ഫോർമുല വൺ റേസിംഗിൽ ലോക ചാന്പ്യനായ കിമി ആന്റൊനെല്ലിയെ എടുത്തുയർത്തി ആഹ്ലാദം പങ്കിടുന്ന മാക്സ് വെർസ്റ്റപ്പാനും ലൂയിസ് ഹാമിൽട്ടണും.
മെക്സിക്കോ സിറ്റി: ഫോർമുല വണ്ണിൽ ചരിത്രം കുറിച്ച് മെഴ്സിഡസിന്റെ ഇറ്റാലിയൻ ഡ്രൈവർ കിമി ആന്റൊണെല്ലി.
ഫോർമുല വണ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാന്പ്യനെന്ന നേട്ടമാണ് ആന്റൊണെല്ലി സ്വന്തമാക്കിയത്. സീസണിൽ നാലു റേസുകൾ ബാക്കിനിൽക്കേയാണ് ആന്റൊണെല്ലി ചാന്പ്യൻപട്ടം സ്വന്തമാക്കിയിരിക്കുന്നത്.
മെക്സിക്കോ സിറ്റി ഗ്രാൻപ്രീയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് താരത്തിന്റെ നേട്ടം. 20 വർഷവും 68 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് ആന്റൊണെല്ലി ചരിത്രം കുറിച്ചത്. സെബാസ്റ്റ്യൻ വെറ്റലിന്റെ പേരിലുണ്ടായിരുന്ന റിക്കാർഡ് മൂന്നു വർഷവും 66 ദിവസവും വ്യത്യാസത്തിലാണ് ആന്റൊണെല്ലി തിരുത്തിയെഴുതിയത്.
2010-ൽ 23 വർഷവും 134 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു വെറ്റലിന്റെ നേട്ടം. കൂടാതെ, 1953-ൽ ആൽബർട്ടോ അസ്കാരിക്കു ശേഷം എഫ്1 ലോക കിരീടം നേടുന്ന ആദ്യ ഇറ്റാലിയൻ ഡ്രൈവറായും ആന്റൊണെല്ലി മാറി.
2020ൽ ഹാമിൽട്ടൻ വിജയിച്ചതിനുശേഷം മെഴ്സിഡസ് നേടുന്ന ആദ്യ ഡ്രൈവേഴ്സ് ചാന്പ്യൻഷിപ്പാണിത്; ടീമിന്റെ ചരിത്രത്തിലെ പത്താമത്തെ കിരീടനേട്ടവും.
റെഡ് ബുള്ളിന്റെ മാക്സ് വെർസ്റ്റപ്പാനാണു മെക്സിക്കോ സിറ്റി ഗ്രാൻപ്രീയിൽ ഒന്നാമതെത്തിയത്. പോൾ പൊസിഷനുണ്ടായിരുന്ന ഫെരാരിയുടെ ലൂയിസ് ഹാമിൽട്ടണ് രണ്ടാമതെത്തി.
ആന്റൊണെല്ലി മൂന്നാമതും ഫിനിഷ് ചെയ്തു. 2025-ൽ മെഴ്സിഡസിലൂടെ എഫ് വണ്ണിൽ അരങ്ങേറ്റം കുറിച്ച ആന്റൊണെല്ലിയുടെ രണ്ടാമത്തെ സീസണാണിത്. ഈ സീസണിൽ മാത്രം ഒൻപത് റേസുകളിലാണ് അദ്ദേഹം വിജയിച്ചത്.
മത്സരത്തിൽ വലിയ അപകടങ്ങളിൽപ്പെടാതെ മുന്നേറിയാൽ മാത്രം കിരീടം ഉറപ്പിക്കാമെന്ന സ്ഥിതിയിലായിരുന്നു ആന്റൊണെല്ലി റേസിനിറങ്ങിയത്. സഹതാരം ജോർജ് റസലോ ലൂയിസ് ഹാമിൽട്ടണോ വിജയിച്ചാൽ മാത്രമായിരുന്നു ആന്റൊണെല്ലിക്കു ഭീഷണിയുണ്ടായിരുന്നത്.
Tags : MakingHistory KimiAntonelli FormulaOne MercedesItaliandriver YoungestWorldChampion Sports