എച്ച്.ഡി. കുമാരസ്വാമി
ബംഗളൂരു: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യയെ ലക്ഷ്യമിട്ടുള്ള ഒളികാമറ ഓപ്പറേഷന് ഉപയോഗിച്ചുവെന്നു കരുതുന്ന മൊബൈൽ ഫോൺ ഡൽഹിയിൽനിന്നു വാങ്ങിയതാണെന്ന് കർണാടക പൊലിസ്.
ഫോൺ ജനതാദൾ എസ് നേതാവും കേന്ദ്രമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ ഔദ്യോഗിക വസതിയിൽവച്ച് കൈമാറ്റം ചെയ്യപ്പെട്ടെന്നു സ്ഥിരീകരിച്ചതായി ബംഗളൂരു പൊലിസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് പറഞ്ഞു. അറസ്റ്റിലായ റിതേഷ് പാണ്ഡെയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷണറുടെ വെളിപ്പെടുത്തൽ.
കേന്ദ്രമന്ത്രിയുടെ വസതിയിലുണ്ടായിരുന്ന പ്രജ്വൽ പ്രസാദ് എന്നയാളുടെ നിർദേശപ്രകാരമാണ് ഫോൺ കൈമാറ്റം നടന്നതെന്ന് റിതേഷ് മൊഴി നൽകുകയായിരുന്നു. റിതേഷിനെ കഴിഞ്ഞ 24നാണ് അറസ്റ്റ് ചെയ്തത്. പ്രജ്വൽ പ്രസാദിന്റെ നിർദേശപ്രകാരം, വിനോദ് ശർമയും റിതേഷ് പാണ്ഡെയും ചേർന്ന് മൊബൈൽ ഫോൺ വാങ്ങി. പിന്നീട് കുമാരസ്വാമിയുടെ ഡൽഹിയിലെ ഔദ്യോഗിക വസതിയിൽവച്ച് അവർ ഈ ഫോൺ പ്രജ്വൽ പ്രസാദിന് നൽകി. വിനോദ് ശർമയ്ക്കും പ്രജ്വൽ പ്രസാദിനും പൊലിസ് നോട്ടീസ് നൽകിയിട്ടുണ്ട്.
Tags : Hidden camera Deepika DeepikaNewspaper BreakingNews against Siddaramaiah