പ്രതീകാത്മക ചിത്രം
കൊച്ചി: സംസ്ഥാന പ്ലാനിംഗ് ബോര്‍ഡിലെ ചീഫ് തസ്തികയിലേക്കുള്ള നിയമന ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ഒരു പിഎസ്സി അംഗത്തെപ്പോലും പ്രതി ചേര്‍ക്കാത്ത സാഹചര്യത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തെ പിഎസ്സി എതിര്‍ക്കുന്നതെന്തിനെന്നു ഹൈക്കോടതി.
ക്രമക്കേട് കാട്ടിയിട്ടില്ലെങ്കില് അതു ബോധ്യപ്പെടുത്തിയാല്‍ മതി. അന്വേഷണത്തെ ഭയപ്പെടുന്നതെന്തിനെന്നും ജസ്റ്റീസ് എ. ബദറുദ്ദീന്‍ ചോദിച്ചു. അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പിഎസ്സി നല്കിയ ഹര്‍ജി പരിഗണിക്കവേയാണു കോടതി ഇക്കാര്യം ആരാഞ്ഞത്.
ആസൂത്രണ ബോര്‍ഡിലെ ആദ്യ നിയമന നടപടികള്‍ സംശയനിഴലിലാണെന്ന് കോടതി പറഞ്ഞു. പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധമുള്ളവരെയാണു പരിഗണിച്ചതെന്ന് ആക്ഷേപമുണ്ട്. ഹര്‍ജിക്കാരുടെ വിശദീകരണം അപ്പാടെ ദഹിക്കുന്നതല്ല. വിവരാവകാശ മറുപടി വൈകിച്ചത് വൃത്തികേടുകള്‍ പുറത്തറിയാതിരിക്കാനാണെന്ന് കരുതേണ്ടിവരും. ഉദ്യോഗാര്‍ഥികളുടെ കഠിനാധ്വാനം വൃഥാവിലാകുന്ന വിധമായിരുന്നു നിയമന രീതികള്‍.
അഴിമതി നിരോധന നിയമത്തിലെ 17(എ) പ്രകാരം മുന്‍കൂര്‍ അനുമതി വേണമോ, രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ നിലനില്‍ക്കുമോ എന്നീ കാര്യങ്ങളിലാണു തീര്പ്പുണ്ടാകേണ്ടതെന്നും കോടതി പറഞ്ഞു. ഹര്‍ജിക്കാരുടെയും എതിര്‍കക്ഷികളുടെയും വാദം പൂര്‍ത്തിയാക്കിയ കോടതി തുടര്‍ന്ന് ഹര്‍ജി വിധി പറയാന്‍ മാറ്റി.
പരിരക്ഷ കവചമാക്കി പിഎസ്സി
പിഎസ്സി ഭരണസമിതിയംഗങ്ങള്‍ക്കു പ്രത്യേക പരിരക്ഷയുണ്ടെന്നും നിയമനാധികാരി ഗവര്‍ണറാണെങ്കിലും അംഗങ്ങളെ നീക്കാനുള്ള അധികാരം രാഷ്ട്രപതിക്കു മാത്രമാണുള്ളതെന്നുമായിരുന്നു പിഎസ്സിയുടെ വാദം. ഇതിന് സുപ്രീംകോടതി സമിതിയുടെ അനുമതിയും വേണം.
പ്ലാനിംഗ് ബോര്‍ഡ് നിയമനനടപടികളില്‍ പിഴവു പറ്റിയതു ബോധപൂര്‍വമല്ല. കുറേ ചോദ്യങ്ങള്‍ ബോധപൂര്‍വം മൂല്യനിര്‍ണയം നടത്താതിരുന്നതല്ല. പരീക്ഷയില്‍ പങ്കെടുത്ത എല്ലാവരുടെയും അത്രയും ചോദ്യങ്ങള്‍ക്കുള്ള ഉത്തരം മൂല്യനിര്‍ണയം ചെയ്തിട്ടില്ല. തെറ്റ് പിഎസ്സിക്കു ബോധ്യമായതിനാല്‍ തിരുത്തിയതായും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
പിഎസ്സിയെ ചിലര്‍ കുടുംബസ്വത്തുപോലെയാക്കിയെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് കുറ്റപ്പെടുത്തി. ചില ചോദ്യങ്ങളുടെ മൂല്യനിര്‍ണയം ഒഴിവാക്കിയും മറ്റും നവീന രീതിയിലുള്ള തട്ടിപ്പാണു നടന്നത്.
180 പരാതികള്‍ ലഭിച്ചു. മൂന്ന് കേസുകളെടുത്തു. രണ്ട് ഉന്നതര്‍ അറസ്റ്റിലായി. മറ്റ് ഉദ്യോഗാര്‍ഥികള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയില്‍ പിഎസ്സി മറുപടി നല്‍കിയത് 300 ദിവസം കഴിഞ്ഞാണ്. കൈകള്‍ ശുദ്ധമാണെങ്കില്‍ അങ്കലാപ്പെന്തിനെന്നും ഡിജിപി ചോദിച്ചു.
പിഎസ്സിയിൽ കൂട്ടുത്തരവാദിത്വമില്ല; ചെയർമാനെതിരേ
സെക്രട്ടറി
തിരുവനന്തപുരം: പിഎസ്സി പരീക്ഷാ ക്രമക്കേട് കേസുമായി ബന്ധപ്പെട്ട് പിഎസ്സി സെക്രട്ടറി സാജു ജോർജ് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘത്തിന് ചെയർമാനെതിരേ മൊഴി നൽകി. ആസൂത്രണ ബോർഡ് പരീക്ഷാ വിവാദത്തിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നും ചെയർമാൻ ഏകപക്ഷീയമായാണ് തീരുമാനങ്ങൾ എടുത്തതെന്നുമാണ് സെക്രട്ടറി വ്യക്തമാക്കിയത്.
പിഎസ്സി ചെയർമാൻ എം.ആർ. ബൈജു സുപ്രധാന തീരുമാനങ്ങൾ എടുക്കുമ്പോൾ കൂട്ടായ ചർച്ചകൾ നടത്താറില്ലെന്നും സെക്രട്ടറിയെ പല കാര്യങ്ങളും അറിയിക്കാറില്ലെന്നും സാജു ജോർജ് മൊഴി നൽകി.
പിഎസ്സി സെക്രട്ടറിയെ വീണ്ടും ചോദ്യം ചെയ്തു
തിരുവനന്തപുരം:ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട് ഉൾപ്പെടെയുള്ള കേസുകളെ സംബന്ധിച്ച് കുടുതൽ വ്യക്തതയ്ക്ക് പിഎസ്സി സെക്രട്ടറിയെ ഇന്നലെ ക്രൈംബ്രാഞ്ച് സംഘം വീണ്ടും ചോദ്യം ചെയ്തു. പിഎസ് സി സെക്രട്ടറി സാജു ജോർജിനെയാണ് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഇന്നലെ ഉച്ചയ്ക്കുശേഷം ചോദ്യം ചെയ്തത്. മൊഴി രേഖപ്പെടുത്തിയശേഷം അദ്ദേഹത്തെ വിട്ടയച്ചു.
പിഎസ്സി ചെയർമാൻ എം.ആർ. ബൈജുവിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ ക്രമക്കേടിൽ തനിക്ക് പങ്കില്ലെന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തെ വീഴ്ചയാണെന്നുമായിരുന്നു മൊഴി നൽകിയത്.
പിഎസ്സി ചെയർമാൻ നൽകിയ മൊഴികളിൽ കൂടുതൽ വ്യക്തത വരുത്താനാണ് സെക്രട്ടറി സാജു ജോർജിനെ വീണ്ടും ചോദ്യം ചെയ്തത്. മൂല്യ നിർണയം, അഭിമുഖം ഉൾപ്പെടെയുള്ള കാര്യങ്ങളിലെ നടപടിക്രമങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ആരാഞ്ഞത്.
Tags : Irregularities PlanningBoardExamination PSC KeralaHighCourt Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash