നന്ദൻ നിലേക്കനി
ന്യൂഡൽഹി: രാജ്യത്തെ പ്രവേശന പരീക്ഷകളുടെ നടത്തിപ്പിൽ പരിഷ്കാരങ്ങൾ ലക്ഷ്യമിട്ടു രൂപീകരിച്ച നന്ദൻ നിലേക്കനിയുടെ നേതൃത്വത്തിലുള്ള സമിതിയുടെ കാലാവധി കേന്ദ്രസർക്കാർ 2027 ജനുവരി വരെ നീട്ടിനൽകി. കഴിഞ്ഞ ജൂലൈ 25 ന് ജന്തർമന്തറിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ നടന്ന പ്രക്ഷോഭത്തെത്തുടർന്നാണ് ആറംഗ ഉന്നതാധികാര സമിതിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയോഗിച്ചത്. ഒക്ടോബർ അവസാനം വരെയായിരുന്നു ആദ്യം കാലാവധി.
വിദ്യാർഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാഭ്യാസസ്ഥാപനങ്ങൾ, വിദഗ്ധർ, വ്യവസായസ്ഥാപനങ്ങൾ, പരീക്ഷാ നടത്തിപ്പിന്റെ ചുമതലയുള്ള സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽനിന്നായി ഏകദേശം അരലക്ഷത്തിലേറെ നിർദേശങ്ങളാണ് സമിതിക്കു ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ തുടരുകയാണ്. ഐഎസ്ആർഒ മുൻ ചെയർമാൻ കെ.രാധാകൃഷ്ണനെയും സമിതി കണ്ടിരുന്നു.
നന്ദൻ നിലേക്കനിക്കു പുറമെ ഐഎസ്ആർഒ മുൻ ചെയർമാൻ എസ്. സോമനാഥ്, മുൻ ഐബി തലവൻ തപൻ ദേക്ക, ഐഐടി ചെന്നൈ ഡയറക്ടർ വി.കാമകോടി, മുൻ കേന്ദ്ര വിഭ്യാസ സെക്രട്ടറി അനിത കാർവാൽ, ലോജിസ്റ്റിക് വിദഗ്ധൻ അമൃത് ലാൽ മീണ എന്നിവരാണു സമിതിയിലുള്ളത്.
Tags : Nandan Nilekani Deepika DeepikaNewspaper BreakingNews Committee'