പ്രതീകാത്മക ചിത്രം
കോഴിക്കോട്: കാര്‍ഷികവിളകളുടെ പ്രധാന വിളവെടുപ്പ് സീസണുകളില്‍ വിബി ജി റാംജി പദ്ധതി നിർത്തിവയ്ക്കാനുള്ള തീരുമാനം കാര്‍ഷിക മേഖലയ്ക്ക് ആശ്വാസകരമാകും. കുരുമുളക്, കാപ്പി, അടയ്ക്ക, നെല്ല്, ഇഞ്ചി തുടങ്ങിയവയുടെ വിളവെടുപ്പ് ഡിസംബറില്‍ ആരംഭിക്കാനിരിക്കേ, കേന്ദ്ര നിയമപ്രകാരം വിളവെടുപ്പ് സീസണുകള്‍ നിശ്ചയിക്കുന്ന നടപടികള്‍ പഞ്ചായത്ത് തലത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
നിലവില്‍ ജില്ലാ ആസൂത്രണസമിതി വഴി 12 ജില്ലകളില്‍നിന്നുള്ള വിവരങ്ങള്‍ വിബി ജി റാംജി മിഷന് ഡയറക്ടര്‍ക്കു ലഭിച്ചു. ബാക്കി ജില്ലകളില്‍നിന്നുള്ള വിവരങ്ങള്‍ കൂടി ലഭ്യമായാല്‍ ഇതുസംബന്ധിച്ച് സംസ്ഥാനതലത്തില്‍ വിജ്ഞാപനം പുറപ്പെടുവിക്കുന്നതോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകും.
പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനായുള്ള സമിതിയാണ് ഓരോ പഞ്ചായത്തിലെയും പ്രധാന വിളകള്‍, നടീല്‍-വിളവെടുപ്പ് കാലങ്ങള്‍ എന്നിവ കണക്കിലെടുത്ത് 60 ദിവസം നിശ്ചയിക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതി കാരണം വിളവെടുപ്പ് സീസണുകളില്‍ തൊഴിലാളികളെ ലഭ്യമാകുന്നില്ലെന്ന് രാജ്യമൊട്ടാകെ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തൊഴിലുറപ്പിന്റെ പുതിയ രൂപമായ വിബി ജി റാംജി പദ്ധതിയില്‍ സുപ്രധാനമായ മാറ്റം വരുത്തിയത്.
പദ്ധതിയിലെ ആക്ട് 2025ലെ സെക്ഷന്‍ 6 പ്രകാരം ഓരോ സാമ്പത്തിക വര്‍ഷത്തിലും കാര്‍ഷിക പ്രാധാന്യമുള്ള പ്രധാന സീസണുകളിലായി ആകെ 60 ദിവസത്തേക്ക് പദ്ധതി പ്രകാരമുള്ള പ്രവൃത്തികള്‍ നിര്‍ബന്ധമായും നിര്‍ത്തിവയ്ക്കണമെന്നാണ് നിഷ്കര്‍ഷിച്ചിരിക്കുന്നത്.
അതിനിടെ കാര്‍ഷിക മേഖല ഉള്‍പ്പെടാത്ത സംസ്ഥാനത്തെ ഭൂപ്രദേശങ്ങളിലും പദ്ധതി നിർത്തിവയ്ക്കേണ്ടിവരുമെന്നത് ആ പ്രദേശങ്ങളിലെ പദ്ധതി അംഗങ്ങള്‍ക്കു തൊഴില്‍ നിഷേധത്തിനു കാരണമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
Tags : Vibi G Ramji Harvest season Underway proceedings Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash