ശിഖർ അഗർവാൾ, പ്രശാഖ മാഥൂർ
ജയ്പുർ: സ്വകാര്യ റിസോർട്ട് കമ്പനിക്കു വഴിവിട്ട സഹായങ്ങൾ നൽകി വിപണിവിലയേക്കാൾ കുറഞ്ഞ നിരക്കിൽ കോടികളുടെ വില്ലകൾ സ്വന്തമാക്കിയ സംഭവത്തിൽ രാജസ്ഥാനിലെ മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശിഖർ അഗർവാളിനും ഐപിഎസ് ഓഫിസറായ ഭാര്യ പ്രശാഖ മാഥൂറിനുമെതിരേ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് രാജസ്ഥാൻ സർക്കാർ.
വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്ന ശിഖർ അഗർവാളിനെതിരേ ആന്റി കറപ്ഷൻ ബ്യൂറോയാണ് അന്വേഷണം ആരംഭിച്ചത്.
അനന്ത ബ്രാൻഡിനു കീഴിൽ ഹോട്ടലുകളും റിസോർട്ടുകളും നടത്തുന്ന ‘ഗോയൽ ഫാഷൻസ് പ്രൈവറ്റ് ലിമിറ്റഡ്’എന്ന കമ്പനിക്കാണ് ഐഎഎസ് ഉദ്യോഗസ്ഥൻ വഴിവിട്ട ആനുകൂല്യങ്ങൾ നൽകിയത്. റിസോർട്ട് നിർമാണ നിബന്ധനകളിൽ ഇളവ് നൽകൽ, ആവശ്യമായ രേഖകൾ പരിശോധിക്കാതെ അനുമതികൾ നൽകൽ തുടങ്ങിയവയ്ക്കു പകരം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ആഡംബര വില്ലകൾ തുച്ഛമായ വിലയ്ക്ക് അഗർവാളും കുടുംബവും സ്വന്തമാക്കുകയായിരുന്നുവെന്നാണ് എസിബി സംഘത്തിന്റെ പ്രാഥമിക കണ്ടെത്തൽ.
എസിബിയുടെ പ്രാഥമിക അന്വേഷണറിപ്പോർട്ട് അനുസരിച്ച് രണ്ടു പ്രധാന സ്ഥലങ്ങളിലായി 36 വില്ലകളാണ് ഇവർ സ്വന്തമാക്കിയത്.
കഴിഞ്ഞ മാർച്ചിൽ ഉദയ്പുരിലെ ബുജ്ദയിലുള്ള അനന്ത റിസോർട്ടിൽ 20 വില്ലകൾ ഇവർ വാങ്ങിയതായി കണ്ടെത്തി. ഇതിൽ പത്തെണ്ണം അഗർവാളിന്റെ പേരിലും പത്തെണ്ണം ഭാര്യയും ഭാര്യ പ്രശാഖ മാഥൂറിന്റെ പേരിലുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഒരു വില്ലയ്ക്ക് വെറും 15 ലക്ഷം രൂപ നിരക്കിലാണ് ഇവർ സ്വന്തമാക്കിയത്.
അന്വേഷണപരിധിയിലുള്ള രണ്ടാമത്തെ വസ്തുവകകൾ അൽവാറിലെ അജബ്ഗഡിലുള്ള അനന്ത റിസോർട്ടിലാണ് സ്ഥിതിചെയ്യുന്നത്.
ഇവിടെ 16 വില്ലകളാണ് കുടുംബാംഗങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. അഗർവാളിന്റെയും ഭാര്യയുടെയും പേരിൽ നാലുവീതവും രണ്ടു മക്കളുടെ പേരിൽ നാലെണ്ണവും ഭാര്യാപിതാവിന്റെയും മാതാവിന്റെയും പേരിൽ നാലു വില്ലകളും വാങ്ങി. 15 ലക്ഷം മുതൽ 16.5 ലക്ഷം രൂപ വരെയാണ് ഇതിനായി കാണിച്ചിട്ടുള്ള വില.
രണ്ടിടങ്ങളിലുമായി കണ്ടെത്തിയ 36 വില്ലകളുടെ ആകെ മൂല്യം രേഖകൾ പ്രകാരം ഏകദേശം 5.52 കോടി രൂപയോളം വരും. എന്നാൽ ഇവയുടെ യഥാർഥ വിപണിവില ഇതിലും എത്രയോ മടങ്ങാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഒരേദിവസം നടന്ന ഇടപാടുകൾ
കഴിഞ്ഞ മാർച്ച് 27ന് ഗോയൽ ഫാഷൻസിന് പ്രത്യേക സാമ്പത്തിക ആനുകൂല്യ പാക്കേജ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് ധനവകുപ്പിൽനിന്ന് പുറത്തുവന്ന അതേ ദിവസംതന്നെയാണ് 20 വില്ലകൾ അഗർവാളിന്റെയും കുടുംബത്തിന്റെയും പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടതെന്ന ഞെട്ടിക്കുന്ന വിവരവും എസിബി പുറത്തുവിട്ടു.
Tags : corruption by an IAS-IPS couple Deepika DeepikaNewspaper BreakingNews 36 villas across two cities