പ്രതീകാത്മക ചിത്രം
ന്യൂയോർക്ക്: പ്രമുഖ വെബ് പ്ലാറ്റ്ഫോമായ ഒപ്റ്റിമൈസ്ലിയിലെ സുരക്ഷാ വീഴ്ച മുതലെടുത്ത് ലോകത്തെ ഏറ്റവും പ്രശസ്തമായ 178 വെബ്സൈറ്റുകളിൽ ഹാക്കർമാർ അപകടകരമായ മാൽവെയർ കടത്തിവിട്ടു. ബിബിസി, സിഎൻഎൻ, സൂം, സെയിൽസ്ഫോഴ്സ്, ഐകിയ, എച്ച്എസ്ബിസി തുടങ്ങി കോടിക്കണക്കിന് ആളുകൾ സന്ദർശിക്കുന്ന വെബ്സൈറ്റുകളെയാണ് ഈ സൈബർ ആക്രമണം ബാധിച്ചത്.
നവംബർ 16-നാണ് ഒപ്റ്റിമൈസ്ലിയുടെ വെബ് എക്സ്പിരിമെന്റേഷൻ പ്ലാറ്റ്ഫോമിലെ 'പ്രൊജക്ട് ജാവാസ്ക്രിപ്റ്റ്' വഴി ഹാക്കർമാർ മാൽവെയർ കോഡുകൾ തിരുകിക്കയറ്റിയത്. ഒപ്റ്റിമൈസ്ലിയുടെ സ്വന്തം സെർവറുകളിൽ നിന്നാണ് ഈ കോഡുകൾ ലോഡ് ചെയ്യപ്പെട്ടത് എന്നതിനാൽ, ഉപഭോക്താക്കളുടെ ബ്രൗസറുകൾ ഇവയെ വിശ്വാസയോഗ്യമായ കോഡുകളായാണ് കണക്കാക്കിയത്. സുരക്ഷാ ഗവേഷകനായ സ്കോട്ട് ഹെൽമെയാണ് ഈ വൻ സുരക്ഷാ വീഴ്ച കണ്ടെത്തിയത്.
മോഷ്ടിച്ചത് ക്രിപ്റ്റോകറൻസിയും കാർഡ് വിവരങ്ങളും
ഒന്നിലധികം ലക്ഷ്യങ്ങളുള്ള അപകടകരമായ മാൽവെയറാണ് ഹാക്കർമാർ ഉപയോഗിച്ചത്. ഉപഭോക്താക്കളുടെ ക്രിപ്റ്റോകറൻസി വാലറ്റ് വിലാസങ്ങൾ മാറ്റി ഹാക്കർമാരുടെ വിലാസം നൽകി പണം തട്ടിയെടുത്തു. ഏകദേശം 7,150 ഡോളറിലധികം മൂല്യമുള്ള ക്രിപ്റ്റോകറൻസി ഇത്തരത്തിൽ മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.വെബ്സൈറ്റുകളിലെ പേയ്മെന്റ് ഫോമുകളിൽ ടൈപ്പ് ചെയ്യുന്ന ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നമ്പറുകൾ, കാലാവധി, സിവിവി എന്നിവ ചോർത്തിയെടുത്തു. ഐഒഎസ് 18.6 അല്ലെങ്കിൽ അതിൽ താഴെയുള്ള പതിപ്പുകൾ ഉപയോഗിക്കുന്ന ഐഫോൺ, ഐപാഡ് ഉപഭോക്താക്കളെ ലക്ഷ്യമിട്ട് 'കൊറൂണ', 'ഡാർക്ക്സ്വോർഡ്'എന്നീ എക്സ്പ്ലോയിറ്റ് കിറ്റുകളും മാൽവെയർ വിതരണം ചെയ്തു. ഇവ ഫോണിലെ പാസ്വേഡുകളും ക്രിപ്റ്റോ കീകളും മോഷ്ടിക്കാൻ ശേഷിയുള്ളവയാണ്.
ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമാണ് ആക്രമണത്തിന് ഏറ്റവും കൂടുതൽ ഇരയായത്. സുരക്ഷാ വീഴ്ച ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പ്രശ്നം പരിഹരിച്ചതായും, വെബ്സൈറ്റുകളിൽ കടത്തിവിട്ട മാൽവെയർ കോഡുകൾ പൂർണമായും നീക്കം ചെയ്തതായും ഒപ്റ്റിമൈസ്ലി അധികൃതർ അറിയിച്ചു. കിസ്മെട്രിക്സ്, സ്റ്റോറിഫൈമി തുടങ്ങിയ മറ്റ് മൂന്ന് സേവനങ്ങളിലും സമാനമായ കോഡുകൾ കണ്ടെത്തിയിട്ടുണ്ട്. വിശ്വസ്തരായ മൂന്നാം കക്ഷി സേവനങ്ങളിലൂടെ പോലും വൻകിട വെബ്സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടാം എന്നതിന്റെ വലിയൊരു മുന്നറിയിപ്പാണ് ഈ സംഭവമെന്ന് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Tags : cyberattack Optimizely Supply-Chain Attack Malware JavaScript Injection BBC CNN Zoom HSBC Crypto Theft Card Skimmer iOS Exploit Cybersecurity