ചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പഞ്ചാബിലെ ആം ആദ്മി പാർട്ടിക്ക് തിരിച്ചടിയായി മൂന്ന് പ്രമുഖ നേതാക്കൾ ബിജെപിയിൽ ചേർന്നു. രണ്ട് സിറ്റിംഗ് എംഎൽഎമാരും ഒരു മുൻ എംഎൽഎയും ഉൾപ്പെടെ മൂന്ന് പേരാണ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചത്.
നിലവിലെ എംഎൽഎമാരായ ഹർമീത് സിംഗ് പഥാൻമജ്റ, ചേതൻ സിംഗ് ജൗരമജ്റ, മുൻ എംഎൽഎ കൻവർ വിജയ് പ്രതാപ് സിംഗ് എന്നിവരാണ് ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പാർട്ടിയിൽ ചേർന്നത്. അമൃത്സർ നോർത്ത് മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന കൻവർ വിജയ് പ്രതാപ് സിംഗ് ബിജെപിയിൽ ചേരുന്നതിന് തൊട്ടുമുമ്പ് നിയമസഭാംഗത്വം രാജിവെച്ചിരുന്നു.
2025 ജൂൺ 29ന് ഇദ്ദേഹത്തെ എഎപിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ചായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് എംഎൽഎമാരായ ഹർമീത് സിംഗ് പഥാൻമജ്റയും ചേതൻ സിംഗ് ജൗരമജ്റയും എഎപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ചത്. ഇവരെ എംഎൽഎ സ്ഥാനത്തുനിന്ന് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്പീക്കറെ സമീപിക്കുമെന്ന് എഎപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനായി ആദ്യഘട്ടത്തിൽ 40 സ്ഥാനാർഥികളുടെ പട്ടിക പ്രഖ്യാപിച്ച് എഎപി പ്രചാരണ പ്രവർത്തനങ്ങളിലേക്ക് കടന്നിരിക്കുന്നതിനിടെയാണ് നേതാക്കളുടെ കൂടുമാറ്റം. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി വിടുമെന്നാണ് ബിജെപി വക്താവ് ജയ്വീർ ഷെർഗിൽ അവകാശപ്പെട്ടു.
Tags : AAP Leaders AamAadmiParty BJP PunjabPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash