു: നേപ്പാളിലെ പ്രശസ്തമായ മലയോര ജില്ലയായ സോളുഖുംബുവിൽ ഹെലികോപ്ടറുകൾ കൂട്ടിയിടിച്ച് ഒരു ഇന്ത്യൻ പൗരൻ മരിച്ചു. ഹെലിപാഡിൽ ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിലാണ് ഒരാൾ മരിക്കുകയും മറ്റൊരാൾക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തത്. വസന്ത് കുമാർ ബലാര മഡുവാണ് (47) മരിച്ചത്. ശൈലേഷ് കിഷൻ പട്ടേലിനാണ് (53) പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ കാഠ്മണ്ഡുവിൽ നിന്ന് 250 കിലോമീറ്റർ അകലെയാണ് അപകടം നടന്നത്.
ഫിഷ്ടെയിൽ എയർ, ഡിനാസ്റ്റി എയർ എന്നീ കമ്പനികളുടെ ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്. മഞ്ഞുപാളികൾക്ക് മുകളിലുള്ള ഫെരിചെ ഹെലിപാഡിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ രണ്ട് ഹെലികോപ്ടറുകളുടെയും റോട്ടർ ബ്ലേഡുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ഹെലികോപ്ടറുകൾ നിലത്തേക്ക് വീഴുകയായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വസന്തിന്റെ മൃതദേഹം ലുക്ലയിലേക്ക് ഹെലികോപ്ടറിൽ എത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിക്കേറ്റ ശൈലേഷിനെ ഉടൻതന്നെ എയർ ലിഫ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.
നേപ്പാളിലെത്തുന്ന വിനോദസഞ്ചാരികളെയും പർവതാരോഹകരെയും കൊണ്ടുപോകുന്നതിനും അടിയന്തര ഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിനും ഉപയോഗിക്കുന്ന പ്രധാന ഹെലികോപ്ടറുകളാണ് അപകടത്തിൽപ്പെട്ടത്. എന്നാൽ, ഒരേ സമയത്ത് രണ്ട് ഹെലികോപ്ടറുകൾ എങ്ങനെ അപകടകരമായ രീതിയിൽ അടുത്തെത്തി എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Kill Helicopter Collision