Kerala
കൊച്ചി: വര്ധിച്ചുവരുന്ന കാന്സര് രോഗനിരക്കിനു തടയിടാനും രോഗനിര്ണയത്തിലും ചികിത്സയിലും പുതിയ ശാസ്ത്രീയ മുന്നേറ്റങ്ങള് കൈവരിക്കാനുമുള്ള സംരംഭങ്ങള്ക്ക് സംസ്ഥാന സര്ക്കാരിന്റെ പൂര്ണ പിന്തുണ വാഗ്ദാനം ചെയ്ത് ആരോഗ്യമന്ത്രി കെ. മുരളീധരന്.
ആസ്റ്റര് ഇന്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി കൊച്ചിയില് സംഘടിപ്പിക്കുന്ന ആസ്റ്റര് ക്വാളിറ്റി കെയര് കാന്സര് കോണ്ക്ലേവ് ഓണ്ലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാന്സര് രോഗികള്ക്കും അര്ബുദത്തെ അതിജീവിച്ചവര്ക്കും അവരെ പരിചരിക്കുന്ന കുടുംബാംഗങ്ങള്ക്കുമായി ആസ്റ്റര് ഇന്റര്നാഷണല് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി ഒരുക്കുന്ന പ്രത്യേക പിന്തുണാപദ്ധതിയായ സഖിയുടെ അഞ്ചാമത്തെ പതിപ്പിന്റെ ലോഞ്ച് സിനിമാതാരം ദിവ്യപിള്ളയും എക്യൂസികോണ് ചെയര്പേഴ്സണ് ഡോ. ജെം കളത്തിലും ചേര്ന്ന് നിര്വഹിച്ചു.
Kerala
തിരുവനന്തപുരം: യുഡിഎഫ് കൺവീനർ അടൂര് പ്രകാശിന്റെ വിമർശനങ്ങൾ കോൺഗ്രസിൽ പുതിയ പോർമുഖം തുറന്ന സാഹചര്യത്തിൽ പ്രതികരണവുമായി മന്ത്രി കെ. മുരളീധരന്. അറിയേണ്ട കാര്യങ്ങള് എല്ലാം കൃത്യമായി മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്നും ഇതിൽ തനിക്കിപ്പോൾ പരാതി ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പല കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്ന് താന് നേരത്തെ വ്യക്തമാക്കിയതാണെന്നും മന്ത്രി പറഞ്ഞു. "ഒന്നുമറിയുന്നില്ലെന്ന് പണ്ട് പറഞ്ഞപ്പോള് എന്നെ കൊത്തിപ്പറിച്ചവരാണ് പലരും. പാര്ട്ടിക്കകത്ത് കാര്യം പറയണമെന്ന് വലിയ ഉപദേശം ആയിരുന്നു അന്ന്. ഇപ്പോള് അറിയേണ്ട കാര്യങ്ങള് എല്ലാം കൃത്യമായി മുഖ്യമന്ത്രി അറിയിക്കാറുണ്ട്. കെപിസിസി അധ്യക്ഷനുമായി നിരന്തരം സംസാരിക്കാറുണ്ട്'- കെ. മുരളീധരന് പറഞ്ഞു.
വ്യാഴാഴ്ചയായിരുന്നു അടൂര് പ്രകാശ് മുഖ്യമന്ത്രി വി.ഡി. സതീശനെതിരേ വാര്ത്താസമ്മേളനത്തില് തന്റെ അതൃപ്തി വ്യക്തമാക്കിയത്. യുഡിഎഫില് കൂടിയാലോചനകള് നടക്കുന്നില്ലെന്നും ചര്ച്ചയില്ലാതെയാണ് തീരുമാനങ്ങള് എടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. യുഡിഎഫ് യോഗം പോലും വിളിക്കുന്നില്ല. തീരുമാനങ്ങള് അറിയുന്നത് മാധ്യമങ്ങളിലൂടെയാണെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ദാരിദ്യരേഖയ്ക്കു താഴെയുള്ളവർക്ക് ഹൃദയാഘാതം നേരത്തേ തിരിച്ചറിയുന്ന പരിശോധന സൗജന്യമാക്കുമെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ എഎംസിഎച്ച്എസ്എസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഫലപ്രദമായ ഹൃദയ പരിശോധന സാധാരണക്കാർക്കും ഉറപ്പാക്കുകയാണ് ലക്ഷ്യം.
ഇസിജിയിലും മറ്റും കൃത്യമായ ഫലം കിട്ടാൻ പ്രയാസമുണ്ടായേക്കാം. ഹൃദയാഘാതം വേഗത്തിൽ തിരിച്ചറിയുന്ന ട്രോപ്പ് ടി പരിശോധന ബിപിഎൽ വിഭാഗത്തിനു സൗജന്യമാക്കും. എല്ലാവർക്കും സംരക്ഷണം കൊടുക്കേണ്ട ഉത്തരവാദിത്വം സർക്കാരിനുണ്ട്. സ്വകാര്യ ആശുപത്രികൾ സംഘടിപ്പിക്കുന്ന മെഡിക്കൽ ക്യാമ്പുകൾ പലപ്പോഴും സാധാരണക്കാർക്ക് അപ്രാപ്യമാണ്.
സമൂഹത്തിന്റെ താഴെത്തട്ടിലുള്ളവർക്കായി മെഡിക്കൽ ക്യാമ്പ് നടത്തുന്നതു സർക്കാർ പ്രോത്സാഹിപ്പിക്കും. സമീപ പ്രദേശത്ത് മെഡിക്കൽ ക്യാമ്പ് നടന്നാൽ തീർച്ചയായും അതിൽ പങ്കെടുക്കണം. രോഗം നേരത്തേ തിരിച്ചറിയുന്നത് ഏറെ പ്രധാനമാണ്. മരുന്നുകളുടെ ലഭ്യത സർക്കാർ ഉറപ്പാക്കും. മരുന്നിന്റെ പേരിൽ കമ്മിഷൻ വാങ്ങാൻ ആരെയും അനുവദിക്കില്ലെന്നു മന്ത്രി വ്യക്തമാക്കി.
ആരോഗ്യമുള്ള കേരളത്തെ വാർത്തെടുക്കുകയാണു ലക്ഷ്യം. കഴിക്കുന്ന ഭക്ഷണവും ശ്വസിക്കുന്ന വായുവും ശുദ്ധമായിരിക്കണം. നന്നായി ഭക്ഷണം കഴിക്കുന്നതിനൊപ്പം കൃത്യമായ വ്യായാമത്തിനും സമയം കണ്ടെത്തണം. ആരോഗ്യകാര്യത്തിൽ ജാഗ്രത പുലർത്തിയാൽ രോഗം തടയാനാകും. അമിത മദ്യപാനം, പുകവലി തുടങ്ങിയവ രോഗങ്ങൾ ക്ഷണിച്ചുവരുത്തും.
ലഹരിക്കെതിരേ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ജനങ്ങൾ ഏറ്റെടുത്തതായും അദ്ദേഹം അറിയിച്ചു.
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടർ ഡോ. സഞ്ജയ് ബെഹാരി അധ്യക്ഷനായി. കേരള സംഗീത നാടക അക്കാദമി ചെയർമാൻ ജി. വേണുഗോപാൽ, ശ്രീചിത്ര തിരുന്നാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജി ഹൃദ്രോഗ വിഭാഗം തലവൻ ഡോ. കെ.കെ. നാരായണൻ നമ്പൂതിരി, മെഡിക്കൽ സൂപ്രണ്ട് ഡോ. എച്ച്.വി. ഈശ്വർ, നഴ്സിംഗ് സൂപ്രണ്ട് ഒ. നിർമല, ഡോ. അരുൺ ഗോപാലകൃഷ്ണൻ, ഡോ. ദീപ.എസ്. കുമാർ, കെ.കെ. ശ്രീനാഥ്, വിദ്യാർഥികൾ, അധ്യാപകർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Kerala
തിരുവനന്തപുരം: മരുന്നുവാങ്ങൽ നടപടികളുടെ ഭാഗമായുള്ള ടെൻഡറിൽനിന്ന് ഇടനിലക്കാരെ ഒഴിവാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ. ഇനിമുതൽ ടെൻഡറിൽ മരുന്ന് കന്പനികൾ നേരിട്ടു പങ്കെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ഇറക്കുമതി മരുന്നുകളാണെങ്കിൽ നേരിട്ടുള്ള ഏജൻസികൾക്കും ടെൻഡറിൽ പങ്കെടുക്കാം. അടുത്ത വർഷത്തേക്കുള്ള പർച്ചേസ് നടപടികൾ അടുത്തമാസം ആരംഭിക്കും. കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്സിഎൽ) മുഖേനയുള്ള ആരോഗ്യവകുപ്പിന്റെ മരുന്നുസംഭരണ നടപടികൾ സുതാര്യമാക്കാനും ജനങ്ങൾക്ക് നിലവാരമുള്ള ബ്രാൻഡഡ് മരുന്നുകൾ ലഭ്യമാക്കാനുമാണു നടപടിയെന്നു മന്ത്രി വ്യക്തമാക്കി.
കുറഞ്ഞതു രണ്ടു സംസ്ഥാനങ്ങളിലെങ്കിലും സർക്കാർ മേഖലയിൽ വിതരണം ചെയ്യുന്ന മരുന്നുകൾ മാത്രമേ കേരളത്തിനും ലഭ്യമാക്കാവൂ. ഈ വർഷം ഫെബ്രുവരിയിൽ പർച്ചേസ് ഓർഡർ നൽകിയ കന്പനികൾ പലതും കെഎംഎസ്സിഎല്ലിനു മാത്രമായി പ്രത്യേകം മരുന്ന് നിർമിച്ചുനൽകുന്നവയാണെന്ന് കണ്ടെത്തിയിരുന്നു.
സംസ്ഥാനത്ത് ഏറ്റവും വിലകുറച്ച് ബ്രാൻഡഡ് മരുന്ന് ലഭ്യമാക്കുന്ന തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഇൻഹൗസ് ഡ്രഗ് ബാങ്ക് പർച്ചേസ് ചെയ്യുന്നതിനേക്കാൾ കുറഞ്ഞ വിലയിലായിരിക്കണം കെഎംഎസ്സിഎൽ മരുന്ന് സംഭരിക്കേണ്ടത്.
ഓരോ വർഷവും മരുന്നുകൾ വാങ്ങുന്ന വില വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ഇടനിലക്കാരെ കെഎംഎസ്സിഎല്ലിൽ പ്രവേശിപ്പിക്കുകയോ ഇവരിൽനിന്നു പാരിതോഷികം വാങ്ങുകയോ ചെയ്യരുത്.
കെഎംഎസ്സിഎല്ലിനു വിതരണം ചെയ്യുന്ന മരുന്നിന്റെ ഏതെങ്കിലും ബാച്ച് നിലവാരമില്ലെന്നു കണ്ടെത്തിയാൽ ആ കന്പനിയെ സ്ഥിരമായി കരിന്പട്ടികയിൽ ഉൾപ്പെടുത്തും. വളരെ ഉയർന്നനിരക്കിലാണ് കെഎംഎസ്സിഎൽ നിലവിൽ മരുന്ന് സംഭരിച്ചുകൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Kerala
തൃശൂർ: പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ മുതൽ മെഡിക്കൽ കോളജുകൾ വരെയുള്ള സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേണ് പരിഷ്കരിക്കുമെന്നു ആരോഗ്യമന്ത്രി കെ. മുരളീധരൻ. തൃശൂർ ഗവ. മെഡിക്കൽ കോളജിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ 1960കളിലെ സ്റ്റാഫ് പാറ്റേണ് ആണ് പിന്തുടരുന്നത്. കൂടുതൽ ഡോക്ടർമാരെ നിയമിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. മരുന്നില്ലാതെ രോഗികൾ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാകില്ല. ആശുപത്രികളിൽ മികച്ച സൗകര്യമൊരുക്കാൻ പ്രതിജ്ഞാബദ്ധമെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ദേവസ്വം ബോര്ഡുമായി ഏറ്റുമുട്ടാന് ആഗ്രഹിക്കുന്നില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്. ശബരിമലയിലെ പ്രശ്നങ്ങള് പരിഹരിക്കണമെന്നാണ് സര്ക്കാരിന്റെ ആഗ്രഹം.
പരിഹരിക്കും പരിഹരിക്കും എന്ന് വാക്കാല് പറഞ്ഞാല് പോരാ. ഇതുവരെ ബോര്ഡ് സ്വീകരിച്ച നടപടികളില് സര്ക്കാരിന് അതൃപ്തിയുണ്ടെന്നും ഇക്കാര്യം താന് മുമ്പു പരസ്യമായി പറഞ്ഞിട്ടുണ്ടെന്നും മുരളീധരന് തിരുവനന്തപുരത്ത് മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്കു മറുപടിയായി അറിയിച്ചു.
ഇത്തവണത്തെ ശബരിമല ദര്ശനം സുഗമമായി നടക്കണം. അല്ലെങ്കില് അതിന്റെ ഉത്തരവാദിത്തം മുഴുവന് വരുന്നത് സര്ക്കാരിനാണ്. പ്രശ്നങ്ങള്ക്ക് പരിഹാരം കാണാനാണ് ശ്രമിക്കുന്നത്. പരിഹാരമുണ്ടായില്ലെങ്കില് മറ്റ് നടപടികളെക്കുറിച്ച് അപ്പോള് ആലോചിക്കും.
ദേവസ്വം ബോര്ഡ് പ്രസിഡന്റിന്റെ രാജിയെക്കുറിച്ചൊന്നും ചര്ച്ചചെയ്യേണ്ട ആവശ്യമില്ല. അത് സര്ക്കാരിന്റെ അജണ്ടയിലുള്ള കാര്യമല്ലെന്നും മുരളീധരന് കൂട്ടിച്ചേര്ത്തു.
Kerala
തിരുവനന്തപുരം: ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരങ്ങളും പരിശോധന സമയവും ഉൾപ്പെടെ പരസ്യപ്പെടുത്തണമെന്ന് ഉത്തരവ്. പ്രാഥമികാരോഗ്യകേന്ദ്രങ്ങള് മുതല് താലൂക്ക് ആശുപത്രികളില് വരെ പൂര്ണ വിവരങ്ങള് പരസ്യപ്പെടുത്താനാണ് നിർദേശം.
ആശുപത്രികളിലെ തസ്തികകള്, നിലവിലെ ഡോക്ടർമാരുടെ എണ്ണം, ഡോക്ടർമാരുടെ ഒഴിവുകള്, പരിശോധന സമയം എന്നിവ രേഖപ്പെടുത്താനാണ് ഉത്തരവ്. പരാതി പരിഹാര സംവിധാനത്തിന്റെ ഭാഗമായിട്ടുള്ളവരുടെ വിവരങ്ങള് പരസ്യപ്പെടുത്താനും ഉത്തരവിൽ പറയുന്നു.
Kerala
കോഴിക്കോട്: മനുഷ്യൻ മൃഗങ്ങളെ ഉപദ്രവിച്ചിരുന്ന കാലം മാറി ഇന്ന് മൃഗങ്ങൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്ന ഭീതിജനകമായ സാഹചര്യമാണ് നിലവിലുള്ളതെന്ന് മന്ത്രി കെ. മുരളീധരൻ. നിലവിലുള്ള നിയമങ്ങൾ ഇതേ രീതിയിൽ തുടരുകയും പുതിയ നിയമങ്ങൾ പൂർണമായി പ്രായോഗികമാക്കുകയും ചെയ്താൽ മനുഷ്യർക്ക് പല പ്രദേശങ്ങളും ഒഴിഞ്ഞുനൽകേണ്ടി വരും. അങ്ങനെയൊരു അവസ്ഥ വന്നാൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയുടെ ചെയർമാൻ സ്ഥാനത്ത് കടുവയും കൽപ്പറ്റ നഗരസഭയുടെ ചെയർമാൻ സ്ഥാനത്ത് ആനയും കയറിയിരിക്കുന്ന സ്ഥിതിയായിരിക്കും സംജാതമാകുകയെന്നും അദ്ദേഹം പരിഹസിച്ചു.
ഈ ഗുരുതരമായ സാഹചര്യത്തിലും നീതിന്യായ കോടതികളുടെ ഭാഗത്തുനിന്നും മൃഗങ്ങൾക്ക് അനുകൂലമായ സമീപനങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘർഷങ്ങളിൽ കോടതികൾ മൃഗങ്ങളുടെ പക്ഷം ചേർത്തുയർത്തുന്ന നയങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ട്. തെറ്റുകൾ ചൂണ്ടിക്കാണിക്കുന്നത് കോടതി അലക്ഷ്യമായി കാണേണ്ടതില്ല.
മണ്ണിൽ വിയർപ്പൊഴുക്കി പൊന്നുവിളയിച്ച കർഷകർക്ക് സ്വന്തം ഭൂമിയിൽ നിന്ന് ഇറങ്ങിപ്പോകേണ്ടി വരുന്ന സാഹചര്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ഏത് സർക്കാരുകൾ അധികാരത്തിൽ വന്നാലും എക്കാലത്തും കർഷകരുടെയും ജനങ്ങളുടെയും പക്ഷത്താണ് നിലകൊണ്ടിട്ടുള്ളത്.
മുൻകാലങ്ങളിൽ മനുഷ്യർ കാട്ടിലെത്തി മൃഗങ്ങളെ ആക്രമിച്ചിരുന്ന സാഹചര്യത്തിലാണ് ചില കർശന നിയമങ്ങൾ നിർമിക്കപ്പെട്ടത്. എന്നാൽ ഇന്നത്തെ സ്ഥിതി തികച്ചും വ്യത്യസ്തമാണ്. 1972-ൽ കേന്ദ്ര സർക്കാർ നടപ്പിലാക്കിയ വനനിയമങ്ങൾ അക്കാലത്ത് അനുയോജ്യമായിരുന്നുവെങ്കിലും, ഇന്നത്തെ മാറിയ സാഹചര്യത്തിൽ അതിന് പ്രസക്തിയില്ല. മാനന്തവാടിയിലും കുറ്റ്യാടിക്ക് സമീപവുമെല്ലാം കാട്ടാനയുടെയും കാട്ടുപോത്തിന്റെയും ആക്രമണത്തിൽ സാധാരണക്കാരായ കർഷകർ ദാരുണമായി കൊല്ലപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോൾ, 1972-ലെ പഴയ നിയമങ്ങൾ മാത്രം ചൂണ്ടിക്കാണിച്ചിട്ട് കാര്യമില്ലെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
കാലം മാറുന്നതനുസരിച്ച് ഭരണഘടനയിൽപോലും നിരവധി തവണ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതുപോലെ, ഇന്നത്തെ ആവശ്യങ്ങൾക്ക് അനുസരിച്ച് വനനിയമങ്ങളും പൊളിച്ചെഴുതേണ്ടതുണ്ട്. വനനിയമങ്ങളിലെ അശാസ്ത്രീയത മൂലം ദുരിതത്തിലാകുന്ന കുടിയേറ്റ ജനതയെയും കർഷകരെയും സംരക്ഷിക്കുക എന്നതാണ് സർക്കാരിന്റെ പ്രഖ്യാപിത നയം. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ അതീവ ഗൗരവത്തോടെയുള്ള വ്യക്തമായ നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala
കോഴിക്കോട്: മണ്ണിനെ പൊന്നാക്കിയ കര്ഷകര് കുടിയിടങ്ങളില്നിന്ന് ഇറങ്ങേണ്ടിവരുന്ന അവസ്ഥ അംഗീകരിക്കാനാകില്ലെന്ന് ആരോഗ്യ-ദേവസ്വംമന്ത്രി കെ. മുരളീധരന്. 1972 ലെ വന്യജീവി നിയമ സാഹചര്യമല്ല ഇന്നുള്ളതെന്ന് ഓര്ക്കണം.
മൃഗങ്ങള് നാട്ടിലിറങ്ങി മനുഷ്യരെ കൊല്ലുന്ന അവസ്ഥയാണുള്ളത്. ഭരണഘടനയില് നമ്മള് മാറ്റം വരുത്തിയിട്ടില്ലേ, അതുപോലെ നിയമങ്ങളിലും മാറ്റം വരുത്തണമെന്നും മുരളീധരന് ആവശ്യപ്പെട്ടു. ദീപിക കോഴിക്കോട് യൂണിറ്റിന്റെ ‘സമന്വയം- 2026’പൊതുസമ്മേളനവും പുരസ്കാര സമർപ്പണവും കോഴിക്കോട് സിറ്റി ഹൗസില് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പരിസ്ഥിതി സംരക്ഷണമെന്ന പേരില് മൃഗങ്ങളെ സംരക്ഷിക്കുകയാണ്. നിര്ഭാഗ്യവശാല് മൃഗങ്ങള്ക്കൊപ്പമാണ് നീതിന്യായ വ്യവസ്ഥകള്നിലകൊള്ളുന്നത്. ഇത്തരം പുഴുക്കുത്തുകള് ഒഴിവാക്കപ്പെടേണ്ടതാണ്. ഇത് പറയുന്നതിന് പേടിക്കേണ്ട ആവശ്യമില്ല. കോടതിവിധികളെ വിമര്ശിക്കാം.
നിയമത്തില് കാലാനുസൃതമായ മാറ്റം വരുത്തി കര്ഷകരെ സംരക്ഷിക്കണം. ഇങ്ങനെ പോയാല്, ഞാന് മുമ്പു പറഞ്ഞതുപോലെ ബത്തേരി നഗരസഭയില് ചെയര്പേഴ്സണ് സ്ഥാനത്ത് കടുവയും മാനന്തവാടി നഗരസഭയില് ആനയും കയറി ഇരിക്കുന്ന അവസ്ഥയുണ്ടാകും.
