റിട്ട. ജഡ്ജി ജസ്റ്റീസ് രേഖ ശർമ
ന്യൂഡൽഹി: വോട്ടർപട്ടികയിൽനിന്ന് 13 കോടി പേരുകൾ നീക്കം ചെയ്തിട്ടും സുപ്രീംകോടതിയുടെ ഭാഗത്തുനിന്ന് അർഥവത്തായ ഇടപെടലുകളൊന്നും ഉണ്ടായിട്ടില്ലെന്ന് ഡൽഹി ഹൈക്കോടതി റിട്ട. ജഡ്ജി ജസ്റ്റീസ് രേഖ ശർമ.
കാമ്പയിൻ ഫോർ ജുഡീഷ്യൽ അക്കൗണ്ടബിലിറ്റി ആൻഡ് റിഫോംസ് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കവെയാണ് രാജ്യത്തെ പരമോന്നത നീതിപീഠത്തിനെതിരേ അവർ രൂക്ഷ വിമർശനം ഉന്നയിച്ചത്.തെരഞ്ഞെടുപ്പു കമ്മിഷനെതിരേ സമാധാനപരമായ മാർച്ച് നടത്തിയ വിദ്യാർഥികളെയും സാധാരണക്കാരെയും മർദിച്ച് പൊലിസ് വാനുകളിൽ കയറ്റിക്കൊണ്ടുപോയി.
സാധാരണക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ഭരണഘടന ചുമതലപ്പെടുത്തിയ പരമോന്നത കോടതിയുടെ കൺമുന്നിലാണ് ഇതു സംഭവിക്കുന്നതെന്നും രേഖ ശർമ കുറ്റപ്പെടുത്തി.
എസ്ഐആർ നടപടികളിൽ കോടതി സ്വീകരിച്ച നിലപാടിനുപുറമെ കൊളീജിയം സംവിധാനത്തിനെതിരേയും അവർ തുറന്നടിച്ചു. ഒരുകാലത്ത് കൊളീജിയം സമ്പ്രദായത്തെ പിന്തുണച്ചിരുന്നുവെങ്കിലും നിലവിൽ അതു പൂർണമായും പരാജയപ്പെട്ടിരിക്കുകയാണെന്ന് രേഖ ശർമ ചൂണ്ടിക്കാട്ടി.
ഭരണഘടനാകോടതികളിലേക്കു സർക്കാർ നേതൃത്വത്തിലുള്ള നിയമനങ്ങളിൽ സ്വജനപക്ഷപാതവും പ്രീതിപ്പെടുത്തലും രാഷ്ട്രീയസ്വാധീനവും ഉണ്ടെന്ന ആശങ്കകളെത്തുടർന്നാണു ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സർക്കാരിൽനിന്ന് എടുത്തുമാറ്റി സുപ്രീംകോടതി സ്വയം ആ ചുമതല ഏറ്റെടുത്തത്.
എന്നാൽ, രോഗത്തെ ഭേദമാക്കാൻ കണ്ടെത്തിയ ആ മരുന്ന് ഇപ്പോൾ അതിനേക്കാൾ ഗുരുതരമായെന്നും അവർ വിമർശിച്ചു. കൂടാതെ മലയാളിയായ ജസ്റ്റീസ് അതുൽ ശ്രീധരൻ മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരിക്കെ സർക്കാരിന്റെ ആവശ്യപ്രകാരം ഛത്തീസ്ഗഡ് ഹൈക്കോടതിക്കു പകരം അലഹബാദ് ഹൈക്കോടതിയിലേക്കു കൊളീജിയം സ്ഥലം മാറ്റിയതിനെയും രേഖ ശർമ ചോദ്യം ചെയ്തു.
ഛത്തീസ്ഗഡ് ഹൈക്കോടതിയിലേക്കായിരുന്നു സ്ഥലംമാറ്റമെങ്കിൽ സീനിയോറിറ്റി അനുസരിച്ച് ജസ്റ്റീസ് അതുൽ ശ്രീധരൻ ചീഫ് ജസ്റ്റീസ് പദവിയിലെത്തുമായിരുന്നു. എന്നാൽ, സർക്കാർ ഇടപെട്ട് അതു തടഞ്ഞതാണെന്ന ആരോപണം അന്നുതന്നെ ഉയർന്നിരുന്നു.
ഓപ്പറേഷൻ സിന്ദൂർ സമയത്ത് സൈന്യത്തിന്റെ വക്താവായിരുന്ന കേണൽ സോഫിയ ഖുറേഷിക്കെതിരേ വിവാദ പരാമർശം നടത്തിയതിന് മധ്യപ്രദേശിലെ ബിജെപി മന്ത്രിക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടതു മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായിരിക്കെ അതുൽ ശ്രീധരനായിരുന്നു.
ഇതടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് രേഖ ശർമ വിമർശനമുന്നയിച്ചത്. സർക്കാർ നിയമനങ്ങൾ നടത്തിയിരുന്ന അതേ രീതിയിലാണു കൊളീജിയം സമ്പ്രദായവും ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.
സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡിനെ വിമര്‍ശിച്ചുള്ള സുപ്രീംകോടതി മുന്‍ ജഡ്ജി സഞ്ജയ് കിഷന് കൗളിന്റെ ഓർമക്കുറിപ്പുകളിലെ വെളിപ്പെടുത്തലുകൾ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.
ജഡ്ജി നിയമനങ്ങളിലടക്കം ചന്ദ്രചൂഡ് സര്‍ക്കാരിനോട് അമിതവിധേയത്വം കാണിച്ചെന്നാണ് നാളെ പ്രസിദ്ധീകരിക്കാനിരിക്കുന്ന "വിത്തൗട്ട് ഫിയർ ഓഫ് ഫേവർ' എന്ന പുസ്തകത്തിൽ ജസ്റ്റീസ് കൗളിന്റെ ആക്ഷേപം.
Tags : SupremeCourt NotIntervene Removed ElectoralRoll Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash NationalPolitical RekhaSharma