വോട്ടർപട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും ഇന്ത്യാ മുന്നണി സംഘടിപ്പിച്ച "ചലോ ഡൽഹി' പ്രതിഷേധറാലിയിൽ പങ്കെടുക്കുന്നവർ.
ന്യൂഡൽഹി: തലസ്ഥാനനഗരിയെ ഞെട്ടിച്ചും പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ശക്തി വിളിച്ചോതിയും "ചലോ ദില്ലി’ബഹുജന പ്രക്ഷോഭറാലി. മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും രാജ്യത്തുടനീളം നടന്ന "വോട്ടു കൊള്ള’യ്ക്കും വോട്ടർപട്ടികയിലെ വെട്ടിനിരത്തലുകൾക്കുമെതിരേ നടന്ന ബഹുജന റാലിയും സമ്മേളനവും തലസ്ഥാനനഗരിയെ പ്രക്ഷോഭക്കടലാക്കി.
തെരഞ്ഞെടുപ്പു കമ്മിഷനെതിരേയുള്ള പ്രക്ഷോഭമെന്നതിലുപരി വരാനിരിക്കുന്ന നിർണായക നിയമസഭാ തെരഞ്ഞെടുപ്പുകൾക്കു മുന്നോടിയായി കേന്ദ്രസർക്കാരിനുള്ള പ്രതിപക്ഷത്തിന്റെ താക്കീതുകൂടിയായി ഈ സമരം.
രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള രാഷ്ട്രീയനേതാക്കൾ, പ്രവർത്തകർ, കർഷകർ, വിദ്യാർഥികൾ, യുവജനങ്ങൾ എന്നിവരടങ്ങുന്ന കൂറ്റൻ ജനസഞ്ചയമാണ് "വോട്ട് സംരക്ഷിക്കുക, ജനാധിപത്യം സംരക്ഷിക്കുക' എന്ന മുദ്രാവാക്യമുയർത്തി ഡൽഹിയിലേക്ക് ഒഴുകിയെത്തിയത്.
മിന്റോ ബ്രിഡ്ജ് മുതൽ രാംലീല വരെ: കൊടികളുടെ നദിയായി തലസ്ഥാനം
ത്രിവർണ പതാകയും കൂറ്റൻ ക്ലോക്കുംകൊണ്ട് പ്രശസ്തമായ ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ മിന്റോ റെയിൽവേ ഓവർബ്രിഡ്ജിനു താഴെനിന്നാണ് മാർച്ച് ആരംഭിച്ചത്.
സമാജ്വാദി പാർട്ടി, സിപിഎം, ആർജെഡി, സിപിഐ, തൃണമൂൽ കോൺഗ്രസ് തുടങ്ങിയ കക്ഷികളുടെ പതിനായിരക്കണക്കിന് പ്രവർത്തകർ ട്രെയിനുകളിലും ബസുകളിലുമായി ദിവസങ്ങൾക്കു മുന്പേ ഡൽഹിയിലെത്തിയിരുന്നു. കോൺഗ്രസിന്റെ വിവിധ പോഷകസംഘടനകൾകൂടി തലസ്ഥാനത്ത് ആളുകളെ അണിനിരത്തിയതോടെ മിന്റോ റോഡ് വിവിധ വർണക്കൊടികളാൽ നിറഞ്ഞൊഴുകുന്ന വലിയൊരു നദിയായി മാറി. ഇതിനു പുറമെ വിവിധ കർഷകസംഘടനകളും യുവജന-വിദ്യാർഥി പ്രസ്ഥാനങ്ങളും സഖ്യത്തിനുപുറത്തുള്ള സ്വതന്ത്ര സംഘടനകളും മാർച്ചിൽ പങ്കാളികളായി.
എസ്ഐആറിന്റെ മറവിൽ വെട്ടപ്പെട്ട പേരുകൾ നീളമുള്ള കൂറ്റൻ ഫ്ലക്സുകളിൽ അച്ചടിച്ചു പ്രദർശിപ്പിച്ചാണ് പ്രക്ഷോഭകർ അണിനിരന്നത്.മുഖ്യ തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പരിഹസിക്കുന്നതും ബിജെപി - തെരഞ്ഞെടുപ്പു കമ്മിഷൻ കൂട്ടുകെട്ടിനെ കുറ്റപ്പെടുത്തുന്നതുമായ പ്ലക്കാർഡുകളും മാസ്കുകളും ധരിച്ച് ആയിരക്കണക്കിന് യുവാക്കൾ മാർച്ചിൽ അണിനിരന്നു.
ജന്തർ മന്തറിലെ പ്രക്ഷോഭസ്വാതന്ത്ര്യം തിരിച്ചുപിടിക്കുന്നതിനും അയോധ്യയിലെ സംഭാവനക്കൊള്ളയ്ക്കെതിരേയും വോട്ട് അവകാശം സംരക്ഷിക്കുന്നതിനുമുള്ള ബാനറുകളും റാലിക്കെത്തിയവർ വഹിച്ചിരുന്നു.
തുറന്ന വാഹനത്തിൽ നേതാക്കൾ; ജനക്കൂട്ടത്തിന് നടുവിലൂടെ യാത്ര
മിന്റോ റോഡിൽ തടിച്ചുകൂടിയ ജനസഞ്ചയത്തിന്റെ തിരക്ക് നിയന്ത്രിക്കാനാകാത്ത വിധം വർധിച്ചതോടെ പ്രമുഖ പ്രതിപക്ഷനേതാക്കൾ തുറന്ന വാഹനത്തിൽ പ്രക്ഷോഭകരെ അഭിസംബോധന ചെയ്തുകൊണ്ട് മാർച്ച് നയിച്ചു.
രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, മമത ബാനർജി, എം.എ. ബേബി, തേജസ്വി യാദവ്, ഡി. രാജ, ഫാറൂഖ് അബ്ദുള്ള, ദീപാങ്കർ ഭട്ടാചാര്യ, പ്രിയങ്ക ഗാന്ധി, സുപ്രിയ സുലെ തുടങ്ങിയ മുതിർന്ന നേതാക്കളായിരുന്നു തുറന്ന വാഹനത്തിലുണ്ടായിരുന്നത്.
റോഡിൽ തിങ്ങിനിറഞ്ഞ പ്രവർത്തകരെ അഭിവാദ്യം ചെയ്തുകൊണ്ട് നീങ്ങിയ മാർച്ച് രാംലീല മൈതാനത്തെത്തുമ്പോഴേക്കും മൈതാനവും പരിസരപ്രദേശങ്ങളും ജനങ്ങളെക്കൊണ്ട് പൂർണമായും നിറഞ്ഞിരുന്നു.മൈതാനത്തിൽ ഉൾക്കൊള്ളാവുന്നതിലും പലമടങ്ങ് ആളുകളാണ് പുറത്ത് തെരുവുകളിൽ നിന്നത്. സമരം നടന്ന മണിക്കൂറുകളിൽ ഡൽഹിയിലെ പ്രധാന പാതകളെല്ലാം പ്രക്ഷോഭകരാൽ നിറഞ്ഞു.
രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കുന്നതിനെതിരേയും ജനാധിപത്യം സംരക്ഷിക്കുന്നതിനുമായി പ്രതിപക്ഷം ഒന്നിച്ച് തെരുവിലിറങ്ങിയപ്പോൾ ഡൽഹി സമീപകാല ചരിത്രത്തിൽ കണ്ട ഏറ്റവും വലിയ ബഹുജന പ്രക്ഷോഭത്തിനാണ് രാംലീല മൈതാനം സാക്ഷ്യം വഹിച്ചത്.
Tags : Vote Plunder Deepika DeepikaNewspaper BreakingNews United Against