പ്രതീകാത്മക ചിത്രം
കോഴിക്കോട്: കോഴിക്കോട് നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ ലൈവിട്ട അധ്യാപകനെതിരേ കൂടുതല്‍ നടപടിക്ക് വിദ്യാഭ്യാസ വകുപ്പ്.
നിലവില്‍ സസ്പെന്‍ഷനിലുള്ള എറണാകുളം പെരുമ്പാവൂർ വെങ്ങോല ശലേം വിഎച്ച്എസ്എസിലെ കായിക അധ്യാപകനായ ജിജോ ജെയിംസിന് (35) എതിരേയാണ് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടിക്കായി വകുപ്പ് തയാറെടുക്കുന്നത്. നിലവില്‍ അധ്യാപകന് റിമാന്‍ഡിലാണ്. കായികമേള കൺവീനറുടെ പരാതിയെ തുടർന്ന് കലാപം സൃഷ്ടിക്കാൻ പ്രകോപനം നൽകിയെന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.
തികച്ചും ആസൂത്രിതമായാണ് അധ്യാപകന് ഭക്ഷണ പന്തലില്‍ എത്തിയതെന്നാണ് അധികൃതര്‍ പറയുന്നത്. കായിക മേളയുടെ സമാപന സമ്മേളനത്തില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കെതിരേ ശക്തമായ തുടര്‍നടപടിയുണ്ടാകുമെന്നും അക്കാര്യത്തില്‍ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും അഡ്വ. ഫൈസല്‍ബാബു എംഎല്‍എ പറഞ്ഞിരുന്നു.
ഒരു കായികാധ്യാപകനും രണ്ട് ദൃശ്യമാധ്യമങ്ങളും കൂടി ഉണ്ടാക്കിയ തിരക്കഥയായിരുന്നു പുഴു വിവാദമെന്നും ഈ ഗൂഢാലോചനയില്‍ അധ്യാപകന് പങ്കാളിയായത് അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നുമാണ് മന്ത്രി എന്‍. ഷംസുദ്ദീന് പ്രതികരിച്ചത്. സംഭവം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചതോടെ അധ്യാപകന് ജിജോ ജെയിംസ് തനിക്ക് പരാതിയില്ലെന്ന് എഴുതി നല്‍കിയിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Tags : Allegations Deepika DeepikaNewspaper BreakingNews Allegations of worms at the sports meet