സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടി മാത്രം മുംബൈ ലോക്കൽ ട്രെയിനിന് നേരെ കല്ലെറിയുന്നതായി വ്യാജ വീഡിയോ ചിത്രീകരിച്ച ദീഘ സ്വദേശിയായ യുവാവ് റെയിൽവേ പോലീസിന്റെ പിടിയിലായി.
പാളത്തിന് സമീപം നിന്ന് ട്രെയിനുകൾക്ക് നേരെ കല്ലെറിയുന്ന ഭാവത്തിൽ അഭിനയിക്കുകയും യാത്രക്കാർക്ക് നേരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇയാൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
ഇത് യാത്രക്കാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്ക് ഇടയാക്കിയിരുന്നു. സംഭവം വിവാദമാവുകയും ആർപിഎഫ് അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെ യുവാവ് മാപ്പപേക്ഷയുമായി വീണ്ടും രംഗത്തെത്തി.
റീൽ നിർമ്മിക്കുക മാത്രമായിരുന്നു തന്റെ ലക്ഷ്യമെന്നും, യഥാർഥത്തിൽ ട്രെയിനിന് നേരെ കല്ലെറിഞ്ഞിട്ടില്ലെന്നും വെറുതെ അഭിനയിക്കുക മാത്രമാണ് ചെയ്തതെന്നും ഇയാൾ വീഡിയോയിൽ വ്യക്തമാക്കി.
ഇനി ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ലെന്നും എല്ലാവരോടും ക്ഷമ ചോദിക്കുന്നതായും ഇയാൾ കൂട്ടിച്ചേർത്തു. താനെ റെയിൽവേ പോലീസിന്റെ ശ്രദ്ധയിൽപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആർപിഎഫ് സൻപാദ യൂണിറ്റ് പ്രതിക്കെതിരെ റെയിൽവേ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.
യാത്രക്കാരുടെ ജീവന് ഭീഷണി ഉയർത്തുന്ന ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വീണ്ടും മുന്നറിയിപ്പ് നൽകി.
Tags : MumbaiLocal RailwaySafety RPF SocialMediaStunts ViralVideo