ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: കേരളത്തിൽ എയിംസ് സ്ഥാപിക്കുന്നതിനായി കാസർഗോഡ്, തൃശൂർ, കോട്ടയം ജില്ലാ കളക്ടർമാരുടെ റിപ്പോർട്ടുകൾ നിലവിൽ മുഖ്യമന്ത്രിയുടെ പരിഗണനയിലാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അറിയിച്ചു.
കാസർഗോഡ് പെരിയപനയാലിലെ പ്ലാന്റേഷൻ കോർപറേഷന്റെ കൈവശമുള്ള 274.69 ഏക്കർ ഭൂമിയും തൃശൂരിലെ ചാലക്കുടി താലൂക്കിലെ സർക്കാർ പ്രസ്, വൈഗ ത്രെഡ്സ്, കൊരട്ടി സർക്കാർ ആശുപത്രി എന്നിവയുടെ ഭൂമി ഏറ്റെടുത്തു ക്രമീകരിക്കുന്നതിലൂടെ എയിംസ് സ്ഥാപിക്കാമെന്നും ജില്ലാ കളക്ടർമാർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കോട്ടയം വെള്ളൂർ വില്ലേജിൽ കെപിപിഎൽ ഉടമസ്ഥതയിലുള്ള 487.31 ഏക്കർ ഭൂമിയും ഉപയോഗിക്കാം.
ആലപ്പുഴ പുറക്കാടുള്ള 630 ഏക്കർ മണക്കൽ പാടശേഖരം എയിംസിനായി പരിഗണിക്കണമെന്ന നിർദേശം നിലവിൽ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. എന്നാൽ, ഈ ഭൂമി എയിംസ് സ്ഥാപിക്കാൻ അനുയോജ്യമാണെന്ന് ആലപ്പുഴ കളക്ടർ റിപ്പോർട്ട് സമർപ്പിച്ചാൽ ആ സ്ഥലവും സർക്കാർ പരിശോധിക്കും.
എയിംസ് സ്ഥാപിക്കാനായി കുറഞ്ഞത് 200 ഏക്കർ തർക്കരഹിതവും തുടർച്ചയായതുമായ ഭൂമി, ദേശീയപാതയിലേക്കും റെയിൽവേ സ്റ്റേഷനിലേക്കും വിമാനത്താവളത്തിലേക്കുമുള്ള ഗതാഗതസൗകര്യം, കുടിവെള്ള ലഭ്യത, വൈദ്യുതി സൗകര്യം തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി വിശദമായ പ്രായോഗികതാ റിപ്പോർട്ട് സമർപ്പിക്കാൻ തിരുവനന്തപുരം, കോട്ടയം, കോഴിക്കോട്, കാസർഗോഡ്, തൃശൂർ, ആലപ്പുഴ ജില്ലാ കളക്ടർമാരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ജി. സുധാകരന്റെ ശ്രദ്ധക്ഷണിക്കലിന് മന്ത്രി കെ. മുരളീധരൻ മറുപടി നൽകി.
Tags : CollectorsReport consideration KMuraleedharan CollectorReport KPPL KeralaPolitics Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash Niyamasabha