Kerala
കോട്ടയം: തിരുനക്കര ബസ് സ്റ്റാന്‍ഡിനുള്ളില്‍ ശരീരത്തിലൂടെ ബസ് കയറിയിറങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഹാന്‍ഡ്ലൂം കോ- ഓപ്പറേറ്റീവ് സൊസൈറ്റിയിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായ നട്ടാശേരി ഞള്ളക്കാട്ട് സി.ഡി. റോസ് (ഓമന-69) ആണ് അപകടത്തില്‍ മരിച്ചത്. ഇന്നലെ രാവിലെ 9.45നാണു സംഭവം.
സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ അതേ ബസിനു മുന്നിലൂടെ റോസ് നടക്കുമ്പോഴാണ് അപകടമുണ്ടായത്. ഇറഞ്ഞാല്‍-തിരുവഞ്ചൂര്‍ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് അപകടത്തിനിടയാക്കിയത്. ഇതേ ബസിലാണ് സ്ഥിരമായി റോസ് കോട്ടയത്ത് ജോലിസ്ഥലത്തേക്ക് എത്തുന്നത്. തിരുനക്കര സ്റ്റാന്‍ഡിലെ ബസ് ബേയില്‍ നിര്‍ത്തിയപ്പോള്‍ റോസ് ബസില്‍നിന്നിറങ്ങി ബസിന്റെ ഇടതുവശം ചേര്‍ന്ന് മറികടക്കുമ്പോള്‍ യാത്രക്കാരി മുന്നിലുള്ളത് അറിയാതെ ഡ്രൈവര്‍, ബസ് മുന്നോട്ട് എടുത്തപ്പോള്‍ ഇതിനടിയില്‍ പെടുകയായിരുന്നു.
ഇടതുവശത്തെ മുന്‍ചക്രമാണ് റോസിന്റെ ശരീരത്തിലൂടെ കയറിയിറങ്ങിയത്. ശബ്ദം കേട്ട ഉടന്‍തന്നെ യാത്രക്കാരും പോലീസും ചേര്‍ന്ന് ഇവരെ പുറത്തെടുത്ത് കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. വയറിനും മുഖത്തുമാണ് പരിക്കേറ്റിരിക്കുന്നത്. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. കോട്ടയം വെസ്റ്റ് പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഭര്‍ത്താവ്: കെ.ജെ. ചാക്കോ (റിട്ട. ഹെഡ്മാസ്റ്റര്, സിഎംഎസ് എല്‍പിഎസ് കോട്ടയം). മക്കള്‍: ആശ, അനിഷ, അനില്‍. മരുമക്കള്‍: രാജന്, കുഞ്ഞുമോന്, സോഫിയ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അടിച്ചിറ ന്യൂമാന്‍ വര്‍ഷിപ്പ് സെമിത്തേരിയില്‍.
District News
കൂറ്റനാട്: കൊപ്പം പോലീസ് സ്റ്റേഷനു സമീപം സ്കൂട്ടറിൽ ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. വിളയൂർ കൂരാച്ചിപ്പടിയിൽ കണ്ടത്തൊടി വീട്ടിൽ കാസിമിന്റെ ഭാര്യ ഫാത്തിമ സുഹറ(43) യാണ് മരിച്ചത്. കൊപ്പം ഭാഗത്തുനിന്ന് വിളയൂരിലേക്ക് ഇളയ മകൻ ഷമീലുമൊത്ത് സ്കൂട്ടറിൽ വരികയായിരുന്നു സുഹറ. എതിർദിശയിൽനിന്ന് വന്നിരുന്ന ലോറിയിടിച്ചാണ് അപകടം.
ഗുരുതരമായി പരിക്കേറ്റ സുഹറയെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ മകൻ ഷമീൽ കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. ഭർത്താവ് കാസിം വിദേശത്താണ്. മറ്റുമക്കൾ: മുഹമ്മദ് സഫീർ, ഫാത്തിമ സഫ്ല.
Kerala
കൊച്ചി: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. മൂവാറ്റുപുഴ കടാതി ഭാഗത്ത് നെടിയാമലയിൽ വീട്ടിൽ അനന്തകൃഷ്ണനെ (21) ആണ് മൂവാറ്റുപുഴ പോലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
മുൻ വൈരാഗ്യം മൂലം തന്റെ മകനെ ഇയാൾ ഉപദ്രവിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ച വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. ഏപ്രിൽ 28ന് രാത്രി ഒൻപതിനായിരുന്നു സംഭവം.
എസ്ഐമാരായ ചാർലി തോമസ്, എൻ.എസ്. റോയ് , സി.ബി. അനിൽകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ എം.പി. രതീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
National
ചെന്നൈ: തമിഴ്നാട്ടിൽ ടിവികെ ടിക്കറ്റിൽ വിജയിച്ചവരിൽ എട്ടു മാസം ഗർഭിണിയായ വീട്ടമ്മയും. ചെന്നൈയിലെ തിരു വി കാ നഗർ മണ്ഡലത്തിൽ പല്ലവി (36) എന്ന വീട്ടമ്മയാണു കന്നിയങ്കത്തിൽ വിജയിച്ചത്.
പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ചിച്ചുള്ള പല്ലവി 22,333 വോട്ടിനാണ് ഡിഎംകെ സ്ഥാനാർഥി കെ.എസ്. രവിചന്ദ്രനെ പരാജയപ്പെടുത്തിയത്.
പൂർണ ഗർഭിണിയായിരിക്കേ വീടുവീടാന്തരം കയറി പല്ലവി പ്രചാരണം നടത്തിയതു ശ്രദ്ധേയമായിരുന്നു. ഒരിക്കൽ കുഴഞ്ഞുവീണ സംഭവമുണ്ടായെങ്കിലും പല്ലവി പ്രചാരണം തുടർന്നു.
ഡോക്ടർമാർ വിശ്രമത്തിനു നിർദേശിച്ചിരിക്കുന്നതിനാൽ വിജയത്തിനുശേഷം മാധ്യമപ്രവർത്തകരോടു സംസാരിക്കാൻ പല്ലവിക്കു കഴിഞ്ഞിട്ടില്ല. വിജയിന്റെ കടുത്ത ആരാധികയാണു പല്ലവി. ടിവികെ രൂപവത്കരിച്ച ഉടൻ അംഗത്വമെടുത്തു.
Kerala
മുക്കം: കിണറ്റില്‍നിന്നും വെള്ളം കോരാന്‍ ഉപയോഗിക്കുന്ന കപ്പിയിലെ കയറില്‍ ശംഖുവരയന്‍ പാമ്പ്. തൊട്ടി കിണറ്റിലേക്ക് ഇറക്കുന്നതിനിടെ വീട്ടമ്മയുടെ കൈ പാമ്പിനെ സ്പര്‍ശിക്കുകയും ചെയ്തു.
അസാധാരണമായ എന്തോ ഒന്ന് കൈയില്‍ തട്ടിയെന്നറിഞ്ഞ് വീട്ടമ്മ നോക്കുമ്പോള്‍ കയറില്‍ ചുറ്റിപ്പിണഞ്ഞിരിക്കുന്ന പാമ്പ്. നിലവിളിച്ചുകൊണ്ട് വീട്ടമ്മ ഓടി രക്ഷപ്പെട്ടു.
കാരശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടില്‍ ഇന്നലെ രാവിലെയാണ് സംഭവം.
പതിവുപോലെ വെള്ളം കോരാന്‍ വീട്ടമ്മ സല്‍മത്ത് വീട്ടുമുറ്റത്തെ കിണറിന്റെ പരിസരത്ത് എത്തിയതായിരുന്നു. ഒരു മീറ്ററോളം നീളമുള്ള വിഷപ്പാമ്പാണ് കയറില്‍ ഉണ്ടായിരുന്നത്.
വീട്ടമ്മയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തി. പാമ്പിനെ കയറില്‍നിന്ന് മാറ്റാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഉടന്‍തന്നെ വീട്ടുകാര്‍ താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ വിവരമറിയിച്ചു. വനംവകുപ്പിനു കീഴിലുള്ള സ്നേക്ക് റെസ്ക്യൂ ടീമിലെ ബാബു വെള്ളങ്ങല്‍ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി.
നേരത്തെയും ഈ പ്രദേശത്തുനിന്ന് ധാരാളം പാമ്പുകളെ വനംവകുപ്പിന്റെ നേതൃത്വത്തില്‍ പിടികൂടിയിട്ടുണ്ട്. കാടുപിടിച്ചു കിടക്കുന്ന പ്രദേശങ്ങള്‍ ധാരാളമുള്ള സ്ഥലമാണ് മുരിങ്ങംപുറായ്.
Kerala
രാമപുരം: വീട്ടമ്മയ്ക്ക് പാമ്പുകടിയേറ്റു. രാമപുരം നെല്ലിയാനിയാനിക്കുന്ന് ദേവസ്വം പടവില്‍ ബാബുവിന്റെ ഭാര്യ അനിത ബാബു (54) നാണു കടിയേറ്റേത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു സംഭവം.
മഴ പെയ്തപ്പോള്‍ വീട്ടുമുറ്റത്ത് വച്ചിരുന്ന ജാറില്നിന്നു വെള്ളം ശേഖരിക്കുന്നതിനിടെയാണ് പാമ്പിന്റെ കടിയേറ്റത്. ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. അണലി ഇനത്തില്‍പ്പെട്ട പാമ്പാണു കടിച്ചത്.
Kerala
പിറവം: പാമ്പാക്കുടയിൽ പുകപ്പുരയോടു ചേർന്നുള്ള അടുക്കളയിൽനിന്ന് തീ പടർന്നു പൊള്ളലേറ്റ് വീട്ടമ്മ മരിച്ചു.
കൈനി പുത്തുർ പാലപ്പിള്ളിൽ അർണോൾഡിന്റെ ഭാര്യ ബീന (61) യാണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ റബർ ഷീറ്റ് പുകയ്ക്കുന്ന പുരയോടു ചേർന്നാണ് വിറക് അടുക്കള.
പൊള്ളലേറ്റ ബീനയെ ഉടൻ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പിറവം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ. സംസ്കാരം പിന്നീട്. മക്കൾ: അനിറ്റ, എലിസബത്ത്. മരുമക്കൾ: റിഞ്ചു, എൽദോസ്.
Kerala
ആലപ്പുഴ: കായംകുളത്ത് പാമ്പ് കടിയേറ്റ് ചികിത്സയിലായിരുന്ന 42-കാരി സെലീന മരിച്ച സംഭവത്തിൽ കായംകുളം താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്തെത്തി. സെലീനയ്ക്ക് കൃത്യസമയത്ത് ആന്റി വെനം ഉൾപ്പെടെയുള്ള അത്യാവശ്യ ചികിത്സകൾ നൽകുന്നതിൽ ആശുപത്രി അധികൃതർ വീഴ്ച വരുത്തിയെന്ന് പിതാവ് സമീർ ആരോപിച്ചു. സംഭവത്തിൽ നീതി തേടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് സെലീനയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മതിയായ പരിഗണനയോ ചികിത്സയോ ലഭിച്ചില്ലെന്ന് ബന്ധുക്കൾ പറയുന്നു. പാമ്പ് കടിയേറ്റാൽ നൽകേണ്ട പ്രാഥമിക ഔഷധമായ ആന്റി വെനം നൽകുന്നതിൽ ആശുപത്രി അധികൃതർ കാലതാമസം വരുത്തിയെന്നാണ് പ്രധാന ആരോപണം.
എന്നാൽ സെലീനയെ എത്തിച്ചപ്പോൾ പാമ്പ് കടിയേറ്റതിന്റെ ലക്ഷണങ്ങൾ കണ്ടിരുന്നില്ലെന്നും ചികിത്സയിൽ വീഴ്ച വരുത്തിയിട്ടില്ലെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ഈ വാദത്തെ കുടുംബം പൂർണമായും തള്ളിക്കളഞ്ഞു.
Kerala
കോഴിക്കോട്: ക്ഷേത്രോത്സവത്തില്‍ നൃത്തം അവതരിപ്പിക്കവേ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു. പാലാഴി വാഴയില്‍ എം.എന്‍. ഷാജുവിന്റെ ഭാര്യ കെ.പി. ഷൈനി (52) ആണ് മരിച്ചത്.
ചിറക്കല്‍ ശിവഭഗവതി ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതിനിടെയാണ് മരണം. ബുധനാഴ്ച രാത്രിയാണ് മരണം സംഭവിച്ചത്. കടുത്ത ചൂടിനെ തുടര്‍ന്ന് സ്റ്റേജില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
District News
അഞ്ചല്‍: പനയഞ്ചേരി പാതയില്‍ പോലീസ് സ്റ്റേഷനു സമീപം കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പനയഞ്ചേരി വിജയ വിലാസത്തില്‍ രാധാമണി അമ്മ (60) യാണ് മരിച്ചത്.
ഇക്കഴിഞ്ഞ 22 നു രാവിലെയായിരുന്നു അപകടം. നടന്നു വരികയായിരുന്ന രാധാമണി അമ്മയെ എതിര് ദിശയില്‍ എത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയിലെ സ്വീപ്പറായി ജോലി ചെയ്തുവരികയായിരുന്നു രാധാമണി അമ്മ. ശ്രീജിത്ത് മകനാണ്.
Kerala
കൊച്ചി: ലിംഫോമ അര്‍ബുദം ബാധിച്ച പുത്തന്‍വേലിക്കര സ്വദേശിയായ 64 കാരിയിൽ കാര്‍ ടിസെല്‍ തെറാപ്പി (കിമറിക് ആന്റിജന്‍ റിസപ്റ്റര്‍ ടിസെല്‍) വിജയകരമായി നടത്തി ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ.
