National
ന്യൂഡൽഹി: മിന്നൽപ്രളയത്തിൽ ജലവൈദ്യുത പദ്ധതികൾക്കു കനത്ത നാശമുണ്ടായ നേപ്പാളിന് ദിവസേന 18 മണിക്കൂർ നേരത്തേക്ക് വൈദ്യുതി കയറ്റുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുമതി നൽകി.
ഡിസംബർ 31 വരെ നേപ്പാൾ ഇലക്ട്രിസിറ്റി അഥോറിറ്റിയിലേക്ക് വൈദ്യുതി നൽകാനാണു കേന്ദ്ര ഊർജ മന്ത്രാലയത്തിന്റെ തീരുമാനം.
രാജ്യത്തെ താപവൈദ്യുത നിലയങ്ങളിൽനിന്ന് അർധരാത്രി മുതൽ വൈകുന്നേരം ആറുവരെയുള്ള സമയത്തായിരിക്കും വൈദ്യുതി നൽകുക. സമീപകാലത്തെ വെള്ളപ്പൊക്കത്തിൽ നേപ്പാളിലെ പത്തിലധികം ജലവൈദ്യുത നിലയങ്ങൾ തകരുകയും ആഭ്യന്തര ഉത്പാദനശേഷി കുറയുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ സഹായം.
ഇന്ത്യയിലും വൈദ്യുതി ഉപഭോഗം ഉയർന്നനിലയിൽ തുടരുന്നതിനിടെയാണ് അയൽരാജ്യത്തിനുനേരേയും സഹായഹസ്തം നീട്ടുന്നത്.
National
പിലിഭിത്ത് (യുപി): നേപ്പാളിൽ പ്രളയത്തെത്തുടർന്ന് വനമേഖലയിൽനിന്ന് ഇന്ത്യയിലേക്കെത്തിയ കാട്ടാനക്കൂട്ടം ഉത്തർപ്രദേശിലെ പിലിഭിത്ത് ജില്ലയിൽ വ്യാപക കൃഷിനാശം വരുത്തി.
രാത്രിസമയത്ത് കൃഷിയിടങ്ങളിലെത്തിയ ആനകൾ നെല്ല്, കരിന്പ് തുടങ്ങിയ വിളകൾ നശിപ്പിക്കുകയും വയലുകളിലെ താത്കാലിക കുടിലുകൾ തകർക്കുകയും ചെയ്തു.
വെള്ളിയാഴ്ചയും ശനിയാഴ്ചയും ആനക്കൂട്ടം നിരവധി കർഷകരുടെ വൻതോതിൽ വിളകൾ ചവിട്ടിനശിപ്പിച്ചതായി ഗ്രാമവാസികൾ പറഞ്ഞു. ജനവാസമേഖലകളിലേക്കും ആനകൾ കടന്നേക്കാമെന്ന ആശങ്കയിലാണു പ്രദേശവാസികൾ.
ആനകളുടെ സാന്നിധ്യം പിലിഭിത്ത് ടൈഗർ റിസർവ് ഡെപ്യൂട്ടി ഡയറക്ടർ മനീഷ് സിംഗ് സ്ഥിരീകരിച്ചു. ആനകളെ പ്രദേശത്തുനിന്ന് മാറ്റുന്നതിനാണ് പ്രഥമ പരിഗണനയെന്നും ഞായറാഴ്ച മുതൽ വനംവകുപ്പ് സംഘം നിരീക്ഷണത്തിനായി സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അർഹരായ കർഷകർക്ക് സർക്കാർ നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
International
കാഠ്മണ്ഡു: മിന്നൽ പ്രളയത്തിൽ തകർന്ന നേപ്പാളിലേക്ക് ഇന്ത്യ ബെയ്ലി പാലം നിർമിക്കുന്നതിനാവശ്യമായ സാമഗ്രികൾ അയച്ചു.
പ്രളയം തകർത്ത ഭദ്രാവതി മേഖലയുടെ നവീകരണത്തിനായി ഗതാഗതമാർഗങ്ങൾ ഒരുക്കാനാണ് 70 മീറ്റർ നീളമുള്ള ബെയ്ലി പാലത്തിന്റെ സാമഗ്രികൾ എത്തിക്കുന്നതെന്നു കാഠ്മണ്ഡുവിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ സാമൂഹ്യമാധ്യമമായ എക്സിലൂടെ അറിയിച്ചു. നേപ്പാളിലെ ഹട്ടൗഡ റോഡ് ഡിവിഷനു സാമഗ്രികൾ കൈമാറ്റം ചെയ്തതായും മറ്റു ഭാഗങ്ങൾ തുടർന്നുള്ള ദിവസങ്ങളിൽ എത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുക്കുദണ്ഡുകളിൽ നട്ടും ബോൾട്ടും ഉപയോഗിച്ച് നിർമിക്കുന്നതും വലിയ യന്ത്രസംവിധാനങ്ങളോ മറ്റോ ഇല്ലാതെ എളുപ്പത്തിൽ കൈകൊണ്ടുതന്നെ സ്ഥാപിക്കാവുന്നതുമാണു ബെയ്ലി പാലം.
പ്രളയത്തിൽ തകർന്ന നേപ്പാളിനെ സഹായിക്കാൻ ഇന്ത്യ മാനുഷിക പരിഗണനയിൽ നൽകിവരുന്ന സഹായങ്ങളുടെ ഭാഗമാണ് ഇതും. 130 ടണ്ണോളം ദുരിതാശ്വാസ ഉത്പന്നങ്ങളും രക്ഷാപ്രവർത്തനങ്ങളിലും ഫൊറൻസിക് പ്രവർത്തനങ്ങളിലും സഹായിക്കാൻ 54 വിദഗ്ധരെയും അയച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഓഗസ്റ്റ് 26നുണ്ടായ പ്രളയത്തിൽ നേപ്പാളിൽ 1400ഓളം പേർ മരിച്ചതായാണു കണക്ക്. അയ്യായിരത്തിലധികം പേരെ ഇതുവരെ കാണാതായിട്ടുണ്ട്.
Movies
പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാ വ്യതിയാനവും ലോകം നേരിടുന്ന വലിയ ഭീഷണിയാണെന്നും അത് വെറുമൊരു വിദൂര സംഭവമല്ലെന്ന് തിരിച്ചറിയണമെന്നും നടനും സംവിധായകനുമായ എസ്.ജെ. സൂര്യ.
കാർത്തി നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം സർദാർ 2-ന്റെ പ്രചാരണ പരിപാടിയിൽ സംസാരിക്കവെയാണ് ഹോളിവുഡ് താരം ലിയോനാർഡോ ഡി കാപ്രിയോയുടെ പഴയ ഓസ്കർ പ്രസംഗവും സമീപകാലത്തുണ്ടായ നേപ്പാൾ പ്രളയവും പരാമർശിച്ച് എസ്.ജെ. സൂര്യ സംസാരിച്ചത്.
വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി മഞ്ഞുമലകൾ തേടിച്ചെന്നപ്പോൾ അവിടെ മഞ്ഞൊന്നും ഉണ്ടായിരുന്നില്ലെന്നും മഞ്ഞുമലകളെല്ലാം ഉരുകിപ്പോയിരുന്നുവെന്നും ഓസ്കാർ പുരസ്കാരം ഏറ്റുവാങ്ങിയ വേളയിൽ ലിയോനാർഡോ ഡി കാപ്രിയോ പറഞ്ഞിരുന്നു. ഗ്ലോബൽ വാമിങ്ങിനെതിരെയും കാടുകൾ നശിപ്പിക്കുന്നതിനെതിരെയും മനുഷ്യർ ജാഗ്രത പാലിക്കണമെന്ന് അന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകിയെങ്കിലും പലരും അത് ഗൗരവമായി എടുത്തില്ല. എന്നാൽ അടുത്തിടെ നേപ്പാളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ ഈ അപകടം നമ്മുടെ തൊട്ടടുത്തെത്തിക്കഴിഞ്ഞു എന്നതിന്റെ തെളിവാണെന്ന് എസ്.ജെ. സൂര്യ ചൂണ്ടിക്കാട്ടി.
"ഓസ്കർ പുരസ്കാരം ഏറ്റുവാങ്ങിയ വേളയിൽ ഹോളിവുഡ് താരം ലിയോനാർഡോ ഡി കാപ്രിയോ പറഞ്ഞ ഒരു കാര്യമുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു സിനിമയുടെ ചിത്രീകരണത്തിനായി മഞ്ഞുമലകൾ തേടിച്ചെന്നപ്പോൾ അവിടെ മഞ്ഞൊന്നും ഉണ്ടായിരുന്നില്ല. മഞ്ഞുമലകളെല്ലാം ഉരുകിപ്പോയിരുന്നു.
മനുഷ്യർ കുറച്ചുകൂടി ജാഗ്രത പാലിക്കണമെന്നും ആഗോളതാപനത്തെക്കുറിച്ച് ബോധവാന്മാരാകണമെന്നും അന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
മനുഷ്യർ കാടുകൾ നശിപ്പിച്ചുകൊണ്ടിരുന്നാൽ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ എങ്ങനെ നിലനിൽക്കും? വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞത് നമ്മൾ അത്ര ഗൗരവമായി എടുത്തില്ല. അത് ദൂരെ എവിടെയോ നടക്കുന്ന കാര്യമാണെന്നും നമുക്ക് കുഴപ്പമൊന്നുമില്ലെന്നുമാണ് നമ്മൾ കരുതിയത്. എന്നാൽ അടുത്തിടെ നേപ്പാളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ നമ്മൾ കണ്ടതാണ്.
ഭാവിക്കും ഭൂമിക്കും ആവശ്യമായ അത്തരമൊരു ഗംഭീര സന്ദേശമാണ് സംവിധായകൻ പി.എസ്. മിത്രൻ 'സർദാർ 2' എന്ന സിനിമയിലൂടെ നൽകുന്നത്. സർദാർ ആദ്യ ഭാഗത്തിൽ പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗത്തെക്കുറിച്ചും അതിലെ അപകടങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. എന്നിട്ടും നമ്മളിൽ പലരും മാറിയിട്ടില്ല. ഇതൊക്കെ എപ്പോഴോ എവിടെയോ സംഭവിക്കുന്ന കാര്യങ്ങളാണെന്നാണ് കരുതുന്നത്.
എന്നാൽ ഈ അപകടം നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ട് എന്ന ശക്തമായ മുന്നറിയിപ്പാണ് മിത്രൻ സാർ സർദാർ 2-ലൂടെ വീണ്ടും തരുന്നത്.
ഈ സിനിമ കേവലം ആക്ഷനും മാസ് മസാല എന്റർടൈൻമെന്റും മാത്രമായി തിയറ്റർ സ്ക്രീനിൽ കണ്ടുമറന്ന് പോകേണ്ട ഒന്നല്ല.
ഇതിലെ ആശയം നിങ്ങൾ വീട്ടിലേക്ക് കൂടെ കൊണ്ടുപോകണം, മനസിൽ ചിന്തിക്കണം, നമ്മുടെ ജീവിതത്തെയും ഭാവിയെയും കുറിച്ച് കൃത്യമായി പ്ലാൻ ചെയ്യണം.
അത്രയും മികച്ചൊരു സന്ദേശമാണ് ഇതിലുള്ളത്. ഇത്രയും നല്ലൊരു കഥ വന്നപ്പോൾ ആദ്യം തന്നെ അത് തിരഞ്ഞെടുത്ത് മുന്നോട്ട് വന്നത് നമ്മുടെ പ്രിയ താരം കാർത്തി സാറാണ്.
അദ്ദേഹത്തിന്റെ ഫിലിമോഗ്രഫി എടുത്തു നോക്കിയാൽ അറിയാം, ഓരോ സിനിമയിലും തികച്ചും വ്യത്യസ്തവും ആവേശകരവുമായ വിഷയങ്ങളാണ് അദ്ദേഹം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്’, എസ്.ജെ സൂര്യ പറഞ്ഞു.
Kerala
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1344 ആയി ഉയർന്നു. ടിബറ്റിൽ 31 മരണം കൂടി ചൈനീസ് സർക്കാർ ഇന്ന് സ്ഥിരീകരിച്ചു.
ഗിറോംഗ് ചെക്ക്പോസ്റ്റിൽ ഉണ്ടായിരുന്ന 31 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു എന്നാണ് സർക്കാർ അറിയിച്ചത്. കാണാതായ മലയാളികളെക്കുറിച്ച് പുതിയ വിവരങ്ങൾ കിട്ടിയിട്ടില്ല എന്ന് ബന്ധുക്കൾ പറഞ്ഞു.
നേപ്പാളിൽ ഇന്നലെ ത്രിശൂലി ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ നിന്ന് രണ്ടുപേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞിരുന്നു. തുരങ്കത്തിൽ നിന്ന് ഒരു മൃതദേഹവും കണ്ടെടുത്തു. വിവിധ ജലവൈദ്യുത പദ്ധതി പ്രദേശങ്ങളിൽ നിന്ന് 900ത്തോളം പേരെയാണ് കാണാതായത്. ഈ തുരങ്കങ്ങളിൽ ഇനി ആരെങ്കിലും ജീവനോടെ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ആകെ 843 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇതിൽ 85 എണ്ണം കുട്ടികളുടേതാണ്. 501 മൃതദേഹ ഭാഗങ്ങളും കണ്ടെടുത്തു. ഡിഎൻഎ സാമ്പിൾ ശേഖരിച്ച ശേഷം ഇതിൽ 1030 മൃതദേഹങ്ങൾ സംസ്കരിച്ചതായി നേപ്പാൾ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. 4898 പേരെയാണ് ഇനിയും കണ്ടെത്താന്നുള്ളത്.
International
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച മിന്നൽ പ്രളയത്തെ ‘ഹിമാലയൻ സുനാമിഎന്നു വിശേഷിപ്പിച്ച് വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ. ഈ പ്രതിസന്ധിഘട്ടത്തിൽ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച അയൽരാജ്യങ്ങൾക്കും അന്താരാഷ്ട്ര സമൂഹത്തിനും അദ്ദേഹം നന്ദി അറിയിച്ചു.
കാഠ്മണ്ഡുവിൽ നയതന്ത്ര ഉദ്യോഗസ്ഥർക്കായി വിളിച്ചുചേർത്ത വിശദീകരണ യോഗത്തിലാണ് വിദേശകാര്യ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സമീപകാല ചരിത്രത്തിലൊന്നും ഇത്തരമൊരു വൻ ദുരന്തം നമ്മൾ കണ്ടിട്ടില്ലാത്തതിനാൽ ഈ ദുരന്തത്തെ ‘ഹിമാലയൻ സുനാമി’എന്നു വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നു-അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമൂഹവുമായി ചേർന്ന് ഈ വിഷയത്തിൽ നേപ്പാൾ തുടർന്നും സഹകരിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ രാജ്യങ്ങളിലെ സ്ഥാനപതിമാർ, നയതന്ത്ര പ്രതിനിധികൾ, ലോക ബാങ്ക്, ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക്, ഐക്യരാഷ്ട്രസഭ തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും വിദേശപൗരന്മാരുടെ സുരക്ഷയെക്കുറിച്ചും മന്ത്രി വിശദീകരിച്ചു. ദുരന്തബാധിതപ്രദേശങ്ങളിൽ തെരച്ചിലും രക്ഷാപ്രവർത്തനവും ഊർജിതമാക്കി സ്വദേശികളുടെയും വിദേശികളുടെയും ജീവൻ രക്ഷിക്കുകയെന്നതാണു സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം വ്യക്തമാക്കി.
Editorial
ലോകത്ത് ആദ്യമായി ഒരു പ്രകൃതിദുരന്തത്തിനു പിന്നാലെ, പതിവില്ലാത്തൊരു പ്രശ്നം ഉയർന്നുവന്നിരിക്കുന്നു. നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിന്റെ കാരണം ആഗോളതാപനമായതിനാൽ, അതിനു കാരണമായ ഹരിതവാതകങ്ങൾ അധികം പുറന്തള്ളുന്ന അമേരിക്കയും ചൈനയും ഇന്ത്യയും നഷ്ടപരിഹാരം നല്കേണ്ടതുണ്ടെന്നാണ് നേപ്പാള് പറഞ്ഞത്. തത്കാലം നടപ്പില്ലാത്ത കാര്യമാണ്.
വ്യാപകനാശം വിതച്ച പ്രളയദുരിതത്തിന് സാധ്യമായ എല്ലാ സഹായങ്ങളുമെത്തിച്ച ഇന്ത്യക്കു നടുക്കമുളവാക്കുന്ന പ്രസ്താവനയാണിത്. പക്ഷേ, ആഗോളതാപനത്തിന്റെ കാലത്ത് ലോകം ചർച്ച ചെയ്യേണ്ട ഒരു വിഷയമാണ് ഉയർത്തപ്പെട്ടിരിക്കുന്നത്. ലോകത്തിന്റെയാകമാനം സുഖജീവിതത്തിനു ചില മനുഷ്യർമാത്രം വിലകൊടുക്കേണ്ടിവരുന്ന അനീതിയെ നേപ്പാൾ ശ്രദ്ധയിൽപെടുത്തിയിരിക്കുന്നു. പരിസ്ഥിതിനാശത്തിന്റെ വില, കേരളത്തിന്റെ മലയോരവാസികൾ മാത്രം പരിസ്ഥിതിലോല നിരോധന-നിയന്ത്രണങ്ങളുടെ പേരിൽ ഒടുക്കേണ്ടിവരുന്ന അനീതിപോലെ പരിഹരിക്കപ്പെടേണ്ട വിഷയമാണിത്. ആഗോളതാപച്ചൂള കത്തിച്ചവർക്കും പൊള്ളണം.
ഹിമാലയത്തിൽ വൻ ഹിമപാതത്തെത്തുടർന്നുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ 1,127 പേർ മരിച്ചു. 3,900ത്തിലധികം ആളുകളെ കണ്ടെത്താനായിട്ടില്ല. ‘ഹിമാലയൻ സുനാമി’ തങ്ങളുടെ കുറ്റംകൊണ്ടു സംഭവിച്ചതല്ല എന്നതാണ് നേപ്പാൾ വാദിക്കുന്നത്. ഇന്ത്യയും ചൈനയും അമേരിക്കയും ഉൾപ്പടെയുള്ളവർ സഹായമല്ല, നഷ്ടപരിഹാരമാണ് നൽകേണ്ടതെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ വ്യക്തമാക്കി. “ആഗോളതാപനത്തിനു കാരണമാകുന്ന ഹരിതഗൃഹ വാതകങ്ങൾ ഏറ്റവും കൂടുതൽ പുറത്തുവിടുന്ന രാജ്യങ്ങൾക്ക് ധാർമികവും നിയമപരവുമായ ഉത്തരവാദിത്വമുണ്ട്. ഞങ്ങൾ സൃഷ്ടിക്കാത്ത ഒരു ആഗോള പ്രതിസന്ധിയുടെ കനത്ത വിലയായി ജീവനുകൾ ഉൾപ്പടെ ബലി നൽകേണ്ടിവന്നിരിക്കുന്നു.
ആഗോളതാപനത്തിൽ നേപ്പാളിന്റെ പങ്ക് 0.1 ശതമാനത്തിലും താഴെയാണ്. ദുരിതാശ്വാസങ്ങളെ ഭിക്ഷയോ ഔദാര്യമോ ആയിട്ടല്ല. നീതിയും നഷ്ടപരിഹാരവുമായി കാണണം.” വിഷയം ചർച്ചയാക്കുന്നതിന് ഐക്യരാഷ്ട്രസഭയുടെ ‘ലോസ് ആൻഡ് ഡാമേജ്’ ഫണ്ടിനെ നേപ്പാൾ സമീപിച്ചിരിക്കുകയാണ്. അടുത്തതായി നേപ്പാൾ പ്രധാനമന്ത്രി യുഎൻ പൊതുസഭയെ സമീപിക്കുമെന്നാണ് റിപ്പോർട്ട്.
മുന്പ് പരോക്ഷമായി ഉന്നയിക്കപ്പെട്ടിരുന്ന വിഷയമാണെങ്കിലും പ്രഹസനങ്ങളായി മാറിക്കൊണ്ടിരിക്കുന്ന സമകാലിക ആഗോളതാപന ചർച്ചകളുടെ ദിശ മാറ്റുന്ന പ്രസ്താവനയാണ് നേപ്പാൾ നടത്തിയിരിക്കുന്നത്. ആഗോള കാർബണിന്റെ 45 മുതൽ 48 ശതമാനം വരെ അമേരിക്ക, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങളാണ് പുറന്തള്ളുന്നതെന്നാണ് നേപ്പാൾ ആരോപിച്ചിരിക്കുന്നത്. എന്നാൽ, ആകെയുള്ള കാർബൺ പുറന്തള്ളലിൽ മുന്നിലാണെങ്കിലും പ്രതിശീർഷ കാർബൺ പുറന്തള്ളലിൽ പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് വളരെ പിന്നിലാണെന്നതാണ് ഇന്ത്യയുടെ നിലപാട്.
വ്യവസായങ്ങളും ഊർജോത്പാദനമേഖലയും പ്രധാനമായും ആശ്രയിക്കുന്നതു കൽക്കരിയെ ആയതിനാൽ ലോകത്ത് ഏറ്റവുമധികം കാർബൺ ഡൈ ഓക്സൈഡ് പുറത്തുവിടുന്നതു ചൈനയാണ്; 30 ശതമാനം. ലോകജനസംഖ്യയുടെ നാലു ശതമാനം മാത്രമുള്ള അമേരിക്ക, ആകെ കാർബൺ പുറന്തള്ളലിന്റെ ഏകദേശം 13 ശതമാനം നടത്തുന്നുണ്ട്. പക്ഷേ, എല്ലാ മനുഷ്യരുടെയും പരിസ്ഥിതിദ്രോഹത്തിന്റെ ഇരകൾ പർവതങ്ങളിലും താഴ്വരകളിലും കടൽത്തീരങ്ങളിലുമൊക്കെയുള്ള താരതമ്യേന ദരിദ്രരായ മനുഷ്യരാണ്. പക്ഷേ, അധികാരം ദാരിദ്ര്യത്തെ പ്രചാരണോപാധി മാത്രമായി കാണുന്ന സന്പന്നരുടെ കൈയിലാണ്.
കേരളത്തിൽ പരിസ്ഥിതിലോല മേഖല (ഇഎസ്ഐ)യിൽ പെടുത്തിയ 131 വില്ലേജുകളിലെ ലക്ഷക്കണക്കിനു മനുഷ്യരുടെ അവസ്ഥയും ഇതാണ്. കേന്ദ്ര-സംസ്ഥാന സർക്കാരുകളും കോടതികളും നിർവികാരത പുലർത്തുന്പോൾ എന്തു ചെയ്യണമെന്നറിയാതെ ആയുസത്രയും ഭീതിയിൽ കഴിയാൻ വിധിക്കപ്പെട്ടിരിക്കുകാണ് അവർ. നഗരങ്ങൾക്കുവേണ്ടിയുള്ള ജലസേചന പദ്ധതികളും അണക്കെട്ടുകളും പവർഹൗസുകളുമെല്ലാം മലയോരവാസികളുടെ അക്കൗണ്ടിൽ ചേർത്തിട്ടുണ്ട്. ഭരണാധികാരികളും നിയമജ്ഞരും നഗരവാസികളും അനുഭവിക്കുന്നതിന്റെ ഒരംശം സുഖജീവിതം വിധിച്ചിട്ടില്ലാത്ത മനുഷ്യർ എല്ലാത്തിന്റെയും ഉത്തരവാദികളായി മാറുന്നു.
നേപ്പാളിന്റെ അവകാശവാദം അവർക്കു സഹായവുമായി ഓടിയെത്തിയ ഇന്ത്യയെ വേദനിപ്പിക്കുന്നതാണ്. പക്ഷേ, ആഗോളതാപനത്തിന്റെ ഇരകളായ കേരളത്തിലേത് ഉൾപ്പടെയുള്ള എല്ലാ മനുഷ്യർക്കുംവേണ്ടി അതു വിലയിരുത്തപ്പെടണം. അന്തർദേശീയ ബന്ധങ്ങളെ ബാധിക്കുന്നതു മാത്രമല്ല, ആഭ്യന്തര നിലവിളികളെ പ്രതിഫലിപ്പിക്കുന്നതുമാണ് ആഗോളതാപനവും പ്രകൃതിദുരന്തങ്ങളുമെന്ന് ഇന്ത്യയും തിരിച്ചറിയണം. നേപ്പാളിനുമുന്പ്, കേരളത്തിലുൾപ്പടെയുള്ള പരിസ്ഥിതിലോല തടവുകാർക്കു നഷ്ടപരിഹാരം കൊടുക്കണം.
International
കാഠ്മണ്ഡു: പ്രളയദുരന്തത്തിന്റെ ഏഴാം ദിനമായ വ്യാഴാഴ്ച ടിബറ്റിൽ ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങൾ അറിയിച്ചത്.
ഇന്ത്യയിലെ ഉത്തരാഖണ്ഡിനോട് അടുത്തുള്ള ടിബറ്റൻ മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
പ്രളയദുരന്ത മേഖലയിൽ നടക്കുന്ന തെരച്ചിലിനെയും രക്ഷാപ്രവർത്തനത്തെയും ഭൂകമ്പം ബാധിച്ചില്ല.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1250 ആയി ഉയർന്നു. ഇതിൽ നേപ്പാളിൽ മാത്രം 1229 പേരുടെയും ചൈനീസ് ഭാഗങ്ങളിൽ 21 പേരുടെയും മരണമാണ് സ്ഥിരീകരിച്ചിട്ടുള്ളത്. ചിത്വൻ ജില്ലയിലാണ് ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മിന്നൽ പ്രളയത്തിൽ കനത്ത നാശനഷ്ടമുണ്ടായ നേപ്പാളിൽ രക്ഷാപ്രവർത്തനവും കാണാതായവർക്കായുള്ള തെരച്ചിലും പുരോഗമിക്കുന്നു. മരിച്ചവരെ തിരിച്ചറിയാനുള്ള നടപടികളും വേഗത്തിലാക്കിയിട്ടുണ്ട്.
പ്രളയത്തിൽ കാണാതായ 4875 പേർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കാണാതായവരിൽ 561 പേർ വിദേശികളാണ്. അതേസമയം, ഇതുവരെ 11923 പേരെ രക്ഷപ്പെടുത്താനായെന്ന് നേപ്പാൾ സൈന്യം അറിയിച്ചു. കാണാതായ മലയാളികളെക്കുറിച്ച് ഇതുവരെ സൂചനയൊന്നും കിട്ടിയിട്ടില്ല.
രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിൽ നിന്നുള്ള 11 അംഗ വിദഗ്ധ സംഘം നേപ്പാളിലെത്തിയിട്ടുണ്ട്. ഇന്ത്യയും ചൈനയും നൽകിയ സഹായത്തിന് നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷാ നന്ദി പറഞ്ഞു. പ്രളയത്തിന് തൊട്ടുപിന്നാലെ തന്നെ ഇരുരാജ്യങ്ങളും ആവശ്യമായ സഹായം എത്തിച്ചതായി അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: പ്രളയം നാശംവിതച്ച നേപ്പാളിലേക്ക് ഇന്ത്യ അഞ്ച് ടൺ അവശ്യമരുന്നുകളും രക്ഷാപ്രവർത്തകരുടെ 11 അംഗ സംഘത്തെയും അയച്ചു. നേപ്പാളിനു സഹായവുമായി അഞ്ചാം വിമാനമാണ് ഇന്ത്യ അയക്കുന്നത്. രക്ഷാപ്രവർത്തനത്തിനാവശ്യമായ പ്രത്യേക ഉപകരണങ്ങളും വിമാനത്തിലുണ്ട്.
ഇന്ത്യ ഇതുവരെ 68.5 ടൺ ദുരിതാശ്വാസ സാധനങ്ങൾ നേപ്പാളിലേക്ക് എത്തിച്ചിട്ടുണ്ട്. തെരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങൾക്കൊപ്പം ഡോക്ടർമാരുടെയും പാരാമെഡിക്കൽ, സാങ്കേതിക സംഘത്തെയും അയച്ചിരുന്നു.
International
കാഠ്മണ്ഡു: പ്രകൃതിയുടെ സർവസംഹാര താണ്ഡവത്തിൽ നാടുമുഴുവൻ ഒലിച്ചുപോയപ്പോഴും പ്രളയജലത്തെ വെല്ലുവിളിച്ച് ഒരു നാലുനില വീട് മാത്രം തലയുയർത്തി നിന്നു! നേപ്പാളിലെ ത്രിശൂലി നദീതീരത്ത് നുവാകോട്ട് ഡുങ്കെ ബസാറിലെ പ്രകാശ് എന്നയാളുടെ 40 വർഷം പഴക്കമുള്ള പച്ചച്ചായമടിച്ച വീടാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലും നാട്ടുകാരിലും ചർച്ചാവിഷയം.
ചുറ്റുമുള്ള വീടുകളും വാഹനങ്ങളും പാലങ്ങളും വൻ പ്രളയത്തിൽ തകർന്നു തരിപ്പണമായപ്പോഴും ആറു പേരുടെ ജീവനാണ് ഈ ‘അത്ഭുത വീട്’കാത്തുസൂക്ഷിച്ചത്.കഴിഞ്ഞ 26നുണ്ടായ മിന്നൽപ്രളയത്തിൽ നദി കരകവിഞ്ഞൊഴുകിയപ്പോൾ പ്രകാശും കുടുംബവും വീടിന്റെ ടെറസിലേക്കു മാറിയാണ് രക്ഷപ്പെട്ടത്. താഴത്തെ നിലയിലെ കടയും ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങളും കാറുകളും ബൈക്കുകളും ഒലിച്ചുപോയെങ്കിലും കെട്ടിടത്തിന്റെ പ്രധാന ഘടനയ്ക്ക് ഒരു പോറൽ പോലുമേറ്റില്ല.
പാറപോലെ ഉറച്ച ആ ‘രഹസ്യം’
ഈ രക്ഷപ്പെടൽ കേവലം ഭാഗ്യം മാത്രമായിരുന്നില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. ഈ ‘പച്ചവീടി'നെ പ്രളയത്തിൽനിന്നു രക്ഷിച്ച പ്രധാന കാരണങ്ങൾ ഇവയാണ്:
ശക്തമായ അടിത്തറ: 40 വർഷം മുമ്പ് നദിക്കരയിൽ വീടുവയ്ക്കുമ്പോൾ, റോഡ് നിർമാണത്തിന് ഉപയോഗിക്കുന്ന കൂറ്റൻ കല്ലുകളും മണ്ണും പ്രത്യേക രീതിയിൽ നിരത്തിയാണ് അടിത്തറ ഉറപ്പിച്ചത്.
കോൺക്രീറ്റ് കരുത്ത്: ചുറ്റുമുള്ള ഭൂരിഭാഗം വീടുകളും സാധാരണ കല്ലുകൾ അടുക്കിവച്ച് ഉണ്ടാക്കിയപ്പോൾ, പ്രകാശ് കമ്പിയും കോൺക്രീറ്റും ഉപയോഗിച്ച് തൂണുകളും ബീമുകളും ബലമായി ബന്ധിപ്പിച്ച് ‘സ്ട്രക്ചറൽ സ്ട്രെംഗ്ത് ’നൽകി.
കൃത്യമായ സ്ഥാനം: ഉരുൾപൊട്ടലിൽ ഒഴുകിയെത്തിയ ഭീമൻ പാറകളും മരങ്ങളും നദിയുടെ നടുവിലൂടെ ഒഴുകിപ്പോയപ്പോൾ, വീട് സ്ഥിതിചെയ്തിരുന്ന ഉയർന്ന പ്രദേശം വലിയ ആഘാതങ്ങളിൽനിന്ന് രക്ഷപ്പെട്ടു.
ആകൃതി നൽകിയ ആനുകൂല്യം: ചതുരാകൃതിയിലുള്ള ചെറിയ കെട്ടിടമായതിനാൽ, വെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കിനെ രണ്ടായി വിഭജിച്ച് ഇരുവശങ്ങളിലേക്കും തിരിച്ചുവിടാൻ ഈ വീടിനു സാധിച്ചു.
ശരിയായ ആസൂത്രണവും ഗുണനിലവാരമുള്ള നിർമാണവും ഉണ്ടെങ്കിൽ പ്രകൃതിദുരന്തങ്ങളുടെ ആഘാതത്തെ മറികടക്കാമെന്നതിന്റെ ജീവിക്കുന്ന തെളിവായി മാറി സമുദ്രം പോലെ ഒഴുകിയ പ്രളയജലത്തിന് നടുവിൽ തനിച്ചുനിന്ന ഈ പച്ചവീട്.
International
കാഠ്മണ്ഡു: നേപ്പാളിന്റെ പ്രളയദുരന്തമുഖത്ത് രക്ഷാപ്രവർത്തനത്തിന്റെ പുതുചരിത്രമെഴുതി ഡ്രോണുകൾ. രക്ഷാപ്രവർത്തകർക്കു കടന്നുചെല്ലാൻ സാധിക്കാത്ത മേഖലകളിൽ രക്ഷാകരങ്ങളാകുകയാണ് ഡ്രോണുകൾ.
അതിദുർഘട പ്രദേശമായ നുവാക്കോട്ടിലെ ദേവിഘട്ട് മൂന്നിൽനിന്ന് ഏഴു മൃതദേഹങ്ങളാണ് ഡ്രോൺ പുറത്തെത്തിച്ചത്. നേപ്പാൾ പോലീസ്, കരസേന, ഡ്രോൺ നിർമാണ കമ്പനിയായ ഗരുഡ് എക്സിലെയും വിദഗ്ധ സംഘമാണ് ഡ്രോൺ രക്ഷാപ്രവർത്തനത്തിനുപിന്നിൽ പ്രവർത്തിക്കുന്നത്.
പ്രളയത്തെത്തുടർന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്കു ഭക്ഷണവും മരുന്നുകളും എത്തിക്കുക, ദുർഘട പ്രദേശങ്ങളിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുക, മൃതദേഹങ്ങൾ വ്യോമമാർഗം എത്തിക്കുക തുടങ്ങിയ പ്രവർത്തനങ്ങളാണ് ഡ്രോൺ നേപ്പാൾ ദുരന്തമുഖത്ത് നിർവഹിച്ചുവരുന്നത്. രക്ഷാപ്രവർത്തനത്തിൽ നേപ്പാളിന്റെ കണ്ണും കൈകളുമായി മാറിയിരിക്കുകയാണ് ആളില്ലാ കുഞ്ഞൻ വിമാനങ്ങൾ.
പ്രളയം ഏറ്റവും പ്രതികൂലമായി ബാധിച്ച ദേവിഘട്ടിലെ ഒറ്റപ്പെട്ടപ്രദേശങ്ങളിൽ ആളുകൾക്ക് അവശ്യസാധനങ്ങളെത്തിക്കാനായത് എഐ സംവിധാനമുള്ള ഡ്രോണുകളുടെ സഹായത്തോടെയായിരുന്നു.
ഒറ്റപ്പെട്ടുപോയ ഗ്രാമങ്ങളുടെ മുകളിലൂടെ പറക്കുന്ന ഡ്രോണുകൾ ഉച്ചഭാഷണി ഉപയോഗിച്ച് ആഹാരം, വെള്ളം, മരുന്നുകൾ എന്നിവ ആവശ്യമുണ്ടോയെന്ന് ചോദിക്കും. ജനങ്ങളുടെ പ്രതികരണങ്ങൾ പകർത്തി കൺട്രോൾ റൂമിൽ ഡ്രോണുകൾ എത്തിക്കുമ്പോൾ അതിനനുസരിച്ച് സാധനങ്ങൾ ഡ്രോണുകൾ ഉപയോഗിച്ചുതന്നെ അയയ്ക്കാനും കഴിയുമെന്ന് എയർലിഫ്റ്റ് ടെക്നോളജി ഡയറക്ടറും ഡ്രോൺ പൈലറ്റുമായ മിലാൻ പാണ്ഡെ പറഞ്ഞു.
ഡ്രോണിൽനിന്നുള്ള നിർദേശമനുസരിച്ച് ആളുകൾ പ്ലക്കാർഡിലോ ചെളിയിലോ ഫോൺ നമ്പറോ വിലാസമോ എഴുതിക്കാണിക്കുമ്പോൾ ഓപ്പറേറ്റർമാർക്ക് അവരുടെ സ്ഥലവും ആവശ്യകതകളും തിരിച്ചറിഞ്ഞ് സഹായം എത്തിക്കാൻ സാധിക്കുന്നു.
മൂന്നു ദിവസത്തിനുള്ളിൽ കുറഞ്ഞത് 1.5 ടൺ ഭക്ഷണം ഉൾപ്പെടെയുള്ള അടിയന്തര സാമഗ്രികൾ ദുരിതബാധിത പ്രദേശങ്ങളിൽ വിതരണം ചെയ്തതായി പാണ്ഡെ പറഞ്ഞു. റോഡുകളും പാലങ്ങളും ഒലിച്ചുപോയ ദുരന്തപ്രദേശങ്ങളിൽ രക്ഷാപ്രവർത്തനത്തിന്റെ ജീവനാഡിയായി ഡ്രോണുകൾ മാറിയിരിക്കുകയാണ്.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1130 ആയി ഉയർന്നു. നേപ്പാളിൽ 1114 മരണങ്ങളും ടിബറ്റിൽ 16 മരണങ്ങളുമാണ് ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. ദുരന്തം നടന്ന് ഒരാഴ്ച പിന്നിടുമ്പോൾ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി തുടരുകയാണ്.
ഇതിനിടയിൽ കാണാതായ ചിലർ അത്ഭുതകരമായി രക്ഷപ്പെട്ടുവെന്ന വാർത്തകൾ മാത്രമാണ് നിലവിൽ ദുരിതബാധിതർക്കും ബന്ധുക്കൾക്കും ആശ്വാസം പകരുന്നത്.
ഈ ദുരന്തത്തിൽ കാണാതായ ആറ് മലയാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യ മറ്റൊരു വിമാനം കൂടി നേപ്പാളിലേക്ക് അയച്ചു.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 1,127 ആയി ഉയർന്നതായി നേപ്പാൾ പൊലിസ് അറിയിച്ചു. ദുരന്തം സംഭവിച്ച് ഒരാഴ്ച പിന്നിടുമ്പോഴും കാണാതായ ആയിരക്കണക്കിന് ആളുകൾക്കായി തെരച്ചിൽ ഊർജിതമായി തുടരുകയാണ്. പ്രളയബാധിത പ്രദേശങ്ങളിൽനിന്ന് ഇതുവരെ 6,541 പേരെ രക്ഷപ്പെടുത്തിയ സൈന്യം, കാണാതായ 4,858 പേർക്കായി തെരച്ചിൽ തുടരുകയാണ്.
അതേസമയം, വിദേശരാജ്യങ്ങളിൽനിന്നുള്ള 324 വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തിയതായി നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായ സഞ്ചാരികളിൽ പലരും തിരികെ ബന്ധപ്പെട്ടുതുടങ്ങിയിട്ടുണ്ടെന്ന് ടൂറിസം ബോർഡ് വ്യക്തമാക്കി.
നേപ്പാളിൽനിന്നുള്ള വെള്ളപ്പൊക്കത്തിൽപ്പെട്ട് ഒലിച്ചുപോയ അഞ്ച് നേപ്പാളി പൗരന്മാരുടെ മൃതദേഹങ്ങൾ ഉത്തർപ്രദേശിലെ കുശിനഗറിൽനിന്ന് കണ്ടെത്തി നേപ്പാൾ പൊലിസിന് കൈമാറി.
അതിനിടെ, നേപ്പാളിൽനിന്ന് ഉത്തർപ്രദേശ്, ബിഹാർ അതിർത്തികളിലേക്ക് ഒഴുകിയെത്തുന്ന നദികളിൽനിന്നു ലഭിക്കുന്ന മത്സ്യങ്ങൾ കഴിക്കരുതെന്ന് ബിഹാർ സർക്കാർ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വെള്ളത്തിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മൃതദേഹങ്ങൾ അഴുകിക്കിടക്കാൻ സാധ്യതയുള്ളതിനാൽ ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് നിർദേശം.
International
കാഠ്മണ്ഡു: പ്രകൃതിയുടെ സർവസംഹാര താണ്ഡവത്തിനു മുന്നിൽ വീടുകളും വാഹനങ്ങളും പാലങ്ങളും തകർന്നടിഞ്ഞപ്പോൾ നേപ്പാളിലെ ത്രിശൂലി നദീതീരത്ത് ഒരു വീട് മാത്രം ഉറച്ചുനിന്നു. നുവാകോട്ട് ജില്ലയിലെ ഡുങ്കെ ബസാറിലെ പ്രകാശ് എന്ന വ്യക്തിയുടെ 40 വർഷം പഴക്കമുള്ള, പച്ചനിറമടിച്ച നാലുനില വീടാണ് പ്രളയത്തെ അതിജീവിച്ച് വാർത്തകളിൽ ഇടംപിടിച്ചത്. ദുരന്തത്തിൽ പ്രദേശത്തെ മറ്റെല്ലാ കെട്ടിടങ്ങളും ഒലിച്ചുപോയപ്പോഴും ആറ് കുടുംബാംഗങ്ങളുടെ ജീവനാണ് ഈ വീട് കാത്തത്.
കഴിഞ്ഞ 26നുണ്ടായ മിന്നൽ പ്രളയത്തിൽ ത്രിശൂലി നദിയിൽ ജലനിരപ്പുയർന്നതോടെ പ്രകാശും കുടുംബവും വീടിന്റെ ഏറ്റവും മുകളിലത്തെ നിലയിലേക്കു മാറി. താഴത്തെ നിലയിലുണ്ടായിരുന്ന കടയും സാധനങ്ങളും വാഹനങ്ങളും വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയെങ്കിലും കെട്ടിടത്തിന്റെ പ്രധാന ഘടനയ്ക്കു യാതൊരു കേടുപാടും സംഭവിച്ചില്ല.
പലരും ഇതിനെ ഒരു 'അത്ഭുതം' എന്നു വിളിക്കുമ്പോഴും കൃത്യമായ നിർമാണരീതിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് വീടിനെ രക്ഷിച്ചതെന്ന് കെട്ടിടനിർമാണ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
താനുൾപ്പെടെ ആറു പേരാണ് ആ സമയത്ത് വീട്ടിലുണ്ടായിരുന്നതെന്നും ഒരു മകൻ സ്കൂളിലായിരുന്നതിനാൽ രക്ഷപ്പെട്ടെന്നും പ്രകാശ് പറഞ്ഞു. വീടിന്റെ താഴത്തെ നില പ്രകാശിന്റെ കടയിലെ സാധനങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണായിട്ടാണ് ഉപയോഗിച്ചിരുന്നത്.
പ്രളയത്തിൽ വൻതോതിലുള്ള സാധനസാമഗ്രികൾ നശിക്കുകയും രണ്ട് കാറുകളും ബൈക്കുകളും സ്കൂട്ടറുകളും ഒലിച്ചുപോകുകയും ചെയ്തു. എന്നിരുന്നാലും, ഈ പ്രളയത്തിൽ തന്റെ വീട് തകരാതെ പിടിച്ചുനിന്നത് കേവലം യാദൃശ്ചികമല്ലെന്നാണ് പ്രകാശ് വിശ്വസിക്കുന്നത്. വെള്ളം ഉയർന്നതോടെ പ്രകാശും കുടുംബവും ആദ്യം നാലാം നിലയിലേക്ക് മാറിയെങ്കിലും താമസിയാതെ പ്രളയജലം അവിടെയുമെത്തി. തുടർന്ന് അവർ വീടിന്റെ ടെറസിലേക്ക് മാറുകയായിരുന്നു.
International
കാഠ്മണ്ഡു: നേപ്പാളിൽ മിന്നൽപ്രളയം വിതച്ച മഹാദുരന്തത്തിനിടയിൽനിന്നും പുറത്തുവരുന്നത് ഹൃദയഭേദകമായ കാഴ്ചകൾ. വീടും ഉറ്റവരെയും നഷ്ടപ്പെട്ട മനുഷ്യർക്കൊപ്പം, അവശിഷ്ടങ്ങൾക്കിടയിൽ തങ്ങളുടെ ഉടമകളെ തിരയുന്ന വളർത്തുനായ്ക്കളുടെ വീഡിയോകളും സമൂഹമാധ്യമങ്ങളിൽ നൊമ്പരമാകുകയാണ്. പ്രളയം മനുഷ്യരെയും അവരുടെ പ്രിയപ്പെട്ട വളർത്തുമൃഗങ്ങളെയും എങ്ങനെ വേർപെടുത്തിയെന്ന് ഈ ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
ദുരന്തം വലിയ നാശംവിതച്ച ധുംഗെ പ്രദേശത്തുനിന്നുള്ള ലില്ലി എന്ന നായയുടെ കാത്തിരിപ്പാണ് ഇതിൽ ഏറ്റവും വേദനജനകം. താൻ ജീവിച്ചിരുന്ന വീട് നിന്നിരുന്ന സ്ഥലത്ത് കഴുത്തിലൊരു ബെൽറ്റുമായി ലില്ലി ഇപ്പോഴും ഇരിപ്പുണ്ട്. പ്രദേശവാസികൾ അവൾക്കു ഭക്ഷണം നൽകുന്നുണ്ടെങ്കിലും തന്നെ ഊട്ടിയിരുന്ന ഹോട്ടൽ ഉടമയെ തിരയുകയാണ് അവളിപ്പോഴും. ലില്ലിയുടെ ഉടമയടക്കം നിരവധി പേരെയാണ് ഈ പ്രദേശത്തു കാണാതായിട്ടുള്ളത്.
അവശിഷ്ടങ്ങൾക്കിടയിൽ ഒരിലയനക്കം കാത്ത്
തകർന്നടിഞ്ഞ ഒരു വീടിനുള്ളിൽ ചെളിയിൽ കുളിച്ച് ക്ഷീണിതനായി ഇരിക്കുന്ന മറ്റൊരു നായയുടെ ദൃശ്യങ്ങളും വൈറലാണ്. വീടിന്റെ ഭൂരിഭാഗവും ഒലിച്ചുപോയിട്ടും, അവശിഷ്ടങ്ങൾക്കിടയിൽ തന്റെ ഉടമസ്ഥർ മടങ്ങിവരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണത്.
ഭോട്ടെ കോശി നദിയിലുണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങളുണ്ടായ രസുവയിലും സമാനമായ കാഴ്ച കാണാം. തകർന്ന ഒരു വീടിനു പുറത്ത് തന്റെ യജമാനനെ അവസാനമായി കണ്ട സ്ഥലത്തുനിന്ന് മാറാൻ കൂട്ടാക്കാതെ ഇരിക്കുകയാണ് ഒരു നായ.
പ്രളയജലത്തിൽ ഒലിച്ചുപോയി കനത്ത ചെളിയിൽ കുടുങ്ങിയ ഒരു നായയെ നാട്ടുകാർ ചേർന്ന് സാഹസികമായി രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളും എക്സിൽ പ്രചരിക്കുന്നുണ്ട്. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് അവശനായ നായയെ ഇവർ സുരക്ഷിതമായി പുറത്തെത്തിച്ചത്.
ആശ്വാസത്തിന്റെ പുനഃസമാഗമം
സങ്കടക്കാഴ്ചകൾക്കിടയിൽ ആശ്വാസമേകുന്ന ഒരു ദൃശ്യവുമുണ്ട്. പ്രളയത്തിൽപ്പെട്ട് മൂന്നോ നാലോ ദിവസമായി വേർപിരിഞ്ഞ തന്റെ പ്രിയപ്പെട്ട നായയെ സുരക്ഷിതനായി തിരികെ ലഭിച്ചപ്പോൾ ഒരു സ്ത്രീ അതിനെ കെട്ടിപ്പിടിച്ച് കരയുന്ന വീഡിയോ ഏവരുടെയും കണ്ണ് നനയിക്കും. ചുറ്റുമുള്ള ദുരന്തങ്ങൾ മറന്ന്, നഷ്ടപ്പെട്ടെന്നു കരുതിയ തന്റെ അരുമയെ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലായിരുന്നു അവർ.
നേപ്പാളിലെ ജനങ്ങൾക്ക് നായ്ക്കളോടുള്ള ആത്മബന്ധം വളരെ വലുതാണ്. 'കുക്കൂർ തിഹാർ' എന്ന വാർഷിക ഉത്സവത്തിൽ നായ്ക്കളെ മാലയിട്ടും കുങ്കുമം അണിയിച്ചും അവർ ആദരിക്കാറുണ്ട്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ഈ വലിയ സ്നേഹബന്ധത്തിന്റെ നേർക്കാഴ്ചയാണ് ഈ ദുരന്തമുഖത്തും കാണാനാകുന്നത്.
ഉറ്റവരെ തേടിയുള്ള മനുഷ്യരുടെ അന്വേഷണം ഒരുവശത്ത് തുടരുമ്പോൾ, ഒരുപക്ഷേ ഇനി ഒരിക്കലും തിരിച്ചുവരാത്ത യജമാനന്മാരുടെ കാൽപ്പെരുമാറ്റവും കാത്ത് ഈ വളർത്തുമൃഗങ്ങളും തകർന്നടിഞ്ഞ വീടുകൾക്ക് മുന്നിൽ കാവലിരിക്കുകയാണ്.
International
കാഠ്മണ്ഡു: നേപ്പാള് പ്രളയത്തില് മരണസംഖ്യ ഉയരുന്നു. 1003 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്.
മലയാളികള് അടക്കം 4,000 ത്തോളം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. നദികളില് ജലനിരപ്പ് ഉയര്ന്നതിന് പിന്നാലെ നേപ്പാളില് വീണ്ടും പ്രളയ മുന്നറിയിപ്പ് നല്കി.
നേപ്പാള് സര്ക്കാരിന്റെ ഔദ്യോഗിക കണക്കുകള് പ്രകാരം 3916 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. വിദേശികള് അടക്കം പതിനൊന്നായിരിത്തിലധികം പേരെ രക്ഷപ്പെടുത്തിയപ്പോള് ആയിരത്തിലധികം പേര്ക്കാണ് ജീവന് നഷ്ടമായത്.
വിവിധ ജല വൈദ്യുതി പദ്ധതികളില് പ്രവര്ത്തിച്ചിരുന്ന 650ലധികം പേരെ ഇനിയും കണ്ടെത്താന് ഉണ്ടെന്നും നേപ്പാള് സര്ക്കാര് അറിയിച്ചു. ഇന്ത്യയില് നിന്നുള്ള തുരങ്ക രക്ഷാപ്രവര്ത്തന സംഘത്തിന്റെ നേതൃത്വത്തില് തെരച്ചില് മേഖലയില് തുടരുകയാണ്.
എന്നാല്, നദികളിലും അരുവികളിലും വീണ്ടും ജലനിരപ്പ് ഉയര്ന്നതിന് പിന്നാലെ നേപ്പാളില് വീണ്ടും പ്രളയം മുന്നറിയിപ്പ് നല്കി. ജനങ്ങള് അതീവ ജാഗ്രത പാലിക്കണമെന്നാണ് ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്ദേശം.
International
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. കാണാതായ ഇന്ത്യക്കാരെക്കുറിച്ച് പുതിയ സൂചനകളില്ലെന്നാണ് സർക്കാർ വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ജലവൈദ്യുത പ്ലാന്റുകളിൽ ഇപ്പോഴും 650ലധികം പേരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ദൗത്യം ദുഷ്കരമായ മേഖലകളിലേക്ക് ഹെലികോപ്റ്റർ അയക്കാൻ ശ്രമം തുടരുന്നു. കഴിഞ്ഞ ദിവസം റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ അവസാന അറ്റം വരെ തെർമൽ ഡ്രോണുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയെങ്കിലും ജീവനോടെ ആരെയും കണ്ടെത്താനായില്ല.
പ്രളയ സമയത്ത് നേപ്പാളിലെ നിരവധി ജലവൈദ്യുത പദ്ധതികളിൽ നൂറുകണക്കിന് തൊഴിലാളികളാണ് ഭൂഗർഭ തുരങ്കങ്ങളിൽ ജോലി ചെയ്തിരുന്നത്. എന്നാൽ കാണാതായവരെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
International
കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിലുണ്ടായ വൻ ഹിമപാതത്തെ തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും മരിച്ചവരുടെ എണ്ണം 903 ആയി ഉയർന്നു. രക്ഷാപ്രവർത്തനം ആറാം ദിവസത്തിലേക്കു കടക്കുമ്പോഴും ദുരന്തമേഖലകളിൽനിന്ന് കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തുകൊണ്ടിരിക്കുകയാണ്.
ഇതിനിടെ കാണാതായവരുടെ എണ്ണം കുത്തനെ ഉയർന്ന് 4,247ൽ എത്തിയതായി നേപ്പാൾ നാഷണൽ ഡിസാസ്റ്റർ റിസ്ക് റിഡക്ഷൻ ആൻഡ് മാനേജ്മെന്റ് അഥോറിറ്റി വ്യക്തമാക്കി. മുന്പെങ്ങുമില്ലാത്തവിധമുള്ള വൻ പ്രകൃതിദുരന്തമാണു രാജ്യം നേരിടുന്നതെന്ന് നേപ്പാൾ പ്രധാനമന്ത്രി ബാലേന്ദ്ര ഷാ പറഞ്ഞു.
അപ്രതീക്ഷിതമായി എത്തിയ ഹിമപാതം
രസുവയിലെ ലങ്തങ്-ലിറങ് മേഖലയിൽ സമുദ്രനിരപ്പിൽനിന്ന് 5,200 മീറ്റർ ഉയരത്തിലുണ്ടായ വൻ ഹിമ പാറ വീഴ്ചയാണ് പ്രളയത്തിനു കാരണമായതെന്ന് ശാസ്ത്രജ്ഞരുടെ പ്രാഥമിക പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. മഞ്ഞും പാറയും ചെളിയും നിറഞ്ഞ ശക്തമായ വെള്ളപ്പൊക്കം ലെന്ധെ, ഭോട്ടെകോശി, ത്രിശൂലി നദികളിലൂടെ കുത്തിയൊഴുകി ജനവാസകേന്ദ്രങ്ങളെയും ജലവൈദ്യുത പദ്ധതികളെയും മുക്കുകയായിരുന്നു.
തുരങ്കങ്ങളിൽ തുടരുന്ന രക്ഷാപ്രവർത്തനം
ദുരന്തത്തിൽ നിരവധി ജലവൈദ്യുത പദ്ധതികൾ തകർന്നു. ത്രിശൂലി-എത്രി ഉൾപ്പടെ അരഡസനോളം ജലവൈദ്യുത തുരങ്കങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്ന നൂറുകണക്കിന് തൊഴിലാളികളെ രക്ഷപ്പെടുത്താൻ അഹോരാത്രം തെരച്ചിൽ തുടരുകയാണ്. ജലവൈദ്യുത പദ്ധതികളുമായി ബന്ധപ്പെട്ട 933 പേരെ കാണാതായിട്ടുണ്ടെന്നാണ് കണക്കുകൾ.
നേപ്പാൾ സൈന്യത്തോടൊപ്പം ഇന്ത്യയിൽനിന്നുള്ള പ്രത്യേക തുരങ്ക രക്ഷാസേനയും ചൈനീസ് വിദഗ്ധരും തെരച്ചിലിൽ പങ്കാളികളാകുന്നുണ്ട്. ചിലിമേ, ലങ്തങ് പ്രദേശങ്ങളിൽ വലിയ എർത്ത് മൂവിംഗ് മെഷീനുകൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയാണ്. 21,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് രാജ്യത്താകെ രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിരിക്കുന്നത്.
കാണാതായവരിൽ 592 വിദേശികളും
കാണാതായ 4,247 പേരിൽ 3,655 പേർ നേപ്പാൾ സ്വദേശികളും 592 പേർ വിദേശ പൗരന്മാരുമാണ്. കൂടാതെ രക്ഷാപ്രവർത്തനത്തിലും മറ്റും ഏർപ്പെട്ടിരുന്ന 102 നേപ്പാൾ സൈനികരെയും പോലീസുകാരെയും കസ്റ്റംസ് ഉദ്യോഗസ്ഥരെയും കാണാതായിട്ടുണ്ട്. 90,000ത്തിലധികം ആളുകളെ ദുരന്തം നേരിട്ടു ബാധിച്ചതായി റെഡ് ക്രോസ് വിലയിരുത്തുന്നു.
ദുരന്തം ടിബറ്റിലും കനത്ത നാശനഷ്ടമുണ്ടാക്കി. ചൈനീസ് ഔദ്യോഗിക മാധ്യമങ്ങളുടെ റിപ്പോർട്ട് പ്രകാരം ടിബറ്റിൽ 16 പേർ മരിക്കുകയും 546 പേരെ കാണാതാകുകയും ചെയ്തിട്ടുണ്ട്. തെരച്ചിൽ ഊർജിതമാക്കാനും ആവശ്യമായ ആശ്വാസനടപടികൾ കൈക്കൊള്ളാനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിർദേശം നൽകി.
International
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 768 മരണമാണ് സ്ഥിരീകരിച്ചത്.
ഏറ്റവും കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തത് ചിത്വാനിൽ നിന്നാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 259 മൃതദേഹങ്ങളാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
2502 പേരെ ഇനി കണ്ടെത്താനുണ്ട്. ഇതുവരെ 8730 പേരെയാണ് രക്ഷപ്പെടുത്തിയതെന്ന് നേപ്പാൾ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
മിന്നൽ പ്രളയമുണ്ടായി അഞ്ചാം നാളിൽ കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്.278 ഇന്ത്യക്കാർ അടക്കം 2502 പേരെയാണ് ഇനിയും കണ്ടെത്താൻ ഉള്ളത്.
ഇതിന് പുറമെ ടിബറ്റ് മേഖലയിൽ 49 ഇന്ത്യക്കാരെ കാണാതായാതായി ചൈന അറിയിച്ചു. രക്ഷാ പ്രവർത്തനം അന്തിമ ഘട്ടത്തിലാണെന്നും, ഇന്ത്യയുടെ എല്ലാ സഹായങ്ങൾക്കും നന്ദിയെന്നും നേപ്പാൾ വിദേശകാര്യ മന്ത്രി ഷിസിർ ഖനാൽ പറഞ്ഞു.
International
കഠ്മണ്ഡു: നേപ്പാളിലെ മിന്നൽപ്രളയത്തെ തുടർന്ന് മണ്ണിനടിയിൽ കുടുങ്ങിയ ആറുവയസുകാരിക്ക് അത്ഭുത രക്ഷ. മൂന്ന് ദിവസത്തോളം അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടന്ന പെൺകുട്ടിയെ വെള്ളിയാഴ്ചയാണ് രക്ഷാപ്രവർത്തകർ ജീവനോടെ കണ്ടെത്തിയത്. റസുവ ജില്ലയിലെ തിമുര ഗ്രാമത്തിൽ നിന്നാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.
അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കരച്ചിൽ കേട്ടതോടെയാണ് രക്ഷാപ്രവർത്തകർ പരിശോധന നടത്തിയത്. തുടർന്ന് കുട്ടിയെ കണ്ടെത്തി പുറത്തെടുക്കുകയായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ കുട്ടിയെ കഠ്മണ്ഡുവിലേക്ക് മാറ്റി. ബുധനാഴ്ചയുണ്ടായ മിന്നൽപ്രളയത്തിൽ നേപ്പാളിൽ മരണസംഖ്യ 734 ആയി ഉയർന്നു.
ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം ഊർജിതമായി തുടരുകയാണ്. എന്നാൽ പ്രതികൂല കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. പ്രളയത്തിൽ 2,426 പേരെയാണ് ഇതുവരെ കാണാതായതായി റിപ്പോർട്ട്. ഇതിൽ 540 പേർ വിദേശികളാണ്. ദുരന്തബാധിത മേഖലകളിൽ കാണാതായവർക്കായുള്ള തെരച്ചിലും തുടരുകയാണ്.
International
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 700 കടന്നു. ഇതുവരെ 734 പേരുടെ മരണം അധികൃതർ സ്ഥിരീകരിച്ചു. ഇതിനിടെ ദുരന്തം നടന്ന ടിബറ്റിന്റെ ഭാഗത്ത് 23 രാജ്യങ്ങളിൽ നിന്നുള്ള 261 വിദേശ പൗരന്മാരെ കാണാതായതായി ഞായറാഴ്ച ചൈന അറിയിച്ചു. ദുരന്തത്തിൽ ടിബറ്റിൽ മാത്രം 16 പേർ മരിച്ചതായും അധികൃതർ വ്യക്തമാക്കി.
ടിബറ്റിലുള്ള 900 ഇന്ത്യക്കാർ സുരക്ഷിതരെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കരസേനയിൽ നിന്നുള്ള കൂടുതൽ തുരങ്ക വിദഗ്ധർ നേപ്പാളിലെ രക്ഷാദൗത്യത്തിൽ പങ്കുചേരും. ഫോറൻസിക് വിദഗ്ധർ അടങ്ങുന്ന മെഡിക്കൽ സംഘവും നേപ്പാളിൽ എത്തി. ഒരു ബെയ്ലി പാലത്തിനുള്ള ഉപകരണങ്ങൾ ഇന്ത്യ നേപ്പാളിൽ എത്തിച്ചു. ഏഴ് പാലങ്ങൾക്ക് കൂടിയുള്ള ഉപകരണങ്ങൾ ഉടൻ അയക്കുമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ അറിയിച്ചു.
കൂടുതൽ ഡോക്ടർമാരെയും ഇന്ത്യ നിയോഗിക്കും. നേപ്പാൾ ആവശ്യപ്പെടുന്നത് അനുസരിച്ച് എല്ലാ സഹായത്തിനും തയാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. ഇനിയും കണ്ടെത്താനുള്ള ഏഴ് മലയാളികളെ കുറിച്ചു വിവരങ്ങളില്ല.
Kerala
കൊച്ചി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ നിന്ന് രക്ഷപ്പെട്ട 31 അംഗ മലയാളി സംഘം തിരിച്ചെത്തി. കൊച്ചിയിൽ നിന്നുള്ള ട്രാവൽ പാക്കേജിൽ നേപ്പാളിലേക്ക് പോയ യാത്രക്കാരാണ് ഇന്ന് പുലർച്ചെ നാട്ടിലെത്തിയത്.
നെടുമ്പാശേരിയിലെത്തിയ 31 അംഗ സംഘം ദുരന്തം നേരിൽ കണ്ടതിന്റെ നടുക്കത്തിലാണ്. സ്വദേശികളുടെ സംഘവും ഇന്ന് ഉച്ചയോടെ തിരികെ നാട്ടിലെത്തും. അതേസമയം മിന്നൽ പ്രളയ ദുരന്തത്തിൽ രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും തുടരുകയാണ്.
National
ന്യൂഡൽഹി: നേപ്പാൾ പ്രളയദുരന്തത്തിൽ സഹായങ്ങളുമായി ഇന്ത്യയിൽനിന്നുള്ള നാലാമത്തെ വിമാനവും യാത്രതിരിച്ചതായി കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കർ അറിയിച്ചു. ശനിയാഴ്ച രാത്രിയാണ് 11 ടൺ സാമഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലേക്ക് പുറപ്പെട്ടത്.
തെരച്ചിലിനും രക്ഷാപ്രവർത്തനത്തിനുമുള്ള ഉപകരണങ്ങൾ, ഡിഎൻഎ പരിശോധനയ്ക്കുള്ള സംവിധാനങ്ങൾ, കമ്പിളി, സ്ലീപ്പിംഗ് ബാഗുകൾ, പ്ലാസ്റ്റിക് ഷീറ്റുകൾ, ശുചിത്വ കിറ്റുകൾ തുടങ്ങിയവയാണ് വിമാനത്തിലുള്ളത്. ഫൊറൻസിക് വിദഗ്ധരും വിമാനത്തിലുണ്ട്.
ഇതിനുപുറമേ സ്റ്റീൽ പാലം നിർമിക്കാനുള്ള സാധന സാമഗ്രികളുമായി 16 ലോറികളും റോഡ് മാർഗം നേപ്പാളിലെത്തിയിട്ടുണ്ട്. ബെയ്ലി പാലം നിർമിക്കാനുള്ള സാധനസാമഗ്രികളും ഉടൻ നേപ്പാളിലെത്തിക്കുമെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.
നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇതുവരെ 675 പേർ മരിച്ചതായാണ് റിപ്പോർട്ട്. 2400-ലേറെ പേരെയാണ് ദുരന്തത്തിൽ കാണാതായത്. ദുരന്തമേഖലകളിൽ നാലാംദിവസവും രക്ഷാപ്രവർത്തനം തുടരുകയാണ്.
Kerala
തിരുവനന്തപുരം: നേപ്പാളിൽ കുടുങ്ങിയ 16 മലയാളികൾ സുരക്ഷിതരായി തിരികെ മടങ്ങിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. കൊച്ചിയിൽനിന്നുള്ള 14 അംഗ സംഘവും കാക്കനാട് സ്വദേശി ശ്രുതി ശിഖാമണി, പിറവം സ്വദേശി റിനീത് മോഹൻ എന്നിവരാണ് നാട്ടിലേക്ക് മടങ്ങിയത്. നേപ്പാളിലുള്ള 45 മലയാളികൾ സുരക്ഷിതരാണെന്നും ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു.
നേപ്പാളിലുള്ള ഏഴ് മലയാളികളെ ഇനി കണ്ടെത്താനുണ്ട്. ഇവരിൽ നാലുപേർ ഓസ്ട്രേലിയൻ പൗരന്മാരായ മലയാളികളാണ്. ഇവരെ കണ്ടെത്താനായി വിദേശകാര്യ മന്ത്രാലയവുമായി കാര്യങ്ങൾ ഏകോപിപ്പിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ശനിയാഴ്ച നേപ്പാളിൽനിന്ന് ഒരു മലയാളിയെ കൂടി സുരക്ഷിനായി കണ്ടെത്തിയിരുന്നു. പ്രളയസമയത്ത് ആകെ 83 മലയാളികളാണ് നേപ്പാളിലുണ്ടായിരുന്നതെന്നാണ് വിവരം. ഇവരിൽ പലരും മടങ്ങിത്തുടങ്ങിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകുമെന്ന് നോർക്കയും അറിയിച്ചിട്ടുണ്ട്.
International
കാഠ്മണ്ഡു: മിന്നല്പ്രളയം തകര്ത്തെറിഞ്ഞ നേപ്പാള് തിരിച്ചുവരവിനായുള്ള പോരാട്ടത്തില്. ബുധനാഴ്ചയുണ്ടായ ദുരന്തത്തില് 675 പേര് കൊല്ലപ്പെട്ടതായി നേപ്പാള് പോലീസ് സ്ഥിരീകരിച്ചു. വിവിധയിടങ്ങളിലായി കുടുങ്ങിക്കിടന്ന 113 ഇന്ത്യക്കാര് ഉള്പ്പടെ 3000ത്തോളം പേരെ ഇന്നലെ രക്ഷപ്പെടുത്തി.
അതേസമയം, 3000ത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തുടര്ച്ചയായ നാലാംദിവസവും രക്ഷാപ്രവര്ത്തനം തുടരുകയാണ്. ഇന്നലെ രക്ഷപ്പെടുത്തിയതിൽ 26 ചൈനീസ് പൗരന്മാരും ഉത്തരകൊറിയയില്നിന്നുള്ള 15 പേരുമുണ്ട്. ഇതിനുപുറമെ നാല് ജര്മൻ പൗരന്മാരെയും ഇറ്റലി, യുഎസ് എന്നിവിടങ്ങളിൽനിന്നുള്ള രണ്ടുപേരെ വീതവും സുരക്ഷിതകേന്ദ്രത്തില് എത്തിച്ചുവെന്ന് നേപ്പാള് സൈനിക വക്താവ് അറിയിച്ചു.
റസുവ, നുവാകോട്ട് ജില്ലകളിലെ തുരങ്കങ്ങളില് നിരവധി പേര് കുടുങ്ങിയെന്ന വിവരവും പുറത്തുവന്നു. റസുവയിലെ ഒരു തുരങ്കത്തില്നിന്ന് ഇന്നലെ ആറുപേരെ രക്ഷപ്പെടുത്തി. രണ്ടു ജില്ലകളിലായി അഞ്ച് ജലവൈദ്യുതി പദ്ധതികളാണ് നിർമാണഘട്ടത്തിലുള്ളത്. ഇതിനായി പ്രദേശത്തു നിരവധി തുരങ്കങ്ങൾ നിർമിച്ചിട്ടുണ്ട്.
തുരങ്കങ്ങളിൽ ജോലിചെയ്തിരുന്ന 898 തൊഴിലാളികളെ കാണാനുണ്ടെന്നാണ് റിപ്പോർട്ട്. നാലുദിവസം പിന്നിടുന്പോഴേക്കും പകർച്ചവ്യാധി ഉൾപ്പടെ പ്രതിസന്ധികളും മുന്നിലുണ്ട്. ഇന്നലെ എട്ടു ജില്ലകളിൽനിന്നായി ഒട്ടേറെ മൃതദേഹങ്ങൾ കണ്ടെടുത്തു. ചിത്വാൻ ജില്ലയിൽനിന്നുമാത്രം 233 മൃതദേഹങ്ങൾ കണ്ടെത്തി.
നവാൽപരസി ഈസ്റ്റ് (158) നുവാക്കോട്ട് (51) ഗൂർഖ (48) നവാൽപരസി വെസ്റ്റ് ( 47) ധാഡിംഗ് (45) തനാഹു (31) റസുവ(13) എന്നിവിടങ്ങളിൽനിന്നും മൃതദേഹങ്ങൾ വീണ്ടെടുത്തു.
തിരുവനന്തപുരം: നേപ്പാളിലെ മിന്നല് പ്രളയത്തെത്തുടര്ന്ന് കാണാതായ ഏഴു മലയാളികൾക്കായുള്ള തെരച്ചിൽ തുടരുന്നു. എറണാകുളം പിറവം സ്വദേശി റിനീത് മോഹൻ ഉൾപ്പടെ 16 കേരളീയർ നാട്ടില് തിരിച്ചെത്തി.
ഹെല്പ് ഡെസ്കുകളില് ബന്ധപ്പെട്ടവരില് 45 പേര് സുരക്ഷിതരാണെന്ന് ഉറപ്പാക്കാനായിട്ടുണ്ടെന്ന് നോർക്ക റൂട്ട്സ് അറിയിച്ചു. ഇവര് നേപ്പാളിലും ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലുമായി സുരക്ഷിതരായി കഴിയുന്നതായും നാട്ടിലേക്കു മടങ്ങാനുള്ള നടപടികൾ തുടരുന്നതായും ബന്ധുക്കളെ അറിയിച്ചു.
കൊച്ചിയില്നിന്നുളള 14 പേരടങ്ങുന്ന സംഘവും തിരിച്ചെത്തിയവരില് ഉള്പ്പെടുന്നു. കൊച്ചി കാക്കനാട്ടുനിന്ന് കൈലാസ് മാനസസരോവരിലേക്കു പോയ ശ്രുതി ശിഖാമണിയും തിരിച്ചെത്തി. പ്രളയസമയത്ത് കാ ഠ്മണ്ഡുവിലായിരുന്നു ശ്രുതി. ഓസ്ട്രേലിയൻ പൗരത്വമുള്ള, കേരളത്തിൽനിന്നുള്ള നാലുപേർ ഉൾപ്പടെ ഏഴു പേരെ സംബന്ധിച്ചാണ് ഇനി വിവരം ലഭിക്കാനുള്ളത്. ഇവരുടെ വിശദാംശങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്.
International
വത്തിക്കാൻ സിറ്റി: മിന്നൽപ്രളയത്തിൽ കടുത്ത ദുരിതം നേരിടുന്ന നേപ്പാളിന് ആശ്വാസവുമായി ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തബാധിതരായ ജനങ്ങൾക്ക് ആവശ്യമായ അടിയന്തര സഹായങ്ങൾ മാർപാപ്പ കൈമാറി. വത്തിക്കാന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം വഴിയാണ് സാമ്പത്തികസഹായം എത്തിച്ചത്.
നേപ്പാളിലുണ്ടായ പ്രകൃതിദുരന്തത്തിൽ അതീവ ദുഃഖവും പ്രാർഥനകളും അറിയിച്ചുകൊണ്ട് മാർപാപ്പ ടെലിഗ്രാം സന്ദേശം അയച്ചിരുന്നു. ഇതിനുപിന്നാലെയാണ് അപ്പസ്തോലിക് നുൺഷ്യേച്ചറുമായി സഹകരിച്ച് ജനങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്കായി സാമ്പത്തിക സഹായം നൽകിയത്. ദുരിതബാധിതർക്കു ഭക്ഷണം, താത്കാലിക പാർപ്പിടം, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ ഈ തുക വിനിയോഗിക്കും.
ഏറ്റവും ദുർബലരായ ജനങ്ങളോട് മാർപാപ്പയ്ക്കുള്ള സാമീപ്യത്തിന്റെയും സഭ അവരെ ചേർത്തുപിടിക്കുന്നു എന്നതിന്റെയും പ്രകടമായ തെളിവാണ് ഈ സഹായമെന്ന് കാരുണ്യ പ്രവർത്തനങ്ങൾക്കായുള്ള കാര്യാലയം അധ്യക്ഷൻ ആർച്ച്ബിഷപ് ലൂയിസ് മാരിൻ ഡി സാൻ മാർട്ടിൻ പറഞ്ഞു.
ഇറ്റാലിയൻ മെത്രാൻ സമിതിയും നേപ്പാളിന് സഹായവുമായി രംഗത്തെത്തിയിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സമിതി അഞ്ചു ലക്ഷം യൂറോ അനുവദിച്ചു.
International
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേരെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്.
ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു.
അതേസമയം, തുരങ്കങ്ങളിൽ തെരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന് നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.
District News
ബാലുശേരി: നേപ്പാളിൽ മിന്നൽപ്രളയത്തെ തുടർന്ന് ആശങ്ക നിലനിൽക്കുന്നതിനിടെ അവിടെ കുടുങ്ങിയ 42 അംഗ മലയാളി യാത്രാസംഘം സുരക്ഷിതരാണെന്ന് സംഘാംഗങ്ങൾ അറിയിച്ചു.
സൗത്ത് ഇന്ത്യൻ ഹോളിഡേ മേക്കേഴ്സ് ട്രാവൽ ഏജൻസി മുഖേന ഒമ്പത് ദിവസത്തെ നേപ്പാൾ യാത്രയ്ക്കായി പുറപ്പെട്ട സംഘത്തിൽ കൂടുതലും ഉള്ളിയേരി സ്വദേശികളാണ്.പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഏകദേശം 250 കിലോമീറ്റർ അകലെയാണ് നിലവിൽ സംഘം കഴിയുന്നത്.
സംഘത്തിന്റെ സുരക്ഷിതത്വത്തിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് വിവരം ലഭിച്ചതായി യുഡിഎഫ് വയനാട് ജില്ലാ കൺവീനർ എച്ച്.ബി. പ്രദീപ് അറിയിച്ചു.
നേപ്പാളിലെ ടൂർ കമ്പനിയുമായി ബന്ധപ്പെട്ടാണ് യാത്ര ക്രമീകരിച്ചിരിക്കുന്നതെന്നും അവിടുത്തെ അഞ്ച് ജീവനക്കാർ സംഘത്തിനൊപ്പമുള്ളതിനാൽ യാത്രയിലും മറ്റ് കാര്യങ്ങളിലും ബുദ്ധിമുട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ സംഘം പൊഖ്റയിലെ ഹോട്ടൽ എലഗെന്റിൽ സുരക്ഷിതമായി താമസിച്ചുവരികയാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം നേപ്പാളിലെത്തിയത്.ബെംഗളൂരുവിൽ നിന്ന് വിമാനമാർഗം ഗോരഖ്പുരിലെത്തിയ സംഘം അതിർത്തിപ്രദേശമായ ഭൈരഹവയിൽ ആദ്യദിവസം താമസിച്ചു.
തുടർന്ന് നേപ്പാളിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ച സംഘം മുസ്താങ് ജില്ലയിലെ ആസ്ഥാനമായ ജോംസോമിലും പിന്നീട് നേപ്പാളിന്റെ ടൂറിസം തലസ്ഥാനമെന്നറിയപ്പെടുന്ന പൊഖ്റയിലുമെത്തി. പൊഖ്റയിൽ ഓണം ആഘോഷിച്ച ശേഷമാണ് സംഘം യാത്ര തുടരുന്നത്. ഗോർഖാ ജില്ലയിലെ പ്രശസ്തമായ മനോകാമ തീർഥാടന കേന്ദ്രവും മറ്റ് വിനോദസഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാനായിരുന്നു യാത്രാപദ്ധതി.
International
കാഠ്മണ്ഡു: നേപ്പാളിൽ വീണ്ടും മിന്നൽപ്രളയത്തിന് സാധ്യതയുണ്ടെന്ന് സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡെവലപ്മെന്റിലെ (ഐസിഐഎംഒഡി) ക്രയോസ്ഫിയർ വിദഗ്ധൻ മുഹമ്മദ് ഫാറൂഖ് അസം.
നദീമുഖങ്ങളിൽ അടിഞ്ഞുകൂടിക്കിടക്കുന്ന കൂറ്റൻ മഞ്ഞുപാളികളും പാറയുമടങ്ങിയ പ്രളയാവശിഷ്ടങ്ങൾ വീണ്ടും വെള്ളപ്പൊക്കത്തിന് കാരണമായേക്കുമെന്ന് മുഹമ്മദ് ഫാറൂഖ് പറഞ്ഞു.
മലമുകളിൽനിന്നു മഞ്ഞും പാറയും ചേർന്ന് ഇടിഞ്ഞു താഴേക്കു പതിച്ചതാണോ പ്രളയത്തിനു കാരണമായതെന്ന് കാഠ്മണ്ഡുവിനു സമീപം പ്രവർത്തിക്കുന്ന ഐസിഐഎംഒഡിയിലെ വിദഗ്ധർ പരിശോധിച്ചുവരികയാണ്. കൂറ്റൻ മഞ്ഞുപാളികൾക്കടിയിലുള്ള പാറ (അടിസ്ഥാന ശില) അടർന്ന് താഴ്വാരയിലേക്ക് പതിക്കുകയായിരുന്നു. ഇതാണ് ദുരന്തത്തിനു വഴിവച്ചത് മുഹമ്മദ് ഫാറൂഖ് പറഞ്ഞു.
മലവെള്ളപ്പാച്ചിലിൽ ഒഴുകിയെത്തിയ അവശിഷ്ടങ്ങൾ നദികളുടെ സംഗമസ്ഥാനങ്ങളിൽ അടിഞ്ഞുകൂടി ഇവിടെ വെള്ളം കെട്ടിക്കിടക്കുന്നുണ്ട്. ഇതൊരു അണക്കെട്ടുപോലെയായി ഇവിടെ കൂടുതൽ വെള്ളം സംഭരിക്കപ്പെടാൻ സാധ്യതയുണ്ട്.
ഇത് വീണ്ടുമൊരു മിന്നൽപ്രളയത്തിന് ഇടയാക്കിയേക്കാമെന്ന് മുഹമ്മദ് ഫാറൂഖ് പറഞ്ഞു. 2021ൽ ഉത്തരാഖണ്ഡിലെ ചമോലിയിൽ ഇത്തരത്തിലാണ് വെള്ളപ്പൊക്കമുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
National
മഹാരാജ്ഗഞ്ച് (യുപി): നേപ്പാളിലുണ്ടായ മിന്നൽപ്രളയം ഇന്ത്യയും നേപ്പാളും തമ്മിൽ അതിർത്തി കടന്നുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിച്ചു.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ച് വഴി കാഠ്മണ്ഡുവിലേക്കും നേപ്പാളിലെ മറ്റ് ഇടങ്ങളിലേക്കും പോകേണ്ട ചരക്കുവാഹനങ്ങൾ, റോഡുകൾ തകർന്നതും വെള്ളത്തിൽ മുങ്ങിയതും മൂലം അതിർത്തികളിൽ കാത്തുകിടക്കുകയാണ്. സോനൗലി അതിർത്തിയുടെ ഇന്ത്യൻ ഭാഗത്ത് ചരക്കുവാഹനങ്ങളുടെ ഏകദേശം 16 കിലോമീറ്റർ നിരയാണ് നേപ്പാളിലേക്കു പ്രവേശനം കാത്തുകിടക്കുന്നത്.
നൗടാൻവ വരെ നീളുന്ന വലിയ നിര ദേശീയപാതയിലെ ഗതാഗതത്തെ വരെ തടസപ്പെടുത്തുന്നുണ്ട്. സാഹചര്യം കണക്കിലെടുത്ത് പോലീസും മറ്റ് സുരക്ഷാ ഏജൻസികളും മേഖലയിൽ നിരീക്ഷണം നടത്തുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്യുന്നുണ്ട്.
സോണൗലി അതിർത്തിയിലെ ഗതാഗതക്കുരുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിൽ അതിർത്തി മേഖലയിലെ പോലീസ് മേധാവികൾക്കു ജാഗ്രതാ നിർദേശം നൽകിയതായി സർക്കിൾ ഓഫീസർ ബസന്ത് സിംഗ് അറിയിച്ചു. നേപ്പാളിലെ റോഡുകൾ പൂർവസ്ഥിതിയിലേക്ക് എത്തുന്നതുവരെ സ്ഥിതി തുടരുമെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.
സമീപ മേഖലയായ ഖുശിനഗറിൽ നർവജോതിനും അഹിറൗലിക്കും ഇടയിലുള്ള 17.5 കിലോമീറ്ററിൽ റവന്യു, പോലീസ്, ദുരന്തനിവാരണ അധികൃതർ നീരീക്ഷണ സംവിധാനം ശക്തമാക്കിയിട്ടുണ്ട്. നദീതീരങ്ങളിലെ ഗ്രാമങ്ങളിലും ജാഗ്രതാ ഇടപെടലുകൾ വർധിപ്പിച്ചതായി അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് വൈഭവ് മിശ്ര അറിയിച്ചു.
National
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ ഇന്ത്യയിലേക്കു വൈദ്യുതി വിതരണം ചെയ്തിരുന്ന പ്രധാന ജലവൈദ്യുത നിലയം തകർന്നു. ഇതേതുടർന്ന് നേപ്പാളിൽനിന്ന് ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം പകുതിയായി കുറഞ്ഞെന്ന് റിപ്പോർട്ട്.
800 മെഗാവാട്ടിൽനിന്ന് 400 മെഗാവാട്ടിലേക്കാണ് ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചതെന്ന് മുതിർന്ന ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ഇന്ത്യയിലേക്കു വൈദ്യുതി എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന 14 മെഗാവാട്ടിന്റെ ദേവിഘട്ട് ജലവൈദ്യുത നിലയത്തെ പ്രളയം സാരമായി ബാധിച്ചിട്ടുണ്ട്.
ഗ്രീഡ് ഇന്ത്യയുടെ കണക്കുകൾ പ്രകാരം പ്രളയം ഉണ്ടാകുന്നതിന് തൊട്ടുമുമ്പ് വരെ 963.4 മെഗാവാട്ട് വൈദ്യുതി വരെ ഇന്ത്യ നേപ്പാളിൽനിന്ന് ഇറക്കുമതി ചെയ്തിരുന്നു.
പ്രളയത്തെത്തുടർന്ന് രാജ്യത്തെ 13 ജലവൈദ്യുത നിലയങ്ങളുടെയും ഒരു സോളാർ പ്ലാന്റിന്റെയും പ്രവർത്തനം തടസപ്പെട്ടതായി നേപ്പാൾ ഊർജ മന്ത്രാലയം അറിയിച്ചു. ആകെ 359 മെഗാവാട്ട് വൈദ്യുതി ഉത്പാദനത്തെയാണ് പ്രളയം നേരിട്ടു ബാധിച്ചിരിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.
ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകിയിരുന്ന ചിലിമേ, ത്രിശൂലി ജലവൈദ്യുത പദ്ധതികൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
നേപ്പാളിന്റെ ആകെ വൈദ്യുതി ഉത്പാദനശേഷിയായ 4300 മെഗാവാട്ടിന്റെ ഭൂരിഭാഗവും ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്.
International
വത്തിക്കാൻ സിറ്റി: നേപ്പാൾ പ്രളയദുരന്തത്തിൽ അഗാധ ദുഃഖം പ്രകടിപ്പിച്ച് ലെയോ പതിനാലാമൻ മാർപാപ്പ. പ്രളയത്തിൽ മരിച്ചവർക്കു വേണ്ടിയും ദുരന്തത്തിന്റെ ഇരകൾക്കുവേണ്ടിയും പ്രാർഥിക്കുന്നതായി നേപ്പാളിന് വ്യാഴാഴ്ച അയച്ച ടെലഗ്രാം സന്ദേശത്തിൽ മാർപാപ്പ അറിയിച്ചു.
ദുരന്തനിവാരണത്തിലും തെരച്ചിൽ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നുവർക്കുവേണ്ടിയും മാർപാപ്പ പ്രാർഥിച്ചു. നേപ്പാളിജനതയ്ക്കുമേൽ ദൈവസംരക്ഷണം ഉണ്ടാകട്ടെ എന്നു പറഞ്ഞുകൊണ്ടാണ് സന്ദേശം അവസാനിപ്പിച്ചത്.
National
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 538 ആയി ഉയർന്നു. ദുരന്തത്തിൽ എട്ട് മലയാളികൾ ഉൾപ്പെടെ 320 ഇന്ത്യക്കാരെയും നൂറോളം ഇന്ത്യൻ വംശജരെയും കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ അറിയിച്ചു. ഇതുവരെ 84 ഇന്ത്യക്കാരെ കണ്ടെത്താനായെന്നും, രക്ഷപ്പെടുത്തിയ 21 തമിഴ്നാട് സ്വദേശികളെ നാട്ടിലെത്തിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ടിബറ്റൻ മേഖലയിൽ കുടുങ്ങിയ 400-ഓളം ഇന്ത്യക്കാർ സുരക്ഷിതരാണ്. ത്രിശൂലി ജലവൈദ്യുത പദ്ധതിയിൽ ജോലി ചെയ്തിരുന്ന 63 പേരെ വിജയകരമായി രക്ഷപ്പെടുത്തിയിട്ടുണ്ട്. തടസപ്പെട്ട തുരങ്കങ്ങളിൽ പരിശോധന നടത്താൻ ഇന്ത്യ പ്രത്യേക വിദഗ്ധ സംഘത്തെ അയച്ചിട്ടുണ്ട്.
ദുരന്തമുഖത്ത് പാലം നിർമാണത്തിനും എൻഡിആർഎഫ് സംഘത്തെ അയക്കാനും ഇന്ത്യ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, നിലവിൽ വിദേശ രാജ്യങ്ങളുടെ രക്ഷാസേനകളുടെ സഹായം വേണ്ടെന്ന നിലപാടിലാണ് നേപ്പാൾ സർക്കാർ. സ്വന്തം സൈന്യത്തിനും പോലീസിനും രക്ഷാപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാൻ കഴിയുന്നുണ്ടെന്നും എന്നാൽ ധനസഹായവും ദുരിതാശ്വാസ സാമഗ്രികളും സ്വീകരിക്കുന്നുണ്ടെന്നും നേപ്പാൾ വ്യക്തമാക്കി. അതിനിടെ, വീണ്ടും പ്രളയസാധ്യതയുള്ളതിനാൽ ത്രിശൂൽ മേഖലയിലും ചൈനീസ് നിയന്ത്രിത ടിബറ്റൻ അതിർത്തി മേഖലയിലും തിരച്ചിൽ താത്കാലികമായി നിർത്തിവെച്ചു.
Kerala
കൊച്ചി: കൊച്ചിയിൽ നിന്നും നേപ്പാളിലെത്തിയ മലയാളി വിനോദ സഞ്ചാരികൾ സുരക്ഷിതർ. ട്രാവൽ ഹബ് ടൂറിസ്റ്റ് ഏജൻസി വഴി ഓഗസ്റ്റ് 23ന് ഗൊരഖ്പുരിലെത്തിയ സംഘം, 24ന് ആണ് കാഠ്മണ്ഡുവിലേക്ക് തിരിച്ചത്. എന്നാൽ മിന്നൽ പ്രളയത്തിൽ പെട്ടു പോകാതെ 36 അംഗ സം ഘം രക്ഷപ്പെടുകയായിരുന്നു.
നിലവിൽ വാലിം ഭാഗത്ത് എത്തിയ സംഘം ലുംബിനി ഭാഗത്തേക്കാണ് പോയി കൊണ്ടിരിക്കുന്നത്. കാഠ്മണ്ഡുവിൽ നിന്നും പൊക്രയിലേക്ക് പോകാനിരുന്ന സംഘം മിന്നൽ പ്രളയത്തെ തുടർന്ന് റോഡിൽ പെട്ടുപോയിരുന്നു. പ്രളയത്തെ തുടർന്ന് റോഡ് ബ്ലോക്ക് ചെയ്തിരുന്നതിനാൽ മണിക്കൂറുകളോളം വണ്ടിയിൽ തന്നെ കഴിയുകയും വൈകുന്നേരത്തോടെ മറ്റൊരു വഴിയിലൂടെ ഹോട്ടലിലേക്ക് പോവുകയുമായിരുന്നു.
പിറ്റേന്ന് പുലർച്ചെ 2.30 ഓടെ ചിട്ടം എന്നൊരു ഗ്രാമത്തിലാണ് എത്തിയതെന്ന് ടൂർ മാനേജർ സൽമോൺ ദീപിക ഓൺലൈനിനോട് പ്രതിക രിച്ചു. യുപിയിൽ നിന്നുള്ള ഡ്രൈവർ മരങ്ങളൊക്കെ ഒഴുകി പോകുന്നതു കണ്ടപ്പോൾ മഴയത്ത് ഇതിവിടെ സ്ഥിരമാണെന്ന് ആദ്യം പറഞ്ഞു. ഇ ത്രയും വലിയ പ്രളയം വന്നതിനെ കുറിച്ച് അറിഞ്ഞിരുന്നില്ല.
ഓഫ് റോഡുകൾ കയറിയാണ് യാത്ര തുടർന്നത്. യോദ്ധ സിനിമയിൽ കാണിക്കുന്ന കാഠ്മണ്ഡുവിലെ ബുദ്ധ ക്ഷേത്രം സന്ദർശിക്കുന്നതിനിടെ ഇറങ്ങാൻ വൈകിയതിനാൽ പ്രളയത്തിൽ പെട്ടു പോയില്ലെന്നും സൽമോൺ വ്യക്തമാക്കി.
അതേസമയം, മിന്നൽ പ്രളയത്തിൽ 469 ആളുകൾ മരിച്ചതായാണ് വിവരം. വിദേശ രാജ്യങ്ങളിൽ നിന്നും രക്ഷാപ്രവർത്തനത്തിന് സഹായം ആ വശ്യമില്ലെന്നാണ് നേപ്പാൾ വിദേശകാര്യ മന്ത്രാലയം അറിയിക്കുന്നത്. പ്രളയത്തിൽ പെട്ടു പോയ വിദേശികളടക്കം നിരവധി പേരെ ഹെലികോ പ്റ്റർ മാർഗം വഴിയും കരമാർഗം വഴിയും രക്ഷപ്പെടുത്തിയതായി നേപ്പാൾ പോലീസ് പ്രസ്താവനയിൽ അറിയിച്ചു.
Kerala
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 475 ആയി ഉയർന്നു. ആയിരത്തിലധികം പേരെ കാണാതായതായാണ് റിപ്പോർട്ട്. ഇതിനിടെ ആശയവിനിമയം നഷ്ടമായിരുന്ന 82 മലയാളികളിൽ 60 പേരെക്കുറിച്ച് വിവരം ലഭിച്ചതായി നോർക്ക അറിയിച്ചു.
വിവരം ലഭിച്ച 60 പേരിൽ 14 പേർ മറ്റ് സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികളാണ്. ഇനി എട്ട് മലയാളികളെക്കുറിച്ച് വിവരം ലഭിക്കാനുണ്ട്. ആശയവിനിമയം സാധ്യമാകാതിരുന്ന 82 പേരുടെ വിവരങ്ങളാണ് ഹെൽപ്പ് ഡെസ്കുകൾ വഴി നേരത്തെ ലഭിച്ചത്. ഇതിൽ എട്ട് പേരെക്കുറിച്ചുള്ള വിവരങ്ങൾ വിദേശകാര്യമന്ത്രാലയത്തിന് കൈമാറിയതായും നോർക്ക വ്യക്തമാക്കി.
അതേസമയം ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ രക്ഷാദൗത്യ സംഘങ്ങൾക്ക് നേപ്പാളിൽ പ്രവേശിക്കാൻ അനുമതി നൽകിയിട്ടില്ല. നേപ്പാൾ സൈന്യത്തിനും പോലീസിനും മറ്റ് ഏജൻസികൾക്കും നിലവിൽ രക്ഷാപ്രവർത്തനം മുന്നോട്ടുകൊണ്ടുപോകാൻ കഴിയുന്ന സാഹചര്യമാണുള്ളത്.
അതിനാൽ വിദേശ രക്ഷാസംഘങ്ങളുടെ സഹായം തൽക്കാലം തേടേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. വിദേശ രാജ്യങ്ങളിൽനിന്നുള്ള ദുരിതാശ്വാസ സാമഗ്രികളും ധനസഹായവും സ്വീകരിക്കുന്നുണ്ടെന്നും നേപ്പാൾ വ്യക്തമാക്കി.
അതിനിടെ വീണ്ടും പ്രളയമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് ത്രിശൂൽ മേഖലയിലെ തെരച്ചിൽ താൽക്കാലികമായി നിർത്തിവച്ചു. ചൈനീസ് നിയന്ത്രണത്തിലുള്ള ടിബറ്റൻ മേഖലയിലും തെരച്ചിൽ നിർത്തിവച്ചിട്ടുണ്ട്. ടിബറ്റൻ മേഖലയിൽ അഞ്ച് പേർ മരിച്ചതായി ചൈന അറിയിച്ചു.
International
കാഠ്മണ്ഡു: “അച്ഛനു പകരമല്ല അമ്മ, അമ്മയ്ക്കു പകരമല്ല അച്ഛൻ”-ഇന്ത്യ ചൈന ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന് നേപ്പാളിലെ വിദേശകാര്യമന്ത്രി ശിശിർ കനാൽ നല്കിയ മറുപടിയാണിത്. എൻഡിവിയുടെ ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇതു പറഞ്ഞത്.
“ഇന്ത്യയും ചൈനയും ഏറ്റവും പ്രധാനപ്പെട്ട അയൽക്കാരാണ്. ഇരു രാജ്യങ്ങളുമായും നല്ല ബന്ധമാണ്. അതു തുടരാനാണ് ആഗ്രഹം. ഇന്ത്യക്കു പകരമല്ല ചൈന, ചൈനയ്ക്കു പകരമല്ല ഇന്ത്യ. നിങ്ങൾക്കു പകരം ഇനി അമ്മ മതി എന്ന് എനിക്ക് അച്ഛനോടു പറയാനാകില്ല. അതുപോലതന്നെ അമ്മയ്ക്കു പകരം അച്ഛൻ മതിയെന്നും പറയാനാകില്ല. ”
നേപ്പാളിന്റെ വിദേശനയം ദേശീ താത്പര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയാണെന്ന് മന്ത്രി വിശദീകരിച്ചു. ചൈന നേപ്പാളിനെ പിടിച്ചെടുത്തു എന്ന വാദങ്ങൾക്ക് അർഥമില്ല. ചൈന നേപ്പാളിനെ പിടിച്ചെടുത്തുവെന്ന വാർത്തകൾ ഇന്ത്യൻ മാധ്യമങ്ങളിൽ വരാറുണ്ട്. ചൈനയുമായി നേപ്പാളിനു നല്ല ബന്ധമാണുള്ളത്. അതു തുടരും. നേപ്പാളിന്റെ വ്യാപാര ഇടപാടുകളിൽ മൂന്നിൽ രണ്ടും ഇന്ത്യയുമായിട്ടാണെന്ന് മന്ത്രി ഓർമിപ്പിച്ചു.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗിന്റെ ‘ബെൽറ്റ് ആൻഡ് റോഡ്’ പദ്ധതിയിൽ ചേർന്നതുകൊണ്ട് നേപ്പാളിനു ഗുണമുണ്ടായില്ലെന്ന് മന്ത്രി സമ്മതിച്ചു. 2017ലാണ് കരാർ ഒപ്പിട്ടത്. ഇപ്പോൾ പത്തു വർഷമാകുന്നു. നേപ്പാളിന് ഇതുവരെ ഒരു ഡോളർ പോലും ലഭിച്ചിട്ടില്ലെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
International
ലാസ: നേപ്പാളിനൊപ്പം പ്രളയം നേരിട്ട ചൈനീസ് അതിർത്തി പട്ടണമായ ഗൈറോംഗിൽ കാണാതായത് 360 പേരെ. ഇതിൽ 260 പേർ വിദേശികളാണെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ടിബറ്റൻ മേഖലയിൽ നേപ്പാൾ അതിർത്തിയോടു ചേർന്ന ഗൈറോംഗിൽ മൂന്നു പേരുടെ മരണമേ സ്ഥീകരിച്ചിട്ടുള്ളൂ.
തെരച്ചിൽ-രക്ഷാപ്രവർത്തനങ്ങളിൽ നേപ്പാളുമായി ആശയവിനിമയം നടത്തി. സഹകരിക്കുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ലിൻ ജിയാൻ പറഞ്ഞു. കാണാതായവർ ഏതു രാജ്യക്കാരാണ് അദ്ദേഹം വ്യക്തമാക്കിയില്ല. ഭൂരിഭാഗവും വിനോദസഞ്ചാരികളോ തീർഥാടകരോ ആയിരിക്കാമെന്നാണ് അനുമാനം.
ബുധനാഴ്ച പ്രളയം ഉണ്ടായതിനു പിന്നാലെ സന്പൂർണ രക്ഷാപ്രവർത്തനത്തിന് ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് ഉത്തരവിട്ടിരുന്നു. ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗ് ഇന്നലെ ഗൈറോംഗ് സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. തെരച്ചിലിനും ദുരിതാശ്വാസ പ്രവർത്തനത്തിനും ഉദ്യോഗസ്ഥർ നേതൃത്വം നല്കും.
പ്രസിഡന്റ് ഷിയുടെ ഉത്തരവിനു പിന്നാലെ, ചൈനീസ് സേനയിൽ ഇന്ത്യ-ചൈന അതിർത്തിയുടെ ചുമതലയുള്ള വെസ്റ്റേൺ തിയറ്റർ കമാൻഡ് സൈനികരെ മേഖലയിൽ രക്ഷാപ്രവർത്തനത്തിനു വിന്യസിച്ചിരുന്നു.
National
ന്യൂഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണസംഖ്യ 270 ആയി ഉയർന്നു. കേരളത്തിൽ നിന്നുള്ള 33 പേരുമായി നിലവിൽ ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇവർ ഉൾപ്പടെ 288 ഇന്ത്യക്കാരെ കണ്ടെത്താൻ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലെ കൈലാസ്-മാനസസരോവർ തീർഥാടനത്തിനായി പോയവരാണിവർ. അതേസമയം ചൈനീസ് അതിർത്തി മേഖലയിലും സ്ഥിതിഗതികൾ ആശങ്കാജനകമാണെന്ന് റിപ്പോർട്ടുകളുണ്ട്. തീർഥാടനത്തിനായി പോയ 200ഓളം ഇന്ത്യാക്കാർ ചൈനീസ് മേഖലയിലെ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ട്.
ഇവരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനായി ബെയ്ജിങ്ങിലെ ഇന്ത്യൻ എംബസി ചൈനീസ് അധികൃതരുമായി ചേർന്ന് ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരിൽ 95 പേർ ദാർച്ചനിലും ബാക്കിയുള്ളവർ ജിലോംഗ് മേഖലയിലുമാണെന്നാണ് വിവരം. തമിഴ്നാട്ടിൽ നിന്നുള്ള 21 പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.
അതേസമയം ഇഷ ഫൗണ്ടേഷൻ വഴി തീർഥാടനത്തിന് പോയവരിൽ ചിലരുമായി ബന്ധപ്പെടാൻ കഴിയാത്തതായും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക അധികൃതരുടെ സഹായത്തോടെ ഇവർക്കായി തെരച്ചിൽ തുടരുകയാണ്. പ്രളയത്തിൽ മരിച്ചവരിൽ ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യത്തിൽ നിലവിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ദുരിതബാധിതർക്കായി ഇന്ത്യ 47.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്കായി ബെയ്ലി പാലങ്ങൾ നിർമിക്കുന്നതിനും ഇന്ത്യ സഹായം നൽകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേപ്പാൾ സന്ദർശനത്തിനുപോയ മലയാളികളുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയം സംസ്ഥാന സർക്കാരിനോട് തേടിയിട്ടുണ്ട്.
സംസ്ഥാന സർക്കാർ ലഭ്യമായ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. നിലവിൽ 53 പേരുമായി ആശയവിനിമയം സാധ്യമാകാത്തതായാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്. പ്രാദേശിക അധികൃതരുടെ സഹായത്തോടെ തിരച്ചിൽ തുടരുകയാണ്. അതേസമയം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഇന്ത്യൻ വ്യോമസേനയുടെ രണ്ട് വിമാനങ്ങൾ കാഠ്മണ്ഡുവിൽ എത്തിയിട്ടുണ്ട്.
Kerala
പയ്യന്നൂർ: കേരളത്തിൽ നിന്നും മിന്നൽ പ്രളയമുണ്ടായ നേപ്പാളിലേക്ക് വിനോദയാത്രക്ക് പോയ 35 അംഗ മലയാളി സംഘം സുരക്ഷിതർ. കാഞ്ഞങ്ങാട്ടെ ട്രാവൽ ഏജൻസി വഴി വിനോദയാത്രയ്ക്ക് പോയവരാണ് സുരക്ഷിതരാണെന്ന വിവരം ലഭിച്ചത്.
കാസർഗോഡ് ജില്ലയിൽ നിന്നുള്ള അഞ്ചു പേരും കണ്ണൂർ ജില്ലയിൽ നിന്നുള്ള രണ്ടു പേരുമൊഴികെ മറ്റുള്ളവരെല്ലാം കോട്ടയം എറണാകുളം ജില്ലയിൽ നിന്നുള്ളവരാണെന്ന് പയ്യന്നൂർ സ്വദേശിനിയും പരിയാരത്ത് താമസിക്കുന്ന കടന്നപ്പള്ളി ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ ടി.വി. ദീപ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ദീപികയോട് പറഞ്ഞു.
മിന്നൽ പ്രളയത്തിന് തൊട്ടു മുമ്പായിരുന്നു വിനോദയാത്രാസംഘത്തിന്റെ രണ്ട് ടെമ്പോ ട്രാവലറുകൾ കടന്നുപോയത്. എങ്ങും ഭീതിനിറഞ്ഞ അന്തരീക്ഷമായിരുന്നു. മുന്നോട്ടു പോകാനാകാതെ മാർഗതടസങ്ങളായിരുന്നു. വിവരമറിഞ്ഞതോടെ വിനോദ യാത്രാസംഘവും ഭയപ്പാടിലായി. വനത്തിലൂടെയുള്ള ഇടുങ്ങിയ റോഡിലൂടെ രാത്രി മുഴുവൻ ജീവൻ കൈയിൽ പിടിച്ചുള്ള യാത്രയിലായിരുന്നു.
നേപ്പാളിൽ നിന്നയച്ച ലൊക്കേഷനും വിവരങ്ങളും വി. കുഞ്ഞികൃഷ്ണൻ എംഎൽഎ നൽകിയതിനെ തുടർന്ന് മുഖ്യമന്ത്രി എംബസിയുമായി ബന്ധപ്പെട്ടിരുന്നു. ഇന്ന് രാവിലെ ആയപ്പോഴാണ് ആശ്വാസമായത്. ഇപ്പോൾ വിനോദ കേന്ദ്രത്തിലേക്കുള്ള യാത്രയിലാണെന്നും തങ്ങളെല്ലാം സുരക്ഷിതരാണെന്നും 29 ന് ഗോരഖ്പുരിലേക്കുള്ള വിമാനത്തിൽ തിരിച്ചു വരുമെന്നും ദീപ പറഞ്ഞു.
International
കാഠ്മണ്ഡു: നേപ്പാളിൽ വൻ നാശം വിതച്ച പ്രളയത്തിന് കാരണം ഭൂചലനമല്ലെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ (USGS). ബുധനാഴ്ച രാവിലെ പ്രളയത്തിന് മുമ്പായുണ്ടായ പ്രകമ്പനം ഭൂചലനമല്ലെന്നും ശക്തമായ ഉരുൾപൊട്ടൽ മൂലമാണ് ഇത്തരത്തിൽ പ്രകമ്പനം ഉണ്ടായതെന്നുമാണ് യുഎസ്ജിഎസ് വ്യക്തമാക്കുന്നത്.
പ്രാദേശിക സമയം രാവിലെ 8.37നാണ് കാഠ്മണ്ഡുവിന് വടക്ക് നേപ്പാൾ-ചൈന അതിർത്തി മേഖലയിൽ റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായതായി യുഎസ്ജിഎസ് ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ ഏകദേശം ഇതേ സമയത്തുതന്നെ ചൈനയിൽനിന്ന് നേപ്പാളിലേക്ക് ഒഴുകുന്ന ഭോട്ടെ കോശി നദിയുടെ കൈവഴിയായ ലെൻഡെ ഖോല നദിയിലേക്ക് മലഞ്ചെരിവിൽ നിന്ന് വൻ മണ്ണിടിച്ചിൽ ഉണ്ടായി.
ഇതാണ് പ്രളയത്തിന് കാരണമെന്നാണ് യുഎസ്ജിഎസ് റിപ്പോർട്ടിൽ പറയുന്നത്. 5.2 തീവ്രതയുള്ള ഭൂകമ്പത്തിന് തുല്യമായ ആഘാതം സൃഷ്ടിച്ച വൻ മണ്ണിടിച്ചിലാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടികൾ നടക്കുന്നുണ്ട്.
National
ന്യൂഡൽഹി: നേപ്പാളിലെ പ്രളയസാഹചര്യം മുൻനിർത്തി ബിഹാറിലും ഉത്തർപ്രദേശിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലും സ്ഥിതിഗതികൾ വിലയിരുത്താൻ മുഖ്യമന്ത്രിമാരുടെ അടിയന്തര യോഗങ്ങൾ ചേർന്നു.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിഹാർ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. ഇതിനിടെ, അയൽരാജ്യമായ നേപ്പാളിന് ആവശ്യമായ അടിയന്തര ദുരിതാശ്വാസ സാമഗ്രികൾ ഉടൻ എത്തിച്ചുനൽകുമെന്ന് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.
നേപ്പാളിൽ ഒട്ടേറെ ഗ്രാമങ്ങൾ ഒലിച്ചുപോയെന്നാണ് വിവരം. ദുരന്തബാധിത മേഖലകളിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. ടിബറ്റിന്റെ അതിർത്തിയോട് ചേർന്ന മേഖലകളിലാണ് മിന്നൽപ്രളയം വൻനാശം വിതച്ചത്.
National
ന്യൂഡൽഹി: മിന്നൽ പ്രളയത്തിൽ വലയുന്ന നേപ്പാളിന് അടിയന്തര സഹായവുമായി ഇന്ത്യ. കേന്ദ്ര സർക്കാർ തീരുമാനമനുസരിച്ച് വ്യോമസേനയുടെ സി-130 ജെ ട്രാൻസ്പോർട്ട് വിമാനത്തിൽ ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യ സംഘം ഇന്ന് അർധരാത്രിയോടെ നേപ്പാളിലേക്ക് പുറപ്പെടും.
അടിയന്തര സഹായ വസ്തുക്കളുമായി മറ്റൊരു വ്യോമസേനാ വിമാനം വ്യാഴാഴ്ച പുലർച്ചെയോടെ നേപ്പാളിലേക്ക് പോകുമെന്നും വ്യോമസേനാ വൃത്തങ്ങൾ വ്യക്തമാക്കി.
നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി, നേപ്പാൾ പ്രധാനമന്ത്രി ബാലെൻ ഷായുമായി ഫോണിൽ സംസാരിച്ചിരുന്നു. പ്രളയത്തിൽ ഇന്ത്യൻ ജനത നേപ്പാളിനൊപ്പം ഉണ്ടാകുമെന്ന് മോദി ഉറപ്പ് നൽകിയിരുന്നു.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിന് കാരണം ടിബറ്റൻ മേഖലയിലുണ്ടായ ഭൂചലനമെന്ന് നേപ്പാൾ വിദേശകാര്യമന്ത്രി ശിശിർ ഖനാൽ. ടിബറ്റിൽ രേഖപ്പെടുത്തിയ 4.4 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് വൻ ഹിമപാതവും മണ്ണിടിച്ചിലും ഉണ്ടാകുകയും ഇത് നദിയിലെ സ്വാഭാവിക ഒഴുക്ക് തടസപ്പെടുത്തി പ്രളയത്തിലേക്ക് നയിക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പ്രളയത്തിൽ മരണസംഖ്യ ഉയരുകയാണ്. 105 ഇന്ത്യക്കാരടക്കം 384 പേരെ കാണാതായിട്ടുണ്ട്. 19 പാലങ്ങളും 40 കിലോമീറ്റർ റോഡും പ്രളയത്തിൽ തകർന്നു. സൈന്യത്തിന്റെയടക്കം നേതൃത്വത്തിൽ അടിയന്തര രക്ഷാപ്രവർത്തനം തുടരുകയാണ്.
ടിബറ്റൻ അതിർത്തിക്ക് അടുത്തുള്ള ഭോട്ടെ കോശി നദിയിലൂടെ ഇരച്ചെത്തിയ മലവെള്ളം പാലങ്ങളും കെട്ടിടങ്ങളും തകർത്താണ് മുന്നോട്ടൊഴുകിയത്.
Kerala
തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികൾക്കും, കുടുങ്ങിയെന്ന് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും സംശയമുള്ളവർക്കുമായി ടോൾ ഫ്രീ നമ്പറടക്കമുള്ള അടിയന്തര ഇടപെടലുമായി സംസ്ഥാന സർക്കാർ.
1070 എന്ന ടോൾ ഫ്രീ നമ്പറിനൊപ്പം 9447111844, 9747132147 എന്നീ നമ്പറുകളിലും സഹായം വേണ്ടവർക്ക് വിളിക്കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.
നേപ്പാളിലെ മിന്നൽ പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളികളെ സംബന്ധിച്ച വിവരങ്ങൾ 1070 എന്ന നമ്പറിൽ അറിയിക്കാം. പ്രളയം ബാധിക്കപ്പെട്ടതായി സംശയിക്കുന്ന മലയാളിയുടെ പേര്, യാത്ര ചെയ്ത തീയതി, ബാധിക്കപ്പെട്ടതായ പ്രദേശത്ത് എത്തിച്ചേർന്നതായി സംശയിക്കുന്ന തീയതി, ഏറ്റവും അവസാനം ബന്ധപ്പെടാൻ സാധിച്ച തീയതി, ഇവരുടെ കൈവശമുള്ള മൊബൈൽ നമ്പർ, യാത്ര പദ്ധതി തയാറാക്കി നൽകിയ ഏജൻസിയുടെ പേര് എന്നിവ സഹിതം അറിയിക്കണം.
ലഭ്യമാകുന്ന വിവരങ്ങൾ സംഗ്രഹിച്ച് ഔദ്യോഗിക സംവിധാനം വഴി നേപ്പാൾ സർക്കാരിന് കൈമാറുമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. നേപ്പാളിലുള്ള മലയാളികളെ ബന്ധപ്പെടാൻ കുടുംബാംഗങ്ങൾക്ക് സാധിക്കുന്നില്ലെങ്കിൽ അക്കാര്യം 9447111844, 9747132147 എന്നീ നമ്പറുകളിലൂടെ മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിക്കാനും നിർദ്ദേശമുണ്ട്.
National
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തെ തുടർന്നു ഹെൽപ്പ് ലൈൻ തുറന്ന് ഇന്ത്യൻ എംബസി. അപകടത്തിൽപ്പെട്ട ഇന്ത്യൻ പൗരന്മാരെ എത്രയും പെട്ടെന്ന് സുരക്ഷിതരായി പുറത്തെത്തിക്കാനും രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുമായി നേപ്പാൾ സർക്കാരുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും ഇന്ത്യൻ എംബസി വ്യക്തമാക്കി.
പ്രളയബാധിതരായ ഇന്ത്യക്കാർക്ക് സഹായം ലഭ്യമാക്കുന്നതിനായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+977 985 131 6807, +977 970 910 7500) തുറന്നിട്ടുണ്ട്. നേപ്പാൾ ഭരണകൂടവുമായി ചേർന്ന് രക്ഷാപ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
Kerala
തിരുവനന്തപുരം: ശക്തമായ മിന്നൽ പ്രളയത്തെ തുടർന്നു നേപ്പാളിൽ കുടുങ്ങി മലയാളികൾ. മലയാളികളായ 36 അംഗ വിനോദസഞ്ചാരികളാണ് അപകടമേഖലയിൽ കുടുങ്ങിയത്.
കനത്ത നാശനഷ്ടം വിതച്ച ദുരന്തബാധിത പ്രദേശത്താണ് മലയാളികൾ ഉൾപ്പെടുന്ന സംഘം പെട്ടിരിക്കുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് വിവരം. പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ സുരക്ഷയും വിവരങ്ങളും ഔദ്യോഗികമായി അന്വേഷിക്കുന്നതിനായി സംസ്ഥാന സർക്കാർ അടിയന്തര നടപടികൾ സ്വീകരിച്ചു.
ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയതായും, വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു.
International
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽപ്രളയത്തിൽ എട്ടുപേർ മരിക്കുകയും 105 ഇന്ത്യാക്കാരടക്കം 384 പേരെ കാണാതാവുകയും ചെയ്തു. ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള മേഖലയിലാണ് പ്രളയം വൻനാശം വിതച്ചത്.
ബുധനാഴ്ച രാവിലെ ഒൻപതോടെ ടിബറ്റിൽ നിന്നുള്ള ഭോട്ടെ കോഷി നദിയിൽ വലിയതോതിൽ ജലനിരപ്പ് ഉയരുകയായിരുന്നു. നദി കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് തീരപ്രദേശങ്ങളിലെ ഗ്രാമങ്ങൾ വെള്ളത്തിനടിയിലാവുകയും നിരവധി വീടുകളും വാഹനങ്ങളും പാലങ്ങളും ഒലിച്ചുപോവുകയും ചെയ്തു.
സംഭവത്തിന് പിന്നാലെ സൈന്യത്തിന്റെയും പോലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ആരംഭിച്ചു. ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ചാണ് തെരച്ചിൽ ശക്തമാക്കിയിരിക്കുന്നത്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനും നേപ്പാൾ പ്രധാനമന്ത്രി ബലേന്ദ്ര ഷാ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
മിന്നൽപ്രളയത്തിന്റെ പശ്ചാത്തലത്തിൽ നേപ്പാളുമായി അതിർത്തി പങ്കിടുന്ന ബിഹാറിലും താഴ്ന്ന പ്രദേശങ്ങളിലും അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നദിക്കരകളിൽ താമസിക്കുന്നവരോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്.
Viral
ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തങ്ങൾക്കുമപ്പുറം മാതൃത്വത്തിന്റെ അപാരമായ സ്നേഹം പ്രകടിപ്പിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ മനം കവരുകയാണ് നേപ്പാളിലെ വനിതാ-ശിശു-മുതിർന്ന പൗരക്ഷേമ മന്ത്രിയായ സീതാ ബാദി.
കാഠ്മണ്ഡുവിലെ ഒരു അനാഥാലയത്തിൽ നിന്ന് അധികൃതർ രക്ഷപ്പെടുത്തിയ, വിശന്നു കരഞ്ഞ 17 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സ്വന്തം മുലപ്പാൽ നൽകി ആശ്വസിപ്പിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ആളുകൾക്കിടയിൽ തരംഗമാവുകയും ചെയ്തു.
കഴിഞ്ഞ മാസമാണ് മനസിനെ നോവിക്കുന്ന ഈ സംഭവവികാസങ്ങൾക്ക് കാഠ്മണ്ഡു സാക്ഷ്യം വഹിച്ചത്. നക്സൽ മേഖലയിലുള്ള 'ബാൽ മന്ദിർ' എന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾ കടുത്ത ദുരിതത്തിലാണ് കഴിയുന്നതെന്ന വാർത്ത സോഷ്യൽ മീഡിയയിലെ ഒരു കമന്റിലൂടെയാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന്, മുൻകൂട്ടി അറിയിക്കാതെ മന്ത്രി അനാഥാലയം സന്ദർശിക്കുകയായിരുന്നു. അതിദാരുണമായ കാഴ്ചകളായിരുന്നു മന്ത്രിയെ അവിടെ കാത്തിരുന്നത്.
കനത്ത മഴയിൽ പ്രദേശത്തെ ഓടയിലെ മലിനജലം അനാഥാലയത്തിലേക്ക് അടിച്ചുകയറി 15 ദിവസം മുതൽ രണ്ട് വയസ് വരെ പ്രായമുള്ള ഇരുപതോളം കുഞ്ഞുങ്ങൾ ഒരൊറ്റ വൃത്തിഹീനമായ മെത്തയിലാണ് കിടന്നിരുന്നത്.
പട്ടിണിയിലായ കുട്ടികൾക്ക് ചുറ്റും കഴിക്കാൻ ഉണങ്ങിയ നൂഡിൽസ് മാത്രമാണുണ്ടായിരുന്നത്. വൃത്തിഹീനമായ വസ്ത്രങ്ങളും ചുമയും മൂക്കൊലിപ്പുമായി രോഗാതുരമായ അവസ്ഥയിലായിരുന്നു മിക്ക കുട്ടികളും.
ഇതുകണ്ട മന്ത്രി ഉടനടി ഇടപെടുകയും കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി ഉദ്യോഗസ്ഥരെയും പോലീസിനെയും കൂട്ടി കുട്ടികളെ അവിടെനിന്ന് മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
തുടർന്ന് ജൂലൈ 19-ന് ഒരു മെഡിക്കൽ സംഘത്തോടൊപ്പം കുട്ടികളുടെ ആരോഗ്യനില പരിശോധിക്കാൻ മന്ത്രി വീണ്ടും അനാഥാലയത്തിലെത്തി.
പരിശോധനകൾ പുരോഗമിക്കവേ, കൂട്ടത്തിലുണ്ടായിരുന്ന 17 ദിവസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞ് വിശന്ന് ഉറക്കെ കരയാൻ തുടങ്ങി. കുഞ്ഞിന് നൽകാൻ അവിടെ പാലോ മറ്റ് ഭക്ഷണങ്ങളോ ലഭ്യമായിരുന്നില്ല.
കുഞ്ഞിന്റെ കരച്ചിൽ കണ്ടുനിൽക്കാൻ സാധിക്കാതിരുന്ന സീതാ ബാദി, ഉടൻ തന്നെ കുട്ടിയെ കൈകളിൽ കോരിയെടുക്കുകയും സ്വന്തം മുലപ്പാൽ നൽകുകയുമായിരുന്നു.
പാലു കുടിച്ചതോടെ കരച്ചിൽ നിർത്തിയ കുഞ്ഞ് മന്ത്രിയുടെ മടിയിൽ കിടന്ന് ശാന്തമായി ഉറങ്ങി. അന്ന് വൈകുന്നേരം രണ്ട് തവണയാണ് മന്ത്രി ആ കുഞ്ഞിന് പാൽ നൽകിയത്.
ആ കുഞ്ഞിനെ കരങ്ങളിൽ എടുത്തപ്പോൾ തനിക്ക് ജനിച്ച സ്വന്തം കുഞ്ഞാണെന്നാണ് തോന്നിയതെന്ന് ആ നിമിഷത്തെക്കുറിച്ച് മന്ത്രി പിന്നീട് ഓർത്തെടുത്തു.
കുഞ്ഞ് ദിവസങ്ങളായി കൃത്യമായി ആഹാരം കഴിച്ചിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന സെക്രട്ടറി പറഞ്ഞപ്പോൾ, ഇനിമുതൽ താനാണ് ഇവളുടെ അമ്മ എന്നായിരുന്നു സീതാ ബാദിയുടെ മറുപടി.
ഈ സംഭവത്തിന് പിന്നാലെ അനാഥാലയത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികളുണ്ടായി.
കുട്ടികളെ പരിപാലിക്കാൻ അഞ്ച് പുതിയ പരിചാകരെ നിയമിക്കുകയും, സർക്കാർ ഭൂമിയിൽ നാല് മാസത്തിനുള്ളിൽ പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു.
കൂടാതെ നേപ്പാളിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾക്ക് പുതിയ നിബന്ധനകളും ചട്ടങ്ങളും കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്.
മന്ത്രി സീതാ ബാദിയുടെ പൊരുതിനേടിയ ജീവിത പശ്ചാത്തലത്തിലേക്കും ഈ സംഭവം വെളിച്ചം വീശുന്നുണ്ട്. 1995-ൽ നേപ്പാളിലെ സുർഖേത് ജില്ലയിൽ ജനിച്ച ബാദി, കടുത്ത ദാരിദ്ര്യത്തിലും സാമൂഹിക വിവേചനത്തിലുമാണ് വളർന്നത്.
കുട്ടിക്കാലത്ത് ഭേരി നദിക്കരയിൽ മാതാപിതാക്കളോടൊപ്പം കൂലിപ്പണി ചെയ്തിരുന്ന അവർ, 12-ാം വയസിൽ പഠനാവശ്യാർഥം കാഠ്മണ്ഡുവിലേക്ക് മാറുകയും കുറച്ചുകാലം ഒരു സംരക്ഷണ കേന്ദ്രത്തിൽ കഴിയുകയും ചെയ്തിട്ടുണ്ട്.
2026 മാർച്ച് മാസത്തിലാണ് അവർ നേപ്പാളിന്റെ വനിതാ-ശിശു-മുതിർന്ന പൗരക്ഷേമ മന്ത്രിയായി ചുമതലയേറ്റത്. നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ബാദി സമുദായത്തിൽ നിന്നുള്ള ആദ്യ ഫെഡറൽ മന്ത്രി കൂടിയാണ് സീതാ ബാദി.
പട്ടിണിയുടെയും മാറ്റിനിർത്തലുകളുടെയും വേദനയറിഞ്ഞ് വളർന്നതുകൊണ്ടുതന്നെയാണ്, ഒരു അനാഥക്കുഞ്ഞിന്റെ കരച്ചിൽ കണ്ടപ്പോൾ മന്ത്രിപ്പട്ടം മാറ്റിവെച്ച് ഒരു അമ്മയായി മാറാൻ അവർക്ക് സാധിച്ചത്.
International
കാഠ്മണ്ഡു: ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന നേപ്പാളിലെ സൻസരായി ജില്ലയിലുണ്ടായ വർഗീയ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുൾപ്പെടെ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും. ദേവ്ഗുഞ്ച് മുനിസിപ്പാലിറ്റിയിലെ കപ്താംഗഞ്ചിൽ ഞായറാഴ്ച രാത്രിയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
ഉച്ചഭാഷണി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് മതവിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. സുരക്ഷാ സൈന നടത്തിയ വെടിവയ്പിലാണ് ഒരാൾ കൊല്ലപ്പെട്ടത്.
International
കാഠ്മണ്ഡു: സിന്തറ്റിക് ലഹരിമരുന്നു കടത്താൻ ശ്രമിച്ചതിന് അഞ്ച് ഇന്ത്യക്കാരെ പൊഖ്റ നർക്കോട്ടിക് ഡ്രഗ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു.
ബികാസ് കുമാർ, ബർജലി പാസ്വാൻ, അഭയകുമാർ മിശ്ര, പ്രീതം കുമാർ, അഭിഷേക് കുമാർ പാസ്വാൻ എന്നിവരാണ് പൊഖ്റ മെട്രോപൊളിറ്റൻ സിറ്റിയിലൂടെ ലഹരിവസ്തുക്കളുമായി കാറിൽ സഞ്ചരിക്കുന്പോൾ മജുവയിൽനിന്ന് പിടിയിലായത്.
International
കാഠ്മണ്ഡു: നേപ്പാളിലെ പർസ ജില്ലയിൽ 102.636 കിലോഗ്രാം കഞ്ചാവുമായി ഇന്ത്യൻ പൗരൻ പിടിയിൽ. ബിഹാർ സ്വദേശിയായ ഗുഡ്ഡു വർമ (32) ആണ് നേപ്പാൾ പോലീസിന്റെ പിടിയിലായത്.
പർസയിലെ ജഗനാഥ്പുർ റൂറൽ മുനിസിപ്പാലിറ്റിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
കഞ്ചാവു കടത്താൻ ഉപയോഗിച്ച ഇന്ത്യൻ രജിസ്ട്രേഷനിലുള്ള കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പത്ത് വലിയ പാക്കറ്റിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
ബിഹാർ ബെട്ടിയ ജില്ലയിലെ നവാൽപുർ സ്വദേശിയാണ് അറസ്റ്റിലായ ഗുഡ്ഡു വർമയെന്ന് പർസ ജില്ലാ പോലീസ് അധികൃതർ പറഞ്ഞു.
International
കാഠ്മണ്ഡു: ഇന്ത്യ നൽകിയ സാന്പത്തിക സഹായത്താൽ പുനരുദ്ധരിച്ച നേപ്പാളിലെ ബുദ്ധവിഹാരത്തിന് സംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം.
2015ലെ ഭൂചലനത്തെത്തുടർന്ന് കേടുപാടുകൾ സംഭവിച്ച ,17-ാം നൂറ്റാണ്ടിലെ ലളിത്പുർ ജസ്ത വർണ മഹാവിഹാറാണ് ഇന്ത്യയുടെ സഹായത്താൽ പുനരുദ്ധരിച്ചത്.
ലളിത്പുരിൽ യുനെസ്കോ സംഘടിപ്പിച്ച ചടങ്ങിൽവച്ച് സംസ്കാരത്തിന്റെയും പൗരാണികതയുടെയും സംരക്ഷണത്തിനായുള്ള യുനെസ്കോ ഏഷ്യാ-പസഫിക് 2025 പുരസ്കാരം നേപ്പാളിലെ യുനെസ്കോ പ്രതിനിധി ജാകോ ഡു ടോയ്റ്റ്, ജസ്ത വർണ മഹാവിഹാർ അധികൃതർക്ക് കൈമാറി.
നേപ്പാളിലെ സാംസ്കാരിക-പൗരാണിക മേഖലയിലെ പുനരുദ്ധാരണ പ്രവർത്തനങ്ങൾക്കായി 13.78 കോടി നേപ്പാളി രൂപയാണ് ഇന്ത്യ നൽകിയതെന്ന് കാഠ്മണ്ഡുവിലെ ഇന്ത്യൻ മിഷൻ പ്രസ്താവനയിൽ അറിയിച്ചു. ഇന്ത്യൻ എംബസിയിലെ മിഷന്റെ ഡെപ്യൂട്ടി ചീഫ് രാകേഷ് പാണ്ഡേയും നേപ്പാളിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചടങ്ങുകളിൽ പങ്കെടുത്തു.
നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യ-നേപ്പാൾ സാംസ്കാരിക-പൗരാണിക പങ്കാളിത്തങ്ങളെക്കുറിച്ച് വിശദീകരിച്ച പാണ്ഡേ ജസ്ത വർണ മഹാവിഹാർ പ്രോജക്ടിന്റെ വിജയത്തിൽ ഭാഗഭാക്കായ ഏവരെയും അഭിനന്ദിച്ചു.
ആധുനികതയും പൈതൃകവും ഒത്തുചേർന്ന്
2024 മാർച്ച് 22 ന് നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയും നേപ്പാളിന്റെ ഗ്രാമ വികസന മന്ത്രി ധൻ ബഹാദൂർ ബുദ്ധയും ചേർന്നാണ് പുനരുദ്ധരിച്ച ജസ്ത വർണ മഹാവിഹാർ ഉദ്ഘാടനം ചെയ്തത്.
ഭൂകന്പത്തെ അതിജീവിക്കുന്ന ആധുനിക സങ്കേതങ്ങളും പരന്പരാഗത നിർമാണ ശൈലിയും സമന്വയിപ്പിച്ചായിരുന്നു ജസ്ത വർണ മഹാവിഹാറിന്റെ പുനരുദ്ധാനം.
National
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള മാമ്പഴ ഇറക്കുമതിക്ക് നിരോധനമോ നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയിട്ടില്ലെന്ന് നേപ്പാൾ കർഷകക്ഷേമ മന്ത്രാലയം അറിയിച്ചു. അത്തരം റിപ്പോർട്ടുകൾ വസ്തുത വിരുദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു.
നേപ്പാളിലെ ദേശീയ സസ്യ സംരക്ഷണ സംഘടനയായി പ്രവർത്തിക്കുന്ന പ്ലാന്റ് ക്വാറന്റൈൻ ആൻഡ് കീടനാശിനി മാനേജ്മെന്റ് സെന്റർ വഴി ഇന്ത്യൻ മാമ്പഴ ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് നേപ്പാൾ സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക പ്രസ്താവനയിൽ മന്ത്രാലയം അറിയിച്ചു.
ഇന്ത്യൻ മാമ്പഴങ്ങളുടെ ഇറക്കുമതിക്ക് അനുമതി നൽകുന്നത് തുടരുമെന്ന് അറിയിച്ച മന്ത്രാലയം ഫൈറ്റോസാനിറ്ററി ആവശ്യകതകൾ നിർബന്ധമായും പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്. വ്യവസ്ഥകൾ പാലിക്കുകയും ഫൈറ്റോസാനിറ്ററി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുകയും ചെയ്താൽ ഇറക്കുമതി പെർമിറ്റുകളും റിലീസ് ഓർഡറുകളും പുറപ്പെടുവിക്കും.
നേപ്പാൾ ഇന്ത്യൻ മാമ്പഴ ഇറക്കുമതി നിർത്തിവച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം. നേപ്പാളിലേക്കുള്ള കയറ്റുമതി തടസമില്ലാതെ തുടരുന്നുണ്ടെന്ന് മന്ത്രാലയം ആവർത്തിച്ചു.
International
കാഠ്മണ്ഡു: ഇന്ത്യയിൽനിന്നുള്ള മാമ്പഴ ഇറക്കുമതിക്കു നിരോധനം ഏർപ്പെടുത്തി നേപ്പാൾ സർക്കാർ. മാമ്പഴങ്ങളിൽ അമിതമായ അളവിൽ കീടനാശിനികൾ അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തലിനെത്തുടർന്നാണ് നടപടി. അതിർത്തിപ്രദേശങ്ങളിൽ മതിയായ പരിശോധന ലാബുകൾ ഇല്ലാത്തതും നിരോധനത്തിനു കാരണമായി.
മാധേഷ് പ്രവിശ്യ ഉൾപ്പെടെയുള്ള അതിർത്തി മേഖലകളിലൂടെയാണു പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറക്കുമതി നിലച്ചതോടെ നേപ്പാളിലെ പ്രാദേശിക വിപണകളിൽ തദ്ദേശീയമായി ഉത്പാദിപ്പിച്ച മാമ്പഴമാണ് എത്തുന്നത്. നേപ്പാളിൽ ഏറെ വിപണിയുള്ളതാണ് ഇന്ത്യയിൽനിന്നുള്ള മാമ്പഴങ്ങൾ. എന്നാൽ, നിരോധനം നിലവിൽ വന്നതോടെ തദ്ദേശീയ കർഷകർക്ക് അനുകൂലമായ സാഹചര്യമാണു സൃഷ്ടിച്ചിരിക്കുന്നത്.
ഇന്ത്യൻ മാമ്പഴങ്ങളോട് മത്സരിക്കേണ്ടി വരുന്നില്ലെന്നതു നേപ്പാളിലെ കർഷകർക്ക് ആശ്വാസം പകരുന്നുണ്ടെന്ന് മധേഷ് പ്രവിശ്യയിലെ ലാൻഡ് മാനേജ്മെന്റ്, കൃഷി മന്ത്രാലയത്തിലെ ഇൻഫർമേഷൻ ഉദ്യോഗസ്ഥൻ അജയ് ഗ്യാവലി പറഞ്ഞു. ഇത് പ്രാദേശിക ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.
അതേസമയം, രാജ്യത്തെ മുഴുവൻ ആവശ്യങ്ങൾക്കും തദ്ദേശീയമായ ഉത്പാദനം മാത്രം മതിയാകില്ലെന്ന് ആശങ്കയും അധികൃതർ പങ്കിടുന്നുണ്ട്. മാത്രമല്ല, വിപണിയിൽ മാങ്ങയുടെ വിലവർധനയ്ക്ക് ഇത് കാരണമാകുമെന്നു ജനക്പുർധാമിലെ ഫ്രൂട്ട് ആൻഡ് വെജിറ്റബിൾ ട്രേഡേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഭുവനേശ്വർ പൂർബെ പറഞ്ഞു. നേപ്പാളിൽ മേയ് പകുതി മുതൽ ജൂലൈ പകുതിവരെയുള്ള രണ്ടു മാസം മാത്രമാണു മാമ്പഴസീസൺ.
International
കാഠ്മണ്ഡു: നേപ്പാളിലെ ത്രിഭുവൻ അന്താരാഷ്ട വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനത്തിന്റെ ടയറിന് തീ പിടിച്ചു. യാത്രക്കാർ എമർജൻസി വാതിലുകളിലൂടെ പുറത്തിങ്ങി.
പുലർച്ചെ തുർക്കിഷ് എയർലൈൻസ് വിമാനം ലാൻഡ് ചെയ്യുന്നതിനിടെയാണ് ടയറിന് തീപിടിച്ചത്. ഇസ്താംബൂളിൽ നിന്നും വന്ന ടി കെ 726 എന്ന വിമാനത്തിന്റെ വലതുഭാഗത്തെ ടയറുകൾക്കാണ് തീപിടിച്ചത്.
വിമാനത്തിലുണ്ടായിരുന്ന 278 യാത്രക്കാരും 11 ജീവനക്കാരും സുരക്ഷിതമായി പുറത്തിറങ്ങിയതായും ആർക്കും പരിക്കേറ്റില്ലെന്നും വിമാനത്താവള അധികൃതർ വിശദമാക്കി. വിമാനം റൺവേയിൽ തൊട്ട ഉടൻ തന്നെ വലതുവശത്തെ ലാൻഡിംഗ് ഗിയറിൽ നിന്ന് പുകയും തീയും ഉയരുകയായിരുന്നു. ഇതോടെ വിമാനത്താവളത്തിലെ അഗ്നിശമന സേന ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
International
കാഠ്മണ്ഡു: നേപ്പാളിൽ രാഷ്ട്രീയപ്രേരിതമെന്ന് വിലയിരുത്തപ്പെടുന്ന 1500-ലധികം സുപ്രധാന നിയമനങ്ങൾ പുതിയ സർക്കാർ റദ്ദാക്കി. പ്രസിഡന്റ് രാംചന്ദ്ര പൗഡൽ പുറപ്പെടുവിച്ച പ്രത്യേക ഓർഡിനൻസിലൂടെയാണു മുൻ സർക്കാർ നടത്തിയ നിയമനങ്ങൾ കൂട്ടത്തോടെ റദ്ദാക്കിയത്. രാജ്യത്ത് ഭരണമാറ്റം നടന്ന മാർച്ച് 26-ന് മുമ്പ് നടത്തിയ നിയമനങ്ങളാണ് ഇതോടെ അസാധുവായതെന്നു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
2025 സെപ്റ്റംബറിൽ നടന്ന അതിശക്തമായ യുവജന പ്രക്ഷോഭങ്ങൾക്കു പിന്നാലെ മാർച്ച് അഞ്ചിനു നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബാലേന്ദ്ര ഷായുടെ നേതൃത്വത്തിലുള്ള രാഷ്ട്രീയ സ്വതന്ത്ര പാർട്ടി വൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വന്നിരുന്നു. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള ജനങ്ങളുടെ കടുത്ത എതിർപ്പാണ് ബാലേന്ദ്ര ഷായെ അധികാരത്തിലെത്തിച്ചത്.
റദ്ദാക്കപ്പെട്ട നിയമനങ്ങളിൽ ഭൂരിഭാഗവും രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് നേടിയവയാണെന്നാണു റിപ്പോർട്ട്.
International
കാഠ്മണ്ഡു: നേപ്പാളിലെ റോൾപ്പ ജില്ലയിൽ യാത്രക്കാരുമായി പോയ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 17 പേർ മരിച്ചു. വ്യാഴാഴ്ചയായിരുന്നു അപകടം. മലയോര പാതയിലൂടെ സഞ്ചരിക്കുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് ഏകദേശം 700 മീറ്റർ ആഴത്തിലുള്ള ഗർത്തത്തിലേക്ക് പതിക്കുകയായിരുന്നു.
ഇടുങ്ങിയ മലയോര പാതയിലൂടെ സഞ്ചരിക്കവെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്ന് പോലീസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 17 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. വീഴ്ചയുടെ ആഘാതമാണ് മരണസംഖ്യ ഉയരാൻ കാരണമായത്. രക്ഷാപ്രവർത്തകർ ഉച്ചകഴിഞ്ഞാണ് അപകടസ്ഥലത്ത് എത്തിയത്.
അപകടം നടന്നത് ഉൾപ്രദേശത്തായതിനാൽ തുടക്കത്തിൽ രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമായിരുന്നു. ലുംബിനി പ്രവിശ്യ പോലീസ് കൂടുതൽ സേനയെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. മരിച്ചവരുടെ ഐഡന്റിഫിക്കേഷൻ നടപടികൾ നടന്നുവരികയാണ്.
പ്രാഥമിക അന്വേഷണമനുസരിച്ച്, റോഡിന്റെ മോശം അവസ്ഥയോ വാഹനത്തിന്റെ യാന്ത്രിക തകരാറോ ആകാം അപകടത്തിലേക്ക് നയിച്ചത്. നേപ്പാളിലെ മലയോര മേഖലകളിൽ ഇത്തരം അപകടങ്ങൾ പതിവാണ്. വാഹനത്തിൽ പരിധിയിൽ കൂടുതൽ ആളുകൾ കയറിയിരുന്നോ എന്ന കാര്യവും അധികൃതർ പരിശോധിക്കുന്നുണ്ട്.
International
കാഠ്മണ്ഡു: നേപ്പാളിൽ സർക്കാർ ജീവനക്കാർക്ക് പുതിയ ശമ്പള വ്യവസ്ഥ. പ്രതിമാസ ശമ്പളത്തിന് പകരമായി 15 ദിവസം കൂടുമ്പോൾ ശമ്പളം നൽകാനാണ് സർക്കാർ തീരുമാനം. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇതുസംബന്ധിച്ച ഉത്തരവ് ധനമന്ത്രി സ്വരാണിം വാഗ്ലെ പുറപ്പെടുവിച്ചു. പുതിയ സംവിധാനം നടപ്പിലാക്കുന്നതിനായുള്ള പ്രാഥമിക നടപടികൾ ആരംഭിക്കാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാാപനങ്ങൾക്ക് മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
ജീവനക്കാർക്ക് കൃത്യമായ ഇടവേളകളിൽ പണം നൽകുന്നതിലൂടെ ഉപഭോഗം വർധിപ്പിക്കുകയും അതിലൂടെ സമ്പദ്വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയുമാണ് നേപ്പാൾ ലക്ഷ്യം വയ്ക്കുന്നത്.
ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഇത്തരമൊരു പരിഷ്കാരം നടപ്പിലാക്കുന്ന ആദ്യ രാജ്യമായി ഇതോടെ നേപ്പാൾ മാറി.ശമ്പള വ്യവസ്ഥയിലെ പുതിയ പരിഷ്കാരം വിജയിക്കുകയാണെങ്കിൽ ഭാവിയിൽ സ്വകാര്യ മേഖലയിലേക്കും ഈ രീതി വ്യാപിപ്പിക്കാൻ സാധ്യതയുണ്ട്.
International
കാഠ്മണ്ഡു: നേപ്പാള് മുന് പ്രധാനമന്ത്രി കെ.പി. ശര്മ ഒലിയെ അറസ്റ്റ് ചെയ്തതിനെത്തുടര്ന്നുള്ള പ്രതിഷേധം മൂന്നാം ദിവസവും തുടരുന്നു. കഴിഞ്ഞ വര്ഷം നടന്ന ‘ജെന് സി’ പ്രതിഷേധങ്ങളെ അടിച്ചമര്ത്തിയതുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച ഒലിയെ അറസ്റ്റ് ചെയ്തത്.
ഇന്നലെ രാവിലെ നയാ ബാനേശ്വര് മേഖലയില് ഒലിയുടെ പാര്ട്ടിയായ കമ്യൂണിസ്റ്റ് പാര്ട്ടി ഓഫ് നേപ്പാളിന്റെ (യുണൈറ്റഡ് മാര്ക്സിസ്റ്റ്-ലെനിനിസ്റ്റ്) നൂറുകണക്കിനു പ്രവര്ത്തകര് ഒത്തുകൂടി. ഇന്നലത്തെ റാലി താരതമ്യേന സമാധാനപരമായിരുന്നു. ഞായറാഴ്ച നടന്ന സംഘര്ഷത്തില് പോലീസുമായുള്ള ഏറ്റുമുട്ടലില് പത്തിലധികം പ്രവര്ത്തകര്ക്കു പരിക്കേറ്റിരുന്നു.
ഇതിനിടെ, മൂന്ന് മുന് പ്രധാനമന്ത്രിമാര്ക്കതിരേയുള്ള കള്ളപ്പണം വെളുപ്പിക്കല് കേസിലെ അന്വേഷണവും അധികൃതര് ഊര്ജിതമാക്കി. മുന് പ്രധാനമന്ത്രിമാരായ ഷേര് ബഹാദൂര് ദ്യൂബ, കെ.പി. ശര്മ ഒലി, പുഷ്പ കമല് ദഹല് എന്നിവര്ക്കെതിരേയുള്ള അന്വേഷണമാണ് ശക്തമാക്കിയത്.
കള്ളപ്പണം വെളുപ്പിക്കല് കേസില് ഞായറാഴ്ച അറസ്റ്റിലായ മുന് ഊര്ജ മന്ത്രിയും നേപ്പാളി കോണ്ഗ്രസ് നേതാവുമായ ദീപക് ഖഡ്കയെ ആരോഗ്യപ്രശ്നങ്ങളെത്തുടര്ന്ന് ഇന്നലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
ജെന് സി പ്രതിഷേധത്തിനിടെ ഖഡ്കയുടെയും മുന് പ്രധാനമന്ത്രിമാരുടെയും വസതികളില് കത്തിക്കരിഞ്ഞ നോട്ടുകളുടെ അവശിഷ്ടങ്ങള് കണ്ടെത്തിയ ദൃശ്യങ്ങള് പുറത്തുവന്നിരുന്നു.