സുപ്രീംകോടതി.
ന്യൂഡൽഹി: അനധികൃത സ്വത്തുസമ്പാദന കേസിൽ പൊതുപ്രവർത്തകനോ ഉദ്യോഗസ്ഥനോ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതായി പ്രോസിക്യൂഷൻ തെളിയിച്ചാൽ അതിന്റെ നിയമപരമായ ഉറവിടം വ്യക്തമാക്കേണ്ട ചുമതല പ്രതിക്കു മാത്രമാണെന്ന് സുപ്രീംകോടതി.
പ്രതിയുടെ സാമ്പത്തിക സ്രോതസുകളെക്കുറിച്ച് പ്രത്യേകം അന്വേഷണം നടത്തേണ്ടതില്ലെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി.
കേരളത്തിലെ മുൻ സബ് രജിസ്ട്രാർ നൽകിയ അപ്പീൽ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റീസുമാരായ വിക്രം നാഥ്, പി.ബി. വരാലെ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർണായക ഉത്തരവ്.
ഒരു പൊതുപ്രവർത്തകന്റെയോ ഉദ്യോഗസ്ഥന്റെയോ വരുമാനസ്രോതസുകൾ രേഖകളിൽ ഇല്ലാത്തതാണെങ്കിൽ അതിനെക്കുറിച്ച് അന്വേഷിക്കേണ്ട ബാധ്യത അന്വേഷണ ഏജൻസികൾക്കില്ല. പ്രോസിക്യൂഷൻ അടിസ്ഥാനവിവരങ്ങൾ തെളിയിച്ചാൽ അധികമായി വന്ന സ്വത്തിന്റെ കൃത്യമായ സ്രോതസ് വിശ്വസനീയമായ തെളിവുകൾ സഹിതം വെളിപ്പെടുത്തേണ്ടതു പ്രതിയുടെ ചുമതലയാണ്-കോടതി വ്യക്തമാക്കി.
1993 ജനുവരി മുതൽ 2001 ജനുവരി വരെയുള്ള കാലയളവിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസിൽ ഹൈക്കോടതി നൽകിയ ശിക്ഷാവിധിക്കെതിരേയാണ് മുൻ സബ് രജിസ്ട്രാർ സുപ്രീംകോടതിയെ സമീപിച്ചത്.
ഹർജി തള്ളിയ സുപ്രീംകോടതി, രണ്ടാഴ്ചയ്ക്കകം വിചാരണക്കോടതിയിൽ കീഴടങ്ങി ബാക്കി ശിക്ഷ അനുഭവിച്ചുതീർക്കാൻ പ്രതിയോടു നിർദേശിച്ചു.
Tags : SupremeCourt Burden Accused Solely Proving SourceOfIncome Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash