ബിജെപി എംഎൽഎ രാമേശ്വർ ശർമ്മ
ഭോപ്പാൽ: സൂര്യനും ചന്ദ്രനും സനാതന ധർമത്തിന്റെതാണെന്നും മുസ്ലിംകൾ ഇനി തങ്ങളോട് ചോദിച്ചുവേണം ഈദ് ആഘോഷിക്കാനെന്നുമുള്ള വിവാദ പരാമർശവുമായി ബിജെപി എംഎൽഎ രാമേശ്വർ ശർമ്മ. മധ്യപ്രദേശിലെ ഹുസൂർ മണ്ഡലം എംഎൽഎയാണ് ഭോപ്പാലിൽ നടന്ന സ്വദേശി മേളക്കിടെ മുസ്ലിം മതവിശ്വാസികളുടെ ആഘോഷങ്ങളെ പരിഹസിക്കുന്ന രീതിയിൽ സംസാരിച്ചത്. എംഎൽഎയുടെ പ്രസ്താവനയ്ക്കെതിരെ കടുത്ത പ്രതിഷേധവുമായി വിവിധ മുസ്ലിം സംഘടനകളും നേതാക്കളും രംഗത്തെത്തി.
ശിവന്റെ നെറ്റിയിലാണ് ചന്ദ്രനുള്ളതെന്നും ശിവൻ ഗുഹയിൽ പോയാൽ ചന്ദ്രനെ കാണാനാകില്ലെന്നും അങ്ങനെയെങ്കിൽ മുസ്ലിംകൾ എങ്ങനെ ഈദ് ആഘോഷിക്കുമെന്നുമായിരുന്നു രാമേശ്വർ ശർമ്മയുടെ പരാമർശം. ഒക്ടോബർ 24 മുതൽ നവംബർ നാലു വരെ നടക്കുന്ന സ്വദേശി മേളയുടെ വേദിയിൽ വച്ചായിരുന്നു വിവാദ പ്രസംഗം. കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും വിമർശിക്കുന്നതിനിടയിലാണ് അദ്ദേഹം ഈ പരാമർശങ്ങളും നടത്തിയത്.
എംഎൽഎയുടെ പ്രസ്താവന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് മുസ്ലിം ഉത്സവ സമിതി സംസ്ഥാന അധ്യക്ഷൻ സീഷാൻ റഹ്മാൻ ബിജെപി ദേശീയ അധ്യക്ഷന് കത്തയച്ചു. ജനപ്രതിനിധിയുടെ വാക്കുകൾ മതവിശ്വാസികളെ അപമാനിക്കുന്നതാണെന്നും വിഷയത്തിൽ പാർട്ടി നേതൃത്വം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മൂന്ന് തവണ എംഎൽഎയായ ഒരാളിൽനിന്ന് കൂടുതൽ പക്വതയാണ് പ്രതീക്ഷിക്കുന്നതെന്ന് മുസ്ലിം നേതാവ് അബ്ബാസ് ഹഫീസ് പറഞ്ഞു. ഈദ് ആഘോഷിക്കാൻ മുസ്ലിം ബിജെപിയുടെ അനുമതി ചോദിക്കേണ്ടതില്ലെന്നും ചന്ദ്രൻ എല്ലാവർക്കും പൊതുവാണെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിനായി വിദ്വേഷം പ്രചരിപ്പിക്കുന്നവരെ പാർട്ടി നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രകൃതിയിലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളുമെല്ലാം മനുഷ്യർക്ക് പൊതുവായുള്ളതാണെന്നും മതത്തിന്റെ പേരിൽ ഇവയെപ്പോലും വിഭജിക്കാനാണ് ശ്രമം നടക്കുന്നതെന്നും ഇസ്ലാമിക പണ്ഡിതൻ തൗഖീർ നിസാമി പറഞ്ഞു. മതാഘോഷങ്ങളെക്കുറിച്ചുള്ള ബിജെപി എംഎൽഎയുടെ പ്രസ്താവന നിലവിൽ രാഷ്ട്രീയ രംഗത്തും സാമൂഹിക മാധ്യമങ്ങളിലും വലിയ ചർച്ചയായിരിക്കുകയാണ്.
Tags : BJPMLA Muslim Celebrate Eid Permission