ലിമ (പെറു): ലാറ്റിനമേരിക്കൻ പര്യടനത്തിന്റെ അവസാനഘട്ടത്തിൽ തന്റെ മുൻ കർമമേഖലയായ പെറുവിലെത്തിയ ലെയോ പതിനാലാമൻ മാർപാപ്പയ്ക്കു വികാരനിർഭരമായ സ്വീകരണം. ബുധനാഴ്ച രാത്രി തലസ്ഥാനമായ ലിമയിലെത്തിയ മാർപാപ്പയെ ഒരുനോക്കു കാണാൻ നഗരവീഥികളിൽ തടിച്ചുകൂടിയത് 30 ലക്ഷം പേരാണ്.
കല്ലാവോ രാജ്യാന്തര വിമാനത്താവളത്തിൽ വിമാനമിറങ്ങിയ മാർപാപ്പയെ പ്രസിഡന്റ് കെയ്കോ ഫുജിമോറിയും വിദേശകാര്യ മന്ത്രി കാർലോസ് എസ്പയും ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. പൂച്ചെണ്ട് സമ്മാനിച്ച രണ്ട് കുട്ടികളെ ആലിംഗനം ചെയ്തു മാർപാപ്പ നന്ദി അറിയിച്ചു.
27 കുട്ടികളുൾപ്പെട്ട ‘സിംഫോണിയ പോർ എൽ പെറു’ സംഗീതസംഘത്തിന്റെ അവതരണം സ്വീകരണച്ചടങ്ങിന് മാറ്റുകൂട്ടി. ഭിന്നശേഷിക്കാരെയും കുട്ടികളെയും അടുത്തെത്തി ആശീർവദിക്കാനും അവരുടെ സമ്മാനങ്ങൾ സ്വീകരിക്കാനും മാർപാപ്പ സമയം കണ്ടെത്തി.
വിമാനത്താവളത്തിൽനിന്നു പ്രസിഡൻഷ്യൽ കൊട്ടാരത്തിലേക്ക് പോപ്പ് മൊബീലിൽ സഞ്ചരിച്ച മാർപാപ്പ വഴിയരികിൽ തടിച്ചുകൂടിയ വിശ്വാസികളെ അഭിവാദ്യം ചെയ്തു.
അകലം മാതൃരാജ്യത്തോടുള്ള സ്നേഹം കുറയ്ക്കുന്നില്ല
ഔദ്യോഗിക സ്വീകരണ ചടങ്ങുകൾക്കുശേഷം ഗ്രാൻഡ് നാഷണൽ തിയറ്ററിൽ ഭരണാധികാരികൾ, പൗരസമൂഹ പ്രതിനിധികൾ, നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവരെ മാർപാപ്പ അഭിസംബോധന ചെയ്തു. പെറുവുമായുള്ള തന്റെ ദീർഘകാല ആത്മബന്ധം അനുസ്മരിച്ച അദ്ദേഹം, രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലും സമാധാനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ ഭരണ നേതാക്കളോട് ആഹ്വാനം ചെയ്തു. ചിക്ലായോ രൂപതയുടെ ബിഷപ്പാകുന്നതിന് വളരെ മുമ്പുതന്നെ പെറുവുമായുള്ള തന്റെ ബന്ധം ആരംഭിച്ചതാണെന്ന് അദ്ദേഹം പറഞ്ഞു.
“വർഷങ്ങളോളം ഇവിടത്തെ ജനങ്ങളുടെ ജീവിതത്തിൽ പങ്കുചേർന്നു. നിങ്ങളുടെ ആശങ്കകൾ കേട്ടു, വിശ്വാസത്തിൽനിന്ന് പലതും പഠിച്ചു. വീടുകൾ തുറന്നുനൽകി സ്വീകരിച്ചവരെയും തനത് വിഭവമായ സെവിച്ചെ പങ്കുവച്ച് കുടുംബാംഗത്തെപ്പോലെ കരുതിയവരെയും നന്ദിയോടെ ഓർക്കുന്നു” - മാർപാപ്പ പറഞ്ഞു.
2015ൽ ലഭിച്ച പെറുവിയൻ പൗരത്വം ഈ ജനതയുമായുള്ള തന്റെ ആത്മബന്ധത്തിന്റെ പ്രതീകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദേശരാജ്യങ്ങളിൽ കഴിയുന്ന പെറുവിയൻ ജനതയെ അനുസ്മരിച്ച മാർപാപ്പ, അകലം മാതൃരാജ്യത്തോടുള്ള സ്നേഹം കുറയ്ക്കണമെന്നില്ലെന്നും, സ്വന്തം നാട്ടിൽനിന്ന് നമുക്കു ലഭിച്ചതെത്രയെന്ന് കൂടുതൽ വ്യക്തമായി തിരിച്ചറിയാൻ അതു സഹായിക്കുമെന്നും പറഞ്ഞു.
പെറുവിലെത്തിയ ആദ്യദിനം ലിമയിലെ അപ്പസ്തോലിക നൂൺഷിയേച്ചറിനു പുറത്ത് തടിച്ചുകൂടിയ വിശ്വാസികളെ അഭിവാദ്യം ചെയ്ത മാർപാപ്പ, സമാധാനത്തിനായി പ്രാർഥിക്കാനും കുടുംബങ്ങളിൽ ഐക്യം വളർത്താനും ആഹ്വാനം ചെയ്തു.
“ഞാൻ വീട്ടിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ഇവിടെ ഞാൻ എന്റെ സ്വന്തം വീട്ടിലാണ്” - ജനക്കൂട്ടത്തോട് അദ്ദേഹം പറഞ്ഞു. തനിക്കു നൽകിയ സ്നേഹപൂർവമായ സ്വീകരണത്തിനു നന്ദി അറിയിച്ച മാർപാപ്പ, കുടുംബങ്ങളുടെ ഐക്യം സമൂഹത്തിന്റെ നിലനിൽപ്പിന് ഏറെ പ്രധാനമാണെന്നും ചൂണ്ടിക്കാട്ടി.