മുമ്പ് ആനക്കൊമ്പുകള്ക്കായി ആനയെ കൊല്ലാൻ കാട്ടിനുള്ളിലേക്ക് കയറുന്ന മനുഷ്യരുണ്ടായിരുന്നു. ആ സാഹചര്യത്തിലാണ് വനം-വന്യ ജീവി നിയമം ഉണ്ടാക്കിയത്. എന്നാല്, ഇന്നത്തെ സ്ഥിതി അതാണോ? മൃഗങ്ങള് മനുഷ്യരെ അക്രമിക്കുകയല്ലേ.
കഴിഞ്ഞ ഓണക്കാലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തിലാണ് കര്ഷകന് കൊല്ലപ്പെട്ടത്. അത് കാട്ടുപോത്തിനെ അങ്ങോട്ടു പോയി വെടിവച്ചിട്ടല്ലല്ലോ. കര്ഷകരുടെ ആശങ്ക സംസ്ഥാന സര്ക്കാര് ഗൗരവത്തില്തന്നെ ചര്ച്ചചെയ്തതാണ്. യാഥാര്ഥ്യം മനസിലാക്കി കേന്ദ്രസര്ക്കാര് ഇക്കാര്യത്തില് തീരുമാനമെടുക്കുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്ത്തു.
വന്യജീവിശല്യം, പരിസ്ഥിതിലോല വിഷയങ്ങളുമായി ബന്ധപ്പെട്ട് ദീപിക എന്നും കര്ഷകരുടെ ആശങ്കകള് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 140-ാം വാര്ഷികം ആഘോഷിക്കുന്ന ദീപികയ്ക്ക് ഇനിയും പൂര്വാധികം ശക്തിയായി പ്രവര്ത്തിക്കാന് കഴിയട്ടെയെന്നും മന്ത്രി ആശംസിച്ചു. ചടങ്ങില് വിവിധ മേഖലകളില് കഴിവു തെളിയിച്ചവര്ക്കുള്ള ദീപികയുടെ പുരസ്കാരങ്ങള് മന്ത്രി വിതരണം ചെയ്തു. കോഴിക്കോട് ആര്ച്ച്ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല് അധ്യക്ഷത വഹിച്ചു.
Kerala
കോട്ടയം: സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്കരണത്തിനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കടനാട് ഗ്രാമപഞ്ചായത്തിലെ ആയുഷ് മാന് ആരോഗ്യ മന്ദിർ മെയിൻ സെന്റര് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രികളിൽ ആവശ്യത്തിന് ജീവനക്കാരെ നിയോഗിക്കണമെന്നാണ് സർക്കാർ നിലപാട്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി അടുത്താഴ്ച ചർച്ച നടത്തും. സാധ്യമായ നിയമനങ്ങൾ നടത്താനാണ് ശ്രമിക്കുന്നത്.
റോബോട്ടിക് ചികിത്സ അടക്കമുള്ളവ സർക്കാർ ആശുപത്രികളിൽ കൊണ്ടുവരും. കോഴിക്കോട് മെഡിക്കൽ കോളജിൽ പരീക്ഷണാടിസ്ഥാനത്തിൽ വെര്ച്വല് ഓട്ടോപ്സിക്കുള്ള സംവിധാനം ഒരുക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: സിപിഎം തെറ്റുതിരുത്താന് ഒന്നും പോകുന്നില്ലെന്നും തെറ്റുകളില് നിന്നും തെറ്റുകളിലേക്കാണ് പോകുന്നതെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്. പിണറായി വിജയന് യുഡിഎഫിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പരിഹസിച്ചു. സിപിഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
സ്റ്റേറ്റ് ഹെല്ത്ത് ഏജന്സിയിലേക്ക് സര്ക്കാര് സര്വീസില് നിന്ന് വിരമിച്ച കോണ്ഗ്രസ് നേതാവിനെ തിരുകി കയറ്റാന് ശ്രമമെന്ന ആരോപണത്തില്, ആരെയും തിരുകി കയറ്റാനുള്ളതല്ല ആരോഗ്യവകുപ്പെന്നായിരുന്നു മുരളീധരന്റെ പ്രതികരണം.
നിയമനത്തിന് കൃത്യമായ മാനദണ്ഡങ്ങള് ഉണ്ട്. കഴിവുള്ളവരെ നിയമിക്കും. സര്ക്കാര് പറയുന്നത് അനുസരിക്കാനാണ് ബ്യൂറോക്രാറ്റുകള്. ബ്യൂറോക്രാറ്റുകള് പറയുന്നത് അനുസരിച്ച് മുന്നോട്ട് പോയതാണ് പാറ്റകളുടെ മുന്നേറ്റത്തിന് കാരണമെന്നും മുരളീധരന് പറഞ്ഞു.
Kerala
തിരുവനന്തപുരം: 108 ആംബുലൻസ് ജീവനക്കാരുടെ സമരം അനുവദിക്കാനാകില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ. രോഗികളുടെ ജീവൻകൊണ്ട് പന്താടാൻ സമ്മതിക്കില്ല. അക്കാര്യം സർക്കാർ ഉറപ്പുവരുത്തുമെന്നും മുരളീധരൻ പറഞ്ഞു.
ഒരു കാരണവശാലും സമരം അനുവദിക്കാൻ കഴിയില്ല. 108 ൽ പോകുന്നവർ സുഖവാസത്തിന് വരുന്നവരല്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചിരിക്കുന്നത്. എസ്മ പ്രകാരം നടപടി സ്വീകരിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യമന്ത്രി കെ. മുരളീധരൻ കത്ത് നൽകിയിരുന്നു. സർവീസ് നടത്താതിരിക്കുന്നതും സർവീസ് തടയുന്നതും അനുവദിക്കില്ലെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: ശബരിമല ഓണസദ്യ വിവാദത്തിൽ ദേവസ്വംമന്ത്രി കെ. മുരളീധരനെ തള്ളി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. മന്ത്രിക്ക് കിട്ടിയ വിവരം ശരിയല്ലായിരിക്കാം. തിരുവോണ സദ്യ നൽകിയതിൽ ഒരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയെ ആരെങ്കിലും തെറ്റിദ്ധരിപ്പിച്ചതാകാം. മെസിൽ കൊടുത്ത സദ്യ 3000 ഭക്തർ കഴിച്ചു. എല്ലാ മുന്നൊരുക്കങ്ങളും നടത്തിയതാണ്. സദ്യയെ കുറിച്ച് ആവശ്യമില്ലാത്ത ദുരൂഹത പ്രചരിപ്പിക്കുകയാണെന്നും ജയകുമാർ പ്രതികരിച്ചു.
സന്നിധാനത്ത് തിരുവോണ സദ്യ മുടങ്ങി എന്ന പരാതി ലഭിച്ചെന്നും അന്വേഷിക്കാൻ നിർദ്ദേശം നൽകിയെന്നുമാണ് മുരളീധരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് നിർദ്ദേശം നൽകിയത്. മുൻ സംവിധാനങ്ങളിൽ മാറ്റം വരുത്തിയപ്പോൾ ഏകോപനം കുറവുണ്ടായോ എന്ന് പരിശോധിക്കണമെന്നും മന്ത്രി നിർദ്ദേശം നൽകിയിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും സിപിഎം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനെ പരിഹസിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ. കെ.കെ. രാഗേഷിനെ സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റരുതെന്നാണ് മുരളിയുടെ പരിഹാസം.
രാഗേഷ് കാരണമാണ് രണ്ട് എംഎൽഎമാരെ യുഡിഎഫിന് കൂടുതൽ കിട്ടിയത്. അതുകൊണ്ടുതന്നെ രാഗേഷ് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറരുത്. അതാണ് യു ഡി എഫിന് നല്ലതെന്നും പാർട്ടിക്ക് പോലും വേണ്ടാത്ത ജില്ലാ സെക്രട്ടറിയാണ് രാഗേഷെന്നും മുരളി അഭിപ്രായപ്പെട്ടു.
പിണറായി വിജയൻ ഓണക്കാലത്ത് പോലും ജനപ്രതിനിധികളെ തെറി വിളിച്ചു നടക്കുകയാണെന്നും ജയിപ്പിച്ച ജനങ്ങളെ അടക്കം തെറി പറയുന്നുവെന്നും അദ്ദേഹം വിമർശിച്ചു.
Kerala
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ വിവരങ്ങൾ ജനങ്ങളുടെ അറിവിലേക്കു വ്യക്തമായി പ്രദർശിപ്പിക്കാൻ മന്ത്രി കെ. മുരളീധരന്റെ നിർദേശം.
ഡോക്ടർമാരുടെ പേരും ഒപി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കണം.സംസ്ഥാനത്തെ താഴെത്തട്ടിലെ പല ആശുപത്രികളിലും ഒപി സമയത്ത് ഡോക്ടർമാരില്ലെന്നും രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട സ്ഥിതിയാണെന്നതും ഉൾപ്പെടെ ആരോഗ്യ സ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ടു നിരവധി പരാതി ലഭിച്ച സാഹചര്യത്തിലാണു മന്ത്രിയുടെ ഇടപെടൽ.
പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി വരെയുള്ള എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും ഇത് അടിയന്തരമായി നടപ്പാക്കാനുള്ള നടപടി സ്വീകരിക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കു നിർദേശം നൽകി.
Kerala
തിരുവനന്തപുരം: പുനലൂര് ആശുപത്രിയില് കോണ്ഗ്രസ് അനുഭാവ സംഘടനയായ എന്ജിഒ അസോസിയേഷന്റെ കൊടിപിടിച്ചുള്ള അഭിവാദ്യത്തെ ന്യായീകരിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരന്. താന് വന്നപ്പോള് സ്വീകരണം ഉണ്ടായില്ലെന്നും തിരിച്ച് പോകുമ്പോഴാണ് സ്വീകരണം ലഭിച്ചതെന്നും മന്ത്രി പറഞ്ഞു.
പുറത്ത് നിന്നവര് മഴ കാരണം അകത്തേക്ക് കയറിയതാണെന്നും മേലാല് ഇങ്ങനെ ചെയ്യരുതെന്ന് സൂപ്രണ്ടിനോട് പറഞ്ഞതായും മന്ത്രി വ്യക്തമാക്കി. ദുരിതാശ്വാസ ക്യാമ്പുകളില് മരുന്ന് എത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മരുന്നില്ലെന്ന് ചിലര് വെറുതെ അടിച്ചു വിടുകയാണെന്നും ആരോഗ്യവകുപ്പ് മന്ത്രി പറഞ്ഞു. നെഗറ്റീവ് വാര്ത്തയ്ക്ക് ഒപ്പം പോസിറ്റീവ് കൂടി നല്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഉമ്മന് ചാണ്ടി ആരോഗ്യ സ്കീം നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പദ്ധതിയെക്കുറിച്ച് ചില മുന്വിധികള് ഉണ്ട്. സ്വകാര്യ മേഖലയ്ക്ക് എന്ന മുന്വിധികള് ഒന്നും പാടില്ല. കെഎസ്ആര്ടിസിയെ കുറിച്ച് മുന്പ് പല പ്രവചനങ്ങള് നടത്തി. ആ പ്രവചനങ്ങള് എല്ലാം ഇന്ന് തെറ്റായിയെന്നുംമുരളീധരന് പറഞ്ഞു.
കഴിഞ്ഞ ദിവസം എന്ജിഒ അസോസിയേഷന് മന്ത്രിയെ ആശുപത്രിക്കുള്ളില് എത്തി അഭിവാദ്യം ചെയ്ത ദൃശ്യങ്ങള് വിവാദമായിരുന്നു. ആശുപത്രികള്ക്കുള്ളില് കൊടിപിടിച്ച് രാഷ്ട്രീയപ്രവര്ത്തനം അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച മുരളീധരന് ഇത് എതിര്ക്കാതെ സന്തോഷപൂര്വം നേതാക്കള് അണിയിച്ച ഷാള് ഏറ്റുവാങ്ങുകയും പ്രവര്ത്തകരുമായി സന്തോഷം പങ്കിടുകയും ചെയ്തിരുന്നു.
Kerala
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്തി നടപടികൾ സ്വീകരിക്കുന്നതായി ആരോഗ്യമന്ത്രി കെ മുരളീധരൻ. പകർച്ചവ്യാധി ഭീഷണിയിൽ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ക്യാമ്പിൽ മരുന്നുകളുടെ ലഭ്യതക്കുറവില്ലെന്നും ഒരിടത്തുനിന്നും മരുന്നിന്റെ ക്ഷാമം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
സംസ്ഥാനം കടുത്ത പ്രളയക്കെടുതി നേരിടുന്നതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശൻ പൊന്നാനിയിൽ വിരുന്ന് സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലി ഉയർന്ന വിവാദത്തിലും മുരളീധരൻ പ്രതികരിച്ചു. ഊണ് കഴിക്കുന്നത് തെറ്റാണോ എന്നും ദുരന്തത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കരുതെന്നും അദ്ദേഹം പറഞ്ഞു.
Kerala
കോട്ടയം: മെഡിക്കല് കോളജുകളിലെ ഡോക്ടര്മാരുടേതുള്പ്പെടെയുള്ള ഒഴിവുകള് നികത്തുമെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്. കായകല്പ്പം ജനസമ്പര്ക്കപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല് കോളജില് നടന്ന യോഗത്തില് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഒഴിവുകള് റിപ്പോര്ട്ടു ചെയ്യാന് വകുപ്പ് മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. പിഎസ്സി വഴിയോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയോ മാത്രമേ നിയമനം നടത്തുകയുള്ളൂവെന്നും ദിവസവേതനക്കാരെ നിയമിക്കില്ലെന്നും മന്ത്രി പറഞ്ഞു. സുതാര്യത ഉറപ്പു വരുത്തിയായിരിക്കും എല്ലാ നിയമനങ്ങളും.
സംസ്ഥാനത്തൊട്ടാകെ സീനിയര് റസിഡന്റ് ഡോക്ടര്മാരുടെ 500 അധിക തസ്തിക സൃഷ്ടിക്കാന് തീരുമാനിച്ചിട്ടുണ്ട്. രോഗികള്ക്ക് ഇന്ഷുറന്സ് സേവനം ഉറപ്പാക്കാന് നടപടിയെടുക്കും.
രോഗികള്ക്ക് ആശ്വാസം കിട്ടുന്ന ഇടങ്ങളായി ആശുപത്രികളെ മാറ്റും. സ്വകാര്യആശുപത്രികള്ക്കൊപ്പമുള്ള സൗകര്യങ്ങള് സര്ക്കാര് ആശുപത്രികളിലും കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് സര്ക്കാര് പ്രവര്ത്തിക്കുന്നത്.
പാലിയേറ്റീവ് കെയറിനായി പ്രത്യേക വകുപ്പ് ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല് കോളജ് ആശുപത്രിയിലെ സൂപ്പര് സ്പെഷ്യാലിറ്റി, കാര്ഡിയോളജി ബ്ലോക്കുകളുടെ നിര്മാണം വേഗത്തിലാക്കും.