ശരീരത്തിലെ രോഗപ്രതിരോധ കോശങ്ങളായ ടിസെല്ലുകളെ രോഗിയില്‍നിന്നും ശേഖരിച്ച് പ്രത്യേക ലബോറട്ടറിയില്‍ വച്ച് ജനിതകമാറ്റം വരുത്തിയശേഷം തിരികെ പ്രവേശിപ്പിക്കുന്ന ചികിത്സാരീതിയാണിത്. ഇത്തരത്തില്‍ മാറ്റം വരുത്തിയ കോശങ്ങള്‍ ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളെ നശിപ്പിക്കാതെ കാന്‍സര്‍ കോശങ്ങളെ മാത്രം കൃത്യമായി കണ്ടെത്തി നശിപ്പിക്കുന്നു.
സാധാരണ കീമോതെറാപ്പിയോടു ശരീരം പ്രതികരിക്കാത്ത അവസ്ഥയിലാണ് കാര്‍ ടിസെല്‍ തെറാപ്പിയുടെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നത്. അത്യാധുനിക അഫറിസിസ് മെഷീന്റെ സഹായത്തോടെയാണു രക്തഘടകങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നത്. ആവശ്യമായ രക്തഘടകം മാത്രം തത്സമയം വേര്‍തിരിച്ചെടുത്ത് അവശേഷിക്കുന്നവ അതേസമയംതന്നെ തിരികെ ശരീരത്തിലേക്ക് പ്രവേശിപ്പിക്കുന്നു.
പാർശ്വഫലങ്ങൾ കുറവ്
രാജഗിരി കാന്‍സര്‍ സെന്ററിലെ ക്ലിനിക്കല്‍ ഹെമറ്റോളജി വിഭാഗത്തിലെ ഡോ. റോയ് ജെ. പാലാട്ടി, ഡോ. നിഖില്‍ എം. കുമാര്‍ എന്നിവരാണു ചികിത്സയ്ക്ക് നേതൃത്വം നല്‍കിയത്. ഒറ്റത്തവണ ചികിത്സ എന്നതും പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നതും ചികിത്സയുടെ നേട്ടമാണെന്ന് ഡോ. റോയ് ജെ. പാലാട്ടി അഭിപ്രായപ്പെട്ടു.
മറ്റു ചികിത്സകളെ അപേക്ഷിച്ച് രോഗം തിരികെ വരാനുള്ള സാധ്യതയും ആശുപത്രിവാസവും താരതമ്യേന കുറവാണ്. മുന്‍കാലങ്ങളില്‍ വിദേശ രാജ്യങ്ങളെ ആശ്രയിച്ചിരുന്നതിനാല്‍ അതീവ ചെലവേറിയതായിരുന്ന ഈ ചികിത്സ, ഇപ്പോള്‍ തദ്ദേശീയമായി കാര്‍ ടി സെല്‍ ഇന്ത്യയില്‍ത്തന്നെ വികസിപ്പിക്കാന്‍ കഴിഞ്ഞത് രോഗികള്‍ക്ക് വലിയ ആശ്വാസമാണെന്ന് ഡോ. നിഖില്‍ എം. കുമാര്‍ പറഞ്ഞു.
കാന്‍സര്‍ രോഗികള്‍ക്ക് പ്രതീക്ഷ നല്കുന്ന നൂതന ചികിത്സാരീതിയായ കാര്‍ ടിസെല്‍ തെറാപ്പിയിൽ തുടര്‍ച്ചയായി വിജയം കൈവരിച്ച ചികിത്സാസംഘത്തെ രാജഗിരി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്സണ് വാഴപ്പിള്ളി അഭിനന്ദിച്ചു.
District News
തൊടുപുഴ: ധ്യാനകേന്ദ്രത്തിന്റെ പേരില്‍ വീട്ടമ്മയില്‍നിന്നു 11 പവനോളം സ്വര്‍ണം തട്ടിയെടുത്ത കേസില്‍ പ്രതികളായ രണ്ടു സ്ത്രീകള്‍ കരിമണ്ണൂര്‍ പോലീസില്‍ കീഴടങ്ങി. തൊടുപുഴ കോലാനി താഴ്ചയില്‍ ഉഷ സുധന് (40), പത്തനംതിട്ട പയനല്ലൂര്‍ അയ്യപ്പഭവനം ദേവി (39) എന്നിവരാണ് പോലീസിനു മുമ്പാകെ കീഴടങ്ങിയത്.
ഇവര്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാനാണ് കോടതി നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ഇന്നലെ സ്റ്റേഷനില്‍ ഹാജരായത്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി ജുഡീഷല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയെങ്കിലും ഇന്നു വീണ്ടും ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്കി.
കരിമണ്ണൂര്‍ പള്ളിക്കാമുറി പാഴൂക്കര സ്വദേശിനിയായ 66കാരിയെ കബളിപ്പിച്ച് സ്വര്‍ണം തട്ടിയെടുത്ത കേസിലാണ് ഇവര്‍ പിടിയിലായത്. ഇതോടെ സംഭവത്തില്‍ പോലീസ് അറസ്റ്റ് ചെയ്തവരുടെ എണ്ണം ആറായി. തട്ടിപ്പിനു നേതൃത്വം നല്കിയ പുറപ്പുഴ ടെക്നിക്കല്‍ ഹൈസ്കൂള്‍ ജീവനക്കാരനായ തൊടുപുഴ കോലാനി പാറക്കടവ് ലക്ഷംവീട് കോളനിയില്‍ വിജീഷ് അജയകുമാര്‍ (34), അത്തവീട്ടില്‍ സുലോചന ബാബു (44), മകള്‍ അഞ്ജു ബാബു, അഞ്ചപ്ര വീട്ടില്‍ ഷാജിദ സി. ഷെരീഫ് (29) എന്നിവരെ നേരത്തേ പിടികൂടിയിരുന്നു.
അഞ്ചു തവണയായാണ് 11 പവൻ സ്വര്‍ണം ഇവര്‍ തട്ടിയെടുത്തത്. സമാനരീതിയില്‍ തട്ടിപ്പു നടത്തിയതിന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിലും പാലാ പോലീസ് സ്റ്റേഷനിലും ഇവര്‍ക്കെതിരേ കേസുണ്ട്.
ലോഷന്‍, പപ്പടം, കത്തി എന്നിവ വില്‍ക്കാനെത്തുന്നവരെന്ന പേരിലാണ് പ്രതികള്‍ വീടുകളില്‍ എത്തിയിരുന്നത്. വീട്ടമ്മ തനിച്ചാണ് താമസിക്കുന്നതെന്നു മനസിലാക്കിയ പ്രതികള്‍ വീടിനു ദോഷമുണ്ടെന്നും ഇതു മാറാന്‍ ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ പ്രത്യേക പ്രാര്‍ഥന നടത്തിയാല്‍ മതിയെന്നും ഇവരെ ധരിപ്പിച്ചു. സ്വര്‍ണം ധ്യാനകേന്ദ്രത്തില്‍ സമര്‍പ്പിച്ച് പ്രാര്‍ഥന നടത്തിയാല്‍ ദോഷം മാറുമെന്നു വിശ്വസിപ്പിച്ചാണ് പല തവണയായി സ്വര്‍ണം കൈക്കലാക്കിയത്. വിജീഷായിരുന്നു തട്ടിപ്പിന്റെ പ്രധാന ആസൂത്രകന്‍.
