x
ad
Mon, 2 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേരാനല്ലൂര്‍ അപകടം: പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി; അന്വേഷണ ഉദ്യോഗസ്ഥന്‍ നേരിട്ട് ഹാജരാകും

കൊച്ചി ബ്യൂറോ
Published: November 2, 2026 10:47 AM IST | Updated: November 2, 2026 10:47 AM IST

ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് കോടതി വീണ്ടും പരിഗണിക്കും. കേസ് പരിഗണിച്ച അഡീഷണല്‍ സെഷന്‍സ് കോടതി അന്വേഷണ ഉദ്യോഗസ്ഥനോട് നേരിട്ട് കേസ് ഡയറിയുമായി ഹാജരാകണമെന്ന് പറഞ്ഞിരുന്നു.

പതിനേഴുകാരന്‍റെ വ്യക്തിഗത വിവരങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഭവത്തില്‍ നടപടി വേണമെന്നും അന്വേഷണ റിപ്പോര്‍ട്ട് സൈബര്‍ പൊലിസ് സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു.

അതേസമയം, പതിനേഴുകാരന്‍റെ പിതാവും കാറിന്‍റെ ഉടമയുമായ ജഡ്ജിക്കെതിരെ മരിച്ച ജയബാലകൃഷ്ണന്‍റെ കുടുംബം സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് പരാതി നല്‍കി. സംഭവ സ്ഥലത്ത് ജഡ്ജിയുടെ അസാധാരണമായ സാന്നിധ്യവും പൊലിസ് സ്റ്റേഷനിലെ ഇടപെടലുകളും തെളിവു നശിപ്പിക്കാനും കേസ് അട്ടിമറിക്കാനുമായുള്ള ശ്രമമാണെന്ന് പരാതിയില്‍ പറയുന്നു.

അപകടം നടന്ന് 20 മിനിറ്റിന് ശേഷം തന്നെ ജഡ്ജി സ്ഥലത്തെത്തി. മൂന്നു മണിക്കൂറോളം അവിടെ ചെലവഴിച്ചു. പദവിയും സ്വാധീനവും കണക്കിലെടുത്ത് ജഡ്ജിയുടെ സാന്നിധ്യം നിര്‍ണായക തെളിവുകള്‍ നശിപ്പിക്കുകയോ മാറ്റം വരുത്തുകയോ മായ്ച്ചുകളയുകയോ ചെയ്തിട്ടുണ്ടാകാമെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു.

അപകട സമയത്ത് വാഹനത്തിലുണ്ടായിരുന്ന ജഡ്ജിന്റെ ബോര്‍ഡ് അഴിച്ച് മാറ്റിയിട്ടുണ്ട്. ചട്ടവിരുദ്ധമായി ഇദ്ദേഹം പൊലിസ് സ്റ്റേഷനില്‍ പോയത് പൊലിസിനെ സ്വാധീനിക്കാനാണെന്ന് വിശ്വസിക്കുന്നു. മകനെ കുറ്റകൃത്യത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമായിരുന്നു ഇതെന്നും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

അപകടസ്ഥലത്തെ എതിര്‍കക്ഷിയുടെ അസാധാരണമായ സാന്നിധ്യത്തെ കുറിച്ച് അന്വേഷിക്കണം. എന്തൊക്കെ ചെയ്തുവെന്ന് കണ്ടെത്തുന്നതിനായി അപകടസ്ഥലത്തെയും സമീപപ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണം. തെളിവുകള്‍ നശിപ്പിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കണം.

അപകട സമയത്ത് വാഹനത്തില്‍ ഉണ്ടായിരുന്ന ജഡ്ജി എന്നെഴുതിയ ബോര്‍ഡ് അഴിച്ചുമാറ്റിയെന്നതും ഉദ്യോഗസ്ഥരെ സ്വാധീനിച്ചെന്നതും അന്വേഷിക്കണമെന്നും ജഡ്ജിക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Tags : CheranalloorAccident Court Judge Police Case

Recent News

Corehub Up