ആരോഗ്യമന്ത്രി കെ. മുരളീധരൻ
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസ് കോർപറേഷൻ മുഖേന വാങ്ങിയ കാലാവധി കഴിഞ്ഞ റംഡിസിവർ മരുന്ന് നിപ, കോവിഡ് രോഗികൾക്കു നൽകിയിരുന്നതായി സംശയിക്കുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ അറിയിച്ചു.
കോഴിക്കോട് മെഡിക്കൽ കോളജിലെ രേഖകളനുസരിച്ച് 2023, 2024, 2025 വർഷങ്ങളിൽ നിപ രോഗികൾക്ക് നൽകിയ റംഡിസിവർ മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്നു സംശയിക്കുന്നു. ഇതിനാൽ, ഡിഎംഇ, ഡിഎച്ച്എസ് വഴി സമാനരീതിയിൽ റംഡിസിവർ മരുന്ന് നൽകിയിട്ടുള്ള മുഴുവൻ രോഗികളുടെയും വിവരം ലഭ്യമാക്കുന്നതിനു നിർദേശം നൽകിയിട്ടുണ്ട്.
2023ൽ ആറ് നിപ കേസുകൾ റിപ്പോർട്ട് ചെയ്തതിൽ രണ്ടുപേരും 2024ൽ രണ്ടു കേസുകളിൽ രണ്ടുപേരും 2025ൽ മൂന്നു കേസുകളിൽ രണ്ടുപേരും മരിച്ചിരുന്നു. കാലാവധി കഴിഞ്ഞ മരുന്ന് ഉപയോഗിച്ചതുകൊണ്ടാണോ നിപ ബാധിതരായ രോഗികൾ മരിച്ചതെന്നും മരുന്നു നൽകിയ മറ്റു രോഗികൾക്ക് എന്തെങ്കിലും പാർശ്വഫലങ്ങളുണ്ടോയെന്നും പരിശോധിക്കുന്നതിന് ഇൻഫക്ഷൻ ഡിസീസ് മേധാവി ഡോ. അരവിന്ദിന്റെ നേതൃത്വത്തിൽ മെഡിക്കൽ ബോർഡ് രൂപീകരിച്ച് വിശദമായി അന്വേഷണം നടത്തുന്നതിനു നിർദേശം നൽകും.
അടിയന്തര സാഹചര്യം നേരിടുന്നതിനായി രോഗികളുടെ ചികിത്സയ്ക്കും ജീവൻരക്ഷാ ആവശ്യങ്ങൾക്കുമായി റംഡിസിവർ മരുന്ന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന മാത്രമേ ആരോഗ്യ സ്ഥാപനങ്ങളിൽ വിതരണം ചെയ്തിരുന്നുള്ളൂ.
അവസാനമായി 2021 ജൂണിലാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ കാരുണ്യ വഴി റംഡിസിവർ വാങ്ങിയത്. 3000 വയലിന്റെ വില 42 ലക്ഷം രൂപയാണ്. ഇപ്രകാരം വാങ്ങി വിതരണം ചെയ്ത മരുന്നിന്റെ എക്സ്പെയറി ഡേറ്റ് 2023 മേയ് 30നായിരുന്നു.
അവശ്യമരുന്ന് വിഭാഗത്തിൽപ്പെട്ട നോ ബിഡർ ഇനമായതിനാൽ കാരുണ്യ വഴി മാത്രമേ വാങ്ങിയിട്ടുള്ളൂ. കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നു ലഭിച്ച റിപ്പോർട്ട് പ്രകാരം മരുന്ന് 2023-24ൽ 102 വയലും 2024-25ൽ 34 വയലും 2025-26ൽ 10 വയലും 2026-27ൽ 50 വയലും ഉപയോഗിച്ചിട്ടുണ്ട്. 2026-27 സാന്പത്തികവർഷം ഉപയോഗിച്ച 50 വയൽ മരുന്ന് 2026 ജൂണ് 12ന് ബഹ്റിനിൽനിന്നു വരുത്തി നിപ രോഗിക്കു നൽകിയതാണെന്നും മാത്യു കുഴൽനാടന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
തിരുവനന്തപുരം: സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) എന്ന അപൂർവ ജനിതക രോഗം ബാധിച്ച കുട്ടികളിൽ അർഹരായ മുഴുവൻ പേർക്കും ഇപ്പോൾ നൽകിവരുന്ന നാറ്റ്സ്മാർട്ട് മരുന്ന് ജീവിതകാലം മുഴുവൻ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ എസ്എംഎ ക്ലിനിക്കിലൂടെ മരുന്നും അനുബന്ധ ചികിത്സകളും ലഭ്യമാക്കുന്നുണ്ട്.
Tags : Investigation COVIDPatients ExpiredMedicine Promises KMuraleedharan Niyamasabha Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash