എസ്ഐ പി.എസ്. സുധീരൻ, സിപിഒ ഷിജു
കൊച്ചി: വെണ്ണലയിൽ ജീവനൊടുക്കാനൊരുങ്ങിയ വീട്ടമ്മയ്ക്ക് രക്ഷകരായി പൊലിസ് ഉദ്യോഗസ്ഥർ. പാലാരിവട്ടം പൊലിസ് സ്റ്റേഷനിലെ എസ്ഐ പി.എസ്. സുധീരൻ, ഡ്രൈവർ സിപിഒ ഷിജു എന്നിവരുടെ അവസരോചിതമായ ഇടപെടലിൽ നാൽപ്പത്തിമൂന്നുകാരിക്ക് ജീവൻ തിരിച്ചുകിട്ടി.
വീട്ടമ്മയും ഭർത്താവും വാടകയ്ക്ക് താമസിക്കുന്ന വീട്ടിൽ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. പുറത്തുപോയ ഭർത്താവ് വിളിച്ചിട്ടും ഭാര്യ ഫോൺ എടുക്കാതെ വന്നതോടെ അയൽക്കാരനെ വിവരം അറിയിച്ചു. ഇദ്ദേഹം വിളിച്ചെങ്കിലും വീട്ടമ്മ ഫോൺ എടുത്തില്ല. തുടർന്ന് യുവാവ് പാലാരിവട്ടം പൊലിസിൽ വിവരം അറിയിച്ചു.
രാവിലെ 10.15 ന് എസ് ഐ സുധീരനും സിപിഒ ഷിജുവും സ്ഥലത്തെത്തിയപ്പോൾ വീട്ടമ്മ പുറത്തു പോകുന്നുവെന്ന് കാണിച്ച് മകൾക്ക് മെസേജ് അയച്ചെന്നും മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലെന്നും മകൾ ഫോണിൽ പറഞ്ഞതായി അയൽക്കാരി അറിയിച്ചു.
എങ്കിലും പൊലിസ് സംഘം ജനലിന്‍റെ വിടവിൽ കൂടി നോക്കിയപ്പോൾ കിടപ്പുമുറിയിലെ ഹാനിന്‍റെ ഹുക്കിൽ ഷാൾ കെട്ടിയിട്ടിരിക്കുന്നതായി കണ്ടു. പുറത്ത് ശബ്ദം കേട്ട് മറ്റൊരു മുറിയിൽ ഒളിച്ചിരിക്കുകയായിരുന്നു വീട്ടമ്മ. നാട്ടുകാരുടെ സഹായത്തോടെ വീടിന്‍റെ അടുക്കള വാതിൽ കുത്തിത്തുറന്ന് പൊലിസ് ഇവരെ രക്ഷപെടുത്തുകയായിരുന്നു.
തുടർന്ന് വീട്ടമ്മയെ പൊലിസ് സമാധാനിപ്പിച്ചു. ഇവർ അവശയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിലേക്ക് അയച്ചു. കുടുംബ പ്രശ്നങ്ങളാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് പറയുന്നത്. വീട്ടമ്മ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആകുമ്പോൾ സ്റ്റേഷനിൽ ഹാജരാകാൻ പൊലിസ് നിർദേശിച്ചിട്ടുണ്ട്.
Tags : KeralaPolice Women Housewife SuicideAttempt Rescue Police SayNoToSuicide