കോട്ടയം മെഡിക്കല് കോളജിലെയും ആശുപത്രിയിലെയും പോരായ്മകളും അടിയന്തര ആവശ്യങ്ങളും വകുപ്പു മേധാവികളും വിദ്യാര്ഥി പ്രതിനിധികളും മന്ത്രിയുടെ ശ്രദ്ധയില്പ്പെടുത്തി.
നാട്ടകം സുരേഷ് എംഎല്എയുടെ അധ്യക്ഷതയില് ചേര്ന്ന യോഗത്തില് എം.ജെ. സെബാസ്റ്റ്യന് എംഎല്എ, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്സിപ്പല് സെക്രട്ടറി ഷര്മിള മേരി ജോസഫ്, മെഡിക്കല് വിദ്യാഭ്യാസ ഡയറക്ടര് ഡോ. കെ.വി. വിശ്വനാഥന്, ആരോഗ്യ മന്ത്രിയുടെ മുഖ്യ ഉപദേശകന് ഡോ. ഡി. സുനില്, മെഡിക്കല് കോളജ് ആശുപത്രി സൂപ്രണ്ട് ഡോ. ടിജി ജേക്കബ് തോമസ്, മെഡിക്കല് കോളജ് പ്രിന്സിപ്പല് ഡോ. വര്ഗീസ് പി. പുന്നൂസ്, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ. ജയപ്രകാശ് തുടങ്ങിയവര് പങ്കെടുത്തു.
Kerala
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ ഔഷധിയിലെ നിര്മാണപ്രവൃത്തികളിലും സാമ്പത്തിക ഇടപാടുകളിലും ക്രമക്കേട് നടന്നെന്ന പരാതിയില് ആഭ്യന്തരമന്ത്രിയോട് വിജിലൻസ് അന്വേഷണത്തിന് ശിപാർശ ചെയ്ത് ആരോഗ്യമന്ത്രി കെ. മുരളീധരന്.
ഔഷധിയുടെ എംഡി ഡോ. ടി.കെ. ഹൃദീക്കിനെ ചുമതലയില് നിന്നു നീക്കുകയും ചെയ്തു.മന്ത്രിക്ക് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടികള്. ഔഷധിയിലെ വിവിധ നിര്മാണപ്രവൃത്തികള് ടെന്ഡര് നടപടികള് പാലിക്കാതെ ഊരാളുങ്കല് സൊസൈറ്റിക്ക് നല്കിയതായും 2024-25 സാമ്പത്തിക വര്ഷത്തെ വില്പന കണക്കുകളില് ക്രമക്കേടുണ്ടെന്നുമാണ് പരാതിയിലെ ആരോപണം.
പൊതുമേഖലാ സ്ഥാപനത്തിന്റെ പ്രവർത്തനത്തിലെ സുതാര്യത, ഉത്തരവാദിത്തം, സാമ്പത്തിക കൃത്യത എന്നിവയെ ബാധിക്കുന്ന ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളതെന്ന് ആരോഗ്യമന്ത്രി കത്തില് ചൂണ്ടിക്കാട്ടുന്നു.
പൊതുജനവിശ്വാസം നിലനിര്ത്തുന്നതിനും ആരോപണങ്ങളുടെ സത്യാവസ്ഥ സ്വതന്ത്രമായി പരിശോധിക്കുന്നതിനും വിജിലന്സിനെ കൊണ്ട് പ്രാഥമിക അന്വേഷണം നടത്തുന്നത് ഉചിതമാണെന്നാണ് ശിപാര്ശ.
കേരള വനഗവേഷണ സ്ഥാപനത്തില് സയന്റിസ്റ്റ് തസ്തികയില് നിന്നാണ് ഹൃദീക്കിനെ കഴിഞ്ഞ ഇടതുസര്ക്കാര് മെഡിസിനല് പ്ലാന്റ് ബോര്ഡിന്റെ എക്സിക്യുട്ടീവ് ഡയറക്ടര് സ്ഥാനത്തേക്ക് ഡപ്യൂട്ടേഷനില് നിയമിച്ചിരുന്നത്.
Kerala
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ.
അന്നം മുടക്കിയതല്ലെന്നും ആലപ്പുഴയിൽ സ്ഥലം കൈയേറിയതിൽ ഇടപെട്ടതാണെന്നും കെ. മുരളീധരൻ പറഞ്ഞു. ആലപ്പുഴയിൽ സ്ഥലം കൈയേറ്റത്തെക്കുറിച്ച് പരാതി ലഭിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആലപ്പുഴയിൽ ലാബ് നടത്തുന്നത് തടഞ്ഞതാണ് പ്രശ്നം. ലാബിനെതിരെ നടപടി എടുത്തത് ആണ് എതിർപ്പിന് കാരണം. പൊതിച്ചോർ അല്ല. ആശുപത്രിയിൽ ഭക്ഷണം കൊടുക്കുന്നതിനു തടസമില്ലെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: പൊതിച്ചോർ വിവാദത്തില് വിശദീകരണവുമായി ആരോഗ്യമന്ത്രി കെ. മുരളീധരൻ. ആശുപത്രികളിൽ രോഗികൾക്ക് ആഹാരം കൊടുക്കുന്നതിൽ എതിരല്ലെന്നും അഭിപ്രായം പറഞ്ഞത് ആലപ്പുഴയിലെ സാഹചര്യത്തിലാണെന്നും മുരളീധരൻ പറഞ്ഞു.
വാർത്താക്കുറിപ്പിലൂടെയാണ് വിവാദത്തിൽ മറുപടിയുമായി മന്ത്രി രംഗത്തെത്തിയത്. ആലപ്പുഴയിൽ സ്ഥലം കൈയേറി സംഘടനകൾ ഭക്ഷണം കൊടുക്കുന്നു എന്നാണ് മന്ത്രിയുടെ വാർത്താക്കുറിപ്പില് പറയുന്നത്.
ആഹാരത്തിന് രാഷ്ട്രീയം ഇല്ലെന്നും വാർത്താക്കുറിപ്പില് വിശദീകരിക്കുന്നു. മന്ത്രിയുടെ പരാമർശം വിവാദമായതോടെയാണ് തിരുത്തൽ. ഇപ്പോഴത്തെ വിവാദം ആലപ്പുഴ മെഡിക്കൽ കോളജുമായി ബന്ധപ്പെട്ടതാണെന്നും അവിടുത്തെ സാഹചര്യത്തിന് അനുസരിച്ചുള്ള തീരുമാനമാണ് പറഞ്ഞതെന്നും മുരളീധരൻ വ്യക്തമാക്കി.
ആലപ്പുഴയിൽ ചില സംഘടനകൾ ഭക്ഷണം നൽകുന്നതിന്റെ പേരിൽ സംഘടിതമായി സ്ഥലം കൈയേറി. ഇത് അംഗീകരിക്കാനാകില്ല. സ്ഥലം കൈയേറിയതിലാണ് എതിർപ്പ്. ആഹാരം കൊടുക്കുന്നതിനല്ല. ആശുപത്രിയുടെ വികസന പ്രവർത്തനങ്ങളെ തടയുന്ന നടപടിയാണിതെന്നും വാർത്താക്കുറിപ്പിൽ ആരോപിക്കുന്നു.
Kerala
പത്തനംതിട്ട: ആശുപത്രിക്കുള്ളിൽ ഡിവൈഎഫ്ഐയുടെ പൊതിച്ചോറ് വിതരണം ഉൾപ്പടെയുള്ള രാഷ്ട്രീയ പ്രവർത്തനങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
യുഡിഎഫ് സർക്കാരിന്റെ കൃത്യമായ നയമാണിതെന്നും ആശുപത്രിക്കുള്ളിൽ ഇത്തരം ഇടപെടലുകൾ എന്തുവിലകൊടുത്തും തടയുമെന്നും അദ്ദേഹം പറഞ്ഞു. ആറന്മുള ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം
ഡിവൈഎഫ്ഐ എന്നല്ല, യൂത്ത് കോൺഗ്രസിന്റേയോ സേവാഭാരതിയുടെയോ ഉൾപ്പെടെ ഒരു സംഘടനയുടെയും രാഷ്ട്രീയ പ്രവർത്തനം ആശുപത്രി പരിസരങ്ങളിൽ അനുവദിക്കില്ല. കമ്യൂണിറ്റി കിച്ചൻ വഴി മാത്രമായിരിക്കും ഇനി മുതൽ ആശുപത്രിക്കുള്ളിൽ ഭക്ഷണം ലഭ്യമാക്കുക.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ സന്നദ്ധ സംഘടനകളുമായി ഉടൻ ചർച്ച നടത്തുമെന്നും മന്ത്രി അറിയിച്ചു.
Kerala
തിരുവനന്തപുരം: കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡ് (കെഎംഎസ്സിഎൽ) പൊതുപണം ഉപയോഗിച്ച് തിരുവനന്തപുരം ടെന്നീസ് ക്ലബിൽ കോർപറേറ്റ് അംഗത്വം നേടിയ സംഭവം അന്വേഷിക്കാൻ ആരോഗ്യമന്ത്രി കെ. മുരളീധരൻ നിർദേശം നൽകി.
അംഗത്വത്തിനും അനുബന്ധ ചെലവുകൾക്കുമായി 19.13 ലക്ഷം രൂപ ചെലവഴിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയോട് അടിയന്തരമായി അന്വേഷിക്കാൻ നിർദേശിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
പണമിടപാടുകളുടെ വിശദാംശങ്ങൾ, തീരുമാനമെടുത്ത ഉദ്യോഗസ്ഥർ ആരെല്ലാം എന്നീ കാര്യങ്ങൾ അന്വേഷിക്കും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ അടങ്ങുന്ന വിശദ റിപ്പോർട്ട് സമർപ്പിക്കണം. പൊതുപണം ദുരുപയോഗം ചെയ്തവർക്കെതിരേ ശക്തമായ നടപടിയുണ്ടാകുമെന്ന് മന്ത്രി കെ. മുരളീധരൻ പറഞ്ഞു.
Kerala
ആലപ്പുഴ: ആശുപത്രികളിലെ സൗജന്യ ഭക്ഷണ വിതരണത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ വരുമെന്ന് പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ. മുരളീധരൻ.
ബാനറും കൊടിയും കെട്ടി ആശുപത്രി പരിസരത്ത് ഭക്ഷണം കൊടുക്കാൻ പാടില്ലെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാൽ കമ്മ്യൂണിറ്റി കിച്ചൻ എന്ന നിലയിൽ ഭക്ഷണം നൽകാമെന്നും ഈ പദ്ധതി ആലപ്പുഴ മെഡിക്കൽ കോളജിൽ ആദ്യം നടപ്പാക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജിൽ വച്ചായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.
പൊതിച്ചോറ് വിതരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജി. സുധാകരൻ എംഎൽഎ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ആലപ്പുഴ മെഡിക്കൽ കോളജിൽ നിന്ന് കമ്മ്യൂണിറ്റി കിച്ചൻ തുടങ്ങുമെന്ന് ആരോഗ്യമന്ത്രി പറയുന്നത്.
Kerala
പാലക്കാട്: ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ സർക്കാരിനു നേരിട്ട് ഇടപെടാൻ കഴിയില്ലെന്നും പ്രത്യേക അന്വേഷണസംഘത്തിനാണു പൂർണ അധികാരമെന്നും ആരോഗ്യ-ദേവസ്വം മന്ത്രി കെ. മുരളീധരൻ.
ഇത്രയും പ്രമാദമായ കേസിൽ മറ്റൊരു അന്വേഷണം പ്രഖ്യാപിക്കാൻ കഴിയാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം പാലക്കാട്ട് പത്രസമ്മേളനത്തിൽ പറഞ്ഞു. എസ്ഐടിയുടെ കാര്യത്തിൽ സർക്കാർ ഇടപെട്ടാൽ അതു കോടതിയലക്ഷ്യമാകും.
നിയമവശങ്ങൾ പരിശോധിച്ച് മന്ത്രിസഭ ചർച്ചചെയ്ത് ഇക്കാര്യത്തിൽ ഉചിത തീരുമാനം കൈക്കൊള്ളും. ശബരിമല കൊള്ളക്കേസിൽ എസ്ഐടി ഇതുവരെ കുറ്റപത്രം പോലും നൽകിയിട്ടില്ല.
മെഡിക്കൽ സീറ്റിനു നാലുവർഷത്തെ ഫീസ് മാത്രമേ ഈടാക്കാവൂ എന്നു സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്. ഈ വർഷവും തുടർവർഷങ്ങളിലും ഈ ഫീസ് മാത്രമേ ഈടാക്കാൻ പാടുള്ളൂ.
നേരത്തേ അധികഫീസ് വാങ്ങിയതു സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. മുന്പ് ഈടാക്കിയ ഫീസ് തിരിച്ചുകൊടുക്കണമെന്ന നിലപാടാണു സർക്കാരിനുള്ള തെന്നും മുരളീധരൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിലെ കാര്യങ്ങളില് തീരുമാനമെടുക്കാന് കോടതി സര്ക്കാരിന് സ്വാതന്ത്ര്യം നല്കണമെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരന്. സര്ക്കാരിന്റെ നടപടികളില് തെറ്റുണ്ടെങ്കില് കോടതിക്ക് തിരുത്താമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ ദേവസ്വം ബോര്ഡുകളുടെ നിയമനകാര്യത്തിലും സര്ക്കാരിന് തീരുമാനമെടുക്കാന് സാധിക്കുന്നുണ്ട്. എന്നാല് തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നിയമനകാര്യങ്ങളില് കോടതി ഇടപെടല് കാരണം ഒന്നും ചെയ്യാനാകുന്നില്ല. ഇക്കാരണത്താല് ഭരണസ്തംഭനം ഉണ്ടായിരിക്കുകയാണ്.
ശബരിമല സ്വര്ണക്കൊള്ള കേസില് കോടതി നിര്ദേശാനുസരണമാണ് എസ്ഐടി അന്വേഷണം നടത്തിയത്. എന്നാല് എസ്ഐടി ഇതുവരെക്കും പ്രതികള്ക്കെതിരേ കുറ്റപത്രം നല്കിയിട്ടില്ല. കോടതി കുറ്റപത്രം നല്കുന്ന കാര്യത്തില് എസ്ഐടിയോട് നിര്ദേശവും കൊടുത്തിട്ടില്ല. യഥാർഥ പ്രതികള് തെളിവുകള് നശിപ്പിച്ച് രക്ഷപ്പെടുമൊയെന്ന ആശങ്ക സര്ക്കാരിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവര്ത്തകരുടെ ചോദ്യങ്ങള്ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള് വ്യക്തമാക്കിയത്.
Kerala
തിരുവനന്തപുരം: ഈ വർഷത്തെ ശബരിമല തീർഥാടനകാലം സുഗമമായി നടത്തുന്നതിനായി പരാതികൾ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരൻ. എംഎൽഎമാരുടെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഗസ്റ്റ് ഹൗസിൽ ചേർന്ന് ശബരിമലതീർഥാടന അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തീർഥാടനത്തിന് വളരെ നേരത്തെ തന്നെ തയാറെടുപ്പുകൾ ആരംഭിക്കണം. കോടിക്കണക്കിന് ഭക്തർ എത്തുന്ന സാഹചര്യത്തിൽ അവർക്കാവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തുക എന്നതിൽ വിട്ടുവീഴ്ച പാടില്ല. കഴിഞ്ഞ വർഷത്തെ പോരായ്മകൾ പരിഹരിക്കുന്നതിന് പ്രഥമ പരിഗണന നൽകണം. കഴിഞ്ഞ തീർഥാടന കാലത്തിന്റെ ആദ്യ ആഴ്ചയിലുണ്ടായതു പോലുള്ള അമിത തിരക്ക് നിയന്ത്രിക്കാനും പോലീസ് പ്രത്യേക ശ്രദ്ധ പുലർത്തണം. ചില തീർഥാടകർക്ക് പന്തളത്ത് വച്ച് യാത്ര അവസാനിപ്പിക്കേണ്ടി വന്ന സാഹചര്യം ഉണ്ടായത് ഒഴിവാക്കണം.
കഴിഞ്ഞ തവണ ദേവസ്വം ബോർഡ് അംഗങ്ങൾ ചുമതലയേറ്റ് കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ തീർഥാടനം ആരംഭിച്ചതിനാൽ വേണ്ടത്ര ഒരുക്കങ്ങൾക്ക് സമയം ലഭിച്ചിരുന്നില്ല. എന്നാൽ ഇത്തവണ വളരെ നേരത്തെ തന്നെ കാര്യങ്ങളിൽ വ്യക്തത വരുത്തി മുന്നോട്ടുപോകാൻ സാധിക്കണം. തീർഥാടനത്തിന്റെ തുടക്കം മുതൽ തന്നെ റോഡുകൾ കൃത്യമായി അറ്റകുറ്റപ്പണികൾ നടത്തി സജ്ജമാക്കാൻ നിർദേശം നൽകണം.
ആവശ്യത്തിന് ബസ് സർവീസുകൾ ലഭ്യമാക്കുന്നതിനായി ഗതാഗത മന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹം പൂർണ സഹായം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വലിയ വാഹനങ്ങളിൽ ബുക്ക് ചെയ്ത് വരുന്ന തീർഥാടകരെ നിലക്കലിൽ ഇറക്കിവിടുന്നത് മൂലം അവർക്കുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയും ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ ആവശ്യമായ നടപടികൾ പരിഗണനയിലാണ്. ഇത്തരം വാഹനങ്ങളെ പമ്പയിലേക്ക് നേരിട്ട് വിടുന്ന കാര്യത്തിൽ പോലീസുമായി ആലോചിച്ച് അന്തിമ തീരുമാനമെടുക്കും.
ശബരിമല തീർഥാടനത്തിന്റെ പൂർണ ചുമതല ദേവസ്വം ബോർഡിനാണെങ്കിലും ഇതിൽ സംസ്ഥാന സർക്കാരിനാണ് വലിയ ഉത്തരവാദിത്തമുള്ളതെന്ന് പറഞ്ഞു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ ഭക്തർ ഇത്തവണ എത്താൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയോടെയുള്ള മുന്നൊരുക്കങ്ങളാണ് നടത്തുന്നത്.
തയാറെടുപ്പുകൾ കൂടുതൽ ഊർജിതമായി വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉടൻ തന്നെ ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ പിന്തുണച്ച് കോണ്ഗ്രസ് നേതാവ് കെ. മുരളീധരന്. കോണ്ഗ്രസ് പാര്ട്ടിയുടെ അഭിപ്രായങ്ങളാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. അദ്ദേഹത്തെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാന് അനുവദിക്കില്ല.
ഞങ്ങളുടെ നേതാക്കന്മാരെ ആര് വിമര്ശിച്ചാലും അതിനെതിരെ ശക്തമായി പ്രതികരിക്കും. സാമുദായിക ഐക്യം നല്ലതാണ്. അത് ഞങ്ങള്ക്ക് എതിരാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. രാഷ്ട്രീയമായിട്ട് അതിനെ കൂട്ടിക്കുഴയ്ക്കണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവിന് പാര്ട്ടിയുടെ പൂര്ണപിന്തുണയുണ്ട്. എല്ലാ കോണ്ഗ്രസ് നേതാക്കന്മാരുടെയും പ്രവര്ത്തനങ്ങള് ഹൈക്കമാന്ഡ് സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. വെള്ളാപ്പള്ളി നടേശൻ ഒരു സമുദായത്തെ കടന്നാക്രമിച്ചുകൊണ്ടിരിക്കുകയാണ്. അതിനെയാണ് ഞങ്ങള് വിമര്ശിച്ചത്.
അതൊരിക്കലും ആ സമുദായത്തോടുള്ള വിമര്ശനമല്ല. സിപിഎം പരിപൂര്ണമായി സംഘപരിവാർ അജണ്ടയിലേക്ക് മാറി. മന്ത്രി സജി ചെറിയാന്റെ വാക്കുകള് അതു തെളിയിക്കുന്നുവെന്നും കെ. മുരളീധരന് പറഞ്ഞു.
Kerala
കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ.
മുകേഷിനെ രണ്ടു തവണ നിയമസഭയിലേക്ക് മത്സരിപ്പിച്ച ആളാണ് മുഖ്യമന്ത്രി. രാഹുലിനെ ഞങ്ങൾ സസ്പെൻഡ് ചെയ്തു. ബാക്കി കാര്യങ്ങൾ ചെയ്യേണ്ടത് മുഖ്യമന്ത്രിയും പോലീസുമാണെന്നും കെ. മുരളീധരൻ വ്യക്തമാക്കി.
ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ച ആളാണ് മുഖ്യമന്ത്രി. കേരള രാഷ്ട്രീയം എ സർട്ടിഫിക്കറ്റിലേക്ക് പോകരുത്. ആരൊക്കെ എവിടെയൊക്കെ മതില് ചാടി എന്ന് ചർച്ച നടക്കുന്നത് ഭൂഷണമല്ല. പാലക്കാട് ജനങ്ങൾ എന്തു ചിന്തിക്കുമെന്നും കെ. മുരളീധരൻ ചോദിച്ചു.
ഇത്തരക്കാരാണ് തങ്ങൾക്കിടയിൽ മത്സരിച്ചത് എന്ന് അവർ ചിന്തിക്കല്ലേ. ഇത്തരം കാര്യങ്ങൾ രാഷ്ട്രീയത്തിന് ഭൂഷണമല്ല.കൃഷ്ണകുമാറിന് എതിരായ ആരോപണം സതീശന്റെ ബോംബ് അല്ല. സതീശന്റെ ബോംബ് ഇത്തരം ചീള് കേസ് അല്ല. അത് വരാൻ പോകുന്നതെ ഉള്ളൂവെന്നും മുരളീധരൻ വ്യക്തമാക്കി.