കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: ഡൽഹി ഇതുവരെ കാണാത്ത ജനമുന്നേറ്റം "ചലോ ദില്ലി’ മാർച്ചിൽ ദൃശ്യമായതോടെ നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തെരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെയും പതനത്തിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചതായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ.
രാംലീല മൈതാനത്തെ ബഹുജനറാലിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ കണ്ട അണപൊട്ടിയ ജനസാഗരം മോദിയുടെ ഫാസിസ്റ്റ് ഭരണത്തിന്റെ പതനത്തിന്റെ തുടക്കമാണ്. "വോട്ട് ചോർ, ഗദ്ദി ഛോഡ്' (വോട്ട് കള്ളാ, അധികാരം വിട്ടുപോകൂ) എന്ന ഒറ്റ മുദ്രാവാക്യമാണ് രാജ്യമൊട്ടാകെ ഇപ്പോൾ മുഴങ്ങുന്നത്.
പ്രവർത്തകരുമായി എത്തിയ വാഹനങ്ങൾ ഡൽഹി അതിർത്തികളിൽ തടഞ്ഞും വ്യാജവാർത്തകളും കുടില തന്ത്രങ്ങളും ഉപയോഗിച്ച് പ്രക്ഷോഭശബ്ദം അടിച്ചമർത്താൻ ഭരണകൂടം ശ്രമിച്ചെങ്കിലും അതിനെയെല്ലാം തള്ളിക്കളഞ്ഞ് ജനസാഗരം രാംലീല മൈതാനത്തേക്ക് ഒഴുകിയെത്തി -കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. വിജയം കാണുംവരെ ഈ പോരാട്ടം തുടരുമെന്നും കെ.സി. വേണുഗോപാൽ പ്രഖ്യാപിച്ചു.
‘ചലോ ദില്ലി’ മാർച്ച് പ്രഖ്യാപിച്ചതു മുതൽ പ്രവർത്തകരെ ഡൽഹിയിലെത്തിക്കുന്നതിന് മുന്നിൽനിന്നു നേതൃത്വം നൽകിയത് കെ.സി. വേണുഗോപാലായിരുന്നു. അയൽസംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്മാരുമായി പലവട്ടം കൂടിക്കാഴ്ച നടത്തി പ്രവർത്തകരെ എത്തിക്കുന്നതിനുള്ള സജ്ജീകരണങ്ങൾ കോൺഗ്രസ് നേരത്തേതന്നെ പൂർത്തിയാക്കിയിരുന്നു.
ഡൽഹി അതിർത്തികളിൽ പൊലിസ് തടസങ്ങൾ സൃഷ്ടിച്ചതായി പരാതികൾ ഉയർന്നെങ്കിലും എല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് ലക്ഷക്കണക്കിനു പ്രവർത്തകരാണ് പ്രതിഷേധത്തിന്റെ ഭാഗമായി രാംലീല മൈതാനത്തെത്തിയത്.
Tags : K.C. Venugopal Deepika DeepikaNewspaper BreakingNews countdown for the Modi-Shah duo has begun