വീട്ടമ്മയുടെ ബന്ധുക്കള്‍ സമീപത്തുതന്നെയാണ് താമസിക്കുന്നത്. ഇവര്‍ക്കു തോന്നിയ സംശയമാണ് തട്ടിപ്പുവിവരം പുറത്തുവരാനിടയാക്കിയത്. പ്രതികള്‍ ഇടയ്ക്കിടെ വീട്ടിലെത്തുന്നതും സ്വര്‍ണാഭരണങ്ങള്‍ കാണാതായതുമാണ് സംശയത്തിനിടയാക്കിയത്. ആദ്യം വീട്ടമ്മ വിവരങ്ങളൊന്നും ബന്ധുക്കളോട് പറഞ്ഞിരുന്നില്ലെങ്കിലും കൂടുതല്‍ സ്വര്‍ണം പോയതോടെ വിവരം പുറത്തു പറയുകയായിരുന്നു. ഇതോടെ ബന്ധുക്കള്‍ കരിമണ്ണൂര്‍ പോലീസില്‍ പരാതി നല്കി. സമീപത്തെ സിസിടിവി കാമറകള്‍ പരിശോധിച്ചതിനെത്തുടര്‍ന്നാണ് പോലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്.
Kerala
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്കിടെ പൊള്ളലേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം തമ്പാനൂർ പോലീസ് കോഴിക്കോട് എത്തി ബന്ധുക്കളുടെ മൊഴിയെടുത്തു. മരിച്ച കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി ടി.കെ. വിജിഷയുടെ സംസ്കാരം ബുധനാഴ്ചയാണ്.
അടുത്തടുത്ത് അടുപ്പുകൾ കൂട്ടിയതാണ് പൊള്ളലേൽക്കാൻ കാരണം എന്നാണ് മരിച്ച വിജിഷയുടെ കുടുംബത്തിന്റെ ആരോപണം. വിജിഷയും വിജിഷയോടൊപ്പം പൊങ്കാലയ്ക്ക് പോയ മറ്റുള്ളവരും ഇക്കാര്യം പോലീസിന്റെയും സംഘാടകരുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും യാതൊരു നിയന്ത്രണവും ഉണ്ടായില്ല.
വലിയ അനാസ്ഥയാണ് ഉണ്ടായതെന്നും വിജിഷയുടെ ഭർത്താവ് ദിനേശ് കുമാർ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസിയുവിൽ ആയിരുന്ന വിജിഷയെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വിജിഷ മരിച്ചത്.
District News
വെഞ്ഞാറമൂട് : കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രികയായ വീട്ടമ്മ മരിച്ചു. കോലിയക്കോടിനും വേളാവൂരിനും മധ്യേ സുന്ദരി മുക്കിൽ ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു അപകടം. കോലിയക്കോട് കിഴമലയ്ക്കൽ ശാന്തിദീപം വീട്ടിൽ ഗംഗ (40) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഗംഗയും മകനും സഞ്ചരിച്ചിരുന്ന ആക്ടീവ സ്കൂട്ടറിന് പിന്നിൽ കെഎസ്ആർടിസി ബസും ഇടിക്കുകയായിരുന്നു. തുടർന്ന് സ്കൂട്ടർ നിയന്ത്രണം വിട്ട് മറ്റൊരു കാറിലിടിച്ചു. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും പോലീസും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ഗംഗയുടെ ജീവൻ രക്ഷിക്കാനായില്ല.
Kerala
കടയ്ക്കാവൂർ: തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. അയിലം സ്വദേശി അജേഷ് (45) ആണ് പിടിയിലായത്. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയില്‍നിന്നാണ് പോലീസ് സംഘം കണ്ടെത്തിയത്
ഫെബ്രുവരി 11നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പരാതിക്കാരിയുടെ വീട്ടില്‍ തേങ്ങയിടാനായി എത്തിയതായിരുന്നു അജേഷ്. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസിലാക്കിയ പ്രതി, വീട്ടമ്മ വീടിനുള്ളിലേക്ക് കയറിയ സമയം നോക്കി പിന്നാലെ എത്തുകയായിരുന്നു.
വീടിന്റെ കതക് ഉള്ളില്‍ നിന്നും കുറ്റിയിട്ട ശേഷം ഇയാള്‍ വീട്ടമ്മയെ കടന്നുപിടിച്ചു. പ്രതിയുടെ പിടിയില്‍ നിന്നും കുതറി മാറിയ വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെട്ടു. തുടർന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. വെഞ്ഞാറമൂട് എസ്എച്ച്ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. എസ്ഐ സജിത്ത്, ഗ്രേഡ് എസ്ഐ ബിജു, എഎസ്ഐ ബിനു, സിപിഒമാരായ നജീം, മനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
കോഴിക്കോട്: ഉറക്കത്തിനിടെ വീട്ടമ്മയുടെ ഒന്നേമുക്കാലോളം പവന്റെ സ്വർണമാലയുമായി കടന്ന് മോഷ്ടാവ്. കോഴിക്കോട് ബേപ്പൂര്‍ അരക്കിണറിൽ പുലർച്ച ഒന്നോടെയാണ് സംഭവം.
പാറപ്പുറം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന നെല്ലിശേരി കുത്തുപ്പാറ പറമ്പില്‍ ഷെര്‍ലി(49)യുടെ കഴുത്തില്‍ നിന്നാണ് മാല മോഷ്ടിച്ചത്.
വീടിന്റെ ഓടിളക്കിയാണ് മോഷ്ടാവ് അകത്ത് കയറിയത്. ബേപ്പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
District News
വൈപ്പിൻ: കിടപ്പു രോഗിയായ വയോധികയുടെ രണ്ടു പവന്റെ മാല കവർന്ന സമീപവാസിയായ വീട്ടമ്മ അറസ്റ്റിൽ. ഞാറക്കൽ പള്ളത്ത് വീട്ടിൽ ഓമന (58)യാണ് അറസ്റ്റിലായത്. ഞാറക്കൽ പുത്തൻവീട്ടിൽ സുജിത്തിന്റെ അമ്മയുടെ മാലയാണ് കവർന്നത് . കിടപ്പു രോഗിയായിരുന്ന വയോധികയെ കാണാൻ ഇവർ ഇടയ്ക്കിടെ വീട്ടിൽ വരുമായിരുന്നു. ഇതിനിടയിലാണ് മാല കവർന്നത്.
വീട്ടുകാർ പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇവരെ ചോദ്യം ചെയ്തപ്പോൾ ആദ്യം വിസമ്മതിച്ചെങ്കിലും പിന്നീട് കുറ്റസമ്മതം നടത്തി. മാല ഞാറയ്ക്കലിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ വിറ്റതായും ഇവർ പോലീസിന് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് കടയിൽ നിന്നും തൊണ്ടിമുതൽ വീണ്ടെടുത്തു. ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
വൈപ്പിൻ: എറണാകുളം വൈപ്പിനിൽ പട്ടികജാതിക്കാരിയായ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ച 22കാരൻ അറസ്റ്റിൽ. നായരമ്പലം കുടുങ്ങാശേരി കൊല്ലം പറമ്പിൽ ജെഫ്രിൻ ആണ് അറസ്റ്റിലായത്. ഈ മാസം 13ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
വീട്ടിൽ ആരും ഇല്ലാത്ത നേരത്ത് എത്തി കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തി പ്രതി വീട്ടമ്മയെ ബലാത്സംഗത്തിന് ഇരയാക്കി. ഇതിനിടയിൽ വീട്ടമ്മ കുതറി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് ഞാറക്കൽ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് എസ്ഐ എസ്. അരുണിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഞാറക്കൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Kerala
തൃശൂർ: ഗുരുവായൂരിൽ പലിശക്കാരിയുടെ ഭീഷണിയെ തുടർന്ന് വീട്ടമ്മ തീ കൊളുത്തി ജീവനൊടുക്കി. ഇരിങ്ങപ്പുറം പുതുവീട്ടിൽ ജുമൈല (50) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വീടിനു പുറകിലെ പറമ്പിലാണ് മൃതദേഹം കണ്ടെത്തിയത്. പലിശയ്ക്ക് പണം വാങ്ങിയ ആബിദയിൽ നിന്ന് ഭീഷണി ഉണ്ടായിരുന്നുവെന്ന് ജുമൈല പറയുന്ന ശബ്ദ സന്ദേശം പുറത്തുവന്നിട്ടുണ്ട്.
ഒരു വർഷം മുമ്പ് ജുമൈല ആബിദയിൽ നിന്ന് പലിശക്ക് അമ്പതിനായിരം രൂപ വാങ്ങിയിരുന്നതായി മകൻ ഷിനാസ് പറഞ്ഞു. പലിശയിനത്തിൽ മാത്രമായി മാസം 10,000 രൂപ വീതം എട്ടു മാസത്തോളം നൽകിയെങ്കിലും രണ്ടുമാസത്തോളം പണം നൽകാൻ സാധിച്ചില്ല.
ഇതേത്തുടർന്ന് പലിശക്കാരിയായ ആബിദ ഭീഷണിപ്പെടുത്തിയിരുന്നതായി കുറിപ്പെഴുതി വച്ച ശേഷമാണ് ജുമൈല ജീവനൊടുക്കിയത്.
National
ബംഗുളൂരു: കർണാടകയിൽ മാല പൊട്ടിക്കുന്നതിനിടെ മോഷ്ടാക്കൾ തള്ളിയിട്ട വീട്ടമ്മ മരിച്ചു. ബംഗളൂരു നെലമംഗലയിലാണ് സംഭവം.
ഹസ്കൂർ സ്വദേശി ജ്യോതിയാണ് മരിച്ചത്. എട്ടര പവൻ തൂക്കം വരുന്ന താലിമാലയാണ് ഇവരിൽ നിന്ന് മോഷ്ടാക്കൾ കവർന്നത്.
ഭർത്താവ് ഓടിയെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. സംഭവത്തിൽ മദനായ്ക്കനഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ പുലിയുടെ ആക്രമണം. പൂക്കോട്ടുംപാടം ഉപ്പുവള്ളിയിലാണ് സംഭവം. മാമ്പറ്റ വഴിമൂച്ചിക്കൽ നഗറിലെ ജാനകിയെയാണ് പുലി ആക്രമിച്ചത്.
കുളത്തിൽ തുണി അലക്കാൻ പോയ സമയത്തായിരുന്നു സംഭവം. ജാനകിയുടെ മുഖത്തിനും തലയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ജാനകിയെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രദേശത്ത് വനംവകുപ്പും നാട്ടുകാരും ചേർന്ന് പരിശോധന ആരംഭിച്ചിട്ടുണ്ട്. പുലിയെ പിടിക്കാൻ കൂടുവയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Kerala
കാസര്‍ഗോഡ്: വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാസര്‍ഗോഡ് കോളിച്ചാല്‍ മൊട്ടയംകൊച്ചിയിലെ ബി.പി. ശോഭന (53) ആണ് മരിച്ചത്.
ശോഭന വെള്ളം കുടിച്ചുകൊണ്ടിരുന്ന ഗ്ലാസിൽ എലി വിഷം അബദ്ധത്തിൽ തെറിച്ചു വീണു. ഈ വെള്ളം കുടിച്ച ശോഭനയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു.
ശോഭനയെ ആദ്യം മംഗുളൂരുവിലെയും പിന്നീട് കണ്ണൂരിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും മരണംസംഭവിക്കുകയായിരുന്നു.
Kerala
പത്തനംതിട്ട: ഓപ്പറേഷന് കഴിഞ്ഞ് വീട്ടില്‍ വിശ്രമിക്കുകയായിരുന്ന വീട്ടമ്മയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതിന് അയല്‍വാസിയായ യുവാവ് അറസ്റ്റില്‍.
ചിറ്റാര്‍ മണക്കയം നിവരത്ത് കിഴക്കതില്‍ അഭിജിത്ത് നായര്‍ (കിച്ചു,22)നെയാണ് ചിറ്റാര്‍ എസ്എച്ച്ഒ ജി. സുരേഷ്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയം അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. വീട്ടമ്മ നിലവിളിച്ചതോടെ ഇയാൾ ഇറങ്ങി ഓടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കി അഭിജിത്തിനെ റിമാന്‍ഡ് ചെയ്തു.
Kerala
കൊല്ലം: മുറ്റമടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് വീട്ടമ്മ മരിച്ചു. നീരാവിൽ കുളങ്ങര വീട്ടിൽ രാധാമണി (53) ആണ് മരിച്ചത്.
പുലർച്ചെ ആറോടെ മുറ്റമടിച്ചുകൊണ്ടിരിക്കെയാണ് രാധാമണിയെ പാമ്പ് കടിച്ചത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ലോട്ടറി വിൽപ്പനക്കാരിയാണ് രാധാമണി. ഭർത്താവ്: പരേതനായ രവീന്ദ്രൻ. മകൾ: രമ്യ.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ ഗർഭപാത്രം നീക്കം ചെയ്യാനെത്തിയ വീട്ടമ്മ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ. വടക്കാഞ്ചേരി സ്വദേശിനി നിർമലയാണ് മരിച്ചത്. .
ആശുപത്രി അധികൃതരുടെ പിഴവു മൂലം വിദഗ്ധ ചികിത്സ ലഭിക്കുന്നതിലടക്കം കാലതാമസമുണ്ടായെന്ന് നിർമലയുടെ ബന്ധുക്കൾ ആരോപിച്ചു. എന്നാൽ ജില്ലാ ആശുപത്രിയിലെ പരിമിതികളെ തുടർന്ന് രക്തസ്രാവമുണ്ടായപ്പോൾ മെഡിക്കൽ കോളജിലേക്ക് മാറ്റിയെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
കഴിഞ്ഞ 16-ാം തീയതിയാണ് നിർമലയെ ശസ്ത്രക്രിയക്കായി വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഗുരുതര രക്തസ്രാവത്തെ തുടർന്ന് 18-ാം തീയതി തൃശൂർ മെഡിക്കൽ കോളജിൽ വച്ച് നിർമല മരിക്കുകയായിരുന്നു. വടക്കാഞ്ചേരി ജില്ലാ ആശുപത്രിക്കെതിരെ ഇവർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
District News
നെടുമങ്ങാട്: അമ്മയും മക്കളും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ കാറിടിച്ചുണ്ടായ അപകടത്തിൽ അമ്മ മരിച്ചു. ആനാട് താഴേ പുനവക്കുന്ന് റോഡരികത്തു വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന ഹസീന (40)ആണ് മരിച്ചത്. പരിക്കേറ്റ കുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
നെടുമങ്ങാടിനു സമീപം പഴകുറ്റി പെട്രോൾ പമ്പിനു മുന്നിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൂവരെയും നാട്ടുകാർ ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഹസീന മരിച്ചു. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
ബാദുഷ(ഗൾഫ്)യാണ് ഹസീനയുടെ ഭർത്താവ്.
Kerala
കൊച്ചി: അങ്കമാലിയില്‍ ടാങ്കര്‍ ലോറി സ്കൂട്ടറില്‍ ഇടിച്ച് വീട്ടമ്മ മരിച്ചു. അങ്കമാലി സ്വദേശി ഷേര്‍ളി മാര്ട്ടിന് - 51 ആണ് മരിച്ചത്.
കരിയാട് സിഗ്നലില്‍ വെള്ളിയാഴ്ച രാത്രി പത്തിന് ശേഷമാണ് അപകടം നടന്നത്. അമിതവേഗത്തില്‍ വന്ന ടാങ്കര്‍ വന്ന് ഇടിക്കുകയായിരുന്നു. ഷേര്‍ളി തല്‍ക്ഷണം മരിച്ചു.
നെടുമ്പാശേരി വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യയുടെ കരാര്‍ ജീവനക്കാരിയായിരുന്നു ഷേര്‍ളി. ജോലി കഴിഞ്ഞ് മകനൊപ്പം സ്കൂട്ടറില്‍ വരുന്ന വഴിക്ക് കരിയാട് സിഗ്നലില്‍ നിന്നും യൂടേണ്‍ എടുക്കുന്നതിനിടെ അമിതവേഗത്തില്‍ വന്ന ടാങ്കര്‍ വന്ന് ഇടിക്കുകയായിരുന്നു.
മൃതദേഹം അങ്കമാലി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭര്‍ത്താവും വിമാനത്താവളത്തിലെ ജീവനക്കാരനാണ്.
Kerala
മുണ്ടക്കയം: സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ് വീട്ടമ്മ മരിച്ചു. പഴയ പനക്കച്ചിറ പഴനിലത്ത് ജോജിയുടെ ഭാര്യ ജെസി ജോജി (48) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12ഓടെ ജെസിയും ഭർത്താവ് ജോജിയും ഒരുമിച്ച് വീട്ടിൽനിന്നു സ്കൂട്ടറിൽ മുണ്ടക്കയത്തേക്കു വരും വഴിയാണ് അപകടമുണ്ടായത്.
റോഡിൽ പുതിയതായി കോൺക്രീറ്റ് ചെയ്ത കട്ടിംഗിലേക്ക് സ്കൂട്ടർ കയറുന്നതിനിടെ പുറകിലിരുന്ന് ജെസി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു.
അപകടത്തിൽ ജെസിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഉടൻ മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാനായില്ല. സംസ്കാരം പിന്നീട്. മക്കൾ: ആൽബി അഗസ്റ്റിൻ, അൽഫോൻസ് അഗസ്റ്റിൻ.
Kerala
കാസര്‍ഗോഡ്: സിപിഎം പ്രാദേശികനേതാവ് കഴിഞ്ഞ മൂന്നുപതിറ്റാണ്ടായി തന്നെ ലൈംഗികമായി പീഡിപ്പിക്കുന്നെന്ന പരാതിയുമായി വീട്ടമ്മ. എന്മകജെ പെര്‍ളയിലെ എസ്.സുധാകരക്കെതിരേയാണു ഗുരുതര ആരോപണങ്ങളുമായി വീട്ടമ്മ രംഗത്തെത്തിയത്.
സംസ്ഥാന പോലീസ് മേധാവിക്ക് തെളിവുകള്‍ സഹിതം യുവതി പരാതി നല്കി. എന്മകജെ പഞ്ചായത്തിലെ മൂന്നാംവാര്‍ഡായ മല്ലെമൂലയിലെനിന്നുള്ള സിപിഎം മെംബറാണ് സുധാകര. ഒരു കൊലക്കേസില്‍ ജീവപര്യന്തം തടവിനും ശിക്ഷിക്കപ്പെട്ടിരുന്നു. എയ്ഡഡ് പ്രൈമറി സ്കൂള്‍ അധ്യാപകന്‍കൂടിയായ സുധാകര അടുത്തവര്‍ഷം സര്‍വീസില്‍നിന്നു വിരമിക്കാനിരിക്കുകയാണ്.
1995 മുതലാണ് സുധാകര തന്നെ പീഡിപ്പിക്കാന്‍ തുടങ്ങിയതെന്ന് വീട്ടമ്മ ആരോപിച്ചു. അപ്പോള്‍ അദ്ദേഹത്തിന് 24 വയസായിരുന്നു. ‘തുടക്കത്തില്‍, എന്നെ വിവാഹം കഴിക്കുമെന്നു വാഗ്ദാനം ചെയ്ത് അയാള്‍ എന്നെ ഉപയോഗിച്ചു. പിന്നീട്, അയാള്‍ മറ്റൊരാളെ വിവാഹം കഴിച്ചു. എന്റെ വിവാഹവും കഴിഞ്ഞിരുന്നു. പക്ഷേ എന്നെ അപമാനിക്കുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്നതു തുടര്‍ന്നു. സ്വന്തം നഗ്നവീഡിയോകള്‍ എന്റെ ഫോണിലേക്ക് അയച്ചു. ഭര്‍ത്താവിനെ ഉപേക്ഷിച്ച് തന്റെ പക്കലേക്ക് വരണമെന്നും അല്ലാത്തപക്ഷം ഭര്‍ത്താവിനെ ഉപദ്രവിക്കുമെന്നും പറഞ്ഞു. അയാള്‍ പറഞ്ഞതുപോലെ ചെയ്യുമെന്ന് അറിയാവുന്നതുകൊണ്ടാണ് പരാതി നല്‍കിയത്. ’അവര്‍ പറഞ്ഞു.
കൊലക്കേസില്‍ സുധാകര ജയിലില്‍ കഴിഞ്ഞ ആറുവര്‍ഷം മാത്രമാണ് താന്‍ സമാധാനത്തോടെ ജീവിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികളെയും സഹപ്രവര്ത്തകരെയുമടക്കം നിരവധി പേരെ ഇയാള്‍ ലൈംഗികചൂഷണത്തിനിരയാക്കിയിട്ടുണ്ടെന്ന് വീട്ടമ്മ ആരോപിച്ചു. സുധാകരയെ കാട്ടുകുക്കെ ലോക്കല്‍ കമ്മിറ്റിയില്‍നിന്നു പുറത്താക്കിയതായി സിപിഎം കുമ്പള ഏരിയ സെക്രട്ടറി സി.എ.സുബൈര്‍ പറഞ്ഞു.
അബ്ദുള്‍ ജബ്ബാര്‍ വധക്കേസ്
എന്മകജെ പഞ്ചായത്തിലും സിപിഎമ്മും കോണ്‍ഗ്രസും തമ്മില്‍ നടന്നിരുന്ന ചെറുസംഘര്‍ഷങ്ങള്‍ അവസാനിച്ചത് യൂത്ത് കോണ്‍ഗ്രസ് നേതാവ് അബ്ദുള്‍ ജബ്ബാറിന്റെ (26) കൊലപാതകത്തിലാണ്.
കന്നട മേഖലയിലെ പ്രമുഖ കോണ്‍ഗ്രസ് നേതാവും നിലവില്‍ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന ജെ.എസ്. സോമശേഖരയുടെ ഡ്രൈവര്‍ ആയിരുന്നു ജബ്ബാര്‍. സോമശേഖരയുടെ വിവാഹത്തലേന്ന് 2009 നവംബര്‍ മൂന്നിനാണ് ജബ്ബാറിനെ സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തുന്നത്. പെര്‍ള ഏരിയ സെക്രട്ടറിയായിരുന്ന സുധാകരയുടെ വീടിനുനേരേ ആക്രമണമുണ്ടായതിനു പിന്നാലെയാണ് ജബ്ബാറിന്റെ കൊലപാതകം.
കേസില്‍ ഗൂഢാലോചന നടത്തിയതിന് 2012 മാര്‍ച്ചില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി സുധാകരയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. എന്നാല്‍ 2018 ഏപ്രിലില്‍ ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. ജയിലില്‍ നിന്നിറങ്ങിയ ശേഷം സുധാകര രാഷ്ട്രീയത്തില്‍ സജീവമായിരുന്നില്ല. പക്ഷേ ഇത്തവണത്തെ തദ്ദേശതെരഞ്ഞെടുപ്പില്‍ മത്സരിച്ച സുധാകര വിജയിച്ചു.
സുധാകരയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരേ സോമശേഖരയും സഹോദരന് രാധാകൃഷ്ണനായിക്കും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.
Kerala
ഇടുക്കി: കട്ടപ്പന മേട്ടുകുഴിയിൽ വീട്ടമ്മയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചരൽവിളയിൽ മേരി(63)യാണ് മരിച്ചത്.
വെളുപ്പിനെ ഒന്നോടെ വീട്ടിലെത്തിയ മകനാണ് മൃതദേഹം ആദ്യം കണ്ടത്. ആത്മഹത്യ ആണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തില്‍ വണ്ടൻമേട് പോലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമെ കൂടുതല്‍ വിവരങ്ങള്‍ പറയാനാവൂ എന്ന് പോലീസ് അറിയിച്ചു.
District News
നെടുങ്കണ്ടം: ചേമ്പളം ഇല്ലിപ്പാലത്ത് പടുതാക്കുളത്തില്‍ വീണ് വീട്ടമ്മ മരിച്ചു. കമ്പംമെട്ട് പടലിങ്കല് പരേതനായ ഷാജിയുടെ ഭാര്യ തങ്കമ്മ (55) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. തങ്കമ്മയും മകളും മരുമകനും ചേര്‍ന്ന് ഇല്ലിപ്പാലത്ത് സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്ത് വരികയായിരുന്നു. സംഭവം നടക്കുമ്പോള്‍ മരുമകന് ജോലിക്കും മകള്‍ ആശുപത്രിയിലും പോയിരുന്നു. മൂന്നോടെ തിരിച്ചെത്തിയ മകള്‍ അമ്മയെ കാണാത്തതിനെത്തുടര്‍ന്ന് തെരച്ചില്‍ നടത്തിയപ്പോഴാണ് തങ്കമ്മയെ വീടിന് സമീപത്തെ പടുതാക്കുളത്തില്‍ വീണനിലയില്‍ കണ്ടത്.
തുടര്‍ന്ന് നെടുങ്കണ്ടത്തുനിന്നു പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി പടുതാക്കുളത്തില്നിന്നു തങ്കമ്മയെ പുറത്തെടുത്തെങ്കിലും മരണം സംഭവിച്ചു. നെടുങ്കണ്ടം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. തങ്കമ്മയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
കമ്പംമെട്ടില്നിന്നു 18 മാസം മുമ്പാണ് ഇവര്‍ ഇല്ലിപ്പാലത്ത് സ്ഥലം പാട്ടത്തിനെടുത്ത് താമസം തുടങ്ങിയത്. സോഡിയം കുറയുന്ന അസുഖമുള്ള തങ്കമ്മ ഏതാനും മാസങ്ങള്‍ക്ക് മുമ്പും ഈ പടുതാക്കുളത്തില്‍ വീണിട്ടുണ്ട്. അന്ന് വീട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്. മക്കള്‍: ജിഷ, ജിബിന, ജിനു. മരുമക്കള്‍: ഷിജു, അച്ചു, ജോബിറ്റ്.
Kerala
കൊച്ചി: മുംബൈ പോലീസ് എന്ന വ്യാജേന ആൾമാറാട്ടം നടത്തി എളംകുളം സ്വദേശിനിയും വയോധികയുമായ വീട്ടമ്മയെ കബളിപ്പിച്ച് 6,38,21,864 രൂപ തട്ടിയെടുത്തു. എളംകുളം തൻസീൽ ഷാലറ്റ് ഫ്ലാറ്റ് നമ്പർ 8 സിയിൽ ലീലാ മത്തായി (77) യാണു തട്ടിപ്പിനിരയായത്. വീട്ടമ്മയുടെ പരാതിപ്രകാരം കൊച്ചി സൈബർ പോലീസ് കേസെടുത്തു.
മുംബൈ പോലീസിൽനിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞ പ്രതികൾ മണി ലോൺ ഡ്രിംഗ് ഇടപാടിൽ പ്രതിപ്പട്ടികയിലുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പണം തട്ടിയെടുത്തതായാണു കേസ്. വീട്ടമ്മ സൈബർ പോലീസിൽ നേരിട്ടു നൽകിയ പരാതിയിൽ ഇവരിൽനിന്നു പണം അപഹരിച്ച പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുണ്ട്.
കഴിഞ്ഞ ഒക്ടോബർ മൂന്നു മുതലാണ് പ്രതികൾ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം ട്രാൻസ്ഫർ ചെയ്തത്. ഒന്നുമുതൽ നാലുവരെയുളള പ്രതികളായ പ്രദീപ് ജയ്സ്വാൾ, കീർത്തിശ്രീ, അങ്കിത് തിവാരി, അശോക് മണ്ടേല എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണു പണം അയച്ചിട്ടുള്ളതെന്ന് സൈബർ പോലീസ് പറഞ്ഞു.
പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണവിഭാഗം ശേഖരിച്ചുവരികയാണ്.
Kerala
കണ്ണൂർ: മൂന്നു നായ്ക്കളെ സ്വന്തമായി വളർത്തുകയും 15 നായ്ക്കൾക്കു ഭക്ഷണം നൽകുകയും ചെയ്യുന്ന ബർണശേരി സ്വദേശിനിക്കു മനുഷ്യാവകാശ കമ്മീഷന്റെ മുന്നറിയിപ്പ്.
വളർത്തുനായ്ക്കളെ മാത്രം പരിപാലിക്കണമെന്നും തെരുവുനായ്ക്കൾക്കു പൊതുവഴികളിൽ ഭക്ഷണം നല്കുന്നതു നിർബന്ധമായും ഒഴിവാക്കണമെന്നും കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് കർശന നിർദേശം നൽകി.
തെരുവുനായ്ക്കൾ തങ്ങളുടെ സമാധാന ജീവിതത്തിനു ഭംഗം വരുത്തുന്നുവെന്നാരോപിച്ച് ബർണശേരി സ്വദേശിനി സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. കമ്മീഷന്റെ നിർദേശാനുസരണം പ്രവർത്തി ക്കാമെന്ന് തെരുവുനായ്ക്കൾക്കു ഭക്ഷണം നല്കുന്ന വീട്ടമ്മ ഉറപ്പു നൽകി.
കണ്ണൂർ കന്റോൺമെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറിൽനിന്നു കമ്മീഷൻ റിപ്പോർട്ട് വാങ്ങി. കന്റോൺമെന്റ് പ്രദേശം ചെറുതാണെന്നും നായശല്യം തടയാൻ ഷെൽറ്റർ സ്ഥാപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറഞ്ഞു. 2025 ജൂലൈ14 ന് ആരംഭിച്ച ഷെൽറ്റർ 16 നായ്ക്കൾക്കു വാക്സിനേഷനും വന്ധ്യംകരണവും നടപ്പാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
എതിർകക്ഷിക്കെതിരേ നോട്ടീസ് നല്കാൻ വ്യവസ്ഥയില്ലാത്തതിനാൽ ബോർഡ് പോലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. തുടർന്നാണ് പരാതിക്കാരിയെയും എതിർകക്ഷിയെയും സിറ്റിംഗിൽ വിളിച്ചുവരുത്തി കമ്മീഷൻ നേരിട്ട് നിർദേശം നല്‍കിയത്.
District News
പറവൂർ: വീട്ടമ്മയെ വീടിനുള്ളിൽ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ചിറ്റാറ്റുകര പട്ടണം കണിയാർപാടം പ്രീതി(37)യാണ് മരിച്ചത്. ഇന്നലെ രാവിലെ 9.30ന് പെട്രോൾ ഒഴിച്ച് തീകൊളുത്തി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.
അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. സംസ്കാരം നടത്തി. പറവൂരിൽ ഓട്ടോറിക്ഷ ഡ്രൈവറായ വിനോദാണ് ഭർത്താവ്. മക്കൾ: സൗപർണിക, വൈഷ്ണവ്.
Kerala
പത്തനംതിട്ട: കോഴഞ്ചേരിയിൽ കാണാതായ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. കീഴുകര ചാരക്കുന്നിൽ സാറാമ്മ ശാമുവൽ (86) ആണ് മരിച്ചത്. വീടിന് സമീപത്തെ കാടുമൂടിയ സ്ഥലത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം മുതൽ ഇവരെ കാണാതായതിനെതുടര്‍ന്ന് അന്വേഷണം നടത്തുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല.
Kerala
കോട്ടയം: ഏറ്റുമാനൂരിൽ വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി. പേരൂർ സ്വദേശി ലീന ജോസ് (56) ആണ് മരിച്ചത്. വീടിന്റെ പിൻവശത്താണ് മൃതദേഹം കണ്ടത്.
മൃതദേഹത്തിൽ മുറിവേറ്റ പാടുകൾ ഉണ്ട്. ലീനയെ കൂടാതെ നാല് പേരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഭര്‍ത്താവും രണ്ട് മക്കളും ഭര്‍ത്താവിന്റെ അച്ഛനും. രാത്രി പന്ത്രണ്ടോടെ മകന് വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയില്‍ കണ്ടത്.
വീട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ വിവരം അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. മൃതദേഹം കിടക്കുന്നതിന് സമീപത്ത് നിന്നായി ഒരു കത്തിയും കണ്ടെടിത്തിട്ടുണ്ട്. മരണത്തിൽ ദൂരുഹത ഉണ്ടെന്നാണ് പോലീസ് പറയുന്നത്. പോലീസും ഫോറന്‍സിക് സംഘവും ഉൾപ്പെടെ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Kerala
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ യാത്ര ചെയ്യവേ വീട്ടമ്മയുടെ 20 പവൻ സ്വർണം നഷ്ടമായി. പോത്തൻകോട് വാവറ അമ്പലം സ്വദേശിയായ ഷമീന ബീവിയുടെ സ്വർണമാണ് ബാഗിൽ നിന്ന് കാണാതായത്.
നെടുമങ്ങാട് പനവൂർ ആറ്റിൻ പുറത്തുള്ള മരുമകളുടെ വീട്ടിൽ പോയി തിരികെ വരുമ്പോഴാണ് സംഭവം. ബസിൽനിന്നും പോത്തൻകോട് ബസ് സ്റ്റാൻഡിൽ ഇറങ്ങിയതിനുശേഷം സാധനങ്ങൾ വാങ്ങാൻ ബാഗ് തുറന്നപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതായി അറിയുന്നത്.
സ്വർണം എവിടെവച്ച് നഷ്ടപ്പെട്ടു എന്ന് വ്യക്തമല്ല. നെടുമങ്ങാട്, വെഞ്ഞാറമൂട്, പോത്തൻകോട് പോലീസ് സ്റ്റേഷനുകളിൽ ഷമീന പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.