ലെയോ പതിനാലാമൻ മാർപാപ്പ
വത്തിക്കാൻ സിറ്റി: വിവാഹിതരായ പുരുഷന്മാരെ വൈദികരായി അഭിഷേകം ചെയ്യുന്ന കാര്യത്തിലോ പരമ്പരാഗത ലത്തീൻ കുർബാനയ്ക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിലോ ഇപ്പോൾ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. സഭയുടെ ഐക്യത്തിനും കൂട്ടായ്മയ്ക്കുമാണ് തന്റെ ശുശ്രൂഷയിൽ പ്രഥമ പരിഗണനയെന്നും സഭയിലെ എല്ലാവരെയും ഒരുമിച്ചു കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
പന്ത്രണ്ടു ദിവസത്തെ ലാറ്റിനമേരിക്കൻ സന്ദർശനം പൂർത്തിയാക്കി പെറുവിലെ ലിമയിൽനിന്ന് റോമിലേക്കു മടങ്ങുന്നതിനിടെ പേപ്പൽ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മാർപാപ്പ.
ആമസോൺ മേഖലയിലുൾപ്പടെ വൈദികക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ വിവാഹിതരായ പുരുഷന്മാരെ വൈദികരാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, വൈദികക്ഷാമത്തിന് അതു മാത്രമല്ല പരിഹാരമെന്നായിരുന്നു മറുപടി. ചില മേഖലകളിൽ വൈദികാർഥികളുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്. വിവാഹിതരെ വൈദികരാക്കണമെന്ന ആശയത്തിന് ആഗോളതലത്തിൽ ഒരേപോലെ സ്വീകാര്യതയില്ല. അതിനാൽ ഇത്തരമൊരു തീരുമാനം സഭയിൽ ഭിന്നതയുണ്ടാക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പരമ്പരാഗത ലത്തീൻ കുർബാനയ്ക്കു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ഫ്രാൻസിസ് മാർപാപ്പയുടെ 2021ലെ ‘ത്രദീസ്യോനിസ് കുസ്തോദെസ്’ എന്ന രേഖ പിൻവലിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ലെയോ പതിനാലാമൻ മാർപാപ്പ വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഭൂരിപക്ഷം കത്തോലിക്കരും രണ്ടാം വത്തിക്കാൻ കൗൺസിൽ അംഗീകരിച്ച ആരാധനാക്രമമാണു പിന്തുടരുന്നത്. സഭയുടെ ഐക്യം നിലനിർത്താൻ അതുതന്നെ തുടരണം. പ്രത്യേക സാഹചര്യങ്ങളിൽ പരന്പരാഗത ലത്തീൻ കുർബാന അർപ്പിക്കാൻ നിലവിലെ നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അർബുദ ശസ്ത്രക്രിയ
കഴിഞ്ഞ മാസം വലത് ശ്വാസകോശത്തിലെ അർബുദബാധിത ഭാഗം നീക്കംചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയെക്കുറിച്ചും മാർപാപ്പ മനസ് തുറന്നു. രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും പതിവു വാർഷിക ആരോഗ്യപരിശോധനയ്ക്കിടെയാണു രോഗം കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള വിശ്വാസികളുടെ പ്രാർഥനയും മികച്ച ചികിത്സയും സ്വന്തം നിശ്ചയദാർഢ്യവുമാണ് ദീർഘവും കഠിനവുമായ ലാറ്റിനമേരിക്കൻ യാത്ര പൂർത്തിയാക്കാൻ സഹായിച്ചത്. ആരോഗ്യനില നൂറുശതമാനം മെച്ചപ്പെട്ടിട്ടില്ലെങ്കിലും പൂർണസുഖത്തിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അർബുദത്തെക്കുറിച്ചുള്ള ഭയം കാരണം ആരോഗ്യപരിശോധനകൾ ഒഴിവാക്കരുത്. കൃത്യമായ ഇടവേളകളിൽ പരിശോധന നടത്താൻ തന്റെ അനുഭവം മറ്റുള്ളവർക്കു പ്രചോദനമാകട്ടെയെന്നും മാർപാപ്പ പറഞ്ഞു.
അബോധാവസ്ഥയിലാകുകയോ ചുമതലകൾ നിർവഹിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുകയോ ചെയ്താൽ സ്ഥാനമൊഴിയാനുള്ള രാജിക്കത്ത് മുൻകൂട്ടി തയാറാക്കിയിട്ടുണ്ടോയെന്ന ചോദ്യത്തിന്, അത്തരം സാഹചര്യങ്ങളെ നേരിടാൻ കാനൻ നിയമത്തിൽ വ്യവസ്ഥകളുണ്ടെങ്കിലും ഭാവിയിൽ ഇത്തരമൊരു കത്ത് തയാറാക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
യുഎസ് തെരഞ്ഞെടുപ്പ്
അമേരിക്കയിൽ ജനിച്ച ആദ്യ മാർപാപ്പയായ ലെയോ പതിനാലാമൻ, തന്റെ അമേരിക്കൻ പശ്ചാത്തലവും ജനാധിപത്യത്തിലുള്ള വിശ്വാസവും പരാമർശിച്ചു. തന്റെ ആരോഗ്യവിവരങ്ങൾ തുറന്നുപറയാനുള്ള സന്നദ്ധതയും ജനാധിപത്യത്തിലുള്ള അഗാധമായ വിശ്വാസവും തന്റെ അമേരിക്കൻ പശ്ചാത്തലത്തിൽനിന്നുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പു ഫലങ്ങൾ രാഷ്ട്രീയധ്രുവീകരണം വർധിപ്പിക്കുമോയെന്ന ചോദ്യത്തോട്, തർക്കങ്ങളും ഭിന്നതകളും കുറച്ച് പരസ്പര സംവാദത്തിനും അനുരഞ്ജനത്തിനും കൂടുതൽ അവസരമുണ്ടാകണമെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പ്രതികരിച്ചു.
അർജന്റീന പ്രസിഡന്റ് ഹാവിയർ മിലേയുമായുള്ള കൂടിക്കാഴ്ച രാഷ്ട്രീയപരമായിരുന്നില്ലെന്ന് മാർപാപ്പ വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനവിഭാഗങ്ങളുടെ ക്ഷേമമായിരുന്നു ചർച്ചയിലെ പ്രധാന വിഷയം. മനുഷ്യജീവന്റെ മൂല്യം സംരക്ഷിക്കുന്നതിലും ഗർഭച്ഛിദ്രത്തിനെതിരായ നിലപാടിലുമടക്കം തങ്ങൾക്ക് സമാനമായ കാഴ്ചപ്പാടുകളാണുള്ളത്. കൂടിക്കാഴ്ച വളരെ ക്രിയാത്മകമായിരുന്നുവെന്നും മാർപാപ്പ പറഞ്ഞു.

ലിമ (പെറു): പെറുവിലെ സന്ദർശനത്തിനിടെ വിശ്വാസികൾ എറിഞ്ഞുകൊടുത്ത ജപമാല ബ്രേസ്ലെറ്റ് മുഖത്തുതട്ടി മാർപാപ്പയ്ക്കു നേരിയ പരിക്ക്. തിങ്കളാഴ്ച ലിമയിലെ ലാസ് പാൽമാസ് വ്യോമതാവളത്തിൽ പോപ്പ് മൊബീലിൽ സഞ്ചരിക്കുന്നതിനിടെയാണ് വലതുകണ്ണിനു തൊട്ടുതാഴെ ബ്രേസ്ലെറ്റ് വന്നുപതിച്ചത്.
ഏകദേശം 15 ലക്ഷം വിശ്വാസികൾ പങ്കെടുത്ത വിശുദ്ധ കുർബാനയ്ക്കുശേഷം മടങ്ങുന്നതിനിടെയായിരുന്നു സംഭവം. ബ്രേസ്ലെറ്റ് മുഖത്തു തട്ടിയതോടെ മാർപാപ്പ വേദനയോടെ തല താഴ്ത്തുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. ബ്രേസ്ലെറ്റ് കണ്ണിൽ പതിക്കാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. പ്രാഥമിക ചികിത്സയുടെ ആവശ്യമില്ലാതെ അദ്ദേഹം യാത്ര തുടരുകയും ചെയ്തു.
ലാറ്റിനമേരിക്കൻ സന്ദർശനം പൂർത്തിയാക്കിയ മാർപാപ്പ തിങ്കളാഴ്ച പ്രാദേശികസമയം ഉച്ചയ്ക്ക് 2.28ന് പെറുവിയൻ വ്യോമസേനയുടെ കല്ലാവോ വ്യോമതാവളത്തിൽനിന്ന് റോമിലേക്കു പുറപ്പെട്ടു. പ്രാദേശികസമയം ഇന്നലെ രാവിലെ 10.25ന് റോമിലെ ഫ്യുമിച്ചീനോ വിമാനത്താവളത്തിലെത്തി.
സഭ ഒരു കുടുംബമാണെന്ന് പെറുവിലെ ജനങ്ങൾ വീണ്ടും ഓർമിപ്പിച്ചതായി വിമാനത്തിലെ മാധ്യമപ്രവർത്തകരോട് മാർപാപ്പ പറഞ്ഞു.
Tags : Unity communion Church Latin American tour Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash