പ്രതീകാത്മക ചിത്രം
വാഷിംഗ്ടൺ: യുഎസ് ഇടക്കാല തെരഞ്ഞെടുപ്പിനായുള്ള വോട്ടെടുപ്പിന് തൊട്ടുമുമ്പ് കാലിഫോർണിയയിലെ ഏകദേശം 20,000 തപാൽ വോട്ടുകൾ എണ്ണരുതെന്ന ആവശ്യവുമായി ട്രംപ് ഭരണകൂടം യുഎസ് സുപ്രീംകോടതിയിൽ. പൗരത്വമില്ലാത്തവർ വോട്ട് ചെയ്തെന്ന ആരോപണം ഉന്നയിച്ചാണ് നീതിന്യായ വകുപ്പ് അടിയന്തര ഹർജി നൽകിയത്.
നേരത്തെ ഫെഡറൽ അപ്പീൽ കോടതിയും ജില്ലാ കോടതിയും സർക്കാരിന്റെ ഈ ആവശ്യം തള്ളിയിരുന്നു. വോട്ടെടുപ്പ് പുരോഗമിക്കുന്ന ഘട്ടത്തിൽ വോട്ടുകൾ വേർതിരിക്കുന്നത് വോട്ടർമാരെ തടയുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനും ഇടയാക്കുമെന്ന് നിരീക്ഷിച്ചാണ് കീഴ്ക്കോടതികൾ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യം നിരസിച്ചത്. തുടർന്നാണ് കേസ് സുപ്രീംകോടതിയുടെ പരിഗണനയിലേക്ക് എത്തിയത്.
കാലിഫോർണിയയിലെ തെരഞ്ഞെടുപ്പ് അധികൃതർ തയാറാക്കിയ വോട്ടർ പട്ടികയിൽ കൃത്യതയില്ലെന്നും സംശയമുള്ള വോട്ടുകൾ പരിശോധന പൂർത്തിയാകുന്നതുവരെ എണ്ണരുതെന്നുമാണ് ഭരണകൂടത്തിന്റെ വാദം. എന്നാൽ, മതിയായ തെളിവുകളില്ലാതെ വോട്ടുകൾ മാറ്റിനിർത്തുന്നത് പൗരന്മാരായ വോട്ടർമാരുടെ അവകാശം ലംഘിക്കലാകുമെന്ന് കാലിഫോർണിയ സംസ്ഥാന അധികൃതർ വ്യക്തമാക്കുന്നു.
കോൺഗ്രസിന്റെ (യുഎസ് പാർലമെന്റ്) നിയന്ത്രണം ആർക്കെന്ന് തീരുമാനിക്കുന്ന നിർണായക ഇടക്കാല തെരഞ്ഞെടുപ്പിലെ അവസാനഘട്ട വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് ഈ നിയമപോരാട്ടം.
Tags : MidtermElections Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash