ന്യൂഡൽഹി: യുഎസ്-ഇറാൻ വെടിനിർത്തൽ സംബന്ധിച്ച സിഎൻഎൻ റിപ്പോർട്ട് വ്യാജമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സംഭവത്തിൽ സിഎൻഎന്നിനെതിരായി അന്വേഷണം നടക്കുന്നതായും ട്രംപ് പറഞ്ഞു.
വെടിനിർത്തൽ ട്രംപിന്റെ അപമാനകരമായ പിന്മാറ്റമാണെന്ന ഇറാൻ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ (എസ്എൻഎസ്സി) പ്രസ്താവന ഉദ്ധരിച്ച സിഎൻഎൻ റിപ്പോർട്ടാണ് ട്രംപിനെ ചൊടിപ്പിച്ചത്. “ഞങ്ങളുടെ വിരലുകൾ ട്രിഗറിലാണ്. ശത്രു അല്പമെങ്കിലും പതറിയാൽ, ഞങ്ങൾ ശക്തമായി പ്രതികരിക്കും”- എസ്എൻഎസ്സി പ്രസ്താവനയിൽ പറഞ്ഞു.
ഇറാൻ വിജയം അവകാശപ്പെടുന്നു, പത്തിന പദ്ധതി അംഗീകരിക്കാൻ അമേരിക്കയെ നിർബന്ധിച്ചു- എന്ന തലക്കെട്ടോടെയായിരുന്നു സിഎൻഎൻ റിപ്പോർട്ട്. ന്യൂയോർക്ക് ടൈംസും പിബിഎസും എസ്എൻഎസ്സിയുടെ പ്രസ്താവന ഉദ്ധരിച്ച് വാർത്ത നൽകിയിരുന്നു.
എന്നാൽ സിഎൻഎന്നിനെ മാത്രമാണ് ട്രംപ് കുറ്റപ്പെടുത്തിയത്. ഇറാൻ സർക്കാരിന്റെ ഉന്നത തലങ്ങളിൽനിന്നാണ് വന്നതെന്ന തരത്തിലുള്ള വ്യാജ വാർത്ത സിഎൻഎൻ അറിഞ്ഞുകൊണ്ട് നൽകിയെന്നത് വിശ്വസിക്കാനാവുന്നില്ല. ക്ഷമാപണം നടത്തി സിഎൻഎൻ ഉടൻ റിപ്പോർട്ട് പിൻവലിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.