ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തങ്ങൾക്കുമപ്പുറം മാതൃത്വത്തിന്റെ അപാരമായ സ്നേഹം പ്രകടിപ്പിച്ച് ലോകമെമ്പാടുമുള്ള ആളുകളുടെ മനം കവരുകയാണ് നേപ്പാളിലെ വനിതാ-ശിശു-മുതിർന്ന പൗരക്ഷേമ മന്ത്രിയായ സീതാ ബാദി.
കാഠ്മണ്ഡുവിലെ ഒരു അനാഥാലയത്തിൽ നിന്ന് അധികൃതർ രക്ഷപ്പെടുത്തിയ, വിശന്നു കരഞ്ഞ 17 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന് സ്വന്തം മുലപ്പാൽ നൽകി ആശ്വസിപ്പിക്കുന്ന മന്ത്രിയുടെ ദൃശ്യങ്ങൾ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുകയും ആളുകൾക്കിടയിൽ തരംഗമാവുകയും ചെയ്തു.
കഴിഞ്ഞ മാസമാണ് മനസിനെ നോവിക്കുന്ന ഈ സംഭവവികാസങ്ങൾക്ക് കാഠ്മണ്ഡു സാക്ഷ്യം വഹിച്ചത്. നക്സൽ മേഖലയിലുള്ള 'ബാൽ മന്ദിർ' എന്ന ശിശുസംരക്ഷണ കേന്ദ്രത്തിൽ കുഞ്ഞുങ്ങൾ കടുത്ത ദുരിതത്തിലാണ് കഴിയുന്നതെന്ന വാർത്ത സോഷ്യൽ മീഡിയയിലെ ഒരു കമന്റിലൂടെയാണ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
തുടർന്ന്, മുൻകൂട്ടി അറിയിക്കാതെ മന്ത്രി അനാഥാലയം സന്ദർശിക്കുകയായിരുന്നു. അതിദാരുണമായ കാഴ്ചകളായിരുന്നു മന്ത്രിയെ അവിടെ കാത്തിരുന്നത്.
കനത്ത മഴയിൽ പ്രദേശത്തെ ഓടയിലെ മലിനജലം അനാഥാലയത്തിലേക്ക് അടിച്ചുകയറി 15 ദിവസം മുതൽ രണ്ട് വയസ് വരെ പ്രായമുള്ള ഇരുപതോളം കുഞ്ഞുങ്ങൾ ഒരൊറ്റ വൃത്തിഹീനമായ മെത്തയിലാണ് കിടന്നിരുന്നത്.
പട്ടിണിയിലായ കുട്ടികൾക്ക് ചുറ്റും കഴിക്കാൻ ഉണങ്ങിയ നൂഡിൽസ് മാത്രമാണുണ്ടായിരുന്നത്. വൃത്തിഹീനമായ വസ്ത്രങ്ങളും ചുമയും മൂക്കൊലിപ്പുമായി രോഗാതുരമായ അവസ്ഥയിലായിരുന്നു മിക്ക കുട്ടികളും.
ഇതുകണ്ട മന്ത്രി ഉടനടി ഇടപെടുകയും കാഠ്മണ്ഡു മെട്രോപൊളിറ്റൻ സിറ്റി ഉദ്യോഗസ്ഥരെയും പോലീസിനെയും കൂട്ടി കുട്ടികളെ അവിടെനിന്ന് മോചിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തു.
തുടർന്ന് ജൂലൈ 19-ന് ഒരു മെഡിക്കൽ സംഘത്തോടൊപ്പം കുട്ടികളുടെ ആരോഗ്യനില പരിശോധിക്കാൻ മന്ത്രി വീണ്ടും അനാഥാലയത്തിലെത്തി.
പരിശോധനകൾ പുരോഗമിക്കവേ, കൂട്ടത്തിലുണ്ടായിരുന്ന 17 ദിവസം മാത്രം പ്രായമുള്ള ഒരു പെൺകുഞ്ഞ് വിശന്ന് ഉറക്കെ കരയാൻ തുടങ്ങി. കുഞ്ഞിന് നൽകാൻ അവിടെ പാലോ മറ്റ് ഭക്ഷണങ്ങളോ ലഭ്യമായിരുന്നില്ല.
കുഞ്ഞിന്റെ കരച്ചിൽ കണ്ടുനിൽക്കാൻ സാധിക്കാതിരുന്ന സീതാ ബാദി, ഉടൻ തന്നെ കുട്ടിയെ കൈകളിൽ കോരിയെടുക്കുകയും സ്വന്തം മുലപ്പാൽ നൽകുകയുമായിരുന്നു.
പാലു കുടിച്ചതോടെ കരച്ചിൽ നിർത്തിയ കുഞ്ഞ് മന്ത്രിയുടെ മടിയിൽ കിടന്ന് ശാന്തമായി ഉറങ്ങി. അന്ന് വൈകുന്നേരം രണ്ട് തവണയാണ് മന്ത്രി ആ കുഞ്ഞിന് പാൽ നൽകിയത്.
ആ കുഞ്ഞിനെ കരങ്ങളിൽ എടുത്തപ്പോൾ തനിക്ക് ജനിച്ച സ്വന്തം കുഞ്ഞാണെന്നാണ് തോന്നിയതെന്ന് ആ നിമിഷത്തെക്കുറിച്ച് മന്ത്രി പിന്നീട് ഓർത്തെടുത്തു.
കുഞ്ഞ് ദിവസങ്ങളായി കൃത്യമായി ആഹാരം കഴിച്ചിട്ടില്ലെന്ന് കൂടെയുണ്ടായിരുന്ന സെക്രട്ടറി പറഞ്ഞപ്പോൾ, ഇനിമുതൽ താനാണ് ഇവളുടെ അമ്മ എന്നായിരുന്നു സീതാ ബാദിയുടെ മറുപടി.
ഈ സംഭവത്തിന് പിന്നാലെ അനാഥാലയത്തിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ സർക്കാരിന്റെ ഭാഗത്തുനിന്ന് ദ്രുതഗതിയിലുള്ള നടപടികളുണ്ടായി.
കുട്ടികളെ പരിപാലിക്കാൻ അഞ്ച് പുതിയ പരിചാകരെ നിയമിക്കുകയും, സർക്കാർ ഭൂമിയിൽ നാല് മാസത്തിനുള്ളിൽ പുതിയ മന്ദിരം നിർമ്മിക്കാൻ തീരുമാനിക്കുകയും ചെയ്തു.
കൂടാതെ നേപ്പാളിലെ കുട്ടികളുടെ സംരക്ഷണ കേന്ദ്രങ്ങൾക്ക് പുതിയ നിബന്ധനകളും ചട്ടങ്ങളും കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്.
മന്ത്രി സീതാ ബാദിയുടെ പൊരുതിനേടിയ ജീവിത പശ്ചാത്തലത്തിലേക്കും ഈ സംഭവം വെളിച്ചം വീശുന്നുണ്ട്. 1995-ൽ നേപ്പാളിലെ സുർഖേത് ജില്ലയിൽ ജനിച്ച ബാദി, കടുത്ത ദാരിദ്ര്യത്തിലും സാമൂഹിക വിവേചനത്തിലുമാണ് വളർന്നത്.
കുട്ടിക്കാലത്ത് ഭേരി നദിക്കരയിൽ മാതാപിതാക്കളോടൊപ്പം കൂലിപ്പണി ചെയ്തിരുന്ന അവർ, 12-ാം വയസിൽ പഠനാവശ്യാർഥം കാഠ്മണ്ഡുവിലേക്ക് മാറുകയും കുറച്ചുകാലം ഒരു സംരക്ഷണ കേന്ദ്രത്തിൽ കഴിയുകയും ചെയ്തിട്ടുണ്ട്.
2026 മാർച്ച് മാസത്തിലാണ് അവർ നേപ്പാളിന്റെ വനിതാ-ശിശു-മുതിർന്ന പൗരക്ഷേമ മന്ത്രിയായി ചുമതലയേറ്റത്. നേപ്പാളിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ബാദി സമുദായത്തിൽ നിന്നുള്ള ആദ്യ ഫെഡറൽ മന്ത്രി കൂടിയാണ് സീതാ ബാദി.
പട്ടിണിയുടെയും മാറ്റിനിർത്തലുകളുടെയും വേദനയറിഞ്ഞ് വളർന്നതുകൊണ്ടുതന്നെയാണ്, ഒരു അനാഥക്കുഞ്ഞിന്റെ കരച്ചിൽ കണ്ടപ്പോൾ മന്ത്രിപ്പട്ടം മാറ്റിവെച്ച് ഒരു അമ്മയായി മാറാൻ അവർക്ക് സാധിച്ചത്.
माननीय मन्त्री सीता वादीले बाल संगठनबाट उद्धार गरिएको शिशुलाई स्तनपान गराएर मानवताको उच्चतम् उदाहरण प्रस्तुत गर्नुभएको छ। मन्त्रीज्यूप्रति उच्च सम्मान व्यक्त गर्दछु । #Minister Sita Badi pic.twitter.com/oByS3vLb6L
— PRAKASH KUNWAR (@Kunwarprakash20) July 23, 2026
Tags : Nepal Inspiration Humanity Kathmandu SitaBadi