District News
മണ്ണാർക്കാട്: അനധ്യാപകരുടെ പ്രശ്നങ്ങളിൽ കൂടുതൽ പരിഗണന കാണിക്കേണ്ട സമയം അതിക്രമിച്ചെന്ന് വി.കെ. ശ്രീകണ്ഠൻ എംപി. ജീവനക്കാർക്കും അധ്യാപകർക്കും കുട്ടികൾക്കും സ്വസ്ഥമായ അന്തരീക്ഷം വിദ്യാലയത്തിൽ ഉണ്ടാകണം. ശമ്പളമില്ലാതെ പ്രവർത്തിക്കുന്ന ജീവനക്കാരുടെ മാനസികാവസ്ഥ സർക്കാർ കാണണം. അത്തരം സാഹചര്യത്തിൽ പ്രവർത്തിക്കുമ്പോൾ സമ്മർദ്ദം കുട്ടികൾക്കും പൊതു വിദ്യാഭ്യാസരംഗത്തും ഉണ്ടാകും.
വിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ ഇല്ലാതാക്കുന്ന സാഹചര്യം ഒരു ഭാഗത്തുനിന്നും ഉണ്ടാകരുത്. യുഡിഎഫിന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വന്നാൽ അനധ്യാപകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുൻകൈയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള എയ്ഡഡ് സ്കൂൾ നോൺ ടീച്ചിംഗ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന പ്രതിനിധി സമ്മേളനം മണ്ണാർക്കാട് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് ഷിനോജ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു. എൻ. ഷംസുദ്ദീൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തി. നഗരസഭ ചെയർപേഴ്സൺ കെ. സജ്ന വിദ്യാഭ്യാസ അവാർഡ് ദാനം നിർവഹിച്ചു.
Kerala
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ വീണ്ടുമൊരു കേസ്കൂടി രജിസ്റ്റർ ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം ആലോചിക്കുന്നു. ശബരിമല സ്വർണക്കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചതുമായി ബന്ധപ്പെട്ടാകും കേസ്.
കൊടിമരം ചിതലരിച്ചതായും പുനഃപ്രതിഷ്ഠ നടത്തണമെന്നുമുള്ള തീരുമാനവുമായി ബന്ധപ്പെട്ടാണിത്. പുനഃപ്രതിഷ്ഠാ നടപടി തുടങ്ങിയപ്പോൾ കൊടിമരം കോണ്‍ക്രീറ്റിൽ തീർത്തതാണെന്നു കണ്ടെത്തിയതാണ് സംശയങ്ങൾക്കിടയാക്കിയത്.
കേസിൽ ആരെയൊക്കെ പ്രതിയാക്കണമെന്നു പരിശോധനകൾക്കു ശേഷമാകും പ്രത്യേക അന്വേഷണ സംഘം തീരുമാനിക്കുക. രണ്ടു പതിറ്റാണ്ടായുള്ള ശബരിമലയിലെ നടപടി അന്വേഷിക്കണമെന്ന ഹൈക്കോടതി നിർദേശം അടിസ്ഥാനമാക്കിയാണു കൊടിമര പുനഃപ്രതിഷ്ഠ സംബന്ധിച്ചും അന്വേഷിക്കാൻ ആലോചിക്കുന്നത്.
നേരത്തേ തടിയിൽ തീർത്ത കൊടിമരമായിരുന്നു. എന്നാൽ കോണ്‍ക്രീറ്റ് കൊടിമരം നിർമിച്ചതു സംബന്ധിച്ച രേഖകളൊന്നും ഇപ്പോൾ കണ്ടെത്താനാകാത്തതാണു പ്രത്യേക അന്വേഷണ സംഘത്തിൽ സംശയമുണ്ടാക്കിയത്.
കൊടിമരം പുനഃപ്രതിഷ്ഠ നടത്താൻ തീരുമാനിച്ചത് 2014 മുതലാണ്. അതിനാൽ 2014മുതലുള്ള നടപടി പരിശോധിക്കും. കോണ്‍ക്രീറ്റ് തൂണിൽ ചിതലരിച്ചതും പുനഃപ്രതിഷ്ഠയ്ക്കായി ഹൈദരാബാദിലെ സ്പോണ്‍സറെ കണ്ടെത്തിയതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആദ്യ കേസിൽ മുഖ്യ സൂത്രധാരൻ ഉണ്ണികൃഷ്ണൻ പോറ്റിക്കു ജാമ്യം ലഭിക്കുന്ന സാഹചര്യത്തിൽ കുറ്റപത്രം വൈകാതെ സമർപ്പിക്കുന്നതും പരിഗണിക്കുന്നു.
