ഇന്ത്യൻ ക്രിക്കറ്റ് താരം റിങ്കു സിംഗിന്റെ കുടുംബത്തിന് ഏറെ സന്തോഷം പകരുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കഴിഞ്ഞ നാല് ദിവസമായി കാണാതായ പ്രിയപ്പെട്ട വളർത്തുനായ ബ്രൂഡോ ഒടുവിൽ സുരക്ഷിതമായി തിരിച്ചെത്തിയിരിക്കുന്നു.
ഒക്ടോബർ 12-നാണ് അലിഗഡിലെ ഓസോൺ സിറ്റിയിലുള്ള വീട്ടിൽ നിന്ന് അഞ്ച് വയസുകാരനായ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയെ കാണാതാകുന്നത്.
രാവിലെ 10 മണിയോടെ വീടുവിട്ടിറങ്ങിയ ബ്രൂഡോ തിരികെ എത്താതിരുന്നതിനെ തുടർന്ന് കുടുംബം ഉടൻ തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ നായ പാർക്കിന്റെ ഭാഗത്തേക്ക് നീങ്ങുന്നത് വ്യക്തമായിരുന്നു. തുടർന്ന് വീടിന്റെ പരിസരങ്ങളും നിർമ്മാണത്തിലിരിക്കുന്ന കെട്ടിടങ്ങളും പാർക്കുകളും ഉൾപ്പെടെയുള്ള വിവിധ ഭാഗങ്ങളിൽ കുടുംബാംഗങ്ങൾ ഊർജിതമായ തിരച്ചിൽ നടത്തിയെങ്കിലും ആദ്യഘട്ടത്തിൽ യാതൊരു സൂചനയും ലഭിച്ചിരുന്നില്ല.
ഒടുവിൽ കഴുത്തിലെ ചുവന്ന ബെൽറ്റ് അടയാളമാക്കി കാണിച്ച് റിങ്കുവിന്റെ സഹോദരി നേഹ സിംഗ് സമൂഹമാധ്യമങ്ങളിലൂടെ സഹായം അഭ്യർഥിച്ച് രംഗത്തുവരികയായിരുന്നു.
സമൂഹമാധ്യമ ഉപയോക്താക്കളുടെയും നാട്ടുകാരുടെയും ശക്തമായ പിന്തുണയാണ് നായയെ കണ്ടെത്താൻ വഴിതെളിച്ചതെന്ന് കുടുംബം വ്യക്തമാക്കുന്നു.
ബ്രൂഡോ തിരിച്ചെത്തിയ വിവരം പങ്കുവെച്ചുകൊണ്ട് നേഹ പങ്കുവെച്ച വീഡിയോ ഏറെ വൈകാരികമായിരുന്നു. സോനു വിളിച്ചപ്പോൾ തന്നെ ഓടിയെത്തി സ്നേഹം പ്രകടിപ്പിച്ച ബ്രൂഡോയെ കണ്ട സന്തോഷവും അവർ പങ്കുവെച്ചു.
തങ്ങളെപ്പോലെ തന്നെ നായയും തങ്ങളെ ഏറെ മിസ് ചെയ്തിട്ടുണ്ടാകുമെന്നും തങ്ങളെ സഹായിച്ച എല്ലാ നല്ല മനസിനും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നതായും നേഹ വ്യക്തമാക്കി.
Tags : RinkuSingh BrudoTheDog AligarhNews CricketerNews PetReunion