നേപ്പാളിലേക്ക് ഇന്ത്യ ബെയ്ലി പാലം നിർമിക്കുന്നതിനാവശ്യമായ സാമഗ്രികളുമായി ലോറികൾ നേപ്പാളിലേക്ക്.
കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ തകർന്ന നേപ്പാളിലേക്ക് ഇന്ത്യ ബെയ്ലി പാലം നിർമിക്കുന്നതിനാവശ്യമായ സാമഗ്രികൾ അയച്ചു.
പ്രളയം തകർത്ത ഭദ്രാവതി മേഖലയുടെ നവീകരണത്തിനായി ഗതാഗതമാർഗങ്ങൾ ഒരുക്കാനാണ് 70 മീറ്റർ നീളമുള്ള ബെയ്ലി പാലത്തിന്റെ സാമഗ്രികൾ എത്തിക്കുന്നതെന്നു കാഠ്മണ്ഡുവിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചു. നേപ്പാളിലെ ഹട്ടൗഡ റോഡ് ഡിവിഷനു സാമഗ്രികൾ കൈമാറ്റം ചെയ്തതായും മറ്റു ഭാഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുക്കുദണ്ഡുകളിൽ നട്ടും ബോൾട്ടും ഉപയോഗിച്ച് നിർമിക്കുന്നതും വലിയ യന്ത്രസംവിധാനങ്ങളോ മറ്റോ ഇല്ലാതെ എളുപ്പത്തിൽ കൈകൊണ്ടുതന്നെ സ്ഥാപിക്കാവുന്നതുമാണു ബെയ്ലി പാലം.
പ്രളയത്തിൽ തകർന്ന നേപ്പാളിനെ സഹായിക്കാൻ ഇന്ത്യ മാനുഷിക പരിഗണനയിൽ നൽകിവരുന്ന സഹായങ്ങളുടെ ഭാഗമാണ് ഇതും. 130 ടണ്ണോളം ദുരിതാശ്വാസ ഉത്പന്നങ്ങളും രക്ഷാപ്രവർത്തനങ്ങളിലും ഫൊറൻസിക് പ്രവർത്തനങ്ങളിലും സഹായിക്കാൻ 54 വിദഗ്ധരെയും അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 26നുണ്ടായ പ്രളയത്തിൽ നേപ്പാളിൽ 1400ഓളം പേർ മരിച്ചതായാണു കണക്ക്. അയ്യായിരത്തിലധികം പേരെ ഇതുവരെ കാണാതായിട്ടുണ്ട്.
Tags : India Bridge Nepal Overcome Disaster Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash