പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീർഥാടനത്തിനായി നട തുറന്നിട്ടും ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വംവകുപ്പിലെ പ്രതികൾ അധികൃതരുടെ തണലിൽതന്നെ. ശബരിമല സ്വർണക്കൊള്ളയിലെ കട്ടിളപ്പാളി കേസിൽ പ്രോസിക്യൂഷൻ അനുമതി തേടി ദേവസ്വം വകുപ്പ് സെക്രട്ടറിക്ക് അപേക്ഷ സമർപ്പിച്ചു എസ്ഐടി കാത്തിരിക്കുകയാണ്. ദേവസ്വം സെക്രട്ടറി അനുമതി നല്കാൻ വൈകുന്നതിനാൽ കുറ്റപത്രം സമർപ്പിക്കലും വൈകുകയാണ്.
കേസ് അട്ടിമറിക്കാനുള്ള നീക്കം ഹൈക്കോടതി ഇടപെടലിലൂടെ മറികടന്നു കഴിഞ്ഞു. ഇനി ദേവസ്വം സെക്രട്ടറിക്കു പ്രോസിക്യൂക്ഷൻ അനുമതി വൈകിക്കാൻ കഴിയില്ല. ഹൈക്കോടതി ഇടപെട്ട സാഹചര്യത്തിൽ ഈ ആഴ്ച അനുമതി ലഭിക്കുന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അനുമതി ലഭിച്ചാൽ ഉടൻ കുറ്റപത്രം സമർപ്പിക്കും. അസിസ്റ്റന്റ് ലീഗൽ അഡ്വൈസർ കരട് കുറ്റപത്രം ഇതിനകം അംഗീകരിച്ചിട്ടുണ്ട്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ ഭരണസമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ, സ്വർണ മോഷണ അന്വേഷണത്തിലെ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി എന്നിവരുൾപ്പടെ 13 പേർ കേസിൽ പ്രതികളാണ്. 13 പ്രതികളിൽ 10 പേരുടെ കേസിൽ പ്രോസിക്യൂഷൻ അനുമതി ആവശ്യമാണ്.
ദേവസ്വം വകുപ്പ് നിയമോപദേശം തേടി അനുമതി നൽകിയാൽ കുറ്റപത്രം കൊല്ലം വിജിലൻസ് കോടതിയിലെത്തും. നാലു പ്രതികളുടെ കാര്യത്തിൽ റവന്യു, ദേവസ്വം സെക്രട്ടറി അനുമതി നൽകണം. ബാക്കിയുള്ള ആറ് പേരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകേണ്ടത് തിരുവിതാംകൂർ ദേവസ്വം ബോർഡാണ്.
കട്ടിളപ്പാളി കേസിൽ എഫ്ഐആർ രജിസ്റ്റർചെയ്ത് ഒരുവർഷത്തിനുശേഷമാണ് എസ്ഐടി പ്രോസിക്യൂഷൻ അനുമതി തേടിയത്. നേരത്തേ കേസിലെ കുറ്റപത്രം വൈകുന്നതിൽ കോടതി വിമർശനമുന്നയിച്ചിരുന്നു.
ശബരിമലയിലെ കട്ടിളപ്പാളികള്‍ ചട്ടങ്ങള്‍ മറികടന്ന് ദേവസ്വം ബോർഡ് ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകിയെന്നും പാളിയിൽനിന്നു പോറ്റിയും സംഘവും ചേർന്ന് സ്വർണം വേർതിരിച്ചെടുത്തുവെന്നുമാണ് കേസ്.
കട്ടിളപ്പാളി കേസിൽ ആകെ 13 പ്രതികളാണുള്ളത്. ഇതിൽ ദേവസ്വം ബോ
ർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസറായ മുരാരി ബാബു അടുത്തിടെ അന്തരിച്ചിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റി, ട്രാവന്‍കൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, ശ്യാംപ്രകാശ് (ദേവസ്വം അസി. കമ്മിഷണർ), എൻ. വാസു(മുൻ ദേവസ്വം ബോർഡ് കമ്മിഷണർ), സുധീഷ്, ബൈജു(മുൻ തിരുവാഭരണം കമ്മിഷണർ) എ. പത്മകുമാർ(മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ്), പങ്കജ് ഭണ്ഡാരി(സ്മാർട് ക്രിയേഷൻസ് സിഇഒ), ഗോവർധൻ(ജ്വല്ലറി വ്യാപാരി), വിജയകുമാർ(മുൻ ദേവസ്വം ബോർഡ് അംഗം) കെ. പി. ശങ്കരദാസ്(മുൻ ദേവസ്വം ബോർഡ് അംഗം) തന്ത്രി കണ്ഠരര് രാജീവര് തുടങ്ങിയവരാണ് കേസിലെ പ്രതികൾ. കട്ടിളപ്പാളി കേസിൽ 350 സാക്ഷികളെയും 285 രേഖകളും 12 തൊണ്ടിമുതലുകളും ഉൾപ്പെടുത്തിയാണ് എസ്ഐടി അന്തിമ കുറ്റപത്രം തയാറാക്കിയിരിക്കുന്നത്.
Tags : Sabarimala Gold Thefts prosecution Sanction expected Expected soon