ഒരു കെട്ടിടത്തിലെ ഗോവണിപ്പടിയിലൂടെ ഇറങ്ങിവരുന്ന യുവതി പെട്ടെന്ന് വഴിയരികിലെ പൂച്ചയെ നോക്കിനിൽക്കുകയും, പൂച്ച അരികെക്കൂടി കടന്നുപോയ നിമിഷം തന്നെ ആരോ തള്ളിവിട്ടതുപോലെ പടികളിലേക്ക് തെറിച്ച് വീഴുകയും ചെയ്യുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്.
ഈജിപ്തിൽ നിന്നുള്ളതെന്ന് അവകാശപ്പെടുന്ന ഈ സിസിടിവി വീഡിയോയിൽ യുവതിക്ക് സമീപം മറ്റ് മനുഷ്യരാരും തന്നെ ഉണ്ടായിരുന്നില്ല എന്നതാണ് സംഭവത്തിന്റെ ദുരൂഹത കൂട്ടുന്നത്. 'ഡെയ്ലി ദസ്തക്' എന്ന എക്സ് അക്കൗണ്ടിലൂടെ പ്രചരിച്ച ഈ ദൃശ്യങ്ങൾ ഇതിനോടകം 60 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
വീഡിയോയിലെ വീഴ്ചയുടെ അസ്വാഭാവികതയും, പൂച്ചയുടെ അസാധാരണമായ ശാന്തതയും ചൂണ്ടിക്കാട്ടി ഇതൊരു എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ വീഡിയോ ആകാനാണ് സാധ്യതയെന്ന് ഒരുവിഭാഗം ആളുകൾ വാദിക്കുന്നു.
എന്നാൽ അമാനുഷിക ശക്തികളുടെ സാന്നിധ്യമാണ് യുവതിയുടെ വീഴ്ചയ്ക്ക് കാരണമായതെന്ന് വിശ്വസിക്കുന്നവരും കുറവല്ല. എഐ വിദ്യയാണോ അതോ അമാനുഷിക സംഭവമാണോ എന്ന കാര്യത്തിൽ ഇന്റർനെറ്റിൽ വാദപ്രതിവാദങ്ങൾ തുടരുമ്പോഴും സംഭവത്തിന്റെ യഥാർഥ വസ്തുത എന്താണെന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
Tags : ViralVideo ParanormalActivity CCTVFootage AIGenerated UnexplainedMystery