ഇന്ത്യൻ ബാങ്ക്
ചെന്നൈ: ലൈഫ് ഇൻഷ്വറൻസ്, അസറ്റ് മാനേജ്മെന്റ് മേഖലകളിലേക്ക് പ്രവേശിക്കാനുള്ള ഇന്ത്യൻ ബാങ്കിന്റെ പദ്ധതികൾ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ടുപോകുകയാണെന്ന് ബാങ്ക് എംഡിയും സിഇഒയുമായ ബിനോദ് കുമാർ പറഞ്ഞു. ഇതിനുള്ള അനുമതിക്കായി ഉടൻതന്നെ ബോർഡിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിർദിഷ്ട സബ്സിഡിയറികൾക്കോ സംയുക്ത സംരംഭങ്ങൾക്കോ ആയി ബോർഡിന്റെ അനുമതി തേടുന്ന പ്രക്രിയയിലാണ് ബാങ്ക് നിലവിലുള്ളതെന്നും അതിനുശേഷം മറ്റ് ആവശ്യമായ നടപടികൾ ആരംഭിക്കുമെന്നും കുമാർ പിടിഐക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ശക്തനായ ഒരു പങ്കാളിക്ക് സന്പത്ത് വർധിപ്പിക്കുന്നത് വേഗത്തിലാക്കാൻ കഴിയുമെന്നതിനാൽ, അനുയോജ്യരായ പങ്കാളിയെ കണ്ടെത്തുന്നത് ഈ പ്രക്രിയയിലെ ഒരു പ്രധാന ഘടകമായിരിക്കുമെന്ന് കുമാർ പറഞ്ഞു.
യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷ്വറൻസ് കന്പനിയിൽ 28.52 ശതമാനം ഓഹരി പങ്കാളിത്തത്തോടെ ഇന്ത്യൻ ബാങ്ക് നിലവിൽ ജനറൽ ഇൻഷ്വറൻസ് മേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. 2020-ൽ അലഹാബാദ് ബാങ്കിന്റെ ലയനത്തോടെയാണ് ഈ ഓഹരി പങ്കാളിത്തം ഇന്ത്യൻ ബാങ്കിന് ലഭിച്ചത്.
2007ൽ സ്ഥാപിതമായ യൂണിവേഴ്സൽ സോംപോ ജനറൽ ഇൻഷ്വറൻസ് കന്പനി ലിമിറ്റഡ്, ഇന്ത്യൻ ബാങ്ക് (28.52 ശതമാനം), ഇന്ത്യൻ ഓവർസീസ് ബാങ്ക് (18.06 ശതമാനം), കർണാടക ബാങ്ക് (6 ശതമാനം), ഡാബർ ഇൻവെസ്റ്റ്മെന്റ് കോർപറേഷൻ (12.81 ശതമാനം), ജപ്പാനിലെ പ്രമുഖ ജനറൽ ഇൻഷ്വറൻസ് കന്പനിയായ സോംപോ ജപ്പാൻ ഇൻഷ്വറൻസ് ഇൻക് (ഏറ്റവും കൂടുതൽ ഓഹരിയായ 34.61 ശതമാനം) എന്നിവരുടെ ഒരു സംയുക്തസംരംഭമാണ്.
പശ്ചിമേഷ്യയിലുടനീളമുള്ള വൻകിട ഇന്ത്യൻ പ്രവാസി സമൂഹം മുന്നോട്ടുവയ്ക്കുന്ന ബിസിനസ് സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിനായി ദുബായിൽ ഒരു റെപ്രസെന്റേറ്റീവ് ഓഫിസ് ആരംഭിക്കാൻ ഇന്ത്യൻ ബാങ്ക് ലക്ഷ്യമിടുന്നതായി വ്യക്തമാക്കി.
നിലവിൽ ബാങ്കിന് സിംഗപ്പുരിൽ പൂർണസജ്ജമായ ഒരു അന്താരാഷ്ട്ര ശാഖയും ശ്രീലങ്കയിലെ കൊളംബോ, ജാഫ്ന എന്നിവിടങ്ങളിൽ ശാഖകളുമുണ്ട്.
Tags : IndianBank LifeInsurance Sector Business