കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സുജാത.
ഇരിട്ടി: ആറളം പഞ്ചായത്തിലെ കീഴ്പ്പള്ളി അത്തിക്കലിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്കു ഗുരുതര പരിക്ക്. അത്തിക്കൽ കുണ്ടുമാങ്ങോട് റോഡിനോട് ചേർന്ന കൃഷിയിടത്തിൽ മേനമ്പടത്ത് ടോമിയുടെ ഭാര്യ സുജാത(52)യ്ക്കാണു പരിക്കേറ്റത്.
ഇന്നലെ രാവിലെ 10 ഓടെ കൃഷിയിടത്തിൽ കപ്പ പറിക്കാനെത്തിയപ്പോഴായിരുന്നു ആക്രമണം. കുറ്റിക്കാട്ടിൽ പതുങ്ങിക്കിടന്ന കാട്ടുപന്നി സുജാതയെ അപ്രതീക്ഷിതമായി ആക്രമിക്കുകയായിരുന്നു. കഴുത്തിൽ ആഴത്തിലുള്ള മുറിവേറ്റ സുജാതയെ കീഴ്പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
സംഭവസ്ഥലത്ത് സുജാതയുടെ ചെരുപ്പും തോർത്തും ഉൾപ്പടെയുള്ളവ രക്തത്തിൽ കുതിർന്ന നിലയിൽ കണ്ടെത്തിയിരുന്നു. ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടുപന്നി ചുറ്റിത്തിരിയുന്നതു കണ്ടതായി നാട്ടുകാർ പറഞ്ഞു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ, വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോർജ് ആലാംപള്ളി എന്നിവർ ആക്രമണകാരിയായ പന്നിയെ വെടിവച്ചുകൊല്ലാൻ തീരുമാനിച്ചു.
തുടർന്ന് ആക്രമണം നടന്ന സ്ഥലത്തിനു സമീപം തന്പടിച്ച പന്നിയെ പഞ്ചായത്ത് ഷൂട്ടർമാരായ കുര്യൻ കൈപ്പനാനിക്കൽ, ജോബി സെബാസ്റ്റ്യൻ, പി.എം. മാത്യു എന്നിവർ സ്ഥലത്തെത്തി വെടിവച്ചുകൊല്ലുകയായിരുന്നു.
നിയമനടപടികൾ പൂർത്തിയാക്കിയശേഷം പന്നിയെ സംസ്കരിച്ചു. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും എസ്ഐ എൻ. രാജീവന്റെ നേതൃത്വത്തിലുള്ള ആറളം പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി.
Tags : WildBoar Attack Housewife SeriouslyInjured Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash