പ്രതീകാത്മക ചിത്രം
ലക്നോ: ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥൻ ജീവനൊടുക്കി. ലാൽപുത് റാത്തോഡ് (52), ഭാര്യ ജാനുത ദേവി (50) എന്നിവരാണ് മരിച്ചത്.
കുടുംബവഴക്കും ഭാര്യയുടെ സ്വഭാവത്തിലുള്ള സംശയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. കത്തിയും ഇഷ്ടികയും ഉപയോഗിച്ച് ഭാര്യ ജാനുതയെ ആക്രമിച്ച ശേഷം ലാൽപുത് ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലിസ് പറയുന്നത്. ഓട്ടോ ഡ്രൈവറായ മകൻ രാവിലെ ആറനു ജോലിക്കായി പോയിരുന്നു. മാതാപിതാക്കൾ തമ്മിൽ അന്നേദിവസം മറ്റ് പ്രശ്നങ്ങളൊന്നും ഉണ്ടായതായി താൻ അറിഞ്ഞിരുന്നില്ലെന്ന് ഇയാൾ പറഞ്ഞു. പിന്നീട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോൾ സഹോദരൻ കരയുന്ന ശബ്ദം കേട്ട് അകത്തേക്ക് ഓടിയെത്തിയതായും മാതാപിതാക്കളെ മരിച്ച നിലയിൽ കണ്ടതായും മകൻ വ്യക്തമാക്കി.
പൊലിസും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവസ്ഥലത്തുനിന്ന് കൊലപാതകത്തിന് ഉപയോഗിച്ചുവെന്ന് കരുതുന്ന കത്തിയും ഇഷ്ടികയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.