അതേസമയം, സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് വൈകാതെ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നാണു പ്രത്യേക അന്വേഷണ സംഘം പറയുന്നത്.
Kerala
കോട്ടയം: യുഡിഎഫ് നല്കിയതിനേക്കാള് സീറ്റും പരിഗണനയും കേരള കോണ്‍ഗ്രസ് എമ്മിന് എല്‍ഡിഎഫില്‍ ലഭിക്കുന്നുണ്ടെന്ന് ചെയര്മാന് ജോസ് കെ. മാണി എംപി. തദ്ദേശ തെരഞ്ഞെടുപ്പില്‍ 1200ലധികം സീറ്റുകളിലാണ് പാര്‍ട്ടി മത്സരിക്കുന്നതെന്നും കോട്ടയം പ്രസ് ക്ലബിൽ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
കോട്ടയം ജില്ലയില്‍ 470 സീറ്റുകളിലും ജനവിധി തേടുന്നു. യുഡിഎഫ് മുന്നണിയിലായിരുന്നപ്പോള്‍ ഇത്രയും പരിഗണനയും സീറ്റും ലഭിച്ചിട്ടില്ല. ആയിരത്തില്‍ താഴെ സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. എല്ലാ ജില്ലയിലും സാന്നിധ്യമറിയിക്കാന്‍ കേരള കോണ്‍ഗ്രസ് എമ്മിനു സാധിക്കുന്നുണ്ട്. യുഡിഎഫില്‍ സീറ്റ് ലഭിക്കുമ്പോള്‍ ഒപ്പം റിബലുകളെയും ലഭിക്കും. ഇപ്പോള്‍ അതില്ല. പലവാര്‍ഡുകളിലും സ്ഥാനാര്‍ഥികളില്ലാതെ യുഡിഎഫ് തകര്‍ച്ചയിലേക്കു പോകുകയാണ്. കോണ്‍ഗ്രസിനെതിരേ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലുള്ളവര്‍ റിബലായി മത്സരിക്കുന്നു. എല്‍ഡിഎഫിനൊപ്പം ഉറച്ചുനില്‍ക്കുന്ന നിലപാടാണ് കേരള കോണ്‍ഗ്രസ് എമ്മിനുള്ളത്.
തീവ്രവര്‍ഗീയ ശക്തികളുമായി യുഡിഎഫ് പ്രത്യക്ഷത്തില്‍തന്നെ കൂട്ടുകൂടുകയാണ്. മതസൗഹാര്‍ദം ആഗ്രഹിക്കുന്നവര്‍ എല്‍ഡിഎഫിനൊപ്പം നില്ക്കും.
ബിജെപിയുമായി യുഡിഎഫിനു പലയിടത്തും അന്തര്‍ധാരയുണ്ട്. പാലാ നഗരസഭയിലുള്‍പ്പടെ സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കുന്നവര്ക്കെതിരേ യുഡിഎഫും ബിജെപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. യുഡിഎഫുമായി അകന്നുനിന്ന സമയത്ത് രണ്ടരമാസം അവരുടെ നിലപാട് നോക്കിയിരുന്നു. തുടര്‍ന്നു എല്‍ഡിഎഫില്‍ ചേരുകയായിരുന്നു.
ജനകീയ വിഷയങ്ങള്‍ ഏറ്റെടുത്തു കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തനം സജീവമാക്കുന്നു. ലേബര്‍ കോഡ്, വനം-വന്യജീവി ഭേദഗതി, ഭൂപതിവ് ഭേദഗതി, റബര്‍, നെല്ല് താങ്ങുവില തുടങ്ങി എല്ലാ വിഷയങ്ങളിലും കേരള കോണ്‍ഗ്രസ് എം നിലപാട് വ്യക്തമാക്കുകയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും ചെയ്തുവെന്നും ജോസ് കെ. മാണി പറഞ്ഞു.
എല്‍ഡിഎഫ് സര്‍ക്കാര്‍ സമ്പൂര്‍ണവിജയമാണ്. കഴിഞ്ഞ പ്രവിശ്യത്തെക്കാള്‍ കൂടുതള്‍ സീറ്റുകളില്‍ എല്‍ഡിഎഫ് വിജയിച്ചു അധികാരത്തിലെത്തും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസസമിയെ നിശ്ചയിക്കുമ്പോള്‍ കേരള കോണ്‍ഗ്രസ് എമ്മിനു മുഖ്യപങ്ക് വഹിക്കാനാകും. അടുത്ത തെരഞ്ഞെടുപ്പില്‍ കൈവിട്ടുപോയ പാലാ, കടുത്തുരുത്തി, ചാലക്കുടി, പെരുമ്പാവൂര്‍ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.