മഞ്ഞുമൂടിയ ആൽപ്സ് പർവതനിരകളെ ഓർമ്മിപ്പിക്കുന്ന വെളുത്ത താഴ്വരകൾ കാണാൻ സാധാരണയായി വിനോദസഞ്ചാരികൾ വടക്കേന്ത്യയിലെ മഞ്ഞുവീഴ്ചയുള്ള പ്രദേശങ്ങളിലേക്കാണ് പോകുന്നത്.
എന്നാൽ, രാജസ്ഥാനിലെ പ്രമുഖ വ്യവസായ നഗരമായ കിഷൻഗഢിൽ ഇന്ന് കാണുന്നത് വേറിട്ടൊരു കാഴ്ചയാണ്. പ്രകൃതിദത്ത മഞ്ഞല്ല, മറിച്ച് മാർബിളും ഗ്രാനൈറ്റും വെട്ടിമിനുക്കുമ്പോൾ ഉണ്ടാകുന്ന അവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് ഇവിടെ മനോഹരമായ 'മഞ്ഞുതാഴ്വര' രൂപപ്പെട്ടിരിക്കുന്നത്.
പ്രകൃതിരമണീയമെന്ന് തോന്നിക്കുന്ന ഈ വ്യാവസായിക മാലിന്യശേഖരം ഇന്ന് ക്യാമറാക്കണ്ണുകൾക്കും സോഷ്യൽ മീഡിയ പ്രേമികൾക്കും പ്രിയപ്പെട്ട ഒരിടമായി മാറിയിരിക്കുന്നു.
ഏകദേശം 82 ഏക്കറോളം വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മാർബിൾ അവശിഷ്ട നിക്ഷേപ കേന്ദ്രങ്ങളിലൊന്നാണ്.
സമീപത്തുള്ള 1,200-ലധികം പ്രോസസിങ് യൂണിറ്റുകളിൽ നിന്നായി ദിവസേന അയ്യായിരത്തിലധികം ടൺ മാർബിൾ ചളിയും പൊടിയുമാണ് ഇവിടെ തള്ളുന്നത്.
എന്നാൽ കാഴ്ചയിൽ മഞ്ഞുമൂടിയ പർവതനിരകളെ അനുസ്മരിപ്പിക്കുന്നതിനാൽ, പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടുകൾക്കും സിനിമാ ചിത്രീകരണങ്ങൾക്കുമായി ധാരാളം ആളുകൾ ഇവിടേക്ക് എത്തുന്നു.
മഴ പെയ്യുമ്പോൾ ഈ വെളുത്ത കുന്നുകൾക്കിടയിലെ കുഴികളിൽ വെള്ളം കെട്ടിക്കിടന്ന് തെളിഞ്ഞ നീല നിറത്തിലുള്ള തടാകങ്ങൾ രൂപപ്പെടുന്നത് ഈ പ്രദേശത്തിന്റെ ഭംഗി വീണ്ടും വർധിപ്പിക്കുന്നു. എന്നാൽ ഈ മനോഹര കാഴ്ചകൾക്ക് പിന്നിൽ വൻ പാരിസ്ഥിതിക ഭീഷണിയാണ് ഒളിഞ്ഞിരിക്കുന്നത്.
വായുവിൽ കലരുന്ന സൂക്ഷ്മമായ മാർബിൾ പൊടിപടലങ്ങളും ഭൂഗർഭജലത്തിലേക്ക് ഇറങ്ങുന്ന മാലിന്യങ്ങളും സമീപവാസികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. പ്രദേശത്തെ കുടിവെള്ളത്തിൽ ലവണാംശവും കഠിനതയും അപകടനിലയിൽ ഉയർന്നതായി പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു.
യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളോ ശുദ്ധീകരണ സംവിധാനങ്ങളോ ഇല്ലാതെയാണ് മാലിന്യം തള്ളുന്നതെന്ന് നിരീക്ഷിച്ച ഹരിത ട്രിബ്യൂണൽ, അവശിഷ്ടങ്ങൾ പുനരുപയോഗിക്കാനുള്ള കർശന നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്.
എങ്കിലും, പാരിസ്ഥിതിക ആഘാതങ്ങളെക്കുറിച്ചുള്ള കടുത്ത മുന്നറിയിപ്പുകളെല്ലാം കാറ്റിൽപ്പറത്തി, വേറിട്ട ഈ കാഴ്ച കാണാൻ ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തിച്ചേരുന്നത്.
Tags : Kishangarh KishangarhDumpingYard SnowOfRajasthan MoonlandOfRajasthan RajasthanTourism