കൊല്ലപ്പെട്ട അഭിരാം
തിരുവനന്തപുരം: ശ്രീകാര്യം എം.ഡി.അഭിരാം കൊലക്കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. അഭിരാമിന്റെ സുഹൃത്തിനെ കൊലപ്പെടുത്താനായിരുന്നു പ്രതികളുടെ ആദ്യ ലക്ഷ്യമെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്. എന്നാൽ അപകടം മണത്ത സുഹൃത്ത് പ്രതികൾ വിളിച്ച സ്ഥലത്തേക്ക് പോയില്ല. പകരം അവിടെയെത്തിയ അഭിരാം പ്രതികളുടെ ആക്രമണത്തിനിരയാവുകയായിരുന്നു.
പെൺകുട്ടിയുമായുള്ള പ്രണയബന്ധത്തെച്ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ ശബ്ദത്തിൽ ഇൻസ്റ്റഗ്രാം വഴി സന്ദേശങ്ങളും കോളുകളും അയച്ചാണ് അഭിരാമിനെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. സ്ഥലത്തെത്തിയ അഭിരാം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടികൂടി ബെൽറ്റ് ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി.
കേസിൽ പ്രതികൾ കുറ്റം സമ്മതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഉമർ എന്ന പ്രതിക്ക് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. കാപ്പ കേസുൾപ്പെടെയുള്ള ക്രിമിനൽ കേസുകളിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയയാളാണ് ഇയാൾ. പ്രതികൾ പതിവായി മദ്യപിക്കാറുള്ള സ്ഥലത്താണ് കൊലപാതകം നടന്നത്. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ആളൊഴിഞ്ഞ പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.
സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ഒരു പെൺകുട്ടി ഉൾപ്പെടെ മൂന്നുപേരാണ് നിലവിൽ പൊലിസ് കസ്റ്റഡിയിലുള്ളത്. അതേസമയം കേസിലെ തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ പൊലിസ് വേഗത്തിലാക്കുകയാണ്. പ്രതിയുമായി പൊലിസ് സ്റ്റേഷനു പുറത്തേക്കെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
Tags : AbhiramMurderCase SreekaryamMurder M.D.Abhiram Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash